റിലയൻസും ഐടിയും ശ്രദ്ധാകേന്ദ്രങ്ങൾ

അനിശ്ചിതത്വത്താേടെ തുടക്കം; ഫെഡ് തീരുമാനം നിർണായകം; തിരുത്തലിനെപ്പറ്റി സംസാരം

Update:2023-07-24 08:37 IST

ഐടി മേഖലയിലെ ആശങ്കകൾ തുടരുന്നു. യുഎസിൽ ഐടി ഭീമന്മാരുടെ റിസൽട്ടുകൾ എന്താകുമെന്നതും ഇന്ത്യയിൽ ഇൻഫോസിസിന്റെ ഭാവിയും ചിന്താവിഷയങ്ങളാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ മോശം റിസൽട്ടും ബ്രോക്കറേജുകളുടെ ലക്ഷ്യവില താഴ്ത്തലും ഭീഷണിയായി നിൽക്കുന്നു.

ബുധനാഴ്ച വരുന്ന യുഎസ് പലിശ തീരുമാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഗൗരവമായി മാറുന്നു. കമ്പനികളുടെ ഒന്നാം പാദ റിസൽട്ടുകൾ എങ്ങനെയാകുമെന്ന ചിന്തയും വിപണിയിൽ നിഴൽ വീഴ്ത്താം. ഇങ്ങനെ ചിന്താക്കുഴപ്പങ്ങളിലേക്കാണു പുതിയ ആഴ്ച തുടക്കം കുറിക്കുന്നത്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,766.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,716 ലേക്ക് താണിട്ട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

ഡൗ ജോൺസ് ഉയരത്തിൽ 

യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. ജർമനിയിലെ ഡാക്സ് മാത്രം അൽപം താഴ്നു. യുഎസിൽ ഡൗ ജോൺസ് സൂചിക തുടർച്ചയായ പത്താം ദിവസവും ഉയർന്നു. ഡൗ ജോൺസ് 2.51പോയിന്റ് (0.01%) ഉയർന്ന് 35,227.69 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 1.47 പോയിന്റ് (0.03%) കയറി 4536.34 ൽ എത്തി. നാസ്ഡാക് 30.50 പോയിന്റ് (0.22%) താണ് 14,032.81 ൽ ക്ലോസ് ചെയ്തു.

ആഴ്ച മൊത്തം എടുത്താൽ ഡൗ 2.38 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.7 ശതമാനം കയറിയപ്പോൾ നാസ്ഡാക് 0.6 ശതമാനം താഴ്ന്നു. ഈ വർഷം നാസ്ഡാക് 36 ശതമാനം നേട്ടത്തിലാണ് നിൽക്കുന്നത്. അതേ സമയം എസ് ആൻഡ് പി 18.62 ശതമാനവും ഡൗ 6.31 ശതമാനവും മാത്രം ഉയർച്ചയിലാണ്. നിർമിത ബുദ്ധിയുടെ പേരിൽ ടെക് മേഖല അസാധാരണ കുതിപ്പ് കാണിച്ചതാണു കാരണം.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ടെക് ഓഹരികൾ നയിക്കുന്ന നാസ്ഡാക് 0.05 ശതമാനം കയറി. ഡൗ ജോൺസ് 0.11 ശതമാനവും എസ് ആൻഡ് പി 0.08 ശതമാനവും താഴ്ന്നു നിൽക്കുന്നു.

ഇന്നു ഏഷ്യൻ വിപണികളും ഭിന്നദിശകളിലാണ്. ജപ്പാനിൽ നിക്കെെ സൂചിക 1.25 ശതമാനം കുതിച്ചു. ഓസ്ട്രേലിയൻ വിപണി നാമമാത്രമായി ഉയർന്നു. കൊറിയൻ വിപണി 0.35 ശതമാനം കയറി. ഹാേങ്കോംഗ്, ചെെനീസ് വിപണികൾ താഴ്ന്നു.


ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വെള്ളിയാഴ്ച നഷ്ടത്തിൽ തുടങ്ങി വലിയ നഷ്ടത്തിൽ അവസാനിച്ചു. രണ്ടുമൂന്നു ദിവസങ്ങളിലെ നേട്ടം അപ്പാടേ നഷ്ടപ്പെടുത്തി. എങ്കിലും മുഖ്യ സൂചികകൾ ആഴ്ചയിൽ 0.9 ശതമാനം വീതം നേട്ടത്തിലാണ് അവസാനിച്ചത്.

വെള്ളിയാഴ്ച സെൻസെക്സ് 887.64 പോയിന്റ് (1.31%) ഇടിഞ്ഞ് 66,684.26 -ലും നിഫ്റ്റി 234.15 പോയിന്റ് (1.17%) താഴ്ന്ന് 19,745.00 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.36 ശതമാനം താണ് 36,799.50 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.72 ശതമാനം ഉയർന്ന് 11,529.70 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച 1998.77 കോടി യുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1290.73കോടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ ആഴ്ച 160 കോടി ഡോളർ (13,120 കോടി രൂപ) ആണു വിദേശികൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. 2020-നു ശേഷം ആദ്യമായി തുടർച്ചയായ അഞ്ച് ആഴ്ച വിദേശ നിക്ഷേപം 100 കോടി ഡോളർ കടന്നു.

നിഫ്റ്റി 19,700 ന്റെ പിന്തുണ നഷ്ടമാക്കിയാൽ വിപണി സാങ്കേതിക തിരുത്തലിലേക്കു വീഴുമെന്നു വിശകലന വിദഗ്ധർ പറയുന്നു. 20,000 ആണു മുഖ്യ തടസമേഖലയായി അവർ കാണുന്നത്. ഇന്നു നിഫ്റ്റിക്ക് 19,705 ലും 19,590 ലും പിന്തുണ ഉണ്ട്. 19,850 ഉം 19,970 ഉം തടസങ്ങളാകാം.

പ്രധാന വ്യാവസായിക ലോഹങ്ങൾ താഴ്ന്നു. ഡോളർ നിരക്ക് കൂടിയതും പലിശ വർധിക്കുമെന്ന സൂചനയുമാണ് കാരണം. അലൂമിനിയം 0.13 ശതമാനം താണു ടണ്ണിന് 2198.07 ഡോളറിലായി. ചെമ്പ് 1.41 ശതമാനം ഇടിഞ്ഞു ടണ്ണിന് 8421.65 ഡോളറിൽ എത്തി. ടിൻ 1.2 ശതമാനവും സിങ്ക് 1.83 ശതമാനവും നിക്കൽ 1.63 ശതമാനവും താഴ്ന്നു. ലെഡ് 2.26 ശതമാനം ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് 1.8 ശതമാനം കയറി 81.07 ഡോളറിലും ഡബ്ള്യുടിഐ ഇനം 77.07 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 80.70 ഡോളറിലേക്കു താഴ്ന്നു.

സ്വർണം താഴ്ന്നു. ഔൺസിന് 1970 ഡോളറിൽ നിന്ന് 1961.90 ലേക്കു താണു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1960.80 ലേക്കു താഴ്ന്നു.

കേരളത്തിൽ പവൻവില വാരാന്ത്യത്തിൽ 340 രൂപ കുറഞ്ഞ് 44,120 രൂപയിൽ എത്തി.

ഡോളർ വെള്ളിയാഴ്ച നാലു പൈസ താഴ്ന്ന് 81.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഡോളർ സൂചിക 101 നു മുകളിൽ ആയി. സൂചിക 101.07 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.03 ലേക്കു താഴ്ന്നു. 

ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ്കോയിൻ 29,970 ഡോളറിനടുത്താണ്.

വെള്ളിയാഴ്ച സംഭവിച്ചത്

ഇൻഫോസിസ് വരുമാനവർധനയിലെ പ്രതീക്ഷ പകുതിയാക്കിയതാണ് വെള്ളിയാഴ്ച വിപണിയെ ഇടിച്ചിട്ടത്. വ്യാഴാഴ്ച റിസൽട്ട് പുറത്തു വന്നപ്പോൾ തന്നെ യുഎസിൽ ഇൻഫോസിസ് എഡിആർ എട്ടു ശതമാനം ഇടിഞ്ഞു. പിറ്റേന്ന് ഇന്ത്യയിൽ ഓഹരി 8.4 ശതമാനം തകർന്നു. മറ്റു ടെക് ഓഹരികളും തകർച്ചയിലായി. ടെക് മഹീന്ദ്ര 4.6 ഉം എച്ച്സിഎൽ 3.49 ഉം വിപ്രോ 3.1ഉം ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചിക 4.1 ശതമാനം ഇടിഞ്ഞു.

ഐടി മേഖലയിലെ വെല്ലുവിളികളെപ്പറ്റി കുറേ നാളായി പ്രചരിക്കുന്ന ആശങ്കകൾ നേരത്തേ തന്നെ ഇൻഫിയെ ഏറെ താഴ്ത്തിയിരുന്നതാണ്. കഴിഞ്ഞ ഡിസംബറിലെ വിലയിൽ നിന്ന് 20 ശതമാനം താഴെയാണ് ഓഹരി ഇപ്പോൾ. പാശ്ചാത്യ നാടുകളിൽ സാമ്പത്തിക മുരടിപ്പു മൂലം കരാറുകളും വരുമാനവും കുറയുന്നതാണു പ്രശ്നം. പല ബ്രോക്കറേജുകളും ഓഹരിയുടെ ലക്ഷ്യവില കുത്തനേ താഴ്ത്തി. ഇതാണു വിപണിയെ വല്ലാതെ ഉലച്ചത്. എന്നാൽ മുരടിപ്പ് നീങ്ങുമ്പോൾ ശക്തമായി തിരികെ കയറാൻ കഴിയുന്ന കമ്പനിയാണ് ഇൻഫോസിസ് എന്നു മറ്റു നിരീക്ഷകർ വിലയിരുത്തുന്നു. യുഎസ് ഫെഡ് പലിശവർധനയ്ക്ക് അവസാനമായി എന്ന് ഈയാഴ്ച പ്രഖ്യപിച്ചാൽ മുരടിപ്പ് വേഗം മാറാം.

ഹിന്ദുസ്ഥാൻ യൂണി ലീവറിന്റെ റിസൽട്ട് പ്രതീക്ഷയോളം വരാത്തത് എഫ്എംസിജി മേഖലയെ ഒരു ശതമാനം താഴ്ത്തി. കമ്പനിയുടെ വിറ്റുവരവ് പഴയ വളർച്ചനിരക്കിൽ എത്താൻ രണ്ടു മൂന്നു പാദങ്ങൾ കഴിയുമെന്നാണ് സിഇഒ പറയുന്നത്.

വലിയ ഒരു കോൺട്രാക്റ്റ് ലഭിച്ചത് എൽ ആൻഡ് ടി ഓഹരിയെ നാലു ശതമാനത്തോളം ഉയർത്തി.

റെയിൽവേ ഓഹരികൾ വെള്ളിയാഴ്ച മികച്ച നേട്ടമുണ്ടാക്കി. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് എസി ഇല്ലാത്ത ജനറൽ കാറ്റഗറി ട്രെയിനുകൾ ഓടിക്കാനുള്ള തീരുമാനം ആണ് പ്രേരകം. റൈറ്റ്സ് 9.47%, ആർവിഎൻഎൽ 8.05%, ഇർകോൺ 7.1%, റെയിൽടെൽ 8%, ഐആർഎഫ്സി 5.7% എന്നിങ്ങനെയായിരുന്നു കയറ്റം.

റിലയൻസിൽ എന്തു സംഭവിക്കും? 

റിലയൻസിന്റെ ഒന്നാം പാദ റിസൽട്ട് മോശമാകും എന്നു കരുതിയെങ്കിലും വരുമാനത്തിൽ ഇത്രയും ഇടിവ് പ്രതീക്ഷിച്ചിരുന്നില്ല. 2.20 ലക്ഷം കോടിയിൽ നിന്ന് 2.1 ലക്ഷം കോടി രൂപയായി വരുമാനം താണു. അറ്റാദായം ആറു ശതമാനം കുറഞ്ഞു. ക്രൂഡ് ഓയിൽ വില 31 ശതമാനം കുറഞ്ഞതിനാൽ ഇന്ധനങ്ങൾക്കും പെട്രോ കെമിക്കലുകൾക്കും വിലയിടിഞ്ഞതാണു കമ്പനിയെ ബാധിച്ചത്. റിലയൻസ് ഡീസലും പെട്രോളും മുഖ്യമായും കയറ്റുമതി ചെയ്യുകയാണ്. ഓയിൽ ടു കെമിക്കൽസ് ബിസിനസിൽ ലാഭം 23 ശതമാനമാണു കുറഞ്ഞത്. റീട്ടയിലിലും ജിയോയിലും ലാഭം ഗണ്യമായി വർധിച്ചെങ്കിലും ഈ കുറവ് നികത്താൻ മാത്രം വഴുതല്ല അവ.

റിലയൻസ് വീണ്ടും വലിയ കടബാധ്യതയിലാണ്. മൊത്തം കടം 3.18 ലക്ഷം കോടി രൂപ വരും. പണമായി 1.92 ലക്ഷം കോടി രൂപ ഉള്ളതു കിഴിച്ചാൽ അറ്റ കടം 1.26 ലക്ഷം കോടി രൂപ വരും.

റിസൽട്ടിനു മുമ്പേ യുഎസ് ബ്രാേക്കറേജ് മക്കാറി റിലയൻസിന്റെ ലക്ഷ്യവില താഴ്ത്തുകയും വിൽപന ശിപാർശ നൽകുകയും ചെയ്തു. റിസൽട്ടിനു ശേഷം റിലയൻസ് ജിഡിആർ (ഗ്ലോബൽ ഡെപ്പോസിറ്ററി റെസീറ്റ് ) വില ആറു ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച റിലയൻസ് ഓഹരി രണ്ടു ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്. റിലയൻസിനോട് ഇന്ന് എന്താകും പ്രതികരണം എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ ഗതി.

ഫെഡ് തീരുമാനം നിർണായകം 

അമേരിക്കൻ കേന്ദ്രബാങ്ക് ആയ ഫെഡറൽ റിസർവ് ബോർഡ് ബുധനാഴ്ച പണനയം പ്രഖ്യാപിക്കും. പത്തുതവണ തുടർച്ചയായി നിരക്ക് ഉയർത്തിയ ശേഷം കഴിഞ്ഞ തവണ നിരക്ക് വ്യത്യാസം വരുത്തിയില്ല. ഇത്തവണ നിരക്കു കൂട്ടി 5.25 - 5.50 ശതമാനമാക്കും എന്നാണ് എല്ലാവരും കരുതുന്നത്. തുടർന്നു നിരക്കുവർധന ഉണ്ടാകുമോ ഇല്ലയോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞു വരുന്നതിനാൽ ഇനി പലിശ കൂട്ടേണ്ട എന്ന നിലപാടിലേക്കു ഫെഡ് മാറും എന്ന പ്രതീക്ഷ വിപണിക്കുണ്ട്. അതുപോലെ വന്നാൽ ഓഹരികൾ കുതിക്കും. മറിച്ചായാൽ വിപണിയിൽ ക്ഷീണമാകും.

റിസൽട്ടുകൾ

മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, മെറ്റാ തുടങ്ങിയ ടെക് ഭീമന്മാരുടെ റിസൽട്ട് ഈയാഴ്ച വരും. അവ ഇന്ത്യൻ ഐടി ഓഹരികളെയും ബാധിക്കും.

ഈയാഴ്ച ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടാേ, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഇന്ത്യൻ ഓയിൽ, ശ്രീറാം ഫിനാൻസ്, നെസ്ലെ, ആക്സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ റിസൽട്ട് പ്രഖ്യാപിക്കും.

വിപണി സൂചനകൾ

(2023 ജൂലൈ 21, വെള്ളി)

സെൻസെക്സ് 30 66,684.26 -1.31%

നിഫ്റ്റി 50 19,745.00 -1.17%

ബാങ്ക് നിഫ്റ്റി 46,075.20 -0.24%

മിഡ് ക്യാപ് 100 36,799.50 - 0.36%

സ്മോൾക്യാപ് 100 11,529.70 +0.72%

ഡൗ ജോൺസ് 30 35,227.69 +0.01%

എസ് ആൻഡ് പി 500 4536.34 +0.03%

നാസ്ഡാക് 14,032.81 -0.22%

ഡോളർ ($) ₹81.95 -04 പൈസ

ഡോളർ സൂചിക 101.07 +0.28

സ്വർണം(ഔൺസ്) $1961.90 -$08.30

സ്വർണം(പവൻ ) ₹44,120 -₹200

ക്രൂഡ് (ബ്രെന്റ്)ഓയിൽ $81.07 +$1.43

Tags:    

Similar News