യുഎസ് കടപരിധി ചർച്ച നിർണായക ഘട്ടത്തിൽ; വിപണികൾ ആശങ്കയിൽ
യുഎസിനു റേറ്റിംഗ് താഴ്ത്തൽ ഭീഷണി; ഡോളർ കയറി; അദാനി ഓഹരികൾ താഴുന്നു
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധൻ രാത്രി ഒന്നാം സെഷനിൽ 18,284 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,251.5 ലേക്കു താണു. ഇന്നു രാവിലെ 18,230 വരെ താഴ്ന്നിട്ട് 18,240 ലേക്കു കയറി. ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികളിൽ ഇന്നലെ ചോരപ്പുഴ ഒഴുകി. യുഎസ് കടപരിധി ചർച്ചയിലെ തടസങ്ങളാണു കാരണം. പ്രധാന സൂചികകൾ രണ്ടു ശതമാനത്താേളം ഇടിഞ്ഞു. യുകെയിൽ വിലക്കയറ്റം പ്രതീക്ഷിച്ചിടത്തോളം കുറഞ്ഞില്ല. 10.1 ൽ നിന്ന് 8.7 ശതമാനത്തിലേക്കു കുറഞ്ഞു. 8.2 ആയിരുന്നു പ്രതീക്ഷ.
ചർച്ചയിൽ പുരോഗതി വരാത്തത് യുഎസ് സൂചികകളെ താഴ്ത്തി. റേറ്റിംഗ് ഏജൻസി ഫിച്ച് യുഎസ് കടപ്പത്ര റേറ്റിംഗ് നെഗറ്റീവ് നിരീക്ഷണത്തിലാക്കി. ഇതൊരു നിർണായക സംഗതിയാണ്. ഡൗ ജോൺസ് ഇന്നലെ 255.59 പോയിന്റ് ഇടിഞ്ഞു. എസ് ആൻഡ് പി 30.34 പോയിന്റും നാസ്ഡാക് 76.08 പോയിന്റും താഴ്ന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോൺസ് 0.30 ശതമാനം താഴ്ന്നപ്പോൾ എസ് ആൻഡ് പി 0.32 ശതമാനം കയറി. നിർമിതബുദ്ധി മേഖലയിൽ ആവശ്യമായ ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയ യുടെ മികച്ച ഫലങ്ങളും വരും പാദങ്ങളിൽ ബിസിനസ് ഗണ്യമായി കൂടുമെന്ന അറിയിപ്പും ഓഹരിയുടെ ഫ്യൂച്ചേഴ്സ് വില 20 ശതമാനത്തിലധികം ഉയർത്തി. ഇത് നാസ്ഡാക് ഫ്യൂച്ചേഴ്സിനെ 1.29 ശതമാനം നേട്ടത്തിലാക്കി.
ഏഷ്യൻ സൂചികകൾ ഭിന്ന ദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി 0.9 ശതമാനം താഴ്ന്നപ്പോൾ ജപ്പാനിൽ 0.65 ശതമാനം കയറ്റത്തിൽ നിന്നു 0.2 ശതമാനം നേട്ടത്തിലേക്കു താണു. തുടർച്ചയായ മൂന്നാം തവണയും ബാങ്ക് ഓഫ് കൊറിയ നിരക്കുമാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചെങ്കിലും കൊറിയൻ ഓഹരികൾ നഷ്ടത്തിലാണ്. ചെെനീസ് വിപണി തുടക്കത്തിൽ താഴ്ന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ അൽപം താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു ഗണ്യമായി ഉയർന്നു. ഉച്ചയ്ക്കു ശേഷം ആ നേട്ടങ്ങളെല്ലാം നഷ്ടമാക്കി. യൂറോപ്യൻ വിപണികൾ വലിയ താഴ്ചയിലായതാണു കാരണം.
സെൻസെക്സ് 208.01 പോയിന്റ് (0.34%) താഴ്ന്ന് 61,773.78 ലും നിഫ്റ്റി 62.6 പോയിന്റ് (0.34%) ഇടിഞ്ഞ് 18,285.4 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.21 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.01 ശതമാനം മാത്രം കയറി. ബാങ്ക് - ധനകാര്യ ഓഹരികൾ ഇന്നലെ താണു. കുറച്ചു ദിവസത്തെ കയറ്റത്തിനു ശേഷം ഇന്നലെ മെറ്റൽ സൂചിക 1.56 ശതമാനം താഴ്ന്നു. ഐടി സൂചിക ചാഞ്ചാട്ടത്തിനു ശേഷം നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. ഫാർമസ്യൂട്ടിക്കൽ ഓഹരികളും കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികളും കുതിച്ചു.
നിഫ്റ്റി 18,400 ലെ പ്രതിരോധം മറികടക്കാൻ വഴി കാണുന്നില്ല. ബാഹ്യ സൂചനകൾ ഈയിടത്തെ റാലിയെ ഇടയ്ക്കു വച്ച് അവസാനിപ്പിക്കുന്നു എന്ന വിലയിരുത്തലും ചിലർക്കുണ്ട്. നിഫ്റ്റിക്കു 18,265 ലും 18,185 ലും സപ്പോർട്ട് ഉണ്ട്. 18,365 ലും 18,445 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും ഇന്നലെ വാങ്ങലുകാരായിരുന്നു. വിദേശികൾ 1185.84 കോടി രൂപയുടെയും സ്വദേശി ഫണ്ടുകൾ 300.93 കോടിയുടെയും ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ അൽപം കയറി. യുഎസ് സ്റ്റോക്ക് കുറവായതും ഒപെക് കയറ്റുമതി കുറഞ്ഞതും കാരണമായി. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 78.38 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 74.08 ഡോളർ ആയി. ഇന്നു രാവിലെ ബ്രെന്റ് 78.32 ലേക്കും ഡബ്ള്യുടിഐ 74.22 ലേക്കും നീങ്ങി.
സ്വർണം വീണ്ടും ഇടിഞ്ഞു. കടപരിധി ചർച്ച തന്നെ വിഷയം. ഇന്നലെ 1986 ഡോളർ വരെ ഉയർന്ന സ്വർണം 1958.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1955-1957 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻവില ഇന്നലെ 200 രൂപ ഉയർന്ന് 45,000 രൂപയിലെത്തി. ഇന്നു വില അൽപം കുറയാം.
ചെെനീസ് ഡിമാൻഡ് കുറഞ്ഞതും യുഎസ് കടപരിധി ചർച്ച ധാരണയിലെത്താത്തതും വ്യാവസായിക ലോഹങ്ങളെ താഴോട്ടു വലിക്കുന്നു. അലൂമിനിയം 0.85 ശതമാനം കുറഞ്ഞ് ടണ്ണിന് 2207.95 ഡോളറിലായി. ചെമ്പ് 1.57 ശതമാനം ഇടിഞ്ഞു ടണ്ണിന് 7909.65 ഡോളർ ആയി. ടിൻ ഒരു ശതമാനം ഉയർന്നപ്പോൾ സിങ്ക് 2.4 ശതമാനവും ലെഡ് 0.71 ശതമാനവും താഴ്ന്നു.
യുഎസ് കടപരിധി ചർച്ച ആശങ്കാജനകമായി നീളുന്ന സാഹചര്യത്തിൽ ക്രിപ്റ്റോ കറൻസികൾ താണു. ബിറ്റ്കോയിൻ 26,100 ഡോളറിലായി. ഡോളർ 12 പൈസ താഴ്ന്ന് 82.68 രൂപ ആയി. ഡോളർ സൂചിക ഉയർന്ന് കയറി 103.89 ൽ എത്തി. ഇന്നു രാവിലെ 103.99 ലാണ്. 104നു മുകളിലാകുമെന്നാണു സൂചന.
അദാനി ഓഹരികൾ താഴുന്നു
അദാനി ഗ്രൂപ്പ് ഓഹരികൾ മൂന്നു ദിവസത്തെ കുതിപ്പിനു ശേഷം ഇന്നലെ താഴ്ചയിലായി. അദാനി എന്റർപ്രൈസസ് ആറു ശതമാനം ഇടിഞ്ഞു. എൻഡിടിവി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവ ഒഴികെ എല്ലാ ഗ്രൂപ്പ് കമ്പനികളും താഴ്ന്നു.
അദാനി ഗ്രൂപ്പ് നടത്തുന്ന മൂലധന സമാഹരണത്തിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി (എഡിഐഎ), അബുദാബിയിലെ തന്നെ ഐഎച്ച്സി, രാജീവ് ജയിനിന്റെ ജിക്യുജി പാർട്നേഴ്സ്, ഹിന്ദുജ ഗ്രൂപ്പ് എന്നിവ പങ്കെടുക്കും എന്നാണു റിപ്പോർട്ടകൾ. 30,000 കോടി രൂപ സമാഹരിക്കാനാണു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്
യുഎസ് കടപരിധി ചർച്ചകൾ മുന്നേറുന്നില്ല
കടപരിധി ചർച്ച ഇഴഞ്ഞാണു നീങ്ങുന്നതെന്നും ചെലവ് കുറയ്ക്കൽ പറ്റില്ലെന്ന ഡെമോക്രാറ്റ് നിലപാട് സ്വീകാര്യമല്ലെന്നും റിപ്പബ്ലിക്കൻ നേതാവ് സ്പീക്കർ കെവിൻ മക്കാർത്തി പറഞ്ഞതാണു വിപണിയെ വലിച്ചു താഴ്ത്തിയത്. നികുതി കൂട്ടില്ലെന്നും ചെലവ് കുറയ്ക്കാമെന്നും വാക്കു നൽകാൻ പ്രസിഡന്റ് ജാേ ബെെഡൻ തയാറല്ല. ഇതാണ് തർക്കത്തിന്റെ കാതൽ.
31.4 ലക്ഷം കോടി ഡോളർ ആണു യുഎസ് സർക്കാരിന് എടുക്കാവുന്ന കടത്തിന്റെ പരിധി. ഇത് ഉയർത്തിയാലേ ജൂണിൽ യുഎസ് സർക്കാരിന്റെ കടപ്പതങ്ങൾ തിരിച്ചു വാങ്ങാനാകൂ. ഏതെങ്കിലും കടം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നാൽ യുഎസ് സർക്കാർ കടപ്പത്രങ്ങളുടെയെല്ലാം ട്രിപ്പിൾ എ റേറ്റിംഗ് നഷ്ടമാകും. അതു പലിശ നിരക്കുകൾ കുതിച്ചു കയറാൻ കാരണമാകും. 2011-ൽ സമാന സാഹചര്യത്തിൽ ഒരു ഏജൻസി റേറ്റിംഗ് താഴ്ത്തിയെങ്കിലും മറ്റ് ഏജൻസികൾ ഒന്നും ചെയ്യാതിരുന്നതിനാൽ കോളിളക്കം ഉണ്ടായില്ല.
ഇന്നു യുഎസ് സെനറ്റും ജനപ്രതിനിധിസഭയും ഒരാഴ്ചത്തെ അവധിക്കു പിരിയുയാണ്. അതിനു മുൻപ് ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ ഇരുസഭകളും അവധിക്കിടയിൽ വിളിച്ചു കൂട്ടേണ്ട സാഹചര്യം ഉണ്ടാകും.
വിപണി സൂചനകൾ
(2023 മേയ് 24, ബുധൻ)
സെൻസെക്സ് 30 61,773.78 -0.34%
നിഫ്റ്റി 50 18,285.40 -0.34%
ബാങ്ക് നിഫ്റ്റി 43,677.80 -0.63%
മിഡ് ക്യാപ് 100 33,031.35 +0.21%
സ്മോൾക്യാപ് 100 9949.40 +0.01%
ഡൗ ജോൺസ്30 32,799.92 -0.77%
എസ് ആൻഡ് പി500 4115.24 -0.73%
നാസ്ഡാക് 12,484.16 - 0.61%
ഡോളർ ($) ₹82.68 -12 പൈസ
ഡോളർ സൂചിക 103.89 +0.40
സ്വർണം(ഔൺസ്) $1958.50 -$18.00
സ്വർണം(പവൻ ) ₹45,000 +₹200.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $78.38 +$0.58