അത്യാവേശം ഇല്ലാതെ വർഷാന്ത്യ വാരത്തിൽ; ചെങ്കടലിൽ ഭീഷണി തുടരുന്നു; ശ്രദ്ധ ബാങ്ക് നിഫ്റ്റിയിൽ; റെക്കാേഡിനടുത്ത് സ്വർണം
മാധ്യമ കുത്തകയിലേക്ക് റിലയൻസ് - ഡിസ്നി സഖ്യം
അത്യാവേശം കാണിക്കാതെയാണ് ഇന്ത്യൻ വിപണി ഇന്ന് വർഷാവസാന ആഴ്ചയിലെ വ്യാപാരത്തിനു തുടക്കമിടുന്നത്. ആഗാേള വിപണികളും അങ്ങനെ തന്നെ. ഏഷ്യൻ വിപണികൾ താഴ്ന്നാണു. വ്യാപാരം തുടങ്ങിയത്. അടുത്ത വർഷം പലിശ കുറയും എന്ന പ്രതീക്ഷയാണു വിപണികളെ നയിക്കുന്നത്. ക്രൂഡ് ഓയിൽ വില 80 ഡോളറിനു താഴെ നിൽക്കുന്നു. സ്വർണം ഔൺസിന് 2064 ഡോളറിലേക്കു കയറി. ഈ വർഷത്തെ റെക്കോർഡ് വിലയായ 2072 ഡോളർ സമീപത്താണ്.
വെള്ളി രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,425 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,390 ലേക്കു താണിട്ട് 21,422 ലേക്കു തിരിച്ചു കയറി. ഇന്ത്യൻ വിപണി ഇന്ന് ചെറിയ ഉയർച്ചയോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ടെക്നോളജി ഓഹരികൾ ഉയർന്നു. വിൽപന കുറയുമെന്നു സ്പോർട്ട്സ് വെയർ കമ്പനി നൈക്ക് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് അഡിഡാസ്, പ്യൂമ എന്നിവയും അഞ്ചു ശതമാനത്തിലധികം താണു. യുകെയിലെ മൂന്നാം പാദ ജിഡിപി 0.1 ശതമാനം കുറഞ്ഞത് രാജ്യം സാങ്കേതികമായി മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയായി വിപണി കണക്കാക്കുന്നു.
യു.എസ് വിപണി വെള്ളിയാഴ്ച ഭിന്ന ദിശകളിലായി. ഡൗ ജോൺസ് നാമമാത്രമായി താണു. മറ്റു സൂചികകൾ ചെറിയ നേട്ടം കുറിച്ചു. ഡൗ ജോൺസ് 18.38 പോയിന്റ് (0.05%) താണ് 37,385.97 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 7.88 പോയിന്റ് (0.17%) ഉയർന്ന് 4754.63 ൽ അവസാനിച്ചു. നാസ്ഡാക് 29.11 പോയിന്റ് (0.19%) കുതിച്ച് 14,992. 97 ൽ ക്ലോസ് ചെയ്തു. തുടർച്ചയായ എട്ടാമത്തെ ആഴ്ചയും ഈ മൂന്നു സൂചികകൾ നേട്ടത്തിൽ അവസാനിച്ചു. എസ് ആൻഡ് പി 2017 നു ശേഷവും ഡൗ 2019 നു ശേഷവും ആദ്യമാണ് ഇത്ര നീണ്ട പ്രതിവാര നേട്ടം കുറിക്കുന്നത്.
വരുമാന പ്രതീക്ഷ കുറയ്ക്കുകയും 200 കോടി ഡോളറിന്റെ ചെലവു ചുരുക്കൽ പ്രഖ്യാപിക്കുകയും ചെയ്ത നെെക്ക് ഓഹരികൾ 12 ശതമാനം ഇടിഞ്ഞു. കരുണ തെറാപ്യൂട്ടിക്സിനെ 1400 കോടി ഡോളറിനു വാങ്ങുമെന്ന ബ്രിസ്റ്റൾ മിയേഴ്സ് സ്ക്വിബിന്റെ പ്രഖ്യാപനം ബയോടെക് ഓഹരികൾക്കു മൊത്തം ഉണർവായി.
നവംബറിലെ യു.എസ് പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പി.സി.ഇ) വർധന പ്രതീക്ഷയിലും കുറവായി. വാർഷിക വർധന 3.2 ശതമാനം മാത്രം. പ്രതീക്ഷിച്ചത് 3.3 ശതമാനം. ഈ വിലക്കയറ്റ നിരക്കാണു യു.എസ് ഫെഡ് നിരക്കുനിർണയത്തിന് ആധാരമാക്കുന്നത്.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 3.90 ശതമാനത്തിലായിരുന്നു വാരാന്ത്യത്തിൽ. ഇന്നു 3.88 ശതമാനത്തിലേക്കു താണു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.11 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഓസ്ട്രേലിയൻ, ഹോങ് കോങ് വിപണികൾ ഇന്ന് അവധിയാണ്. ജാപ്പനീസ് വിപണി കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. പിന്നീടു താഴ്ന്നു. കൊറിയൻ, ചെെനീസ് വിപണികളും താഴ്ചയിലാണ്.
ഇന്ത്യൻ വിപണി
വെള്ളിയാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം മിതമായ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക് ഓഹരികൾക്കു ക്ഷീണമായിരുന്നു. ഇന്നു ബാങ്ക് നിഫ്റ്റി ഏതു ദിശയിൽ നീങ്ങും എന്നതു വിപണിഗതിക്കു നിർണായകമാണ്.
ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 2.69 ലക്ഷം കോടി രൂപ കയറി 356.78 ലക്ഷം കോടി രൂപയായി. മുഖ്യസൂചികകൾ കാണിച്ചതിലും അധികമായിരുന്നു വിശാല വിപണിയുടെ കയറ്റം.
സെൻസെക്സ് 241.86 പോയിന്റ് (0.34%) കയറി 71,106.96 ലും നിഫ്റ്റി 94.35 പോയിന്റ് (0.44%) ഉയർന്ന് 21,349.40 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 348.30 പോയിന്റ് (0.73%) താഴ്ന്ന് 47,491.85 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.73 ശതമാനം കയറി 45,094.80 ലും സ്മോൾ ക്യാപ് സൂചിക 1.08 ശതമാനം ഉയർന്ന് 14,846.05 ലും വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കുകളും ധനകാര്യ കമ്പനികളും ഒഴികെ എല്ലാ വ്യവസായ മേഖലകളും വെള്ളിയാഴ്ച നല്ല നേട്ടത്തിലായി. റിയൽറ്റി, ഐടി, മെറ്റൽ, ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു.
വിദേശ നിക്ഷേപ ഫണ്ടുകൾ വെള്ളിയാഴ്ചയും ക്യാഷ് വിപണിയിൽ വിൽപന വർധിപ്പിച്ചു. അവർ 2828.94 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2166.72 കോടിയുടെ ഓഹരികൾ വാങ്ങി. എന്നാൽ ഫ്യൂച്ചേഴ്സിലും മറ്റുമായി വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപം വലിയ തോതിൽ നടത്തി. കഴിഞ്ഞയാഴ്ച 175 കോടി ഡോളറും ഈ മാസം ഇതു വരെ 790 കോടി ഡോളറും വിദേശികൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു.
വിപണി ബുള്ളിഷ് ആയി തുടരുന്നു എന്നാണു നിരീക്ഷകർ പറയുന്നത്. നിഫ്റ്റിക്ക് 21,500 - 21,600 മേഖലയിലെ തടസം മറികടന്നാലേ കാര്യമായ മുന്നേറ്റം ഉണ്ടാകൂ എന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിഫ്റ്റിക്ക് ഇന്ന് 21,265 ലും 21,165 ലും പിന്തുണ ഉണ്ട്. 21,385 ഉം 21,485 ഉം തടസങ്ങളാകാം.
എൽ.ഐ.സിയിലെ സർക്കാർ ഓഹരി വിൽക്കാൻ 10 വർഷം സാവകാശം അനുവദിച്ചതിനെ തുടർന്ന് ഓഹരിവില വെള്ളിയാഴ്ച ഏഴു ശതമാനം കയറി 820 രൂപയിൽ എത്തി.
പോളി കാബ് ഇന്ത്യയുടെ ഓഫീസുകളിൽ ആദായ നികുതി പരിശോധന നടന്നതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
ബിസിനസ് വളർച്ച കുറയുന്ന സാഹചര്യത്തിൽ പേയ്ടിഎം (വൺ 97 കമ്യൂണിക്കേഷൻസ് ) ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചു വിടുന്നതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.
റിലയൻസും വാൾട്ട് ഡിസ്നിയും കൈ കോർക്കുമ്പോൾ
റിലയൻസും വാൾട്ട് ഡിസ്നി കമ്പനിയും കൂടി ഇന്ത്യയിലെ മാധ്യമ - വിനോദ മേഖലയിൽ വമ്പൻ ലയനത്തിനു ധാരണയായി എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. റിലയൻസിന് 51- ഉം ഡിസ്നിക്ക് 49 -ഉം ശതമാനം ഓഹരി സംയുക്തകമ്പനിയിൽ ഉണ്ടാകും. സ്റ്റാർ ഇന്ത്യയുടെ 77 ഉം വയാകോം 18 ന്റെ 38 ഉം അടക്കം 115 ചാനലുകൾ ഈ കമ്പനിയുടേതാകും. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ ഡിസ്നി പ്ലസ് ഹോട് സ്റ്റാറും ജിയോ സിനിമയും ഇതിന്റെ കീഴിലാകും.
ഇന്ത്യയിലെ ടിവി, സിനിമ, വിനോദ മേഖലയുടെ ഭൂരിഭാഗവും ഈ മാധ്യമഭീമന്റെ നിയന്ത്രണത്തിലാകും. സീ എന്റർടെയ്ൻമെന്റും സോണിയുമായുള്ള ലയനം നടന്നാലും റിലയൻസ് - ഡിസ്നിയുടെ അടുത്തെത്തുകയില്ല. ചെങ്കടലിലെ ഹൂതീ ആക്രമണഭീഷണി വർധിച്ചു. ഇന്ത്യയുമായി ബന്ധമുള്ള രണ്ടു കപ്പലുകൾ ആക്രമിക്കപ്പെട്ടു.
ഇറാന്റെ പിന്തുണയുള്ള ഹൂതീകൾ കപ്പലുകൾക്കു നേരേ ഡ്രാേൺ ആക്രമണം നടത്തുന്നതിനെ പ്രതിരോധിക്കാൻ യുഎസിന്റെയും മിത്രരാജ്യങ്ങളുടെയും നാവികസേന ചെങ്കടലിലും അറബിക്കടലിലും ഉണ്ട്. ഇന്ത്യൻ നാവികസേന കൂടുതൽ കപ്പലുകളെ ഈ മേഖലയിലേക്കു നിയോഗിച്ചിട്ടുണ്ട്. ആക്രമണ ഭീഷണി ഇന്ത്യയിൽ നിന്നു യൂറോപ്പിലേക്കുള്ള കയറ്റുമതിക്കു ചെലവ് വർധിപ്പിച്ചു. മിക്ക കപ്പലുകളും റിസ്ക് പ്രീമിയം ഈടാക്കിത്തുടങ്ങി. ആഫ്രിക്ക ചുറ്റി പോകുന്നത് വലിയ സമയനഷ്ടവും ചെലവുവർധനയും വരുത്തും എന്നതുകൊണ്ട് റിസ്ക് പ്രീമിയം നൽകാൻ കമ്പനികൾ തയാറാകും.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില 79 ഡോളറിനു മുകളിൽ നിൽക്കുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 79.07 ഡോളറിലും ഡബ്ള്യുടിഐ ഇനം 73.63 ഡോളറിലും ആണ്. യുഎഇയുടെ മർബൻ ക്രൂഡ് 79.29 ഡോളറിൽ വ്യാപാരം നടക്കുന്നു. ചെങ്കടൽ പ്രശ്നം ക്രൂഡ് വിലയെ കാര്യമായി ഉയർത്തിയിട്ടില്ല. എന്നാൽ ആക്രമണങ്ങൾ വർധിച്ചാൽ കഥ മാറും.
വെള്ളിയാഴ്ചയും ലാേകവിപണിയിൽ സ്വർണവില കയറി. ഔൺസിന് 2045 ഡോളറിൽ നിന്ന് 2053 ലേക്ക്. ഇന്നു രാവിലെ വില 2064 ഡോളർ വരെ കയറി. വില 2150 - 2170 ഡോളർ മേഖലയിലേക്കു കയറുമെന്നാണു പലരുടെയും പ്രവചനം.
കേരളത്തിൽ പവൻ വില വെള്ളി, ശനി ദിവസങ്ങളിൽ വർധിച്ച് 46,560 രൂപയിൽ എത്തി. ഇന്നു വില കൂടും എന്നാണു സൂചന.
ഡോളർ സൂചിക വെള്ളിയാഴ്ച താണു 101.70 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.64 ലേക്കു താണഴ്ന്നു. ഡോളർ വെള്ളിയാഴ്ച ചാഞ്ചാട്ടത്തിനു ശേഷം 13 പൈസ താണ് 83.14 രൂപയിൽ ക്ലോസ് ചെയ്തു.
ക്രിപ്‌റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 43,500 ഡോളറിനു സമീപമാണ്.
വിപണിസൂചനകൾ
(2023 ഡിസംബർ 22, വെളളി)
സെൻസെക്സ്30 71,106.96 +0.34%
നിഫ്റ്റി50 21,349.40 +0.44%
ബാങ്ക് നിഫ്റ്റി 47,491.85 -0.73%
മിഡ് ക്യാപ് 100 45,094.80 +0.73%
സ്മോൾ ക്യാപ് 100 14,846.05 +1.08%
ഡൗ ജോൺസ് 30 37,386.00 -0.05%
എസ് ആൻഡ് പി 500 4754.63 +0.17%
നാസ്ഡാക് 14,993.00 +0.19%
ഡോളർ ($) ₹83.14 -₹0.13
ഡോളർ സൂചിക 101.70 -0.14
സ്വർണം (ഔൺസ്) $2053.20 +$07. 31
സ്വർണം (പവൻ) ₹46,560 +₹ 360.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $79.09 -$0.29