ചില്ലറ വിലക്കയറ്റത്തിന്റെ ഗതിയിൽ വിപണിക്ക് ആശങ്ക

ചെെനീസ് ഉത്തേജന പ്രതീക്ഷയിൽ ലോഹങ്ങളും ക്രൂഡ് ഓയിലും;ഫെഡറൽ ബാങ്ക് ക്യു.ഐ.പി വഴി 3,099 കോടി രൂപ സമാഹരിച്ചു; എൽ ആൻഡ് ടി 10,000 കോടി രൂപയുടെ ഓഹരികൾ തിരിച്ചു വാങ്ങും

Update:2023-07-26 08:12 IST

വിദേശ സൂചനകൾ കയറ്റത്തിന് അനുകൂലമാണെങ്കിലും യുഎസ് ഫെഡ് പലിശക്കാര്യത്തിൽ എന്തു പറയും എന്ന ആശങ്ക വിപണിയെ ബാധിക്കും. ക്രൂഡ് ഓയിൽ വിലവർധനയും പച്ചക്കറി - ഭക്ഷ്യ വിലകളുടെ കയറ്റവും ഇന്ത്യയിലെ ചില്ലറ വിലക്കയറ്റത്തെ വീണ്ടും ആറു ശതമാനത്തിലേക്കു കയറ്റും എന്ന ആശങ്കയും വിപണിക്കുണ്ട്. യുഎസ് ടെക് ഭീമന്മാരുടെ

റിസൽട്ട് ഭിന്ന സൂചനകൾ നൽകിയത് ഐടി ഓഹരികളുടെ കുതിപ്പിനു തടസമാകാം. ലോഹങ്ങളുടെ കയറ്റം ലോഹാധിഷ്ഠിത കമ്പനികളെ ഉയർത്തും. 

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,725.5ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,710 ലേക്ക് താണിട്ട് തിരിച്ചു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ

യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ചയും ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഫ്രഞ്ച് സൂചിക മാത്രം അൽപം താഴ്ന്നു. ചൈന റിയൽ എസ്റ്റേറ്റ് മേഖലയെ രക്ഷിക്കാൻ നടപടി തുടങ്ങിയത് ഖനി ഓഹരികളുടെ സൂചികയെ 4.6 ശതമാനം ഉയർത്തി. വ്യാഴാഴ്ച ചേരുന്ന യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ (ഇസിബി) പണനയ കമ്മിറ്റി തീരുമാനത്തിലാണു വിപണിയുടെ ശ്രദ്ധ. കുറഞ്ഞ പലിശയിൽ 25 ബേസിസ് പോയിന്റ് (കാൽ ശതമാനം) വർധന പ്രഖ്യാപിക്കും എന്നാണു സൂചന. പലിശകൂട്ടൽ അവസാനിപ്പിക്കുന്നതു സംബന്ധിച്ച സൂചന ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർദ് നൽകുമോ എന്നാണു വിപണി ഉറ്റുനോക്കുന്നത്. ജർമനിയിൽ ബിസിനസ് കാഴ്ചപ്പാട് വീണ്ടും താഴ്ന്നപ്പോൾ യുകെയിൽ ഉപഭോക്താക്കളുടെ വിശ്വാസം വർധിച്ചതായി സർവേകൾ കാണിച്ചു. അഡിഡാസ് ഈ വർഷം നഷ്ടമാകുമെന്ന പ്രവചനം മാറ്റിയത് ഓഹരിയെ ആറു ശതമാനം ഉയർത്തി.

ഡൗ ജോൺസ് സൂചിക മുന്നോട്ട് 

ഡൗ ജോൺസ് സൂചിക തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഉയർന്നു. 2017 ഫെബ്രുവരിക്കു ശേഷം ഉണ്ടായ ഏറ്റവും നീണ്ട കയറ്റമാണിത്. ഡൗ ജോൺസ് 26.83 പോയിന്റ് (0.08%) ഉയർന്ന് 35,438.07 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 12.82 പോയിന്റ് (0.28%) കയറി 4567.46 ൽ എത്തി. നാസ്ഡാക് 85.69 പോയിന്റ് (0.61%) ഉയർന്ന് 14,144.56 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. മുഖ്യ സൂചികകൾ 0.03 ശതമാനം വീതം താണു. ക്ലൗഡ് വരുമാനം കൂടിയത് ആൽഫബെറ്റിനെ പ്രതീക്ഷയിലും മികച്ച രണ്ടാം പാദ റിസൽട്ട് തയാറാക്കാൻ സഹായിച്ചു. അനൗപചാരിക വ്യാപാരത്തിൽ ആൽഫബെറ്റ് ഓഹരി ആറു ശതമാനം ഉയർന്നു. പ്രതീക്ഷയിലും കൂടിയ വരുമാനവും ലാഭവും കമ്പനിക്ക് ഉണ്ടായി. ഗൂഗിളിലും യു ട്യൂബിലും പരസ്യ വരുമാനം പ്രതീക്ഷയിലും മെച്ചമായി. ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പോറാട് കമ്പനി പ്രസിഡന്റും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറും കൂടി ആയി നിയമിതയായി.

ക്ലൗഡ് വരുമാനവർധന കുറഞ്ഞതിനെ തുടർന്നു മൈക്രാേസോഫ്റ്റ് ഓഹരി നാലു ശതമാനത്തോളം താണു. കമ്പനിയുടെ ലാഭം കൂടിയെങ്കിലും ക്ലൗഡ് വരുമാനവളർച്ച തലേ പാദത്തിലെ 27 ശതമാനത്തിൽ നിന്ന് 26 ശതമാനമായി കുറഞ്ഞതു വിപണിക്കു രസിച്ചില്ല. വിപണി പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനവും അറ്റാദായവും മൈക്രാേസോഫ്റ്റ് നേടി. വിപണിയുടെ വിലയിരുത്തൽ ബുധനാഴ്ചത്തെ വ്യാപാരത്തിൽ പോസിറ്റീവ് ആയി മാറും എന്നു കരുതുന്നവരുണ്ട്. ഈ വർഷം മൈക്രാേസോഫ്റ്റ് ഓഹരി 43 ശതമാനം ഉയർന്നതാണ്.

യു.എസ് ഫെഡ് ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി പലിശ കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. ഫെഡറൽ ഫണ്ട്സ് റേറ്റ് 22 വർഷത്തെ ഉയർന്ന നിരക്കായ 5.25 - 5.50 ശതമാനമായി ഉയർത്തുമെന്ന നിഗമനത്തിലാണു വിപണി. തുടർന്നു വർധന ഉണ്ടാകുമോ എന്ന കാര്യത്തിൽ ചെയർമാൻ ജെറോം പവൽ എന്തു പറയും എന്നതിലാകും വിപണിയുടെ ശ്രദ്ധ.

മാർച്ചിലെ ബാങ്കിംഗ് തകർച്ചയിൽ വാർത്തകളിൽ നിറഞ്ഞ പാക് വെസ്റ്റ് തങ്ങളേക്കാൾ ചെറിയ ബാങ്ക് ഓഫ് കലിഫോർണിയയിൽ ലയിക്കാൻ സമ്മതിച്ചു. പാക് വെസ്റ്റ് ഓഹരി 27 ശതമാനം ഇടിഞ്ഞപ്പോൾ ബാങ്ക് ഓഫ് കലിഫോർണിയ 11 ശതമാനം കയറി.

ഏഷ്യൻ വിപണികൾ ഇന്നു നഷ്ടത്തിലാണ്. ജപ്പാനിൽ നിക്കെെ സൂചിക കാൽ ശതമാനം താണു. കൊറിയൻ വിപണി ഒരു ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ വിപണി മാത്രം മുക്കാൽ ശതമാനം ഉയർന്നു.

റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്‌ജീവിപ്പിക്കും എന്ന ഔദ്യോഗിക പ്രഖ്യാപനത്തെ തുടർന്ന് ഇന്നലെ കുതിച്ച

ഹാേങ്കോംഗ്, ചെെനീസ് വിപണികൾ ഇന്നു താഴ്ചയിലായി. ചെെനീസ് തീരത്തു ചുഴലിക്കൊടുങ്കാറ്റ് വീശുന്നതും ക്രൂഡ് ഓയിൽ വിലക്കയറ്റവും ചൈനീസ് ഓഹരികളെ താഴ്ത്തി.


ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ചൊവ്വാഴ്ച നേട്ടത്തിൽ തുടങ്ങിയിട്ട് ചാഞ്ചാട്ടങ്ങൾക്കു ശേഷം കാര്യമായ വ്യത്യാസമില്ലാതെ ക്ലോസ് ചെയ്തു. സെൻസെക്സ് നേരിയ നഷ്ടത്തിലും നിഫ്റ്റി നാമമാത്ര ഉയർച്ചയിലും അവസാനിച്ചു.

ചൊവ്വാഴ്ച സെൻസെക്സ് 29.07 പോയിന്റ് (0.04%) താണ് 66,355.71-ലും നിഫ്റ്റി 8.25 പോയിന്റ് (0.04%) കയറി 19,680.60 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.39 ശതമാനം താണ് 36,887.65 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.11 ശതമാനം താണ് 11,558.90 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ വീണ്ടും വാങ്ങലുകാരായി.

ചൊവ്വാഴ്ച അവർ 1088.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി.. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 333.70 കോടിയുടെ ഓഹരികൾ വിറ്റു.

ഇന്നു നിഫ്റ്റിക്ക് 19,630 ലും 19,560 ലും പിന്തുണ ഉണ്ട്. 19,720 ഉം 19,790 ഉം തടസങ്ങളാകാം.

പ്രധാന വ്യാവസായിക ലോഹങ്ങൾ കുതിപ്പിലായി. റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ നടപടി എടുക്കുമെന്ന ചെെനീസ് പ്രഖ്യാപനം ആണു കാരണം. അലൂമിനിയം 1.35 ശതമാനം കയറി ടണ്ണിന് 2238.71 ഡോളറിലായി. ചെമ്പ് 1.98 ശതമാനം കൂടി ടണ്ണിന് 8596.15 ഡോളറിൽ എത്തി. ടിൻ 2.21 ശതമാനവും നിക്കൽ 3.58 ശതമാനവും സിങ്ക് 3.4 ശതമാനവും ലെഡ് 0.97 ശതമാനവും ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും  

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് ഒരു ശതമാനം കയറി 83.64 ഡോളറിലും ഡബ്ള്യുടിഐ ഇനം 79.34 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 82.33 ഡോളറിലേക്കു താണു. ചൈനയിൽ നിന്നു ഡിമാൻഡ് കൂടും എന്ന സൂചനയും റഷ്യ ഡിസ്കൗണ്ടുകൾ കുറച്ചതുമാണു കാരണം.

സ്വർണം ഉയർന്നു. ഔൺസിന് 1955 ഡോളറിൽ നിന്ന് 1965.90 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ പക്ഷേ 1965.10 ലേക്കു താഴ്ന്നു.

കേരളത്തിൽ പവൻവില 120 രൂപ കുറഞ്ഞ് 44,000 രൂപയിൽ എത്തി. ഇന്നു വില വർധിച്ചേക്കും.

ഡോളർ ചൊവ്വാഴ്ച ആറു പൈസ കയറി 81.88 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഡോളർ സൂചിക 101.35 ൽ തുടരുന്നു. സൂചിക ഇന്നു രാവിലെ 101.30 ലേക്കു താണു.

ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ്കോയിൻ 29,200 ഡോളറിനടുത്താണ്.

ടാറ്റാ മോട്ടോഴ്സ് കുതിച്ചു, ഡിവിആർ കാൻസൽ ചെയ്യും

ടാറ്റാ മോട്ടോഴ്സ് ഒന്നാം പാദത്തിൽ വരുമാനം 42 ശതമാനം വർധിപ്പിച്ച് 1.02 ലക്ഷം കോടി രൂപയാക്കി. ജെഎൽആർ വിൽപനയിലെ നേട്ടമാണ് കാരണം. പ്രവർത്തനലാഭം 177 ശതമാനം കൂടി 14,700 കോടിയിൽ എത്തി. അറ്റാദായം 3300 കോടി. ജെഎൽആർ വരുമാനത്തിൽ 52 ശതമാനം വർധനയുണ്ട്. വാണിജ്യ വാഹന വിൽപന 15 ശതമാനം കുറഞ്ഞു. കമ്പനിയുടെ അറ്റ കടം 2500 കോടി കുറഞ്ഞ് 41,000 കോടി രൂപയായി. കമ്പനി ഇക്കൊല്ലം 38,000 കോടി രൂപയുടെ മൂലധന മുടക്ക് ഉദ്ദേശിക്കുന്നു.

കമ്പനി വ്യത്യസ്ത വോട്ടവകാശത്തോടെ ഇറക്കിയ ഡിവിആർ (ഡിഫറൻഷ്യൽ വോട്ടിംഗ് റൈറ്റ്സ്) ഓഹരികൾ സാധാരണ ഓഹരികളായി മാറ്റാൻ തീരുമാനിച്ചു. 10 ഡിവിആറിന് ഏഴ് സാധാരണ ഓഹരി വീതം നൽകും. ഡിവിആർ വിലയേക്കാൾ 20 ശതമാനം അധികമാകും ഇത്. ഏതാനും മാസം മുൻപ് ടാറ്റാ മോട്ടോഴ്സ് എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റൈറ്റ്സ് ) കാൻസൽ ചെയ്തിരുന്നു. മൂലധന ഘടന ലളിതമാക്കുന്നതിന്റെ ഭാഗമാണിത്. സാധാരണ ഓഹരിയുടെ പത്തിലൊന്ന് വോട്ടവകാശവും അഞ്ചു ശതമാനം അധികം ലാഭവീതവും ഉള്ളതായിരുന്നു ഡിവിആർ. 2008 ലാണ് ഇവ ഇറക്കിയത്.

വരുമാനവും ലാഭവും കൂട്ടിയ എൽ ആൻഡ് ടി ഓഹരികൾ തിരിച്ചു വാങ്ങുന്നു

കോൺട്രാക്ടുകൾ പൂർത്തിയാക്കുന്നതു വേഗമായതാേടെ എൽ ആൻഡ് ടിയുടെ ഒന്നാം പാദ ലാഭം 46 ശതമാനം കൂടി. വരുമാനം 34 ശതമാനം കൂടി 47,882 കോടി ആയപ്പോൾ അറ്റാദായം 2493 കോടിയായി. കഴിഞ്ഞ പാദത്തിൽ 65,520 കോടി രൂപയുടെ കരാറുകൾ ലഭിച്ചു. ഇപ്പോൾ 4.1 ലക്ഷം കോടിയുടെ കരാറുകൾ നിലവിലുണ്ട്. ഇതു പത്തു ലക്ഷം കോടി രൂപ ആക്കാമെന്നു കമ്പനി പ്രതീക്ഷിക്കുന്നു.

എൽ ആൻഡ് ടി 10,000 കോടി രൂപയുടെ ഓഹരികൾ തിരിച്ചു വാങ്ങുമെന്നു പ്രഖ്യാപിച്ചു. 2019-ൽ കമ്പനി 9000 കോടിയുടെ തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ചെങ്കിലും ഓഫർ നിയമാനുസൃതം അല്ലെന്നു പറഞ്ഞു സെബി അനുമതി നിഷേധിച്ചു. രണ്ടു രൂപ മുഖവിലയുള്ള ഓഹരികൾ 3000 രൂപ വീതം നൽകി വാങ്ങാനാണു കമ്പനി തീരുമാനം. ഇന്നലെ ക്ലോസിംഗ് വില 2562 രൂപ മാത്രമാണ്. 3.3 കോടി ഓഹരികൾ വാങ്ങുമെന്നാണു കമ്പനി അറിയിച്ചത്. ഈ വർഷം ഇന്ത്യയിൽ പ്രഖ്യാപിച്ച ഏറ്റവും വലിയ തിരിച്ചു വാങ്ങലാണിത്.

ഫെഡറൽ ബാങ്ക് ക്യു.ഐ.പി പൂർത്തിയായി

ഫെഡറൽ ബാങ്ക് ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ് (ക്യുഐപി) വഴി 3099 കോടി രൂപ സമാഹരിച്ചു. 131.90 രൂപ പ്രകാരം 23.04 കോടി ഓഹരികൾ നൽകി. രണ്ടു രൂപ മുഖവിലയുള്ള ഭാഹരി 129.90 രൂപ പ്രീമിയത്തിലാണു നൽകിയത്. ഇതോടെ ഓഹരി മൂലധനം 469.73 കോടി രൂപയായി വർധിച്ചു. ഫെഡറൽ ബാങ്കിന്റെ ഓഹരി ഇന്നലെ 132.95 രൂപയിലാണു ക്ലോസ് ചെയ്തത്.

ഏതാനും ദിവസം മുൻപ് ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ (ഐഎഫ്‌സി) 959 കോടി രൂപ ഫെഡറൽ ബാങ്ക് ഓഹരികളിൽ നിക്ഷേപിച്ചിരുന്നു. 131.91 രൂപ പ്രകാരമായിരുന്നു അത്. അതോടെ

ഐഎഫ്‌സി ഗ്രൂപ്പിന് ബാങ്കിൽ എട്ടു ശതമാനം ഓഹരിയായി. ലോകബാങ്കിന്റെ ഉപസ്ഥാപനമാണ് ഐഎഫ്‌സി.

വിപണി സൂചനകൾ

(2023 ജൂലൈ 25, ചൊവ്വ)

സെൻസെക്സ് 30 66,355.71 -0.04%

നിഫ്റ്റി 50 19,680.60 +0.04%

ബാങ്ക് നിഫ്റ്റി 45,845.00 -0.17%

മിഡ് ക്യാപ് 100 36,887.65 - 0.39%

സ്മോൾക്യാപ് 100 11,558.90 -0.11%

ഡൗ ജോൺസ് 30 35,438.07 +0.08%

എസ് ആൻഡ് പി 500 4567.46 +0.28%

നാസ്ഡാക് 14,144.56 +0.61%

ഡോളർ ($) ₹81.88 +06 പൈസ

ഡോളർ സൂചിക 101.35 0.0

സ്വർണം(ഔൺസ്) $1965.90 +$10.80

സ്വർണം(പവൻ ) ₹44,000 - ₹120.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $83.64 +$0.90

Tags:    

Similar News