വിപണികൾ വീണ്ടും ആവേശത്തിൽ; പ്രതീക്ഷ പോലെ ഫെഡ് തീരുമാനം; ഡോളർ ഇടിവിൽ

സ്വർണവും ക്രൂഡും കുതിക്കുന്നു; റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നു കൂടുതൽ വാർത്തകൾ

Update:2023-07-27 08:16 IST

യുഎസ് ഫെഡറൽ റിസർവ് പ്രതീക്ഷ പാേലെ തീരുമാനങ്ങൾ എടുത്തു. യുഎസ് വിപണി ആവേശം കാണിച്ചില്ലെങ്കിലും ഏഷ്യൻ വിപണികൾ ആവേശത്തിലായി. ഡോളർ ദുർബലമായി. സ്വർണവും ക്രൂഡ് ഓയിലും കയറ്റത്തിലുമായി. ഇന്ത്യൻ ഓഹരി വിപണിയും ഉയർന്ന തുടക്കത്തിന് ഒരുങ്ങി.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,806-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,860 ലേക്ക് കുതിച്ചു.. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ ബുധനാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് ഫെഡ് തീരുമാനത്തെപ്പറ്റിയുള്ള ആശങ്കകളാണു വിപണികളെ താഴ്ത്തിയത്. വ്യാഴാഴ്ച ചേരുന്ന യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ (ഇസിബി) പണനയ കമ്മിറ്റി കുറഞ്ഞ പലിശയിൽ 25 ബേസിസ് പോയിന്റ് (കാൽ ശതമാനം) വർധന പ്രഖ്യാപിക്കും എന്നാണു സൂചന. പലിശകൂട്ടൽ അവസാനിപ്പിക്കുന്നതു സംബന്ധിച്ച സൂചന ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർദ് നൽകുമോ എന്നാണു വിപണി ഉറ്റുനോക്കുന്നത്. വരുമാനം സംബന്ധിച്ച പ്രതീക്ഷ ഗണ്യമായി ഉയർത്തിയ റോൾസ് റോയ്സ് ഓഹരി 20 ശതമാനം ഉയർന്നു.

ഫെഡ് പ്രതീക്ഷ പോലെ പലിശ വർധിപ്പിച്ച ഇന്നലെയും ഡൗ ജോൺസ് ഉയർന്നു. സൂചിക തുടർച്ചയായ പതിമ്മൂന്നാം ദിവസമാണ് ഉയർന്നത്. 1987 നു ശേഷം ഉണ്ടാകുന്ന ഏറ്റവും നീണ്ട കയറ്റം. ഇന്നും ഉയർന്നാൽ ചരിതത്തിലെ ഏറ്റവും നീണ്ട തുടർ കയറ്റം ആകും. 1897 ൽ ഡൗ ജോൺസ് സൂചിക രൂപീകരിച്ച വർഷം മാത്രമേ തുടർച്ചയായ 14 ദിവസം ഉയർന്നു ക്ലോസ് ചെയ്തിട്ടുള്ളു. മറ്റു രണ്ടു പ്രധാന സൂചികകളും ഇന്നലെ താഴുകയായിരുന്നു.

ഡൗ ജോൺസ് 82.05 പോയിന്റ് (0.23%) ഉയർന്ന് 35,520.12 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.71 പോയിന്റ് (0.02%) കുറഞ്ഞ് 4566.75ൽ എത്തി. നാസ്ഡാക് 17.27 പോയിന്റ് (0.12%) താഴ്ന്ന് 14,127.28ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.15 ശതമാനം താണു. നാസ്ഡാക് 0.26 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.04 ശതമാനം കയറി നിൽക്കുന്നു.

വ്യാപാരസമയത്തിനു ശേഷം വന്ന മെറ്റാ പ്ലാറ്റ്ഫോംസിന്റെ റിസൽട്ട് വിപണിയുടെ പ്രതീക്ഷയേക്കാൾ മികച്ചതായി. പരസ്യവരുമാനം വർധിച്ചത് ഫേയ്സ് ബുക്കിന്റെ മാതൃകമ്പനിക്ക് വരുന്ന പാദത്തിൽ കൂടുതൽ മെച്ചപ്പെട്ട വരുമാനപ്രതീക്ഷ നൽകി. രണ്ടാം പാദ വരുമാനം 11 ശതമാനം കൂടി. ഒന്നര വർഷത്തിനുള്ളിൽ ആദ്യമാണ് രണ്ടക്ക വളർച്ച. അനൗപചാരിക വ്യാപാരത്തിൽ മെറ്റാ ഏഴു ശതമാനം കുതിച്ചു.

യു ട്യൂബിലും ക്ലൗഡിലും വരുമാനം കൂടിയത് ആൽഫബെറ്റിനു പ്രതീക്ഷയിലും മികച്ച രണ്ടാം പാദ റിസൽട്ട് നൽകി. വരുന്ന പാദത്തിലെ പ്രതീക്ഷയും മികച്ചതായി. ഓഹരി ഇന്നലെ 5.78 ശതമാനം ഉയർന്നു.

വിപണി പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനവും അറ്റാദായവും മൈക്രാേസോഫ്റ്റ് നേടിയെങ്കിലും വരുന്ന പാദത്തിൽ ഉയർന്ന വരുമാന വളർച്ചയെപ്പറ്റി പ്രതീക്ഷ കുറവായത് ഓഹരിയെ 3.76 ശതമാനം താഴ്ത്തി. അനൗപചാരിക വ്യാപാരത്തിൽ ഓഹരി കയറ്റത്തിലാണ്.

ജപ്പാൻ ഒഴികെ ഏഷ്യൻ വിപണികൾ ഇന്നു നല്ല നേട്ടത്തിലാണ്. ജപ്പാനിൽ നിക്കെെ സൂചിക നാമമാത്രമായി താണു. ജാപ്പനീസ് കറൻസി കൂടുതൽ കരുത്തു നേടുന്നതിനെപ്പറ്റിയാണു ജപ്പാനിൽ ആശങ്ക.

കൊറിയൻ വിപണി ഒരു ശതമാനവും ഓസ്ട്രേലിയൻ വിപണി മുക്കാൽ ശതമാനവും കയറി. ഹാേങ്കോംഗ്, ചെെനീസ് വിപണികളും ഇന്നു നേട്ടത്തിലാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച നേട്ടത്തിൽ തുടങ്ങിയിട്ട് കൂടുതൽ ഉയർന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 66,897.29 വരെയും നിഫ്റ്റി 19,825.6 വരെയും ഉയർന്നിട്ടു കുറച്ചു താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചു.

ബുധനാഴ്ച സെൻസെക്സ് 351.49 പോയിന്റ് (0.53%) ഉയർന്ന് 66,707.20-ലും നിഫ്റ്റി 97.70 പോയിന്റ് (0.50%) കയറി 19,778.30 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.44 ശതമാനം ഉയർന്ന് 37,050.10 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.17 ശതമാനം കയറി 11,578.95 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ വാങ്ങൽ തുടർന്നു. ബുധനാഴ്ച അവർ 922.84 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 470.10 കോടിയുടെ ഓഹരികളും വാങ്ങി.

പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, എഫ്‌എംസിജി, ഫാർമ എന്നിവ ഇന്നലെ നേട്ടങ്ങൾക്കു മുന്നിൽ നിന്നു. കൺസ്യൂമർ ഡ്യുറബിൾസും വാഹനങ്ങളും മാത്രമാണു താഴ്ചയിലായ മേഖലകൾ.

ഇന്നു നിഫ്റ്റിക്ക് 19,730 ലും 19,660 ലും പിന്തുണ ഉണ്ട്. 19,815 ഉം 19,880 ഉം തടസങ്ങളാകാം. പ്രധാന വ്യാവസായിക ലോഹങ്ങൾ രണ്ടു ദിവസത്തെ കയറ്റത്തിനു ശേഷം ഭിന്ന ദിശകളിലായി. ചെെനീസ് ഉത്തേജന പദ്ധതിയുടെ വിശദാംശങ്ങൾ കാത്തിരിക്കുകയാണു വിപണി. കേന്ദ്ര ബാങ്കുകളുടെ പലിശ വർധന സംബന്ധിച്ചും വ്യക്തത ആയിട്ടില്ല. അലൂമിനിയം 1.16 ശതമാനം താഴ്ന്ന് ടണ്ണിന് 2212.75 ഡോളറിലായി. ചെമ്പ് 0.26 ശതമാനവും കുറഞ്ഞ് ടണ്ണിന് 8532.85 ഡോളറിൽ എത്തി. ടിൻ 2.21 ശതമാനവും ലെഡ് 0.97 ശതമാനവും താഴ്ന്നു. സിങ്ക് 0.37 ശതമാനം കയറി.


ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില അൽപം താണിട്ടു കയറി. ബ്രെന്റ് ഇനം ക്രൂഡ് 82.92 ഡോളറിലും ഡബ്ള്യുടിഐ ഇനം 78.88 ഡോളറിലും ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ ബ്രെന്റ് ഇനം 83.70 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 79.58 ഡോളർ ആയി. വില ഇനിയും കൂടുമെന്നു കരുതപ്പെടുന്നു.

സ്വർണം ഉയർന്നു. ഔൺസിന് 1966 ഡോളറിൽ നിന്ന് 1972.70 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1980 ഡോളറിലേക്കുയർന്നു. ഫെഡ് തീരുമാനത്തെ തുടർന്ന് സ്വർണത്തിലേക്കു നിക്ഷേപം വർധിക്കും എന്നാണു നിഗമനം.

സ്വർണം 2000 ഡോളർ കടക്കുമെന്നും 2024 അവസാന പാദത്തിൽ ഔൺസിന് ശരാശരി 2175 ഡോളർ ആകുമെന്നും ജെപി മോർഗൻ ചേയ്സ് വിലയിരുത്തി. പലിശ നിരക്കുകൾ അപ്പോഴേക്കു കുറയും.

കേരളത്തിൽ പവൻവില 120 രൂപ വർധിച്ച് 44,120 രൂപയിൽ എത്തി. ഇന്നു സ്വർണവില വീണ്ടും കൂടും.

ഡോളർ ചൊവ്വാഴ്ച 11 പൈസ കയറി 81.99 രൂപയിൽ വ്യാപാരം ക്ലോസ് ചെയ്തു.

ഡോളർ സൂചിക ഇന്നലെ ഫെഡ് തീരുമാനത്തിനു ശേഷം താണ് 100.89 ൽ ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 101.06 ലേക്കു കയറിയെങ്കിലും പിന്നീട് 100.73ലേക്കു താണു.

ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ്കോയിൻ 29,350 ഡോളറിനടുത്താണ്.


പ്രതീക്ഷ പോലെ ഫെഡ്

യുഎസ് ഫെഡ് അപ്രതീക്ഷിതമായി ഒന്നും ചെയ്തില്ല. ഫെഡറൽ ഫണ്ട്സ് റേറ്റ് എന്ന ""താക്കാേൽ" നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി. ഇതോടെ നിരക്ക് 5.25 - 5.50 ശതമാനം ആയി. 2001-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്.

ഇനിയും കൂട്ടുമോ എന്ന നിർണായക ചോദ്യത്തിന് ഇല്ല എന്ന മറുപടി ഫെഡ് ചെയർമാൻ ജെറോം പവലിൽ നിന്ന് ഉണ്ടായില്ല. കണക്കുകൾ ആണു തീരുമാനങ്ങൾക്കു പ്രേരകം എന്നു മാത്രം പറഞ്ഞു. കൂട്ടുകയില്ലെന്ന് പവൽ പറഞ്ഞില്ലെങ്കിലും സെപ്റ്റംബറിലെ യോഗത്തിൽ നിരക്കു കൂട്ടുകയില്ലെന്നു വ്യക്തമാണ്. പക്ഷേ വിലക്കയറ്റം തുടർന്നും കൂടിയാൽ നിരക്കു കൂട്ടാനുള്ള സാധ്യത പവൽ തള്ളിക്കളയുന്നില്ല.

വിപണിയുടെ നിഗമനം ഇനി നിരക്ക് കൂട്ടേണ്ടി വാരികയില്ലെന്നാണ്. പക്ഷേ പലിശകുറയ്ക്കൽ തുടങ്ങാൻ വൈകും. 2024 ലെ രണ്ടാം പാദത്തിലേക്കാണ് അത് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ചെറിയ മാന്ദ്യം അടുത്ത വർഷമാദ്യം പ്രതീക്ഷിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.

റിലയൻസിന്റെ നീക്കങ്ങൾ

റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നു കൂടുതൽ വാർത്തകൾ. റിലയൻസ് റീട്ടെയിലിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി (ക്യുഐഎ) 100 കോടി ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്നത് ഒന്ന്. റീട്ടെയിൽ വിഭാഗത്തിന് 10,000 കോടി ഡോളർ (എട്ടുലക്ഷം കോടി രൂപ) മൂല്യം കണക്കാക്കിയാണ് ഇടപാട്. ഖത്തർ സർക്കാരിന്റെ നിക്ഷേപ നിധി കൈകാര്യം ചെയ്യുന്ന ക്യുഐഎയ്ക്ക് ഒരു ശതമാനം ഓഹരിയാണ് റിലയൻസ് റീട്ടെയിലിൽ ലഭിക്കുക. കഴിഞ്ഞ തവണ സൗദി ഫണ്ടിന് ഓഹരി നൽകിയതിനേക്കാൾ 60 ശതമാനം കൂടിയ വിലയ്ക്കാണ് ഈ ഇടപാട്. 400 കോടി ഡോളർ നിക്ഷേപം കൂടി ദീർഘകാല നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നു സമാഹരിച്ച ശേഷമേ റിലയൻസ് റീട്ടെയിൽ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുകയുള്ളു.

റിലയൻസിന്റെ ജിയോ ഫിനാൻഷ്യൽ സർവീസസ് വിദേശ അസറ്റ് മാനജ്മെന്റ് കമ്പനിയായ ബ്ലായ്ക്ക് റോക്കുമായി ചേർന്നു സംയുക്ത കമ്പനി തുടങ്ങാൻ ശ്രമിക്കുന്നു എന്നതാണു രണ്ടാമത്തെ വാർത്ത. സംയുക്ത കമ്പനി 50 കോടി ഡോളർ മൂലധനത്തിലാകും തുടങ്ങുക. മ്യൂച്വൽ ഫണ്ടുകൾ മുതൽ ഡെറിവേറ്റീവുകൾ വരെ കൈകാര്യം ചെയ്യുന്ന ഒരു ധനകാര്യ - നിക്ഷേപ സൂപ്പർ മാർക്കറ്റ് ആണ് ഇതു വഴി ആരംഭിക്കുന്നത്. ബ്ലായ്ക്ക് റോക്ക് ഈ രംഗത്ത് ഏറ്റവും വലിയ സ്ഥാപനമാണ്. 11 ലക്ഷം കോടി ഡോളർ ആസ്തികൾ അവർ കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യൻ ധനകാര്യ സേവന വിപണിയിൽ വലിയ ചലനങ്ങൾക്ക് ഈ സംയുക്ത സംരംഭം കാരണമാകും.


ആർബിഎൽ ബാങ്കിൽ മഹീന്ദ്ര

പ്രശ്നങ്ങളിൽ ഉഴലുന്ന ആർബിഎൽ ബാങ്കിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3.53 ശതമാനം ഓഹരി എടുത്തത് പല ഊഹങ്ങൾക്കും കാരണമായി. ബാങ്കിൽ 9.9 ശതമാനം ഓഹരി വരെ എടുക്കാൻ ഉദ്ദേശിക്കുന്നതായി മഹീന്ദ്ര ഗ്രൂപ്പ് വ്യക്തമാക്കി. ആർബിഎൽ ബാങ്കിന്റെ ഓഹരി ഇന്നലെ എട്ടു ശതമാനത്തോളം ഉയർന്നു. ഒരു മാസത്തിനിടെ 3 ശതമാനം കയറ്റമാണ് ഓഹരിക്കുണ്ടായത്.

പത്തു വർഷത്തിലധികം ബാങ്കിനെ നയിച്ച വിശ്വവീർ അഹൂജയ്ക്ക് 2022-ൽ തുടർ നിയമനം നൽകാൻ റിസർവ് ബാങ്ക് വിസമ്മതിച്ചു. തുടർന്ന് ദീർഘകാല പരിചയ സമ്പത്തുള്ള ആർ. സുബ്രഹ്മണ്യകുമാറിനെ എംഡിയും സിഇഒയുമായി നിയമിച്ചു. ബാങ്കിന്റെ കാര്യത്തിൽ റിസർവ് ബാങ്കിനു ചില ആശങ്കകൾ ഉണ്ടെന്നും ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനം ഉണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഹീന്ദ്രയുടെ നിക്ഷേപം ശ്രമിക്കപ്പെടുന്നത്.

വിപണി സൂചനകൾ

(2023 ജൂലൈ 26, ബുധൻ)

സെൻസെക്സ് 30 66,707.20 +0.53%

നിഫ്റ്റി 50 19,778.30 +0.50%

ബാങ്ക് നിഫ്റ്റി 45,062.35 +0.47%

മിഡ് ക്യാപ് 100 37,050.10 +0.44%

സ്മോൾക്യാപ് 100 11,578.95 +0.17%

ഡൗ ജോൺസ് 30 35,520.12 +0.23%

എസ് ആൻഡ് പി 500 4566.75 -0.02%

നാസ്ഡാക് 14,127.28 -0.12%

ഡോളർ ($) ₹81.99 + 11 പൈസ

ഡോളർ സൂചിക 100.89 -0.46

സ്വർണം(ഔൺസ്) $1972.70 +$06.80

സ്വർണം(പവൻ ) ₹44,120 + ₹120.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $82.92 -$0.72

Tags:    

Similar News