ശ്രീ സിമന്റ് 23,000 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്; ഓഹരി വില ഇടിഞ്ഞു
ദിശാബോധം കിട്ടാതെ വിപണികൾ; മഴയിലെ ആശങ്ക കുറയുന്നു; ടെക് ഓഹരികൾക്കു തിരിച്ചടി; വളർച്ചനിഗമനം ആശ്വാസകരം
ആഗാേള വിപണികൾ ഇനിയും ദിശാബോധം വീണ്ടെടുത്തിട്ടില്ല. അതിന്റെ ദൗർബല്യം ഇന്ന് ഏഷ്യൻ വിപണികളിലും ഇന്ത്യൻ വിപണിയിലും കാണാം. കുതിപ്പിനുള്ള സാധ്യത ഇന്നു കുറവാണ്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കൾ രാത്രി ഒന്നാം സെഷനിൽ 18,704 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,715 ലേക്കു കയറി. ഇന്നു രാവിലെ 18,725 ലേക്ക് ഉയർന്നു. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ഭിന്ന ദിശകളിലായി. സ്റ്റാേക്സ് 600 - ഉം ജർമൻ, യുകെ സൂചികകളും ചെറുതായി താണു. ഫ്രഞ്ച് സൂചികകൾ അൽപം കയറി. ക്രൂഡ് ഓയിൽ വില ഇടിയുന്നത് ഓയിൽ കമ്പനി ഓഹരികളെ താഴ്ത്തി.
യൂറോ സോണിന്റെ (Euro Zone)2023 ജിഡിപി വളർച്ച പ്രതീക്ഷ സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് ()Standard and Poor 's) 0.6 ശതമാനമായി ഉയർത്തി. നേരത്തേ 0.3 ശതമാനമായിരുന്നു. എന്നാൽ 2024 വളർച്ച പ്രതീക്ഷ ഒന്നിൽ നിന്നു 0.9 ശതമാനമായി കുറച്ചു.
ബ്രിട്ടനിൽ ബാങ്ക് റേറ്റ് അഞ്ചു ശതമാനമായതോടെ പാർപ്പിട വായ്പകളുടെ തിരിച്ചടവ് ബുദ്ധിമുട്ടാകുമെന്നു ഭീതി. 12 ശതമാനം വായ്പകൾ കിട്ടാക്കടമായി ജപ്തി നടപടിയിലേക്ക് നീങ്ങുമെന്നു കരുതപ്പെടുന്നു.
യുഎസ് വിപണി ഇന്നലെയും താഴ്ചയിലായി. ടെക്നോളജി ഓഹരികളിലെ ദൗർബല്യമാണു വിപണിയെ താഴ്ത്തിയത്. ടെസ്‌ല, ആൽഫബെറ്റ്, എൻവിഡിയ, മെറ്റ പ്ലാറ്റ് ഫോംസ് തുടങ്ങിയവ മൂന്നു മുതൽ ആറു വരെ ശതമാനം ഇടിഞ്ഞു.
ഡൗ ജോൺസ് 12.72 പോയിന്റ് (0.04%) നഷ്ടത്തിൽ 33,714.71 ൽ അവസാനിച്ചു. എസ് ആൻഡ് പി 19.51 പോയിന്റ് (0.45%) താണ് 4328.82 ൽ എത്തി. നാസ്ഡാക് 156.74 പോയിന്റ് (1.16% ) ഇടിഞ്ഞ് 13,335.78 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗ 0.12 ശതമാനം ഉയർന്നു. നാസ്ഡാക് 0.20 ശതമാനവും എസ് ആൻഡ് പി 0.17 ശതമാനവും കയറി. ഏഷ്യൻ ഓഹരികൾ ഇടിവിലാണ്. ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തിൽ ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലും ഓഹരികൾ ഇടിഞ്ഞു. എന്നാൽ ഓസ്ട്രേലിയൻ വിപണി ഉയർന്നു. ചെെനീസ് വിപണി താഴ്ന്നു തുടങ്ങിയിട്ടു നേട്ടത്തിലായി.
ഇന്ത്യൻ വിപണി
തിങ്കളാഴ്ച ഇന്ത്യൻ വിപണി തുടക്കം മുതലേ ചാഞ്ചാടി. അൽപം നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം ഗണ്യമായി ഉയർന്നു. പിന്നെ ഇടിഞ്ഞു. പിന്നീടു ക്ലോസിംഗ് വരെ കയറിയിറങ്ങി. സെൻസെക്സ് 63,136 വരെയും നിഫ്റ്റി 18,722 വരെയും കയറിയ ശേഷമാണു താഴ്ന്നു ക്ലോസ് ചെയ്തത്.
സെൻസെക്സ് 9.37 പോയിന്റ് (0.01%) കുറഞ്ഞ് 62,970.00 ലും നിഫ്റ്റി 25.70 പോയിന്റ് (0.14%) കൂടി 18,691.20 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.93 ശതമാനം ഉയർന്ന് 35,120.45 ലും സ്മോൾ ക്യാപ് സൂചിക 0.62% കയറി 10,689.85 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 409.43 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 250.12 കോടിയുടെ ഓഹരികൾ വാങ്ങി.
ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ, ഓട്ടാേ, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവ മികച്ച നേട്ടം കൈവരിച്ചു.
വിപണി ദുർബല പ്രവണതയാണു കാണിക്കുന്നത്. ഇന്നു നിഫ്റ്റിക്ക് 18,655 -ലും 18,610 ലും പിന്തുണ ഉണ്ട്. 18,715 ലും 18,765 ലും തടസം ഉണ്ടാകാം.
സാമ്പത്തികമാന്ദ്യത്തെ പറ്റിയുള്ള ഭീതിയിൽ വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു. അലൂമിനിയം 0.84 ശതമാനം താഴ്ന്നു ടണ്ണിന് 2150.89 ഡോളറിലായി. ചെമ്പ് 0.62 ശതമാനം കുറഞ്ഞ് ടണ്ണിന് 8436.15 ഡോളറിൽ എത്തി. നിക്കൽ 1.55 ശതമാനം താണപ്പാേൾ സിങ്ക് 1.30 ശതമാനം ഇടിഞ്ഞു. ടിൻ 5.47 ശതമാനവും ലെഡ് 1.40 ശതമാനവും താഴ്ന്നു.
ക്രൂഡ് ഓയിൽ, സ്വർണം, ഡോളർ, രൂപ, ക്രിപ്റ്റോ
ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച രാവിലെ ഒരു ശതമാനത്തിലധികം കയറിയെങ്കിലും പിന്നീടു താഴ്ന്നു. റഷ്യൻ സംഭവവികാസങ്ങൾ വിപണിയിൽ തൽക്കാലം പ്രശ്നമാെന്നും ഉണ്ടാക്കില്ലെന്ന ആശ്വാസമാണു കാരണം. ബ്രെന്റ് ഇനം ക്രൂഡ് 74.10 ഡോളറിലും ഡബ്ള്യുടിഐ ഇനം 69.37 ഡോളറിലും ക്ലോസ് ചെയ്തു.
സ്വർണം ഇന്നലെ രാവിലെ റഷ്യൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ 1928-1930 ഡോളറിലേക്കു കയറി. എന്നാൽ പിന്നീടു താണു. ഔൺസിന് 1923.80 ഡോളറിലായിരുന്നു ക്ലോസിംഗ്. ഇന്നു രാവിലെ 1923 - 1925 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻവില തിങ്കളാഴ്ച 80 രൂപ വർധിച്ച് 43,480 രൂപ ആയി. ഡോളർ ഇന്നലെ 82.04 രൂപയിലാണു ക്ലോസ് ചെയ്തത്.
ലോക വിപണിയിൽ ഡോളർ സൂചിക അൽപം താണ് 102.69 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക ഉയർന്ന് 102.79 ആയി. ക്രിപ്റ്റോ കറൻസികൾ ചെറിയ മേഖലയിൽ കയറിയിറങ്ങുന്നു. ബിറ്റ് കോയിൻ 30,400 ഡോളറിലേക്ക് കയറി.
കമ്പനികൾ, ഓഹരികൾ
ശ്രീസിമന്റ് 23,000 കോടിyude നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്; ഓഹരി വില ഇടിഞ്ഞു
ശ്രീസിമന്റ് 23,000 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ് കമ്പനിയിലെ പരിശോധനകൾക്കു ശേഷം പറഞ്ഞു. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് കമ്പനി എംഡി എച്ച്.എം. ബാംഗൂർ പറഞ്ഞത്. അഞ്ചു കൊല്ലം കൊണ്ടു മൊത്തം 11,000 കോടി രൂപ ലാഭമുണ്ടാക്കിയ കമ്പനി ഇത്ര വലിയ നികുതി വെട്ടിപ്പ് നടത്തുന്നതിനു സാധ്യതയില്ലെന്നും ബാംഗൂർ പറഞ്ഞത്. ഏതായാലും ഇന്നലെ കമ്പനിയുടെ ഓഹരി 10 ശതമാനം ഇടിഞ്ഞ് 23,600 രൂപയിലെത്തി. എൽഐസിക്ക് ഇതു വഴി 350 കോടി രൂപയുടെ നിക്ഷേപ നഷ്ടം ഉണ്ട്. വിദേശ നിക്ഷേപകർക്ക് 1200 കോടിയിലധികം രൂപ നഷ്ടമായി. 434 ലക്ഷം ടൺ സിമന്റ് നിർമാണ ശേഷിയുള്ള കമ്പനിക്ക് 750 മെഗാവിട്ട്
വൈദ്യുതി ഉൽപാദന ശേഷിയുമുണ്ട്.
ഓഹരികൾ ഡീലിസ്റ്റ് ചെയ്യാൻ മാതൃകമ്പനിയായ ഐസിഐസിഐ ബാങ്ക് ഉദ്ദേശിക്കുന്നതായ റിപ്പാേർട്ടിനെ തുടർന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരിവില 15 ശതമാനം വരെ കുതിച്ചു കയറി.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ ഒന്നു മുതൽ മൂന്നു വരെ ശതമാനം ഉയർന്നു. ഗ്രൂപ്പിന്റെ ധനകാര്യ ഇടപാടുകളെപ്പറ്റി അമേരിക്കയിൽ അന്വേഷണം നടക്കുന്നതായ റിപ്പോർട്ടിനെ തുടർന്നു വെള്ളിയാഴ്ച ഓഹരികൾക്കു വലിയ ഇടിവുണ്ടായതാണ്. പിന്നീട് അന്വേഷണങ്ങളെപ്പറ്റി റിപ്പോർട്ടുകൾ വന്നില്ല. തങ്ങൾക്കു യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നു ഗ്രൂപ്പ് നാരഥി ഗൗതം അദാനി അറിയിച്ചു.
വളർച്ചപ്രതീക്ഷ
ഇന്ത്യ ഈ ധനകാര്യ വർഷം ആറു ശതമാനം ജിഡിപി വളർച്ച നേടുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് വിലയിരുത്തി. ഇതു നേരത്തേ കണക്കാക്കിയ നിരക്കാണ്. ഇത് ഉയർത്തുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല.
ഏഷ്യ- പസഫിക്കിലെ ഏറ്റവും ഉയർന്ന വളർച്ചയാകും ഇന്ത്യയുടേത്. ചൈനയുടെ വളർച്ച പ്രതീക്ഷ 5.5 ൽ നിന്ന് 5.2 ശതമാനമായി ഏജൻസി കുറച്ചു.
ഇന്ത്യ ഇക്കൊല്ലം 6.3 ശതമാനം വളർച്ച നേടുമെന്ന് മറ്റൊരു റേറ്റിംഗ് ഏജൻസിയായ ഫിച്ച് കഴിഞ്ഞ ദിവസം പ്രസ്താവിച്ചു. ആറു ശതമാനമാണ് അവർ നേരത്തേ കണക്കാക്കിയിരുന്നത്. ലോക ബാങ്ക് ഈ മാസമാദ്യം ഇന്ത്യയുടെ വളർച്ച പ്രതീക്ഷ 6.6 ൽ നിന്ന് 6.3 ശതമാനമായി കുറച്ചിരുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂൺ ഉത്തരേന്ത്യയിൽ വ്യാപിച്ചതും മഴയിലെ കമ്മി അതിവേഗം കുറഞ്ഞുവരുന്നതും കാർഷിക മേഖലയെപ്പറ്റിയുള്ള ആശങ്ക കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
വിപണി സൂചനകൾ
(2023 ജൂൺ 26, തിങ്കൾ)
സെൻസെക്സ് 30 62,970.00 -0.01%
നിഫ്റ്റി 50 18,691.20 +0.14%
ബാങ്ക് നിഫ്റ്റി 43,641.05 +0.04%
മിഡ് ക്യാപ് 100 35,120.45 +0.93%
സ്മോൾക്യാപ് 100 10,689.85 +0.62%
ഡൗ ജോൺസ് 30 33,727.40 -0.65%
എസ് ആൻഡ് പി 500 4348.33 -0.77%
നാസ്ഡാക് 13,492.50 -1.01%
ഡോളർ ($) ₹82.04 +03 പൈസ
ഡോളർ സൂചിക 102.69 -0.21
സ്വർണം(ഔൺസ്) $1923.80 +$02.70
സ്വർണം(പവൻ ) ₹43,480 +₹ 80.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $74.10 +$0.25