പലിശപ്പേടിയിൽ ആഗാേള വിപണികൾ; ഏഷ്യൻ സൂചനകൾ നെഗറ്റീവ്; ക്രൂഡ് ഓയിൽ 95 ഡോളറിലേക്ക്

സാമ്പത്തിക ആശങ്കകൾ വീണ്ടും പ്രബലമായി, മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവിൽ യു.എസ് വിപണി

Update:2023-09-27 08:22 IST

പലിശപ്പേടിയും മറ്റ് ആശങ്കകളും ആഗാേള വിപണികളെ നഷ്ടത്തിലേക്കു വീഴ്ത്തുകയാണ്. ഇന്ത്യൻ വിപണിയും ആഗോള പ്രവണതകൾക്കനുസരിച്ചു നീങ്ങുന്ന രീതിയാണു കാണുന്നത്. ക്രൂഡ് ഓയിൽ വില 95 ഡോളറിനെ സമീപിക്കുകയാണ്. 100 ഡോളറിനു മുകളിൽ കയറുമെന്നു പലരും പ്രവചിച്ചിട്ടുണ്ട്. ഡോളർ നിരക്കും കൂടുകയാണ്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,608- ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,620 വരെ കയറി. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ തുടക്കം കുറിക്കും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ച ശരാശരി ഒരു ശതമാനം നഷ്ടത്തിൽ അവസാനിച്ചു. യുറോയും പൗണ്ടും യുഎസ് ഡോളറിനോടു ദുർബലമായി.

സാമ്പത്തിക ആശങ്കകൾ വീണ്ടും പ്രബലമായതോടെ യു.എസ് വിപണി മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവിലായി. വിലക്കയറ്റം പിടിച്ചു നിർത്താൻ പലിശനിരക്ക് ഏഴു ശതമാനമെങ്കിലും ആക്കേണ്ടി വരാം എന്നു ജെപി മോർഗൻ ചേയ്സ് മേധാവി ജേയ്മി ഡിമൺ പറഞ്ഞതു പലിശയെപ്പറ്റിയുള്ള ആശങ്ക വർധിപ്പിച്ചു. ദീർഘകാലത്തേക്ക് പലിശ ഉയർന്നു നിന്നാൽ കമ്പനികളുടെ ലാഭം കുത്തുന്ന ഇടിയും എന്നാണു വിപണിയുടെ ഭീതി. കടപ്പത്ര വിപണിയുടെ നീക്കം പലിശ ഇനിയും ഗണ്യമായി കൂടും എന്ന കണക്കുകൂട്ടലിലാണ്. 5.5 ശതമാനമാണ് യുഎസ് ഫെഡ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ നിരക്ക്.

ഓൺലൈൻ റീട്ടെയിൽ ഭീമൻ ആമസാേണിന്റെ നടപടികൾ മത്സരം ഇല്ലാതാക്കുന്നതും അതിലെ വ്യാപാരികൾക്ക് അമിത ബാധ്യത വരുത്തുന്നതും ഉപഭോക്താക്കൾക്കു നഷ്ടം വരുത്തുന്നതുമാണെന്ന് കുറപ്പെടുത്തി യുഎസിലെ ഫെഡറൽ ട്രേഡ് കമ്മീഷനും 17 സംസ്ഥനങ്ങളും ചേർന്ന് ആമസാേണിനെതിരേ കേസ് ചുമത്തി. ഓഹരി നാലു ശതമാനം ഇടിഞ്ഞു. കേസിൽ പെട്ടെന്നു തീരുമാനം പ്രതീക്ഷിക്കുന്നില്ല.
ഓഗസ്റ്റിലെ പുതിയ പാർപ്പിട വിൽപന പ്രതീക്ഷയിലും കുറവായി. കോൺഫറൻസ് ബോർഡിന്റെ ആത്മവിശ്വാസ സർവേയുടെ ഫലവും പ്രതീക്ഷയിൽ താഴെയായി. ബജറ്റ് കാര്യത്തിൽ ധാരണ ഉണ്ടാക്കാനുള്ള ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. ഇതെല്ലാം യുഎസ് വിപണിയുടെ തളർച്ചയ്ക്കു വഴി തെളിച്ചു.
ഡൗ ജോൺസ് 388 പോയിന്റ് (1.14%) താഴ്ന്ന് 33,618.88 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 63.91 പോയിന്റ് (1.47%) ഇടിഞ്ഞ് 4273.53 ലും നാസ്ഡാക് 207.71 പോയിന്റ് (1.57%) നഷ്ടത്തിൽ 13,063.61 ലും ക്ലോസ് ചെയ്തു.
യു.എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് അൽപം കയറിയാണു നിൽക്കുന്നത്. ഡൗ 0.21 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.27 ഉം ശതമാനം ഉയർന്നു.
ചൊവ്വാഴ്ച ചൈനയിലടക്കം ഏഷ്യൻ വിപണികൾ താഴ്ന്നു. ഇന്നു രാവിലെ ജപ്പാനിലും കൊറിയയിലും സൂചികകൾ ഒരു ശതമാനം താഴ്ന്നു. ചൈനീസ് സൂചികകൾ ഉയർന്നാണു വ്യാപാരം തുടങ്ങിയത്. ചൈനയുടെ വ്യവസായ ഉൽപാദന കണക്കുകൾ ഇന്ന് അറിവാകും.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ചാെവ്വാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം നാമമാത്ര നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിപണി രാവിലെ നാമമാത്രമായി കയറി വ്യാപാരം തുടങ്ങി, പിന്നീടു താഴ്ന്നും കയറിയും നീങ്ങി. സെൻസെക്സ് 65,865 മുതൽ 66,078 വരെയും നിഫ്റ്റി 19,637 മുതൽ 19,699 വരെയുമാണു ചാഞ്ചാടിയത്. സെൻസെക്സ് 78.22 പോയിന്റ് (0.12%) താഴ്ന്ന് 65,945.47 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 9.85 പോയിന്റ് (0.05%) കുറഞ്ഞ് 19,664.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 141.90 പോയിന്റ് (0.32%) താഴ്ന്ന് 44,624.2 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.17 ശതമാനം താഴ്ന്ന് 40,338.85 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.57 ശതമാനം ഉയർന്ന് 12,532.15 ൽ അവസാനിച്ചു.
എഫ്.എം.സി.ജി, റിയൽറ്റി, മെറ്റൽ മേഖലകളാണ് ഇന്നലെ പ്രധാനമായും നേട്ടം ഉണ്ടാക്കിയത്. ബാങ്കുകളും ധനകാര്യ കമ്പനികളും ഐടിയും മീഡിയയും ഫാർമയും ഇടിഞ്ഞു.
കൊച്ചിൻ ഷിപ്പ് യാർഡ് ഇന്നലെ 13 ശതമാനം കുതിച്ച് 1,124 രൂപ വരെ കയറി. മസഗോൺ ഡോക്ക് നാലും ഗാർഡൻ റീച്ച് ഏഴും ശതമാനം ഉയർന്നു. നാവികസേനയുടെ വികസന പദ്ധതിയുടെ ഭാഗമായി ഈ കമ്പനികൾക്കു കൂടുതൽ കരാറുകൾ കിട്ടുമെന്ന സംസാരമാണ് ഈ ഓഹരികളെ സഹായിച്ചത്. 
ശ്രേയസ് ഷിപ്പിംഗ് ആൻഡ് ലാേജിസ്റ്റിക്സ് ഓഹരി ഇന്നലെ 20 ശതമാനം കയറി. കമ്പനി വിപണിയിൽ നിന്നു ഡീലിസ്റ്റ് ചെയ്യുകയാണ്. അതിനുള്ള റിവേഴ്സ് ബുക്ക് ബിൽഡിംഗ് ഇന്നലെ പൂർത്തിയായി. 43 ലക്ഷം ഓഹരികൾ ഓഫർ ചെയ്യപ്പെട്ടു. 70 ശതമാനം ഓഹരി പ്രൊമോട്ടർ കമ്പനിയായ ട്രാൻസ് വേൾഡ് ഹോൾഡിംഗ്സിന് ഉണ്ട്. ഇത് 90 ശതമാനമാക്കാനായിരുന്നു ബുക്ക് ബിൽഡിംഗ്. 
ധനലക്ഷ്മി ബാങ്കിന് ഒരു പാർട് ടൈം ചെയർമാനെ നിയമിച്ചു. മൂന്നു വർഷത്തേക്ക് കെ. എൻ. മധുസൂദനനെ നിയമിക്കാൻ സെർവ് ബാങ്ക് അംഗീകാരം നൽകി. 2021 ഡിസംബറിൽ ഒഴിവായതാണു ചെയർമാൻ സ്ഥാനം.
നിർമിതബുദ്ധി (ജനറേറ്റീവ് എഐ) വിഷയത്തിൽ സഹകരിച്ചു നീങ്ങാൻ ഇൻഫോസിസ് ടെക്‌നോളജീസ്, മെെക്രോസോഫ്റ്റുമായി കരാർ ഉണ്ടാക്കി.
വിദേശഫണ്ടുകൾ ചാെവ്വാഴ്ച ക്യാഷ് വിപണിയിൽ 693.47 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 714.75 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി അനിശ്ചിതത്വം കാണിച്ചു കൊണ്ടാണ് ഇന്നലെ ക്ലോസ് ചെയ്തത്. പിന്നീടു പാശ്ചാത്യ വിപണികൾ തകർന്നത് വീണ്ടും പ്രതീക്ഷകൾ കെടുത്തി. യുഎസ് വിപണി തിരുത്തലിലേക്കു നീങ്ങും എന്നു പലരും കരുതുന്നു. അങ്ങനെ ഉണ്ടായാൽ ഇന്ത്യൻ വിപണിക്ക് ഉത്സവസീസൺ തിരിച്ചടിയുടേതാകും.
ഇന്നു നിഫ്റ്റിക്ക് 19,640ലും 19,605ലും പിന്തുണ ഉണ്ട്. 19,690ഉം 19,730ഉം തടസങ്ങളാകും. വ്യാവസായിക ലോഹങ്ങൾ ഇന്നലെയും സമ്മിശ്രമായിരുന്നു. അലൂമിനിയം 0.39 ശതമാനം കയറി ടണ്ണിന് 2239.65 ഡോളറിലായി. ചെമ്പ് 0.87 ശതമാനം കുറഞ്ഞ് ടണ്ണിന് 8034 ഡോളറിൽ എത്തി. ടിൻ 1.72 ശതമാനവും ലെഡ് 0.77 ശതമാനവും നിക്കൽ 1.05 ശതമാനവും താഴ്ന്നു. സിങ്ക് 0.16 ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും 
ക്രൂഡ് ഓയിൽ വീണ്ടും കുതിപ്പിലാണ്. യുഎസിലെ ക്രൂഡ് സ്റ്റാേക്ക് കുറവായതാണ് ചൊവ്വാഴ്ചത്തെ കയറ്റത്തിനു കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 93.96 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ബ്രെന്റ് ഇനം 94.76 ഡോളറിലും ഡബ്ള്യുടിഐ ഇനം 91.20 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 94.43 ഡോളറിലാണ്.
സ്വർണവില വീണ്ടും ഇടിഞ്ഞു. ചാെവ്വാഴ്ച 1900 ഡോളറിനു താഴെ എത്തിയിട്ട് 1901.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1903 ഡോളറിലേക്കു കയറി.
കേരളത്തിൽ ഇന്നലെ പവൻവില 160 രൂപ കുറഞ്ഞ് 43,800 രൂപയായി. ഇന്നു വീണ്ടും കുറയാം.
രൂപ ദുർബലമായി. ഡോളർ എട്ടു പൈസ കയറി 83.23 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഉയർന്ന് 106.23 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.18 ലേക്കു താണു..
ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 26,200 നു മുകളിലാണ്. 

വിപണി സൂചനകൾ
(2023 സെപ്റ്റംബർ 26, ചാെവ്വ)

സെൻസെക്സ് 30 65,945.47 -0.12%

നിഫ്റ്റി 50 19,664.70 -0.05%

ബാങ്ക് നിഫ്റ്റി 44,624.20 -0.32%

മിഡ് ക്യാപ് 100 40,338.85 -0.17%

സ്മോൾ ക്യാപ് 100 12,552.15 +0.57%

ഡൗ ജോൺസ് 30 33,618.88 -1.14%
എസ് ആൻഡ് പി 500 4273.53 -1.47%

നാസ്ഡാക് 13,063.61 -1.57%

ഡോളർ ($) ₹83. 23 + ₹0.08

ഡോളർ സൂചിക 106.23 +00.23

സ്വർണം(ഔൺസ്) $1901.40 -$14.70

സ്വർണം(പവൻ) ₹43,800 -₹160.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $93.96 +$0.55


Tags:    

Similar News