പ്രതീക്ഷയോടെ വിപണി ; ഫെഡ് പ്രഖ്യാപനം ആശ്വാസമായി; ഏഷ്യൻ വിപണികൾ ഉയരുന്നു; ചൈനയിൽ ഉത്തേജക പദ്ധതി

ഈയാഴ്ച ഏഴ് ഐ.പി.ഒ.കൾ

Update:2023-08-28 10:11 IST

യുഎസ് പലിശനിരക്കു സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷപോലെ വന്നതിനാൽ ആശ്വാസത്തിലാണു വിപണികൾ. യുഎസ് സൂചികകൾ നേട്ടത്തോടെ വാരാന്ത്യത്തിലേക്കു പ്രവേശിച്ചു. ഇന്നുരാവിലെ ഏഷ്യൻ വിപണികളും നല്ല കയറ്റത്തിലായി. ചെെന റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു ചില പ്രോത്സാഹന നടപടികൾ പ്രഖ്യാപിച്ചതു വിപണി കുതിച്ചുയരാൻ സഹായിച്ചു.

ഇന്ത്യൻ വിപണിയും പ്രതീക്ഷയോടെയാണ് പുതിയ ആഴ്ചയെ സമീപിക്കുന്നത്. ഈയാഴ്ച ഏഴ് ഐപിഒകൾ ഉണ്ട്. ഒന്നാം പാദ ജിഡിപി കണക്കുകൾ വ്യാഴാഴ്ച പുറത്തു വരുന്നതാണ് ഈയാഴ്ചത്തെ പ്രധാന സാമ്പത്തിക അറിയിപ്പ്. എട്ടു ശതമാനം വളർച്ചയാണ് പ്രതീക്ഷ. യു.എസ് ജി.ഡി.പി കണക്ക് ചൊവ്വാഴ്ച പുറത്തുവിടുന്നതും നിർണായകമാണ്. 2.4 ശതമാനമാണു പ്രാരംഭ എസ്റ്റിമേറ്റ്.

ഇന്നു നടക്കുന്ന റിലയൻസ് വാർഷിക പൊതുയോഗത്തിൽ വിപണിയെ ഉയർത്തുന്ന എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാക്കുമെന്നു പലരും പ്രതീക്ഷിക്കുന്നുണ്ട്. ജിയോ ഫിനാൻഷ്യൽ സർവീസസിനു പിന്നാലെ റിലയൻസ് ജിയോ പ്ലാറ്റ്ഫോംസ്, റിലയൻസ് റീട്ടെയിൽ എന്നിവയുടെ ലിസ്റ്റിംഗ് സംബന്ധിച്ച അറിയിപ്പാണു നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. ജിയോ ഫിനാൻഷ്യൽ ഏതെല്ലാം മേഖലകളിലാണു ശ്രദ്ധിക്കുക എന്നും മുകേഷ് അംബാനിയിൽ നിന്നു കേൾക്കാൻ ഓഹരി ഉടമകൾ ആഗ്രഹിക്കുന്നു.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,265 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,289 ലേക്കു കയറി.

ഇന്ത്യൻ വിപണി ഇന്ന് ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്. യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച നേരിയ നേട്ടത്തിൽ അവസാനിച്ചു. രാവിലെ മിതമായ നേട്ടത്തിലായിരുന്ന വിപണി ഫെഡ് ചെയർമാന്റെ പ്രസംഗശേഷമാണു താഴ്ന്നത്.

ലക്ഷ്വറി വാച്ച് നിർമാതാക്കളായ റോളക്സ്, വാച്ച് റീട്ടെയിലർ ബുഹെറെർ എന്ന കമ്പനിയെ ഏറ്റെടുത്തെന്ന പ്രഖ്യാപനം വാച്ചസ് ഓഫ് സ്വിറ്റ്സർലൻഡ് ഗ്രൂപ്പിന്റെ ഓഹരിവില 25 ശതമാനത്തോളം താഴ്ത്തി. പിൻഗാമി ഇല്ലാത്ത സാഹചര്യത്തിലാണ് ബുഹെറെർ ഉടമ കാൾ ബുഹെറെർ കമ്പനി വിറ്റത്. റോളക്സും ബുഹെറെറും ലിസ്റ്റ് ചെയ്തിട്ടില്ല. സ്വിസ് വാച്ചുകളുടെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയാണു ലണ്ടനിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വാച്ചസ് ഓഫ് സ്വിറ്റ്സർലൻഡ് ഗ്രൂപ്പ്. റോളക്സ് സ്വന്തം റീട്ടെയ്ലറെ ഏറ്റെടുക്കുന്നതു ഭാവിയിൽ ഗ്രൂപ്പിന്റെ ബിസിനസ് അവസരം കുറയ്ക്കുമെന്നു വിപണി ഭയപ്പെടുന്നു.

യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ സുപ്രധാന പ്രസംഗം നടന്നെ വെള്ളിയാഴ്ച അമേരിക്കൻ വിപണി നല്ല നേട്ടം ഉണ്ടാക്കി. ജാക്സൺ ഹോൾ സമ്മേളനത്തിൽ പവൽ എന്തു പറയും എന്നതിനെപ്പറ്റി വിപണിക്കു ചില കണക്കു കൂട്ടലുകൾ ഉണ്ടായിരുന്നു. അതുപോലെ നടന്നു. അതുകൊണ്ട് ഓഹരികൾ കയറി.

വിലക്കയറ്റം ലക്ഷ്യനിരക്കിലേക്കു താഴ്ന്നിട്ടില്ല. സാമ്പത്തിക വളർച്ച പ്രതീക്ഷയിലും വേഗത്തിലാണ്. തൊഴിലില്ലായ്മ കുറഞ്ഞു നിൽക്കുന്നു. വേതനനിരക്ക് കൂടിവരുന്നു. വിലക്കയറ്റം നിയന്ത്രിച്ചു നിർത്താൻ ആവശ്യാനുസരണം ഉചിതമായ നിരക്കുവർധന ഫെഡ് നടത്തും: ഇതാണു പവൽ പറഞ്ഞത്. 2022-ലേതു പോലെ തുടർച്ചയായ നിരക്കുകൂട്ടൽ അല്ല, ഫലം വിലയിരുത്തി അളന്നുതൂക്കിയുള്ള വർധന പ്രതീക്ഷിച്ചാൽ മതി എന്നാണ് അതിൽ നിന്നു മനസിലായത്. സെപ്റ്റംബർ പകുതിയിൽ നിരക്കുവർധന ഉണ്ടായേക്കില്ല എന്നും നവംബർ ഒന്നിലെ യാേഗത്തിൽ കാൽ ശതമാനം വർധന പ്രതീക്ഷിക്കാം എന്നുമാണ് വ്യാഖ്യാനിച്ചത്.

ഡൗ ജോൺസ് 247.48 പോയിന്റ് (0.73%) കയറി 34,346.90ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 29.40 പോയിന്റ് (0.67%) ഉയർന്ന് 4405.71 ൽ അവസാനിച്ചു. നാസ്ഡാക് 126.67 പോയിന്റ് (0.94%) കയറി 13,590.65 ൽ ക്ലോസ് ചെയ്തു.

ഡൗ ജോൺസ് കഴിഞ്ഞയാഴ്ച 0.5 ശതമാനം താണു. എസ് ആൻഡ് പിയും നാസ്ഡാക്കും യഥാക്രമം 0.8 ഉം 2.3 ഉം ശതമാനം പ്രതിവാര കയറ്റം കാണിച്ചു. നാലാഴ്ചയ്ക്കുള്ളിൽ ആദ്യമാണ് ഇവ പ്രതിവാര നേട്ടത്തിലായത്.

ഓഗസ്റ്റിൽ മുഖ്യ സൂചികകൾ ഇതുവരെ വലിയ നഷ്ടത്തിലാണ്. ഡൗ 3.4%, എസ് ആൻഡ് പി 4%, നാസ്ഡാക് 5.3% എന്നിങ്ങനയാണ് ഇതു വരെയുള്ള ഇടിവ്. നാലു ദിവസം കൊണ്ട് ഇതു നികത്തി നേട്ടത്തിലാകാൻ സൂചികകൾക്കു കഴിയുമെന്ന് അധികമാരും കരുതുന്നില്ല.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.18 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഇന്നു രാവിലെ ചെെന അടക്കം ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും വിപണികൾ മികച്ച നേട്ടത്തിലാണു വ്യാപാരം ആരംഭിച്ചത്. ജപ്പാനിലെ നിക്കെെ 1.4 ശതമാനം കയറി. ചൈനയിൽ വിപണിയെ ഉത്തേജിപ്പിക്കാൻ നടപടികൾ പ്രഖ്യാപിച്ചതിനെ തുടർന്നു വിപണി സൂചികകൾ നാലു ശതമാനം കുതിച്ചു കയറി.


ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വെള്ളിയാഴ്ച താഴ്ന്നു തുടങ്ങി, കൂടുതൽ താഴ്ന്ന് അവസാനിച്ചു. സെൻസെക്സ് 64,732- 65,106 മേഖലയിലും നിഫ്റ്റി 19,229- 19,339 മേഖലയിലുമാണ് കയറിയിറങ്ങിയത്. സെൻസെക്സ് 365.83 പോയിന്റ് (0.56%) താഴ്ന്ന് 64,886.51ലും നിഫ്റ്റി 120.90 പോയിന്റ് (0.62%) കുറഞ്ഞ് 19,256.80 ലും ക്ലോസ് ചെയ്തു.

വിശാല വിപണിയിലും കരടികൾ പിടിമുറുക്കി. മിഡ് ക്യാപ് സൂചിക 0.82 ശതമാനം ഇടിഞ്ഞ് 38,471.25 -ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.41 ശതമാനം താഴ്ന്ന് 11,869.45 ൽ ക്ലോസ് ചെയ്തു.

വിദേശ ഫണ്ടുകൾ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ വലിയ വിൽപനക്കാരായി. അവർ 4638.21 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1414.35 കോടിയുടെ ഓഹരികൾ വാങ്ങി.

വിപണി ബെയറിഷ് ആണെന്നും കൂടുതൽ താഴ്ന്ന് 18,950-19,100 മേഖലയിലെ പിന്തുണ പരീക്ഷിക്കാമെന്നും വിലയിരുത്തുന്നവരാണു കൂടുതൽ. നിഫ്റ്റിക്ക് 19,235 ലും 19,165 ലും പിന്തുണ ഉണ്ട്. 19,320 ഉം 19,390 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ വെളളിയാഴ്ചയും ഭിന്ന ദിശകളിലായിരുന്നു. അലൂമിനിയം 0.07 ശതമാനം താണ് ടണ്ണിന് 2155.85 ഡോളറിലായി. ചെമ്പ് 0.28 ശതമാനം ഉയർന്ന് ടണ്ണിന് 8381.50 ഡോളറിൽ എത്തി. ടിൻ 1.71 ശതമാനവും ലെഡ് 0.81 ശതമാനവും താണു. സിങ്ക് 0.52 ശതമാനവും നിക്കൽ 2.41 ശതമാനവും ഉയർന്നു.

ക്രൂഡ് ഓയിൽ ചെറിയ കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് ഒന്നര ശതമാനം ഉയർന്ന് 84.48 ഡോളറിലും ഡബ്ള്യുടിഐ ഇനം 79.82 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 84.72 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 80.06 ഡോളറിലേക്കും കയറി.

ഫെഡ് ചെയർമാന്റ പ്രസംഗത്തിനിടെ ഒന്നു ചാഞ്ചാടിയെങ്കിലും സ്വർണം കാര്യമായ മാറ്റമില്ലാതെ വാരാന്ത്യം പിന്നിട്ടു. ഔൺസിന് 1.60 ഡോളർ കുറഞ്ഞ് 1915.80 ഡോളറിൽ വാരാന്ത്യം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1917 ഡോളറിലേക്കു കയറി.

കേരളത്തിൽ മൂന്നു ദിവസമായി പവൻവില 43,600 രൂപയിൽ തുടരുന്നു. രൂപ വെള്ളിയാഴ്ച അൽപം താഴ്ന്നു. ഡോളർ ഏഴു പൈസ കയറി 82.65 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക കയറ്റത്തിലാണ്. വെള്ളിയാഴ്ച 0.10 പോയിന്റ് കയറി 104.08-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.21 വരെ ഉയർന്നിട്ട് അൽപം താഴ്ന്നു. ക്രിപ്റ്റോ കറൻസികൾ താഴ്ന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ 26,000 ഡോളറിനു സമീപമാണ്.

അരി കയറ്റുമതി നിയന്ത്രിക്കുന്നു

രാജ്യത്തു നിന്നു പുഴുക്കലരി കയറ്റുമതി ചെയ്യുന്നതിന് 20 ശതമാനം തീരുവ ചുമത്തി. പിന്നാലെ ബസുമതി അരിക്കു കുറഞ്ഞ കയറ്റുമതിവില പ്രഖ്യാപിച്ചു. കയറ്റുമതി നിരുത്സാഹപ്പെടുത്തുകയാണു ലക്ഷ്യം.

നിരവധി സംസ്ഥാനങ്ങളിൽ കാലവർഷം കുറവായതു മൂലം നെല്ല് അടക്കം കാർഷികവിളകളുടെ ഉൽപാദനത്തിൽ വലിയ കുറവ് വരും എന്ന സാഹചര്യത്തിലാണ് ഈ നടപടി. വിലക്കയറ്റം പിടിച്ചു നിർത്തുകയും രാജ്യത്തു സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുകയും ആണു നടപടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. നേരത്തേ നുറുക്കരിയുടെയും വെള്ള അരിയുടെയും കയറ്റുമതി വിലക്കിയിരുന്നു. സവാള കയറ്റുമതി തടയാൻ 40 ശതമാനം തീരുവ ഈയിടെ ചുമത്തി.

മഴക്കുറവ് ഇക്കൊല്ലം നെല്ലുൽപാദനത്തിൽ പത്തു ശതമാനത്തിലധികം കുറവു വരുത്തുമെന്നാണ് വ്യാപാര മേഖല കണക്കാക്കുന്നത്. ഒക്ടോബർ ഒന്നിന് ഫുഡ് കോർപറേഷൻ നെല്ലുസംഭരണം ആരംഭിക്കും. വിപണിയിലേക്കു വരുന്ന നെല്ലിന്റെ അളവ് വിലയിരുത്തി അരി കയറ്റുമതി സമ്പൂർണമായി നിരാേധിക്കണോ വേണ്ടയാേ എന്നു കേന്ദ്രം തീരുമാനിക്കും.

ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്ന സാഹചര്യത്തിൽ ലോക വിപണിയിൽ അരിവില രണ്ടു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി.

വിപണി സൂചനകൾ

(2023 ഓഗസ്റ്റ് 25, വെള്ളി)

സെൻസെക്സ് 30 64,886.51 -0.56%

നിഫ്റ്റി 50 19,265.80 -0.62%

ബാങ്ക് നിഫ്റ്റി 44,231.40 -0.60%

മിഡ് ക്യാപ് 100 38,471.25 -0.82%

സ്മോൾക്യാപ് 100 11,869.45 -0.41%

ഡൗ ജോൺസ് 30 34,346.90 +0.73%

എസ് ആൻഡ് പി 500 4405.71 +0.67%

നാസ്ഡാക് 13,540.70 +0.94%

ഡോളർ ($) ₹82.65 +0.07

ഡോളർ സൂചിക 104.19 +0.21

സ്വർണം(ഔൺസ്) $1915.80 -$01.60

സ്വർണം(പവൻ) ₹43,600 ₹ 00.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.48 +$1.12

Tags:    

Similar News