പ്രവാസി പണം വരവിൽ കുതിച്ചു കയറ്റം: 9 ലക്ഷം കോടി കടന്നു
ബുള്ളുകൾ ആവേശത്തിൽ; വിപണി പുതിയ ഉയരങ്ങൾ കയറുമോ? കറന്റ് അക്കൗണ്ട് കമ്മി കുറയുന്നു. നാളെ ഇന്ത്യൻ ഓഹരി, കടപ്പത്ര വിപണികൾക്ക് ബക്രീദ് അവധി
വിപണികൾ വീണ്ടും ഉത്സാഹത്തിലായി. എന്നാൽ എല്ലായിടത്തും ഒരു പോലെ ആവേശമില്ല. ഏഷ്യയിൽ ചൈന താഴ്ചയിലാണ്. ജപ്പാൻ ഉയർച്ചയിലും. യുഎസ് വിപണി നല്ല നേട്ടം കാഴ്ച വച്ചെങ്കിലും ഫ്യൂച്ചേഴ്സിൽ താഴ്ചയാണ്. ഇന്ന് ഇന്ത്യൻ വിപണി ആവേശത്തോടെ തുടങ്ങി പുതിയ ഉയരങ്ങൾ കയറുമെന്ന് ബുള്ളുകൾ മോഹിക്കുന്നു.
നാളെ ഇന്ത്യൻ ഓഹരി, കടപ്പത്ര വിപണികൾക്ക് ബക്രീദ് അവധിയാണ്. അതിനാൽ പ്രതിമാസ സെറ്റിൽമെന്റ് ഇന്നാണ്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കൾ രാത്രി ഒന്നാം സെഷനിൽ 18,811 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,865.5 ലേക്കു കയറി. ഇന്നു രാവിലെ 18,875 ലേക്ക് ഉയർന്നു. ഇന്ത്യൻ വിപണി നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. ജൂലൈയിൽ പലിശ കൂട്ടുമെന്ന് യൂറോപ്യൻ കേന്ദ്രബാങ്ക് ആവർത്തിച്ചു വ്യക്തമാക്കി. ബാങ്ക് ഓഹരികൾ ഉയർന്നു.
മൂന്നു ദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം യുഎസ് വിപണി ഇന്നലെ കയറ്റത്തിലായി. ദിവസങ്ങളായി താഴ്ന്നു നീങ്ങിയ ടെക്നോളജി ഓഹരികളുടെ തിരിച്ചുവരവാണു വിപണിയെ ഉയർത്തിയത്.
ഡൗ ജോൺസ് നേട്ടത്തിൽ
ഡൗ ജോൺസ് 212.03 പോയിന്റ് (0.63%) നേട്ടത്തിൽ 33,926.70 ൽ അവസാനിച്ചു എഴു ദിവസത്തിനിടയിലെ ആദ്യ കയറ്റം. എസ് ആൻഡ് പി 49.59 പോയിന്റ് (1.15%) ഉയർന്ന് 4378.41 ൽ എത്തി. നാസ്ഡാക് 219.90 പോയിന്റ് (1.65% ) കുതിച്ച് 13,555.70 ൽ ക്ലോസ് ചെയ്തു.
പിന്നീടു യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലായി. എൻവിഡിയയും അഡ്വാൻസ്ഡ് മെെക്രാേ ഡിവൈസസും അടക്കമുള്ള ചിപ് നിർമാതാക്കളും ടെസ്ല അടക്കമുള്ള ടെക് കമ്പനികളുടെയും ഓഹരികളാണ് പ്രധാനമായും ഇടിഞ്ഞത്. നാസ്ഡാക് 0.39 ശതമാനവും എസ് ആൻഡ് പി 0.17 ശതമാനവും താഴ്ന്നു. ഡൗ ജോൺസിൽ കാര്യമായ മാറ്റമില്ല.
ഏഷ്യൻ ഓഹരികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തിൽ 0.8 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയിൽ ഓഹരികൾ അൽപം താഴ്ന്നു. വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷയിൽ ഓസ്ട്രേലിയൻ വിപണി നല്ല നേട്ടത്തിലാണ്. എന്നാൽ ചെെനീസ് വിപണി താഴ്ന്നു. ഇന്നലെ ഹോങ്കോങ് സൂചിക രണ്ടു ശതമാനവും ഷാങ്ഹായ് സൂചിക ഒന്നര ശതമാനവും കുതിച്ചതാണ്. ഇക്കൊല്ലം ജനുവരി - മേയ് കാലയളവിൽ ചെെനീസ് വ്യാവസായിക ലാഭം 18.8 ശതമാനം കുറഞ്ഞതാണു വിപണിയെ താഴ്ത്തുന്നത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ആദ്യത്തെ ചാഞ്ചാട്ടത്തിനു ശേഷം ക്രമമായി കയറി. സെൻസെക്സ് 446.03 പോയിന്റ് (0.71%) ഉയർന്ന് 63,416.03 ലും നിഫ്റ്റി 126.20 പോയിന്റ് (0.68%) കയറി 18,817.40 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.50 ശതമാനം ഉയർന്ന് 35,296.95 ലും സ്മോൾ ക്യാപ് സൂചിക 0.60% കയറി 10,753.75 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 2024.05 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശിഫണ്ടുകൾ 1991.35 കോടിയുടെ ഓഹരികൾ വിറ്റു.
റിയൽറ്റി, ബാങ്ക്, ധനകാര്യ സേവന, ഐടി, മെറ്റൽ, മീഡിയ തുടങ്ങിയവ ഇന്നലെ മികച്ച നേട്ടം കൈവരിച്ചു. വിപണി ഹ്രസ്വകാല കുതിപ്പിനുള്ള പ്രവണതയാണു കാണിക്കുന്നതെന്നാണു വിലയിരുത്തൽ. ഇന്നു നിഫ്റ്റിക്ക് 18,745 -ലും 18,675 ലും പിന്തുണ ഉണ്ട്. 18,830 ലും 18,900 ലും തടസം ഉണ്ടാകാം.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിൽ നീങ്ങി. അലൂമിനിയം 2.09 ശതമാനം കുതിച്ച് ടണ്ണിന് 2195.95 ഡോളറിലായി. ചെമ്പ് 0.83 ശതമാനം കുറഞ്ഞ് ടണ്ണിന് 8366.50 ഡോളറിൽ എത്തി. നിക്കൽ 1.09 ശതമാനം താണപ്പാേൾ സിങ്ക് 1.31 ശതമാനം കയറി. ടിൻ 3.66 ശതമാനവും ലെഡ് 0.44 ശതമാനവും താഴ്ന്നു.
ക്രൂഡ് ഓയിൽ, സ്വർണം
ക്രൂഡ് ഓയിൽ വില ചാെവ്വാഴ്ച രണ്ടു ശതമാനത്തിലധികം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 72.26 ഡോളറിലും ഡബ്ള്യുടിഐ ഇനം 67.89 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ക്രൂഡ് വില 0.20 ശതമാനം വരെ കയറി. ചെെന സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിക്കുമെന്ന ഊഹാപോഹങ്ങൾ വിപണിയിൽ ഉണ്ട്.
സ്വർണം വീണ്ടും താഴാേട്ടുള്ള യാത്രയിലാണ്. ഔൺസിന് 1900 ഡോളറിനു താഴെയാകും എന്നാണു സൂചന. യുഎസും യൂറോപ്പും പലിശനിരക്ക് ഉയർത്തുന്നതാണു സ്വർണവിലയെ താഴ്ത്തുന്നത്. പലിശ കൂടുമ്പോൾ സർക്കാർ കടപ്പത്രങ്ങൾ ആകർഷകമാകും. കുറേ നിക്ഷേപകർ സ്വർണത്തിൽ നിന്ന് അതിലേക്കു മാറും. ജൂലൈയിൽ യുഎസ് ഫെഡും യൂറോപ്യൻ കേന്ദ്രബാങ്കും പലിശ കൂട്ടുമെന്നാണു നിഗമനം. ചൊവ്വാഴ്ച ഔൺസിന് 1924 ഡോളറിലായിരുന്ന സ്വർണം 1915 ഡോളറിനു താഴെയായി. ഇന്നു രാവിലെ 1914-1914 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻ വില ചൊവ്വാഴ്ച മാറ്റമില്ലാതെ 43,480 രൂപയിൽ തുടർന്നു. ഇന്നു വില കുറയും.
ഡോളർ ഇന്നലെ 82.03 രൂപയിലാണു ക്ലോസ് ചെയ്തത്. ലോക വിപണിയിൽ ഡോളർ സൂചിക അൽപം താണ് 102.49 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.51 ആയി.
ക്രിപ്റ്റോ കറൻസികൾ കയറ്റിറക്കം തുടരുന്നു. ബിറ്റ് കോയിൻ 30,650 ഡോളറിലേക്ക് കയറി.
ഫെഡറൽ ബാങ്കിനു പുതിയ ചെയർമാൻ
ഫെഡറൽ ബാങ്ക് ചെയർമാനായി എ.പി. ഹോതായെ നിയമിക്കാനുള്ള ശിപാർശയ്ക്കു റിസർവ് ബാങ്ക് അംഗീകാരം നൽകിയതായി റിപ്പോർട്ട്. 2026 ജനുവരി വരെയാണു നിയമനം. സി. ബാലഗോപാല്‍ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലാണു നിയമനം. വിവിധ ബാങ്കുകളിലും നാഷണൽ പേമെന്റ് കോർപറേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.
ഫെഡറൽ ബാങ്കിന്റെ എൻബിഎഫ്സി ആയ ഫെഡ് ഫിനയുടെ ഓഹരി വിൽപന നീക്കം മരവിപ്പിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ബാങ്കിന്റെ പക്കലുള്ള ഓഹരിയിൽ 20 ശതമാനം വിറ്റ് 1000 കോടി രൂപ നേടുകയായിരുന്നു ലക്ഷ്യം. ഫെഡ് ഫിനയ്ക്ക് 5000 കോടി രൂപ എന്ന മൂല്യനിർണയം നിക്ഷേപകർക്കു സ്വീകാര്യമായില്ല. ബാങ്ക് 4000 കോടി രൂപയുടെ മൂലധന സമാഹരണ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്.
കറന്റ് അക്കൗണ്ട് കമ്മിയിൽ ആശ്വാസം
ജനുവരി - മാർച്ച് കാലയളവിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ചുരുങ്ങി എന്നു റിസർവ് ബാങ്ക്. ജിഡിപിയുടെ 0.2 ശതമാനം മാത്രമായിട്ടാണു കുറഞ്ഞത്. തലേ വർഷം ഇതേ പാദത്തിലെ 1340 കോടി ഡോളറിൽ (ജിഡിപിയുടെ1.6%) നിന്നു വെറും 130 കോടി ഡോളറിലേക്ക്. വിദേശത്തു നിന്നുളള പണം വരവ് കൂടിയതും വ്യാപാര കമ്മി കുറഞ്ഞതുമാണു സഹായകമായത്.
എന്നാൽ 2022-23 ധനകാര്യ വർഷം മൊത്തമെടുത്താൽ സിഎഡി വർധിക്കുകയാണു ചെയ്തത്. 1.2 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിലേക്കു വർധിച്ചു. 3870 കോടി ഡോളറിൽ നിന്ന് 6800 കോടി ഡോളറിലേക്കാണു വർധന. വിദേശവ്യാപാര കമ്മി 18,950 കോടി ഡോളറിൽ നിന്ന് 26,500 കോടി ഡോളറിലേക്കു കയറിയതാണു കാരണം.
ഏപ്രിൽ - ജൂൺ പാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി കൂടുമെന്നു നിരീക്ഷകർ കരുതുന്നു. ഉൽപന്ന കയറ്റുമതി കുറഞ്ഞതു മൂലം വിദേശ വ്യാപാരകമ്മി ഈ മാസങ്ങളിൽ വർധിച്ചതാണ് ഇതിലേക്കു നയിക്കുന്നത്.
പ്രവാസികൾ കൂടുതൽ പണം അയച്ചു
പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് വർധിച്ചു. 2022-23 ധനകാര്യ വർഷം പ്രവാസികളിൽ നിന്നുള്ള വരവ് 11,250 കോടി ഡോളറായി(ഏകദേശം 9.2 ലക്ഷം കോടി രൂപ ). തലേ വർഷത്തെ 8910 കോടി ഡോളറിൽ നിന്ന് 26.26 ശതമാനം അധികം. കോവിഡ് മൂലം സമീപ വർഷങ്ങളിൽ പ്രവാസികളിൽ നിന്നുള്ള വരവ് കാര്യമായ വർധന കാണിച്ചിരുന്നില്ല. റിസർവ് പുറത്തു വിട്ട കറന്റ് അക്കൗണ്ട് കണക്കിലാണ് ഈ വിവരം.
സമീപ വർഷങ്ങളിൽ പ്രവാസികൾ അയച്ച പണം കോടി ഡോളറിൽ:
2018-19 - 7640
2019 -20 - 8320
2020-21 - 8020
2021-22 - 8910
2022-23 - 11, 250
ഈ ജനുവരി - മാർച്ചിൽ പ്രവാസികളിൽ നിന്നു വന്നത് 2860 കോടി ഡോളറാണ്. തലേവർഷം ഇതേ സമയത്തേക്കാൾ 21 ശതമാനം കൂടുതലാണിത്.
വിപണി സൂചനകൾ
(2023 ജൂൺ 27, ചാെവ്വ)
സെൻസെക്സ് 30 63,416.03 +0.71%
നിഫ്റ്റി 50 18,817.40 +0.68%
ബാങ്ക് നിഫ്റ്റി 44,121.50 +1.10%
മിഡ് ക്യാപ് 100 35,296.95 +0.50%
സ്മോൾക്യാപ് 100 10,753.75 +0.60%
ഡൗ ജോൺസ് 30 33,926.70 +0.63%
എസ് ആൻഡ് പി 500 4378.41 +1.15%
നാസ്ഡാക് 13,555.70 +1.65%
ഡോളർ ($) ₹82.03 +01 പൈസ
ഡോളർ സൂചിക 102.49 -0.20
സ്വർണം(ഔൺസ്) $1914.90 -$08.90
സ്വർണം(പവൻ ) ₹43,480 +₹ 00.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $72.26 -$1.൮൪
(നേരത്തേ ഈ റിപ്പോര്‍ട്ടില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി. ബാലഗോപാല്‍ എന്നതിന് പകരം ശ്യാം ശ്രീനിവാസന്‍ എന്ന് തെറ്റായി നല്‍കിയതില്‍ ഖേദിക്കുന്നു)