ആവേശത്തില്‍ വിപണി; ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു; ടെലികോമില്‍ നിരക്ക് കൂടുന്നു; സിമന്റ് മേഖലയില്‍ മുറുകി പോര്

റിലയന്‍സിന് പിന്നാലെ മറ്റ് ടെലകോം കമ്പനികളും നിരക്ക് വര്‍ധിപ്പിക്കും

Update:2024-06-28 07:49 IST
വിപണി വലിയ ആവേശത്തിലാണ്. നിഫ്റ്റി 24,000വും സെന്‍സെക്‌സ് 79,000വും കടന്നു റെക്കോര്‍ഡ് കുറിച്ചു. ബജറ്റില്‍ ചരിത്രപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നു രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പറഞ്ഞതു ബുള്ളുകളെ ഉത്സാഹത്തിമര്‍പ്പിലാക്കി. പൊതുമേഖലാ ബാങ്കുകളെയും എല്‍ഐസിയെയും രാഷ്ട്രപതി പരാമര്‍ശിച്ചത് അവയുടെ സ്വകാര്യവല്‍ക്കരണം അകലെയാണെന്ന ധാരണ ഉണ്ടാക്കി. പൊതുമേഖലാ ബാങ്കുകള്‍ ഇന്നലെ താണു. വിപണിയുടെ കുതിപ്പ് ആഴം കുറഞ്ഞതാണെന്നു പലരും ചൂണ്ടിക്കാട്ടുന്നു. വിശാലവിപണി മുഖ്യ സൂചികകള്‍ക്കൊപ്പം കയറുന്നില്ല.
വിദേശ വിപണികള്‍ ഇന്നു വരുന്ന യുഎസ് ചില്ലറ വിലക്കയറ്റ കണക്കിലാണ് ശ്രദ്ധവച്ചിരിക്കുന്നത്. യുഎസ് വിപണി ഇന്നലെ നേരിയ തോതില്‍ കയറി. ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,185 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,200 ആയി. ഇന്ത്യന്‍ വിപണി ഇന്ന് ഗണ്യമായി ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ഇന്നലെയും താഴ്ന്നു. യൂറോ ദുര്‍ബലമായി തുടരുന്നു. വിലക്കയറ്റത്തെപ്പറ്റി ആശങ്ക കൂടി. യൂറോപ്പ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു പോകുന്നു എന്ന ഭീതിയുമുണ്ട്. റീട്ടെയില്‍ ഭീമന്‍ എച്ച് ആന്‍ഡ് എം വില്‍പന കുറഞ്ഞതിനെ തുടര്‍ന്നു 13 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി ഇന്നലെ ചെറിയ ഉയര്‍ച്ച കാണിച്ചു. ഫെഡ് നിരക്കു നിര്‍ണയത്തിന് ആധാരമാക്കുന്ന പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പിസിഇ) ഇന്നു പുറത്തുവരും. മേയിലെ പിസിഇ വാര്‍ഷികാടിസ്ഥാനത്തില്‍ 2.6 ഉം മാസക്കണക്കില്‍ 0.1ഉം ശതമാനം കൂടും എന്നാണു പ്രതീക്ഷ. ആ കണക്കിലേക്കു വിപണി ഉറ്റു നോക്കുന്നു.
ഡൗ ജോണ്‍സ് സൂചിക 36.26 പോയിന്റ് (0.09%) കയറി 39,164.10ല്‍ അവസാനിച്ചു. എസ് ആന്‍ഡ് പി 4.97 പോയിന്റ് (0.09%) ഉയര്‍ന്ന് 5482.87 ലും നാസ്ഡാക് 53.53 പോയിന്റ് (0.30%) കയറി 17,858.70 ലും ക്ലോസ് ചെയ്തു.
യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.312 ശതമാനത്തിലേക്കു താഴ്ന്നു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഭിന്ന ദിശകളിലാണ്. ഡൗ 0.10 ശതമാനം താഴ്ന്നും നാസ്ഡാക് 0.31 ഉം എസ് ആന്‍ഡ് പി 0.16 ഉം ശതമാനം ഉയര്‍ന്നും നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ ഒരു ശതമാനം കയറി. ചൈനീസ് വിപണി താഴ്ന്നു.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി വ്യാഴാഴ്ച ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ശേഷം ക്രമമായി കയറി റെക്കോര്‍ഡ് തിരുത്തി. സെന്‍സെക്‌സ് 79,396.03 വരെയും നിഫ്റ്റി 24,087.45 വരെയും ഉയര്‍ന്നിട്ടാണു ക്ലോസ് ചെയ്തത്.
സെന്‍സെക്‌സ് 568.93 പോയിന്റ് (0.72%) കയറി 79,243.18 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 175.70 പോയിന്റ് (0.74%) ഉയര്‍ന്ന് 24,044.50 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.11% (59.20 പോയിന്റ്) താഴ്ന്ന് 52,811.30 ല്‍ ക്ലോസ് ചെയ്തു
മിഡ് ക്യാപ് സൂചിക 0.32 ശതമാനം ഉയര്‍ന്ന് 55,424.25 ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.67% ഇടിഞ്ഞ് 18,165.00 ല്‍ അവസാനിച്ചു.
വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച വലിയ തോതില്‍ വാങ്ങിക്കൂട്ടി. ക്യാഷ് വിപണിയില്‍ അവര്‍ 7658.77 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3605.93 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി 24,000 കടന്നത് ഈ മുന്നേറ്റം കുറച്ചു നാള്‍ തുടരും എന്ന മോഹം ബുള്ളുകളില്‍ ജനിപ്പിച്ചിട്ടുണ്ട്. നിഫ്റ്റിക്ക് 23,800 - 24,000 പുതിയ പിന്തുണനില ആയിട്ടുണ്ട്. അത് നിലനിര്‍ത്തിയാല്‍ 24,500 വരെ സൂചിക ഉയരുമെന്നു കരുതുന്നു. ഇന്നു സൂചികയ്ക്ക് 23,870 ലും 23,800 ലും പിന്തുണ ഉണ്ട്. 24,090 ലും 24,155 ലും തടസം ഉണ്ടാകാം.
വേള്‍പൂള്‍ കമ്പനിയുടെ യുഎസ് മാതൃകമ്പനിയെ ഏറെറടുക്കാന്‍ ജര്‍മന്‍ കമ്പനി ബോഷ് ശ്രമിക്കും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വേള്‍പൂള്‍ ഓഹരി 19 ശതമാനം ഉയര്‍ന്നു. ഏറ്റെടുക്കല്‍ ഓഫര്‍ ഉണ്ടായിട്ടില്ല. ന്യൂയോര്‍ക്കില്‍ വേള്‍പൂള്‍ ഓഹരി ഒരു ശതമാനം താണു.
റിലയന്‍സും മാെബൈല്‍ നിരക്കുവര്‍ധനയും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്നലെ ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 3075 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു. കമ്പനിയുടെ വിപണിമൂല്യം ക്ലോസിംഗ് നിരക്കില്‍ 20.72 ട്രില്യണ്‍ (ലക്ഷം കോടി) രൂപ എന്ന റെക്കോര്‍ഡിലാണ്.
റിലയന്‍സ് ജിയോ ഇന്നലെ പുതിയ മൊബൈല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ജൂലൈ മൂന്നിനു നിലവില്‍ വരും. ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഉടന്‍ തന്നെ നിരക്കു വര്‍ധന പ്രഖ്യാപിക്കും എന്നാണു സൂചന. 12 മുതല്‍ 25 വരെ ശതമാനമാണു ജിയോ പ്രഖ്യാപിച്ച വര്‍ധന.
2021 അവസാനം 20 ശതമാനം വര്‍ധിപ്പിച്ചതാണ് ഈ മേഖലയിലെ അവസാന നിരക്കുവര്‍ധന. ഇപ്പോള്‍ വരിക്കാരില്‍ നിന്നുളള ശരാശരി പ്രതിമാസ വരുമാനം 200 രൂപ എന്നതു 300 രൂപയാക്കണമെന്ന് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 5 ജി സ്‌പെക്ട്രം വാങ്ങാന്‍ മൂന്നു കമ്പനികളും കൂടി കഴിഞ്ഞ ദിവസം 11,300 കോടി രൂപ മുടക്കിയിരുന്നു. സ്‌പെക്ട്രം ഉപയോഗിക്കാന്‍ അതില്‍ കൂടുതല്‍ തുകയുടെ മൂലധനച്ചെലവും വരും. ഇതൊക്കെ ഈടാക്കുകയാണു നിരക്കു വര്‍ധന വഴി ലക്ഷ്യമിടുന്നത്.
റിലയന്‍സ്, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ ഓഹരികള്‍ ഇന്നലെ ഉയര്‍ന്നു. വോഡ ഏഴു ശതമാനം കയറി 18.47 രൂപ എന്ന ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയിലെത്തി. എയര്‍ടെല്‍ 1479.50 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു.
ഇന്ത്യാ സിമന്റ്‌സ് ബിര്‍ലയുടെ പിടിയിലേക്ക്
ഇന്ത്യാ സിമന്റ്‌സിനെ സ്വന്തമാക്കാന്‍ കുമാര്‍ മംഗളം ബിര്‍ലയുടെ അള്‍ട്രാടെക്. ഇന്ത്യ സിമന്റ്‌സിലെ 24 ശതമാനം ഓഹരി ആദിത്യ ബിര്‍ല ഗ്രൂപ്പ് രാധാകൃഷ്ണ ദമാനിയില്‍ നിന്നു വാങ്ങി. ഒന്നിന് 277 രൂപ വച്ച് 6.91 കോടി ഓഹരി 1914 കോടി രൂപയ്ക്കാണ് അള്‍ട്രാടെക് വാങ്ങിയത്. 15.27 കോടി ടണ്‍ ഉല്‍പാദന ശേഷിയോടെ രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയാണ് അള്‍ട്രാടെക്. ഇന്ത്യാ സിമന്റ്‌സ് വഴി 1.55 കോടി ടണ്‍ ശേഷി കൂടി ലഭിക്കും.
എസിസിയും അംബുജയും സാംഘിയും ഒക്കെ സ്വന്തമാക്കിയ ഗൗതം അദാനിയാണ് ഇപ്പോള്‍ സിമന്റ് രംഗത്തെ രണ്ടാമന്‍. ഒന്നാം സ്ഥാനത്താകാന്‍ തീവ്രശ്രമത്തിലാണ് അദാനി. സ്ഥാനം വിട്ടു കൊടുക്കാതിരിക്കാന്‍ ബിര്‍ലയും ശ്രമിക്കുന്നു. ദക്ഷിണേന്ത്യയില്‍ ബിര്‍ലയ്ക്കു കൂടുതല്‍ സാന്നിധ്യം ഇന്ത്യാ സിമന്റ്‌സ് വഴി ലഭിക്കും.
ഇന്ത്യാ സിമന്റ്‌സ് ഓഹരികള്‍ക്കായി അള്‍ട്രാടെക് ഓപ്പണ്‍ ഓഫര്‍ നല്‍കാനിടയുണ്ട്. നിലവിലെ പ്രൊമോട്ടര്‍മാര്‍ക്ക് (എന്‍. ശ്രീനിവാസനും കുടുംബവും) 28.2 ശതമാനം ഓഹരി ഉണ്ട്. അവര്‍ വില്‍ക്കാന്‍ തയാറാണോ എന്നറിവായില്ല. ഇന്ത്യാ സിമന്റ്‌സ് ഓഹരി ഇന്നലെ 11 ശതമാനത്തിലധികം ഉയര്‍ന്ന് 291.75 രൂപയില്‍ ക്ലോസ് ചെയ്തു. നേരത്തേ 298.80 രൂപയില്‍ റെക്കോര്‍ഡ് കുറിച്ചിരുന്നു.
മറ്റു സിമന്റ് കമ്പനികളെ ഇരു ഗ്രൂപ്പുകളും ലക്ഷ്യമിടുന്നുണ്ട്. രാംകോ, ഓറിയന്റ്, ശ്രീ ദിഗ്വിജയ്, ശ്രൈ, സാഗര്‍, ശ്രീ, പെണ്ണാര്‍, കെസിപി, ജെകെ ലക്ഷ്മി, ജേപീ, ഡാല്‍മിയ ഭാരത് തുടങ്ങിയ സിമന്റ് കമ്പനികളുടെ ഓഹരികള്‍ ഇന്നലെ ഉയര്‍ന്നു.
ഫെയര്‍ഫാക്‌സും സിഎസ്ബി ബാങ്കും
സിഎസ്ബി ബാങ്കില്‍ 49.72 ശതമാനം ഓഹരി ഉണ്ടായിരുന്ന ഫെയര്‍ഫാക്‌സ് ഗ്രൂപ്പ്, എഫ്‌ഐഎച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് വഴി 9.72 ശതമാനം ഓഹരി ഇന്നലെ ബ്ലോക്ക് ഇടപാട് വഴി വിറ്റു. ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. ബാങ്കിലെ ഓഹരി പങ്കാളിത്തം കുറയ്‌ക്കേണ്ടതു കൊണ്ടാണു വില്‍പന. സിഎസ്ബി ബാങ്ക് ആദ്യം എട്ടു ശതമാനം ഉയര്‍ന്നെങ്കിലും ക്ലോസിംഗില്‍ 2.57 ശതമാനം മാത്രമാണു നേട്ടം. കാനഡയിലെ ഇന്ത്യന്‍ നിക്ഷേപകന്‍ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്‌സിന് ബാങ്കില്‍ 26 ശതമാനം ഓഹരി നിലനിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. മറ്റു ബാങ്കുകളില്‍ പ്രൊമോട്ടര്‍ക്ക് 15 ശതമാനം ഓഹരിയേ നിലനിര്‍ത്താവൂ. ഇനി 40 ശതമാനം ഓഹരി ഫെയര്‍ ഫാക്‌സിനുണ്ട്.
സ്വര്‍ണം ചാഞ്ചാടുന്നു
പലിശ സംബന്ധിച്ച അനിശ്ചിതത്വത്തില്‍ സ്വര്‍ണം ചാഞ്ചാട്ടത്തിലായി. ഇന്നു വിലക്കയറ്റ കണക്ക് വന്ന ശേഷമേ മഞ്ഞലോഹത്തിന് ദിശാബോധം കിട്ടൂ. ബുധനാഴ്ച 2300 ഡോളറിനു താഴെയായ സ്വര്‍ണം ഇന്നലെ തിരിച്ചു കയറി ഔണ്‍സിന് 2329.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വര്‍ണം 2321 ഡോളറിലേക്ക് ഇടിഞ്ഞു.
കേരളത്തില്‍ സ്വര്‍ണവില ഇന്നലെയും പവന് 200 രൂപ കുറഞ്ഞ് 52,600 രൂപയായി. ഇന്നു വില കയറാം.
വെള്ളിവില ഔണ്‍സിന് 28.75 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 94,000 രൂപ ആണ്.
ഡോളര്‍ സൂചിക ഇന്നലെ 106 നു താഴെ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക 105.91 ല്‍ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ106.02 ലേക്കു കയറി.
രൂപ ഇന്നലെ കയറി. ഡോളര്‍ 11 പൈസ കുറഞ്ഞ് 83.46 രൂപയില്‍ ക്ലോസ് ചെയ്തു.
ഉയര്‍ന്ന് ക്രൂഡ് ഓയില്‍
ക്രൂഡ് ഓയില്‍ ഇന്നലെ വീണ്ടും ഉയര്‍ന്നു. ബ്രെന്റ് ഇനം വ്യാഴാഴ്ച ഒന്നേകാല്‍ ശതമാനം കയറി 86.64 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 86.60 ഡോളറിലേക്കു താണു. ഡബ്‌ള്യുടിഐ ഇനം 82 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 85.56 ഡോളറിലുമാണ്.
വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളിലായി. ചെമ്പ് 0.25 ശതമാനം കയറി ടണ്ണിന് 9422.25 ഡോളറില്‍ എത്തി. അലൂമിനിയം 0.44 ശതമാനം താഴ്ന്നു ടണ്ണിന് 2500.86 ഡോളറായി. ടിന്നും സിങ്കും ഉയര്‍ന്നു. നിക്കലും ലെഡും താഴ്ന്നു.
ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെ രണ്ടു ശതമാനത്തോളം ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ 62,000 ഡോളറില്‍ എത്തി. ഈഥര്‍ 3460 ഡോളറിലേക്കു കയറി.
വിപണിസൂചനകള്‍
(2024 ജൂണ്‍ 27, വ്യാഴം)
സെന്‍സെക്‌സ് 30 79,243.18 +0.72%
നിഫ്റ്റി50 24,044.50 +0.74%
ബാങ്ക് നിഫ്റ്റി 52,811.30 -0.11%
മിഡ് ക്യാപ് 100 55,424.25 +0.32%
സ്‌മോള്‍ ക്യാപ് 100 18,165.00 -0.67%
ഡൗ ജോണ്‍സ് 30 39,164.10 +0.09%
എസ് ആന്‍ഡ് പി 500 5482.87 +0.09%
നാസ്ഡാക് 17,858.70 +0.09%
ഡോളര്‍($) ₹83.46 -?0.11
ഡോളര്‍ സൂചിക 105.91 -0.14
സ്വര്‍ണം (ഔണ്‍സ്) $2329.40 +$ 30.60
സ്വര്‍ണം (പവന്‍) ₹52,600 -?200
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $85.25 +$0.24
Tags:    

Similar News