ഇന്ത്യയുടെ നിക്ഷേപ റേറ്റിംഗ് ഉയർത്തി നോമുറ;ക്രൂഡ് ഓയിൽ 100 ഡോളറിലേക്ക്; സ്വർണം ഇടിവിൽ
യു.എസ് കടപ്പത്രങ്ങൾ വീണ്ടും താഴെ, ഹോളിവുഡിൽ എഴുത്തുകാർ അടക്കമുള്ളവരുടെ പണിമുടക്ക് തീർന്നത് മീഡിയ ഓഹരികളുടെ വില ഉയർത്തി
ക്രൂഡ് ഓയിൽ നൂറു ഡോളറിലേക്കു നീങ്ങുന്നതും യു.എസ് കടപ്പത്രവില ഇടിയുന്നതും ഇന്നു വിപണിയെ ബാധിക്കും. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 97 ഡോളറിനു മുകളിലായി.15 വർഷത്തിനിടയിൽ കണ്ടിട്ടില്ലാത്ത താഴ്ചയിലാണു യു.എസ് കടപ്പത്രങ്ങൾ. ജാപ്പനീസ് വിപണി ഒരു ശതമാനം താഴ്ചയിലായി.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,718 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,730 വരെ കയറിയിട്ടു വീണ്ടും 19,715 ൽ എത്തി. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ തുടക്കം കുറിക്കും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. പ്രധാന സൂചികകൾ ബുധനാഴ്ച ശരാശരി 0.4 ശതമാനം നഷ്ടത്തിൽ അവസാനിച്ചു. യുറോയും പൗണ്ടും യുഎസ് ഡോളറിനോടു ദുർബലമായി. പൗണ്ട് 1.214 ഡോളർ വരെയും യൂറോ 1.0517 ഡോളർ വരെയും താഴ്ന്നു. ജർമനിയിൽ ഉപഭാേക്താക്കൾക്കു സമ്പദ്ഘടനയിലെ വിശ്വാസം തിരിച്ചു കിട്ടാൻ 2024 ആകണം എന്നു പുതിയ സർവേ കാണിച്ചു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയുമ്പോൾ അവർ ചെലവ് ചുരുക്കും. അപ്പോൾ കമ്പനികൾക്കു വിൽപന കുറയും. ഈ വിഷമചക്രം മറികടന്നാലേ സാമ്പത്തികവളർച്ച ഉണ്ടാകൂ.
കടപ്പത്ര വിപണി പലിശ കൂടും എന്ന നിഗമനത്തിൽ കടപ്പത്രവില വാശിയാേടെ താഴ്ത്തുന്നത് യു.എസ് ഓഹരികളുടെ മുന്നേറ്റം തടസപ്പെടുത്തുന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് 4.66 ശതമാനം ആദായം ലഭിക്കുന്ന വിധം വിലകൾ താണു. ക്രൂഡ് ഓയിൽ വില മൂന്നു ശതമാനത്തിലധികം ഉയർന്നത് ഊർജ ഓഹരികളെ കയറ്റി. യു.എസ് ബജറ്റ് കാര്യത്തിൽ ഇനിയും ധാരണ ആയിട്ടില്ല. ഹോളിവുഡിൽ എഴുത്തുകാർ അടക്കമുള്ളവരുടെ പണിമുടക്ക് തീർന്നത് മീഡിയ ഓഹരികളുടെ വില ഉയർത്തി. വാഹന കമ്പനികളിലെ പണിമുടക്ക് കൂടുതൽ ഫാക്ടറികളിലേക്കു വ്യാപിപ്പിക്കുമെന്ന് യുനൈറ്റഡ് ഓട്ടാേ വർക്കേഴ്സ് (യുഎഡബ്ള്യു) അറിയിച്ചു.
ബുധനാഴ്ച നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സൂചികകൾ ഫ്ലാറ്റ് ആയിട്ടാണ് അവസാനിച്ചത്. ഡൗ ജോൺസ് 68.61 പോയിന്റ് (0.20%) താഴ്ന്ന് 33,550.27 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.98 പോയിന്റ് (0.02%) കയറി 4274.51 ലും നാസ്ഡാക് 29.24 പോയിന്റ് (0.22%) ഉയർന്ന് 13,092.85 ലും ക്ലോസ് ചെയ്തു.
യു.എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് അൽപം കയറിയാണു നിൽക്കുന്നത്. ഡൗ 0.18 ഉം എസ് ആൻഡ് പി 0.27 ഉം നാസ്ഡാക് 0.34 ഉം ശതമാനം ഉയർന്നു.
ബുധനാഴ്ച ചൈനയിലടക്കം ഏഷ്യൻ വിപണികൾ കയറി. ഇന്നു രാവിലെ ജപ്പാനിലും ഹോങ് കോങ്ങിലും സൂചികകൾ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ചെെനീസ് വിപണി ചെറിയ ഉയർച്ചയിലാണ്. ചെെനീസ് റിയൽ എസ്റ്റേറ്റ് ഭീമൻ എവർ ഗ്രാൻഡെയുടെ ചെയർമാൻ അറസ്റ്റിലാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. കമ്പനി പാപ്പർ നടപടിയിലേക്കു നീങ്ങുകയാണ്. കമ്പനിയുടെ കുറേ ഇടപാടുകൾ പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ബുധനാഴ്ച വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം ഗണ്യമായ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 65,549 വരെ താഴ്ന്നിട്ട് 622 പോയിന്റ് കയറി 66,172 വരെ എത്തി. നിഫ്റ്റി 19,554 മുതൽ 19,730 വരെ ഇറങ്ങിക്കയറി. സെൻസെക്സ് 173.22 പോയിന്റ് (0.26%) നേട്ടത്താേടെ 66,118.69 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 51.75 പോയിന്റ് (0.26%) കയറി 19,716.45 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 35.9 പോയിന്റ് (0.08%) താഴ്ന്ന് 44,588.3 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.75 ശതമാനം ഉയർന്ന് 40,640.8 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.98 ശതമാനം കുതിച്ച് 12,675.5 ൽ അവസാനിച്ചു.
ബാങ്കുകളും ധനകാര്യ കമ്പനികളും മാത്രമാണ് ഇന്നലെ താഴ്ന്നത്. ഹെൽത്ത് കെയറും ഫാർമയും റിയൽറ്റിയും എഫ്.എം.സി.ജിയും പി.എസ്.യു ബാങ്കുകളും മികച്ച നേട്ടത്തിലായിരുന്നു.
ജാപ്പനീസ് ബ്രോക്കറേജ് നോമുറ ഇന്ത്യയെ ന്യൂട്രലിൽ നിന്ന് ഓവർ വെയിറ്റിലേക്ക് ഉയർത്തിയതാണു വിപണിയെ ഉയർത്തിയത്. റിലയൻസ്, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐടിസി, എൽ ആൻഡ് ടി തുടങ്ങിയവയെ നൊമുറ മികച്ച നിക്ഷേപങ്ങളായി വിശേഷിപ്പിച്ചത് ആ ഓഹരികളെ സഹായിച്ചു. യൂനോ മിൻഡ, മെഡ് പ്ലസ് ഹെൽത്ത് എന്നിവയെയും നോമുറ എടുത്തു പറഞ്ഞു.
ഐടി കമ്പനികളുടെ ലക്ഷ്യവില 29 ശതമാനം വരെ ഉയർത്തി നിശ്ചയിച്ച മോർഗൻ സ്റ്റാൻലിയും വിപണിയുടെ കുതിപ്പിനു നിമിത്തമായി.
മൂഡീസ് റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്ന് വേദാന്ത ഓഹരി ഇടിഞ്ഞു.
ഇ.ഡി പരിശോധനയിൽ എടുത്ത രേഖകൾ മൂന്നാഴ്ചയ്ക്കകം തിരിച്ചു കൊടുക്കണമെന്ന ഹൈക്കോടതി വിധി മണപ്പുറം ജനറൽ ഫിനാൻസ് ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി. ഇഡിയുടെ എഫ്ഐആർ കോടതി നേരത്തേ റദ്ദാക്കിയിരുന്നു.
ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ രണ്ടു ശതമാനം ഉയർന്ന് 151.5 രൂപ വരെ എത്തി. 150.5 രൂപയിൽ ക്ലോസ് ചെയ്തു.
പാർട്ട് ടൈം ചെയർമാന്റെ നിയമനത്തെ തുടർന്നു ധനലക്ഷ്മി ബാങ്ക് ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്ന് 29.5 രൂപ വരെ എത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് നാലു ശതമാനം കയറി 27.1 രൂപയിലും സിഎസ്ബി ബാങ്ക് 331.95 രൂപയിലും എത്തിയിരുന്നു.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 354.35 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 386. 28 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ഒരു പുൾ ബായ്ക്ക് റാലിക്കുള്ള താൽ കാണിച്ചു കൊണ്ടാണ് ഇന്നലെ ക്ലോസ് ചെയ്തത്. പിന്നീടു പാശ്ചാത്യ വിപണികൾ താഴ്ന്നതും ക്രൂഡ് ഓയിൽ കുതിച്ചു കയറിയതും പ്രതീക്ഷകൾ കെടുത്തി.
ഇന്നു നിഫ്റ്റിക്ക് 19,600 ലും 19,490 ലും പിന്തുണ ഉണ്ട്. 19,740 ഉം 19,840 ഉം തടസങ്ങളാകും.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും സമ്മിശ്രമായിരുന്നു. അലൂമിനിയം 0.11 ശതമാനം താഴ്ന്നു ടണ്ണിന് 2237.09 ഡോളറിലായി. ചെമ്പ് 0.28 ശതമാനം ഉയർന്ന് ടണ്ണിന് 8056.35 ഡോളറിൽ എത്തി. ടിൻ 0.3 ശതമാനവും ലെഡ് 1.67 ശതമാനവും സിങ്ക് 1.78 ശതമാനവും താഴ്ന്നു. നിക്കൽ 0.06 ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ ഇന്നലെ മൂന്നു ശതമാനത്താളം കയറി. യു.എസിലെ ക്രൂഡ് സ്റ്റാേക്ക് കുറവായതാണ് ഒരു കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 96.55 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ബ്രെന്റ് ഇനം 97.36 ഡോളറിലും ഡബ്ള്യുടിഐ ഇനം 94.63 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 96.49 ഡോളറിലാണ്.
സ്വർണവില ഇടിവ് തുടരുകയാണ്. ബുധനാഴ്ച 1876 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1878 ഡോളറിലേക്കു കയറി. യുഎസ് കടപ്പത്രവില കുറയുന്നതാണു സ്വർണത്തെ വലിച്ചു താഴ്ത്തുന്നത്. കടപ്പത്രവില താഴുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്നു കടപ്പത്രങ്ങളിലേക്കു മാറും.
കേരളത്തിൽ ഇന്നലെ പവൻവില 200 രൂപ കുറഞ്ഞ് 43,600 രൂപയായി. ഇന്നു വില വീണ്ടും ഗണ്യമായി കുറയാം.
രൂപ ദുർബലമായി തുടരുന്നു. ഡോളർ രണ്ടു പൈസ കയറി 83.25 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഉയർന്ന് 106.67 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.71 ലേക്കു കയറി.
ക്രിപ്‌റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 26,300 നു താഴെയാണ്.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 27, ബുധൻ)
സെൻസെക്സ് 30 66,118.69 +0.26%
നിഫ്റ്റി 50 19,716.45 +0.26%
ബാങ്ക് നിഫ്റ്റി 44,588.30 -0.08%
മിഡ് ക്യാപ് 100 40,640.80 +0.75%
സ്മോൾ ക്യാപ് 100 12,675.50 +0.98%
ഡൗ ജോൺസ് 30 33,550.27 - 0.20%
എസ് ആൻഡ് പി 500 4274.51 +0.02%
നാസ്ഡാക് 13,092.85 +0.22%
ഡോളർ ($) ₹83. 23 + ₹0.08
ഡോളർ സൂചിക 106.67 +00.44
സ്വർണം(ഔൺസ്) $1876.00 -$25.40
സ്വർണം(പവൻ) ₹43,600 -₹200.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $96.55 +$2.59