ശരാശരിയേക്കാൾ മികച്ച നേട്ടം നൽകി 2023; വിപണികൾ പുതിയ ഉയരങ്ങളിൽ; ബുള്ളിഷ് ആവേശം വിടാതെ നിക്ഷേപകർ; വിദേശ സൂചനകൾ ഭിന്നദിശകളിൽ
ക്രൂഡ് ഓയിൽ താഴുന്നു
വിപണികൾ പുത്തൻ ഉയരങ്ങൾ കീഴടക്കിയാണ് 2023നെ യാത്രയാക്കുന്നത്. വർഷാന്ത്യ ദിനത്തിലെ വ്യാപാരം നേട്ടത്തിൽ ആയാലും അല്ലെങ്കിലും 2023 ൽ ഇന്ത്യൻ വിപണി 19 ശതമാനം നേട്ടം നൽകി. മുഖ്യ സൂചികകളിലെ ഈ വാർഷികനേട്ടം സമീപകാലത്തെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്.
ഇന്നു വർഷാന്ത്യ ദിനത്തിലേക്കു വിദേശ സൂചനകൾ ആവേശകരമല്ല. എങ്കിലും ഇന്ത്യൻ വിപണി ഇന്ന് ആവേശത്തുടക്കമാണു പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച തുടങ്ങുന്ന പുതിയ വർഷത്തെ സംബന്ധിച്ചും വിപണി പ്രവർത്തകർ വലിയ ആവേശമാണു പുലർത്തുന്നത്.
വ്യാഴം രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,957 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,950 ലാണ്. ഇന്ത്യൻ വിപണി ഇന്നും ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നഷ്ടത്തിൽ അവസാനിച്ചു.
യു.എസ് വിപണി വ്യാഴാഴ്ചയും അനിശ്ചിതത്വമാണു കാണിച്ചത്. ഡൗ 54 പോയിന്റ് നേട്ടത്തിലും എസ് ആൻഡ് പി നാമമാത്ര നേട്ടത്തിലും അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് നാമമാത്ര നഷ്ടവും കാണിച്ചു.
എസ് ആൻഡ് പി 500 കഴിഞ്ഞ വർഷം ജനുവരി മൂന്നിലെ 4796.56 എന്ന ക്ലോസിംഗ് റെക്കോർഡിൽ നിന്നു 13.21പോയിന്റ് മാത്രം താഴെയാണ്. വിശാലവിപണിയെ പ്രതിനിധീകരിക്കുന്ന ഈ സൂചിക ഈ വർഷം ഇതു വരെ 24.58 ശതമാനം നേട്ടത്തിലാണ്. നാസ്ഡാക് സൂചിക 44.02 ശതമാനം ഉയർന്നാണു നിൽക്കുന്നത്. 50.01 ശതമാനം കുതിച്ച 2003 നു ശേഷമുള്ള ഏറ്റവും മികച്ച വർഷമാണ് നിർമിതബുദ്ധിയിൽ തിളങ്ങിയ ഇക്കൊല്ലം. ഡൗ ജോൺസ് സൂചിക 13.77 ശതമാനം ഉയർന്നു നിൽക്കുന്നു.
വ്യാഴാഴ്ച ഡൗ ജോൺസ് 53.58 പോയിന്റ് (0.14%) ഉയർന്ന് 37,710.10 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 1.77 പോയിന്റ് (0.04%) കയറി 4783.35 ൽ അവസാനിച്ചു. നാസ്ഡാക് 4.04 പോയിന്റ് (0.03%) താഴ്ന്ന് 15,095.10 ൽ ക്ലോസ് ചെയ്തു.
10 വർഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇന്നലെ 3.85 ശതമാനത്തിലേക്കു കയറി. ഇന്നു രാവിലെ അൽപം താണു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡൗ 0.05 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.08 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്ന് ഭിന്നദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങി. ജപ്പാനിൽ നേരിയ കയറ്റത്തിൽ വ്യാപാരമാരംഭിച്ചു. ജപ്പാനിലെ നിക്കൈ സൂചിക ഇക്കൊല്ലം ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. 28 ശതമാനമാണ് ഈ വർഷത്തെ കയറ്റം. 1989 ലെ റെക്കോർഡുകൾ മറികടന്നു. ദക്ഷിണ കൊറിയൻ വിപണി ഒന്നും ശതമാനം കുതിപ്പോടെ വ്യാപാരമാരംഭിച്ചു. ചെെനീസ് വിപണികളും നേട്ടം കാണിച്ചു.
ഇന്ത്യൻ വിപണി
വ്യാഴാഴ്ച ഇന്ത്യൻ വിപണി തുടക്കം മുതൽ വിൽപനയുടെ സമ്മർദത്തിലായിരുന്നു. എങ്കിലും ബുള്ളുകൾ വർഷാന്ത്യത്തിലേക്കു നേട്ടവുമായി കടന്നു. അവസാന മണിക്കൂറിൽ മികച്ച കുതിപ്പും ഉണ്ടായി. തുടർച്ചയായ അഞ്ചാം ദിവസവും ഉയർന്ന സെൻസെക്സ് 72,484.34 ലും നിഫ്റ്റി 21,801 ലും വരെ എത്തി. ബാങ്ക് നിഫ്റ്റി ഇന്നലെ റെക്കോർഡ് മറികടന്നു.
സെൻസെക്സ് 371.95 പോയിന്റ് (0.52%) കയറി 72,410.38 ലും നിഫ്റ്റി 123.95 പോയിന്റ് (0.57%) ഉയർന്ന് 21,778.70 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 226.35 പോയിന്റ് (0.47%) കയറി 48,508.55 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.56 ശതമാനം കയറി 45,815.25 ലും സ്മോൾ ക്യാപ് സൂചിക 0.79 ശതമാനം ഉയർന്ന് 15,051.25 ലും വ്യാപാരം അവസാനിപ്പിച്ചു.
ഓഹരികൾ
ഐ.ടി ഒഴികെ എല്ലാ വ്യവസായ മേഖലകളും വ്യാഴാഴ്ച നല്ല നേട്ടത്തിലായി. എഫ്.എം.സി.ജി, മെറ്റൽ, ഓട്ടോ, റിയൽറ്റി, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും നല്ല തിരിച്ചു വരവ് നടത്തി.
വിദേശനിക്ഷേപ ഫണ്ടുകൾ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 4358.99 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 136.64 കോടിയുടെ ഓഹരികളും വാങ്ങി.
വിപണി ബുള്ളിഷ് ആവേശത്തിലാണ്. അതു തുടരും എന്നാണു നിഗമനം. നിഫ്റ്റിക്ക് 21,800 - 22,000 മേഖല കടക്കൽ പ്രയാസമേറിയതാകാം എന്നു വിദഗ്ധർ കണക്കാക്കുന്നു. നിഫ്റ്റിക്ക് ഇന്ന് 21,705 ലും 21,630 ലും പിന്തുണ ഉണ്ട്. 21,800 ഉം 21,875 ഉം തടസങ്ങളാകാം.
ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് ഫെഡറൽ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ആർ.ബി.എൽ ബാങ്ക് എന്നിവയിൽ 9.95 ശതമാനം വരെ ഓഹരി വാങ്ങാൻ റിസർവ് ബാങ്ക് അനുമതി നൽകി.
ഹിന്ദുസ്ഥാൻ കോപ്പർ ഇന്നലെ 14 ശതമാനം വരെ ഉയർന്നു. വൈദ്യുത വാഹനങ്ങൾ കൂടുന്നതോടെ ചെമ്പിന്റെ ഡിമാൻഡ് വളരെ കൂടും എന്നതാണ് കാരണം. സാധാരണ കാറിൽ 23 കിലാേഗ്രാം ചെമ്പ് ആവശ്യമുള്ളപ്പാേൾ ഇലക്ട്രിക് കാറിൽ 83 കിലോഗ്രാം ചെമ്പ് വേണം. ഇതു ചെമ്പുവിലയെ 12,000 ഡോളറിലേക്കു കയറ്റുമെന്നു ചില നിക്ഷേപ ബാങ്കുകൾ വിലയിരുത്തി.
കെ.പി.ഐ ഗ്രീൻ എനർജി ബോണസ് ഇഷ്യു നടത്താൻ പോകുന്നു എന്ന വാർത്ത ഓഹരി വിലയെ ആറു ശതമാനം കയറ്റി. കഴിഞ്ഞ ജനുവരിയിൽ 1:1 ബോണസ് കമ്പനി നൽകിയിരുന്നു.
ചെങ്കടലിലെ ഹൂതീ ആക്രമണഭീഷണിക്കു ശമനം വന്നതായി വിലയിരുത്തൽ. ഹൂതീ ഭീകരരുടെ ഡ്രാേൺ, മിസൈൽ ആക്രമണങ്ങൾക്കെതിരേ യു.എസ് നേവി ഒരുക്കിയ കവചം ഫലപ്രദമാകുന്നുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ വില രണ്ടു ശതമാനം താഴ്ന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 78.38 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 71.95 ഡോളറിലും ക്ലോസ് ചെയ്തു.
ദിവസങ്ങൾക്കു ശേഷം സ്വർണം ലാേകവിപണിയിൽ താഴ്ചയിലായി. ഡിസംബർ തുടക്കത്തിലെ ഔൺസിന് 2072.04 ഡോളർ റെക്കാേർഡ് മറികടന്ന സ്വർണം ഔൺസിന് 2088 ഡോളർ വരെ ചെന്നിട്ട് താണു. വ്യാഴാഴ്ച 2065.41 ഡോളറിൽ ക്ലോസ്
ചെയ്ത സ്വർണം ഇന്നു രാവിലെ 2071 ഡോളറിലേക്കു കയറി.
കേരളത്തിൽ പവൻവില ഇന്നലെ 320 രൂപ വർധിച്ച് 47,120 രൂപ എന്ന റെക്കോർഡിൽ എത്തി. ഇന്നു വില കുറയും എന്നാണു സൂചന.
ഡോളർ സൂചിക വ്യാഴാഴ്ച ഉയർന്ന് 101.23- ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.11 ലേക്കു താണു.
ഡോളർ ചൊവ്വാഴ്ച18 പൈസ താഴ്ന്ന് 83.17 രൂപയിൽ ക്ലോസ് ചെയ്തു.
ക്രിപ്‌റ്റോ കറൻസികൾ ദുർബലമായി. ബിറ്റ്കോയിൻ ഇന്നു രാവിലെ 42,300 ഡോളറിനു സമീപമാണ്.
കള്ളപ്പണ വിരുദ്ധ നിയമങ്ങൾ പാലിക്കുന്നില്ല എന്നാരോപിച്ചു ബിനാൻസ് അടക്കം ഒൻപത് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് ഇന്ത്യ നോട്ടീസ് അയച്ചു. ഇവയുടെ വർച്വൽ ഡിജിറ്റൽ അസിസ്റ്റ് (വിഡിഎ) സർവീസ് നിയമം പാലിക്കുന്നില്ല എന്നാണ് ആരോപണം.
വിപണിസൂചനകൾ (2023 ഡിസംബർ 28, വ്യാഴം)
സെൻസെക്സ്30 72,410.38 +0.52%
നിഫ്റ്റി50 21,778.70 +0.57%
ബാങ്ക് നിഫ്റ്റി 48,508.55 +0.47%
മിഡ് ക്യാപ് 100 45,815.25 +0.56%
സ്മോൾ ക്യാപ് 100 15,051.25 +0.79%
ഡൗ ജോൺസ് 30 37,710.10 +0.14%
എസ് ആൻഡ് പി 500 4783.35 +0.04%
നാസ്ഡാക് 15,095.10 -0.03%
ഡോളർ ($) ₹83.17 -₹0.18
ഡോളർ സൂചിക 101.23 +0.24
സ്വർണം (ഔൺസ്) $2065.41 -$11.84
സ്വർണം (പവൻ) ₹47,120 +₹320.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $78.38 -$0.96