യുഎസ് കടപരിധിയിൽ ധാരണ; കുതിപ്പ് പ്രതീക്ഷിച്ച് വിപണി

ഏഷ്യൻ വിപണികൾ കയറ്റത്തിൽ; ക്രൂഡ് ഓയിലും ഉയരുന്നു; ഈയാഴ്ച ഇന്ത്യയുടെ ജിഡിപി കണക്കുകൾ പുറത്തു വരും

Update:2023-05-29 08:26 IST

യുഎസിലെ വായ്പാപരിധി സംബന്ധിച്ച ആശങ്ക നീങ്ങി. ഭരണ-പ്രതിപക്ഷങ്ങൾ ധാരണയിലെത്തി. വിപണികൾ ഉണർവിലായി. ഓഹരികൾ കുതിച്ചു. ക്രൂഡ് ഓയിൽ കയറി. ഇന്ത്യൻ ഓഹരി വിപണി ഇന്നു വലിയ കയറ്റം പ്രതീക്ഷിക്കുന്നു. പുതിയ റിക്കാർഡുകൾ വിപണിക്കു കൈയെത്തുന്ന ദൂരത്തിലാണ്.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി ഒന്നാം സെഷനിൽ 18,548-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,632.5 ലേക്കു കയറി. ഇന്നു രാവിലെ 18,725 വരെ എത്തി. ഇന്ത്യൻ വിപണി ഗണ്യമായി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നേട്ടത്തിലാണു ക്ലാേസ് ചെയ്തത്. യുഎസ് കടപരിധി ചർച്ചയിലെ പുരാേഗതിയാണു കാരണം. കടപരിധി ചർച്ച ധാരണയിലേക്കു നീങ്ങിയതോടെ യുഎസ് വിപണി വെള്ളിയാഴ്ച മികച്ച നേട്ടത്തിലായി. ഡൗ ജോൺസ് 328.69 പോയിന്റ് (1.00%) ഉയർന്നു. എസ് ആൻഡ് പി 54.17 പോയിന്റും (1.3%) നാസ്ഡാക് 277.59 പോയിന്റും (2.19%) കയറി.

പ്രതിവാര കണക്കിൽ ഡൗ 0.94 ശതമാനം താഴ്ചയിലായി. എസ് ആൻഡ് പി 0.31 ശതമാനം ഉയർന്നപ്പോൾ നാസ്ഡാക് 2.46 ശതമാനം കുതിച്ചു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലാണ്. ഡൗ ജോൺസ് 0.35 ശതമാനം ഉയർന്നപ്പോൾ എസ് ആൻഡ് പി 0.42 ശതമാനവും നാസ്ഡാക് ഫ്യൂച്ചേഴ്സ് 0.61 ശതമാനവും കയറ്റത്തിലാണ്.

ഏഷ്യൻ സൂചികകൾ നല്ല കുതിപ്പിലാണ്. ഓസ്ട്രേലിയൻ വിപണി ഒന്നര ശതമാനം ഉയർന്നു. ജപ്പാനിൽ നിക്കൈ സൂചിക രണ്ടു ശതമാനം കയറ്റത്തിലാണ്. കൊറിയൻ ഓഹരികൾ നേരിയ നേട്ടത്തിലാണ്. ചെെനീസ് വിപണി തുടക്കത്തിൽ 0.4 ശതമാനം താഴ്ന്നു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി നല്ല നേട്ടത്തിലാണു വാരാന്ത്യത്തിലേക്കു കടന്നത്. വെള്ളിയാഴ്ച രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. കൂടുതൽ ഉയർച്ചയിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 629.07 പോയിന്റ് (1.02%) കയറി 62,501.69 ലും നിഫ്റ്റി 178.21 പോയിന്റ് (0.97%) ഉയർന്ന് 18,499.35 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.81 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.53 ശതമാനം കയറി. ഐടി, റിയൽറ്റി,എഫ്എംസിജി, മെറ്റൽ, മീഡിയ, ഫാർമ മേഖലകൾ വലിയ നേട്ടമുണ്ടാക്കി.

കഴിഞ്ഞ ആഴ്ച സെൻസെക്സ് 1.3 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 1.6 ശതമാനം കയറി. ഐടി, റിയൽറ്റി, എഫ്എംസിജി, വാഹന, കൺസ്യൂമർ ഡ്യുറബിൾസ് ഓഹരികൾ നല്ല നേട്ടത്തിലായി. എന്നാൽ ബാങ്ക് നിഫ്റ്റി നാമമാത്ര ഉയർച്ചയേ കാണിച്ചുള്ളൂ.

ബുള്ളുകൾ വീണ്ടും വിപണിയുടെ നിയന്ത്രണം ഏറ്റെടുത്തെന്നാണു വെള്ളിയാഴ്ചത്തെ വ്യാപാരം കാണിച്ചത്.18,500-18,550ലെ സമ്മർദമേഖല മറികടന്നാൽ നിഫ്റ്റി പുതിയ റിക്കാർഡിലേക്ക് കുതിക്കുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ കണക്കാക്കുന്നു. നിഫ്റ്റിക്കു 18,385 ലും 18,275 ലും സപ്പോർട്ട് ഉണ്ട്. 18,515 ലും 18,625 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും വെളളിയാഴ്ച വാങ്ങൽ തുടർന്നു. വിദേശികൾ 350.15 കോടി രൂപയുടെയും സ്വദേശി ഫണ്ടുകൾ 1840.98 കോടിയുടെയും ഓഹരികൾ വാങ്ങി.

കഴിഞ്ഞ ആഴ്ച വിദേശ നിക്ഷേപകർ 77 കോടി ഡോളർ (6200 കോടി രൂപ) ഓഹരികളിൽ നിക്ഷേപിച്ചു. മേയ് മൊത്തം എടുത്താൽ സമീപകാലത്തെ റിക്കാർഡ് നിക്ഷേപമാണു വിദേശ ഫണ്ടുകൾ നടത്തിയത്. 465 കോടി ഡോളർ ( 38,130 കോടി രൂപ) അവർ ഈ മാസം ഇന്ത്യൻ വിപണിയിൽ ഇറക്കി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 76.26 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 71.77 ഡോളർ ആയി. യുഎസ് വായ്പാപരിധി ധാരണയിലായതാേടെ വില ഇന്നു രാവിലെ കുതിച്ചു. ബ്രെന്റ് 77.60 ലേക്കും ഡബ്ള്യുടിഐ 73.38 ലേക്കും നീങ്ങി.

സ്വർണം വെള്ളിയാഴ്ച അൽപം കയറി. കടപരിധി ചർച്ച വിജയിക്കുമെന്ന പ്രതീക്ഷയാണു കാരണം. വെള്ളിയാഴ്ച 1956 ഡോളറിൽ നിന്ന് 1939 വരെ താഴ്ന്ന സ്വർണം 1947.20 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1943-1945 ഡോളറിലാണു വ്യാപാരം.

കേരളത്തിൽ പവൻവില വെള്ളി, ശനി ദിവസങ്ങളിലായി 200 രൂപ താഴ്ന്ന് 44,440 രൂപയിലെത്തി. വ്യാവസായിക ലോഹങ്ങൾ നല്ല നേട്ടത്തോടെയാണ് വാരാന്ത്യത്തിലേക്കു നീങ്ങിയത്. അലൂമിനിയം 1.05 ശതമാനം ഉയർന്നു ടണ്ണിന് 2237.35 ഡോളറിലായി. ചെമ്പ് 2.11 ശതമാനം കയറി ടണ്ണിന് 8081.35 ഡോളർ ആയി. ടിൻ 1.11 ശതമാനം ഉയർന്നപ്പോൾ സിങ്ക് 4.35 ശതമാനവും ലെഡ്‌ 1.29 ശതമാനവും കയറി.

ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 28,200 ഡോളറിനു മുകളിലെത്തി. ഡോളർ 15 പൈസ താഴ്ന്ന് 82.57 രൂപ ആയി. ഡോളർ സൂചിക നാമമാത്രമായി താഴ്ന്ന് 104.23 ൽ എത്തി. ഇന്നു രാവിലെ 104.19 ലാണ്.


ജിഡിപി കണക്കുകൾ വരുന്നു

ബുധനാഴ്ച ഇന്ത്യയുടെ ജിഡിപി കണക്കുകൾ പുറത്തു വരും. 2022-23 ധനകാര്യ വർഷം അവസാന പാദത്തിലെയും വർഷം മുഴുവനിലെയും വളർച്ചയുടെ കണക്കുകൾ ആണു നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിടുക.

റോയിട്ടേഴ്സ് ധനശാസ്ത്രജ്ഞർക്കിടയിൽ നടത്തിയ സർവേയിലെ നിഗമനം നാലാം പാദത്തിൽ അഞ്ചു ശതമാനം വളർച്ച എന്നാണ്. 'മണികൺട്രോൾ' നടത്തിയ സർവേയിലെ നിഗമനം 5.1 ശതമാനം വളർച്ചയാണ്. എസ്ബിഐ ഗവേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ പ്രകാരം 5.5 ശതമാനം വളർച്ചയുണ്ട്.

മൂന്നാം പാദത്തിൽ 4.4 ശതമാനമായിരുന്നു വളർച്ച. അതിൽ നിന്ന് ഗണ്യമായ കയറ്റം വളർച്ചയിൽ ഉണ്ടാകും എന്ന് എല്ലാവരും കണക്കുകൂട്ടുന്നു. 2021-22 ധനകാര്യ വർഷം നാലാം പാദത്തിൽ വളർച്ച നാലു ശതമാനം മാത്രമായിരുന്നതു കൊണ്ടു താരതമ്യത്തിൽ വളർച്ചത്തോത് ഉയർന്നു നിൽക്കും. അതാണ് ഉയർന്ന വളർച്ച പറയുന്നതിന് അടിസ്ഥാനം.

വാർഷിക വളർച്ച ഏഴു ശതമാനം എന്നാണ് എൻഎസ്ഒ ഫെബ്രുവരി അവസാനം കണക്കാക്കിയത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം പറഞ്ഞത് വളർച്ച ഏഴു ശതമാനത്തിലധികമാകുമെന്നാണ്. എസ്ബിഐ റിസർച്ച് 7.1 ശതമാനം കണക്കാക്കുന്നു. 2021-22 ൽ 9.1 ശതമാനമായിരുന്നു വളർച്ച. കോവിഡ് മൂലം 2020-21 ൽ ജിഡിപി 6.5 ശതമാനം കുറഞ്ഞതാണ് 2021-22 ലെ ഉയർന്ന വളർച്ചയ്ക്കു കാരണം.

യുഎസ് കടപ്രതിസന്ധി മാറി

യുഎസ് സർക്കാരിന്റെ കടമെടുപ്പു പരിധി സംബന്ധിച്ചു പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തിയുമായി ഉണ്ടാക്കിയ ധാരണ ഇനി യുഎസ് കോൺഗ്രസ് അംഗീകരിക്കേണ്ടതുണ്ട്. കടമെടുപ്പ് 31.38 ലക്ഷം കോടി ഡോളറിൽ നിന്ന് ഉയർത്താൻ പല ചെലവുകളും കുറയ്ക്കാൻ ബൈഡൻ സമ്മതിക്കേണ്ടി വന്നു. ഇതനുസരിച്ച് പ്രതിരോധം ഒഴിച്ചുള്ള ചെലവുകൾ ഇപ്പോഴത്തെ നിലയിൽ മാത്രം അടുത്ത വർഷവും തുടരും. 2025-ൽ ഒരു ശതമാനം വർധിപ്പിക്കാം.

റിപ്പബ്ലിക്കൻ പാർട്ടിയിലെയും ഡെമോക്രാറ്റിക് പാർട്ടിയിലെയും തീവ്ര നിലപാടുകാർക്കു ധാരണ തൃപ്തികരമായിട്ടില്ല. തെരഞ്ഞെടുപ്പ് വർഷം വരുന്നതു കൊണ്ട് വിട്ടുവീഴ്ചയ്ക്ക് അവരും മടിക്കും. ജനപ്രതിനിധി സഭയിലും സെനറ്റിലും അക്കൂട്ടരെ മെരുക്കാൻ ഇരു നേതാക്കളും ഏറെ ശ്രമപ്പെടേണ്ടി വരും.

ഏതായാലും ഈയാഴ്ചയോ അടുത്തയാഴ്ചയോ യുഎസ് സർക്കാർ കടം തിരിച്ചടവിൽ വീഴ്ച വരുത്തുന്ന സാഹചര്യം മാറി. അതു വിപണികൾക്കെല്ലാം ആശ്വാസമായി.

വിപണി സൂചനകൾ

(2023 മേയ് 26, വെള്ളി)

സെൻസെക്സ് 30 62,501.69 +1.02%

നിഫ്റ്റി 50 18,499.35 +0.97%

ബാങ്ക് നിഫ്റ്റി 44,018.00 +0.77%

മിഡ് ക്യാപ് 100 33,425.10 +0.81%

സ്മോൾക്യാപ് 100 10,010.80 +0.53%

ഡൗ ജോൺസ്30 33,093.34 +1.00%

എസ് ആൻഡ് പി500 4205.45 +1.30%

നാസ്ഡാക് 12,975.69 + 2.19%

ഡോളർ ($) ₹82.57 +15 പൈസ

ഡോളർ സൂചിക 104.23 -0.02

സ്വർണം(ഔൺസ്) $1947.20 +$05.20

സ്വർണം(പവൻ ) ₹44,440 -₹200.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.26 -$2.12

Tags:    

Similar News