ബുള്ളുകളിൽ പ്രതീക്ഷയുമായി ഓഹരി വിപണി
വിദേശ സൂചനകൾ ഭിന്നദിശകളിൽ; ഇനി ശ്രദ്ധ ജിഡിപി കണക്കിൽ
അമേരിക്കൻ സർക്കാരിന്റെ കടപരിധി സംബന്ധിച്ച ആശങ്കകൾ മാറി. ഇനി ആ ധാരണ യുഎസ് കോൺഗ്രസിൽ പാസാക്കിയെടുക്കുന്ന വിഷയമുണ്ട്. വെല്ലുവിളികൾ ഉണ്ടെങ്കിലും എതിർപ്പ് സാരമാകില്ലെന്ന പ്രതീക്ഷയിലാണു വിപണി. ഇന്നലെ യുഎസ് വിപണി അവധിയിലായിരുന്നു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ്. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ ഉയർച്ച കാണിക്കുന്നു. ഇന്ത്യൻ വിപണിയിൽ ബുള്ളുകൾ പിടിമുറുക്കിയാൽ റിക്കാർഡ് ഉയരങ്ങളിലേക്കു സൂചികകൾ നീങ്ങും. നാളെ വരാനിരിക്കുന്ന ജിഡിപി കണക്കിലാണു വിപണിയുടെ ശ്രദ്ധ.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്. ജി. എക്സ് നിഫ്റ്റി തിങ്കളാഴ്ച രാത്രി ഒന്നാം സെഷനിൽ 18,690-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,694.5 ലേക്കു കയറി. ഇന്നു രാവിലെ 18,709 വരെ എത്തി. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച നഷ്ടത്തിലാണു ക്ലാേസ് ചെയ്തത്. ജർമൻ മാന്ദ്യവും യുഎസ് വളർച്ചത്തോത് കുറയാനുള്ള സാധ്യതയും ഓഹരികളെ താഴ്ത്തി.
മെമ്മോറിയൽ ഡേ പ്രമാണിച്ചു യുഎസ് വിപണി തിങ്കളാഴ്ച അവധിയായിരുന്നു. കടപരിധി ധാരണയ്ക്കു ശേഷം യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗ ജോൺസ് 0.20 ശതമാനം ഉയർന്നപ്പോൾ എസ് ആൻഡ് പി 0.30 ശതമാനവും നാസ്ഡാക് ഫ്യൂച്ചേഴ്സ് 0.50 ശതമാനവും കയറ്റത്തിലായി.
ഏഷ്യൻ സൂചികകൾ സമ്മിശ്രമായി. ഓസ്ട്രേലിയൻ വിപണി അൽപം ഉയർന്നു. ജപ്പാനിൽ നിക്കൈ സൂചിക താഴോട്ടു നീങ്ങി. കൊറിയൻ ഓഹരികൾ നല്ല നേട്ടത്തിലാണ്. ചെെനീസ് വിപണി തുടക്കത്തിൽ അര ശതമാനം താഴ്ന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി നല്ല ആവേശത്തിലാണു പുതിയ ആഴ്ച തുടങ്ങിയത്. രാവിലെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് സെൻസെക്സ് 63,026 വരെയും നിഫ്റ്റി 18,641 വരെയും എത്തി. പിന്നീട് ഉയർന്ന വിലയിൽ ലാഭമെടുക്കാനുള്ള വിൽപന സമ്മർദത്തെ തുടർന്ന് അൽപം താഴ്ന്നു. സെൻസെക്സ് 344.69 പോയിന്റ് (0.55%) കയറി 62,846.38 ലും നിഫ്റ്റി 99.30 പോയിന്റ് (0.54%) ഉയർന്ന് 18,598.65 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.38 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.30 ശതമാനം കയറി. ഐടിയും ഓയിൽ -ഗ്യാസും മേഖലകൾ നഷ്ടത്തിലായി. കൺസ്യൂമർ ഡ്യുറബിൾസ് , മെറ്റൽ, റിയൽറ്റി, എഫ്എംസിജി, ധനകാര്യ, ബാങ്ക് മേഖലകൾ വലിയ നേട്ടമുണ്ടാക്കി.
ബുള്ളുകളുടെ നിയന്ത്രണത്തിലാണു വിപണി. 18,500-18,550ലെ സമ്മർദമേഖല മറികടന്ന നിഫ്റ്റിക്കു കഴിഞ്ഞ ഡിസംബറിലെ റിക്കാർഡ് മറികടന്നു കുതിക്കാനാകുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ കണക്കാക്കുന്നു. നിഫ്റ്റിക്കു 18,585 ലും 18,545 ലും സപ്പോർട്ട് ഉണ്ട്. 18,630 ലും 18,665 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും ഓഹരിവാങ്ങൽ ഊർജിതമായി തുടരുന്നു. ഇന്നലെ വിദേശികൾ 1758.16 കോടി രൂപയുടെയും സ്വദേശി ഫണ്ടുകൾ 853.57 കോടിയുടെയും ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വിലയിൽ കാര്യമായ മാറ്റമില്ല. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 77.05 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 72.67 ഡോളർ ആയി. സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങി. തിങ്കളാഴ്ച 1940 - 1952 ഡോളറിൽ ആയിരുന്ന സ്വർണം 1944 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1944-1946 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻവില മാറ്റമില്ലാതെ 44,440 രൂപയിൽ തുടർന്നു. ക്രിപ്റ്റോ കറൻസികൾ ചാഞ്ചാടി. ബിറ്റ്കോയിൻ 28,200 ഡോളറിനു മുകളിലെത്തിയിട്ടു താഴ്ന്ന് 27,700 ലായി. ഡോളർ ഏഴു പൈസ കയറി 82.63 രൂപയിലെത്തി. ഡോളർ സൂചിക നാമമാത്രമായി താഴ്ന്ന് 104.21 ൽ എത്തി. ഇന്നു രാവിലെ 104.16ലാണ്.
എൻവിഡിയയിൽ നിന്നു സൂപ്പർ കംപ്യൂട്ടറും
നിർമിതബുദ്ധി ഉപയോഗിക്കുന്ന ഗ്രാഫിക് ചിപ്പുകൾ വഴി ചിപ് വിപണിയിൽ കോളിളക്കം സൃഷ്ടിച്ച എൻവിഡിയ സൂപ്പർ കംപ്യൂട്ടർ ഇറക്കുന്നു. ഗൂഗിൾ ക്ലൗഡ്, ഫെയ്സ് ബുക്ക്, മെെക്രാേസാേഫ്റ്റ് തുടങ്ങിയവയാണ് ഡിജിഎക്സ് ജിഎച്ച് 200 എഐ സൂപ്പർ കംപ്യൂട്ടറിന്റെ ആദ്യ ഉപയോക്താക്കളാകുക. കമ്പനിയുടെ 256, ജിഎച്ച് 200 സൂപ്പർ ചിപ്പുകൾ സംയോജിപ്പിച്ച് ഒറ്റ ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റ് ആയി പ്രവർത്തിക്കുന്നതാണ് ഈ സൂപ്പർ കംപ്യൂട്ടർ. എൻവിഡിയയുടെ തന്നെ ഡിജിഎക്സ് എ100 സിസ്റ്റത്തിന്റെ 500 മടങ്ങ് മെമ്മറി ഇതിനുണ്ട്.
പരമ്പരാഗത സെൻട്രൽ പ്രോസസിംഗ് യൂണിറ്റു (സിപിയു) കൾക്കു പകരം ഗ്രാഫിക്സ് ചിപ്പുകൾ ഉപയോഗിക്കുന്ന നാളുകളാണു വരാനിരിക്കുന്നതെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് പറഞ്ഞു. ഡാറ്റാ സെന്ററുകളും മറ്റുമാകും ആദ്യം ഇതിലേക്കു മാറുക.
കഴിഞ്ഞ വർഷം ഓപ്പൺ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) പുറത്തിറക്കിയ ചാറ്റ് ജിപിടി ഉയർത്തിയ നിർമിതബുദ്ധി തരംഗത്തിലെ പുതിയ താരമാണ് എൻവിഡിയ. കമ്പനി വലിയ വരുമാന -ലാഭ വർധന കാണിച്ചതോടെ ഓഹരികൾ കുതിച്ചു. 2023 ൽ 165 ശതമാനം വില വർധിച്ച ഓഹരികൾ കമ്പനിയുടെ വിപണിമൂല്യം ഒരു ട്രില്യൺ (ഒരു ലക്ഷം കോടി) ഡോളറിനടുത്തെത്തിച്ചു.
എൻവിഡിയയുടെ കുതിപ്പ് കാര്യമില്ലാത്തതാണെന്നും അതൊരു കുമിളയാണെന്നും വിമർശനമുണ്ട്. എന്നാൽ ജനറേറ്റീവ് എഐ എന്ന നിർമിതബുദ്ധി സാങ്കേതികവിദ്യയും അതിന്റെ ഉൽപന്നങ്ങളും ഐടി സേവന രംഗത്തു വിപ്ലവകരമായ മാറ്റങ്ങൾ വരുത്തും എന്നതിൽ വിമർശകർക്കും തർക്കമില്ല.
വിപണി സൂചനകൾ
(2023 മേയ് 29, തിങ്കൾ)
സെൻസെക്സ് 30 62,846.38 +0.55%
നിഫ്റ്റി 50 18,598.65 +0.54%
ബാങ്ക് നിഫ്റ്റി 44,311.90 +0.67%
മിഡ് ക്യാപ് 100 33,551.00 +0.38%
സ്മോൾക്യാപ് 100 10,040.60 +0.30%
ഡൗ ജോൺസ്30 33,093.34 +1.00%
എസ് ആൻഡ് പി500 4205.45 +1.30%
നാസ്ഡാക് 12,975.69 + 2.19%
ഡോളർ ($) ₹82.63 +07 പൈസ
ഡോളർ സൂചിക 104.21 -0.02
സ്വർണം(ഔൺസ്) $1944.00 +$01.40
സ്വർണം(പവൻ ) ₹44,440 ₹00.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $77.05 +$0.79