അനിശ്ചിതത്വങ്ങൾ വീണ്ടും; ഏഷ്യൻ വിപണികൾ താഴ്ചയിൽ; ഫെഡ് തീരുമാനം നാളെ; ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു

ദീപാവലിയിലേക്കു വിപണി തിളങ്ങും എന്നാണ് പലരുടെയും പ്രതീക്ഷ

Update:2023-10-31 08:22 IST

ആഗാേള അനിശ്ചിതത്വങ്ങൾ വീണ്ടും വിപണിക്കു മേൽ കരിനിഴൽ വീഴ്ത്തുന്നു. ഇന്നലെ യുഎസ് വിപണി വലിയ കുതിപ്പ് നടത്തിയെങ്കിലും ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴുകയായിരുന്നു. ചെെനയിലെ ഫാക്ടറി ഉൽപാദനം സംബന്ധിച്ച പി.എം.ഐ സൂചിക 50 -നു താഴെയായത് ചെെനീസ് വളർച്ചയെപ്പറ്റി ആശങ്ക ഉയർത്തുന്നു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം മാറ്റമില്ലാതെ തുടരുന്നു.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,225 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,247 വരെ കയറിയിട്ട് 19,215 ലേക്കു കാണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ഇന്നലെ ചെറിയ നേട്ടത്തിൽ അവസാനിച്ചു. ജർമൻ ജിഡിപി മൂന്നാം പാദത്തിൽ 0.8 ശതമാനം ചുരുങ്ങി. രണ്ടാം പാദത്തെ അപേക്ഷിച്ച് 0.1 ശതമാനം കുറവുണ്ട്. പ്രതീക്ഷയേക്കാൾ അൽപം മെച്ചമാണ് കണക്കുകൾ.

തിങ്കളാഴ്ച യുഎസ് സൂചികകൾ മികച്ച നേട്ടം കുറിച്ചു. നാളെ ഫെഡ് തീരുമാനം വന്ന ശേഷമേ വിപണി ദിശാബോധം വീണ്ടെടുക്കുകയുള്ളു എന്നാണു വിലയിരുത്തൽ.

ഇന്നലെ ഡൗ ജോൺസ് 511.37 പോയിന്റ് (1.58%) കുതിച്ച് 32,928.96 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 49.45 പോയിന്റ് (1.2%) കയറി 4166.82 ൽ അവസാനിച്ചു. ഇതോടെ എസ് ആൻഡ് പി തിരുത്തൽ മേഖലയിൽ നിന്നു മാറി. നാസ്ഡാക് 146.47 പോയിന്റ് (1.16%) ഉയർന്ന് 12,789.48 ൽ ക്ലോസ് ചെയ്തു. ഇന്നലെ കയറിയെങ്കിലും മൂന്നു സൂചികകളും ഒക്ടോബറിൽ നഷ്ടത്തിൽ അവസാനിപ്പിക്കും എന്നാണു സൂചന. 2020 മാർച്ചിനു ശേഷം തുടർച്ചയായി മൂന്നു മാസം നഷ്ടത്തിലാകുന്ന ആദ്യ അവസരമാണിത്.

യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.886 ശതമാനമായി ഉയർന്നു. യു.എസ് ഫെഡ് ഇന്നു ദ്വിദിന യോഗം തുടങ്ങും.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.26 ഉം നാസ്ഡാക് 0.35 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു വീണ്ടും നഷ്ടത്തിലായി. ജപ്പാനിൽ നിക്കെെ 0.25 ശതമാനത്തോളം താണു. ബാങ്ക് ഓഫ് ജപ്പാന്റെ പണനയ തീരുമാനം ഇന്നുണ്ടാകും.

ചൈനയിലും വിപണികൾ താഴ്ന്നാണു തുടങ്ങിയത്. ചൈനയുടെ ഫാക്ടറി ഉൽപാദനത്തിന്റെ പിഎംഐ സർവേ 49.5 ൽ ആണ്. 50.2 പ്രതീക്ഷിച്ച സ്ഥാനത്താണിത്. സൂചിക 50-ൽ താഴെ ആയത് ഉൽപാദനം കുറയുമെന്നു കാണിക്കുന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി തിങ്കളാഴ്ച വ്യാപാരത്തുടക്കത്തിൽ താഴോട്ടു പോയി. മുഖ്യസൂചികകൾ 0.6 ശതമാനം വരെ ഇടിവിലായി. പിന്നീടു ശക്തമായി തിരിച്ചു കയറി തലേ ദിവസത്തേക്കാൾ അര ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. നിഫ്റ്റി ദിവസത്തിലെ താഴ്ചയിൽ നിന്ന് 200 പോയിന്റോളം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സ് 329.85 പോയിന്റ് (0.52%) കുതിച്ച് 64,112.65 ൽ അവസാനിച്ചു. നിഫ്റ്റി 93.65 പോയിന്റ് (0.49%) ഉയർന്ന് 19,140.90 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 257.15 പോയിന്റ് (0.60%) കയറി 43,039.15 ൽ വ്യാപാരം അവസാനിപ്പിച്ചു.

മിഡ് ക്യാപ് സൂചിക 0.09 ശതമാനം കയറി 38,735.2 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.15 ശതമാനം ഉയർന്ന് 12,657.8-ൽ അവസാനിച്ചു.

വെള്ളിയാഴ്ചത്തെ കയറ്റത്തിനു പിന്നാലെ ഇന്നലെയും വിപണി ഉയർന്നതു നിക്ഷേപകർക്ക് ആവേശമായി. ദീപാവലിയിലേക്കു വിപണി തിളങ്ങും എന്നു പലരും കണക്കുകൂട്ടുന്നു.

നിഫ്റ്റിക്ക് ഇന്ന് 18,995 ലും 18,860 ലുമാണു പിന്തുണ.19,165 ലും 19,300 ലും തടസങ്ങൾ പ്രതീക്ഷിക്കാം.

വാഹന, എഫ്എംസിജി, കൺസ്യൂമർ സ്വുറബിൾ കമ്പനികൾ ആണ് ഇന്നലെ താഴ്ചയിലായത്. നിഫ്റ്റി ഓട്ടോ സൂചിക 0.9 ശതമാനം താഴ്ന്നു. റിയൽറ്റി സൂചിക 2.14 ശതമാനം ഉയർന്നു നല്ല തിരിച്ചുവരവ് നടത്തി. ഓയിൽ -ഗ്യാസ് സൂചിക 1.34 ശതമാനം ഉയർന്നു. റിലയൻസും ബിപിസിഎലും ആ മേഖലയിൽ നേട്ടത്തിനു മുന്നിൽ നിന്നു.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഇന്നലെ 2.6 ശതമാനം വരെ ഉയർന്നിട്ട് 1.9 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. കമ്പനി കടം കുറച്ചതും മൂലധനച്ചെലവ് പരിമിതപ്പെടുത്തുന്നതും വിപണിക്ക് സന്തോഷമായി. വരും പാദങ്ങളിൽ കമ്പനിയുടെ ലാഭക്ഷമത ഉയർന്നു നിൽക്കും എന്നു കണക്കാക്കുന്ന ബ്രാേക്കറേജുകൾ ഓഹരിയുടെ ലക്ഷ്യവില ഉയർത്തി. റിലയൻസ് വിപണിമൂല്യം 30,000 കോടി രൂപ കണ്ട് വർധിച്ചു.

ബിപിസിഎൽ റിഫൈനിംഗ് മാർജിൻ വീപ്പയ്ക്ക് 18.5 ഡോളറാക്കിയതു വിപണിയിൽ മതിപ്പുളവാക്കി. ഓഹരിവില നാല് ശതമാനം വരെ ഉയർന്നു. ഐഒസിയുടെയും എച്ച്പിസിയുടെയും ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി.

പിബി ഫിൻടെക് വലിയ ലാഭവർധന കാണിക്കും എന്ന പ്രതീക്ഷയിൽ ഓഹരി ഏഴു ശതമാനം വരെ ഉയർന്നു. ലാഭപ്രതീക്ഷ പേയ്ടിഎം, സൊമാറ്റോ ഓഹരികളെയും ഉയർത്തി.

പെട്രാേനെറ്റ് എൽഎൻജി മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ചെങ്കിലും കമ്പനി പെട്രോ കെമിക്കൽ വ്യവസായത്തിലേക്കു കടക്കാനായി റിഫൈനറി തുടങ്ങാൻ തീരുമാനിച്ചത് വിപണിക്ക് രസിച്ചില്ല. ഓഹരി പത്തു ശതമാനം ഇടിഞ്ഞു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യലിന്റെ വായ്പകളുടെ തിരിച്ചു പിടിത്തം അത്ര മെച്ചമല്ലെന്ന വിലയിരുത്തലിൽ ഓഹരി 13 ശതമാനം വരെ താണു.

വോഡഫാേൺ ഐഡിയ ഓഹരികൾ വിൽക്കാൻ ചില ബ്രാേക്കറേജുകൾ ശിപാർശ ചെയ്തെങ്കിലും ഓഹരി വില ഇന്നലെയും ഏഴു ശതമാനം ഉയർന്നു. കമ്പനിയിൽ നിക്ഷേപത്തിന് ഒരു വിദേശ കമ്പനിയുമായി ചർച്ച നടക്കുന്നതായ റിപ്പോർട്ടാണ് കയറ്റത്തിനു കാരണം.

വിപണിയിൽ വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്. യുഎസ് കടപ്പത്രങ്ങൾ ആകർഷകമായതും ഫണ്ടുകളുടെ ഗുണഭാേക്താക്കളെ വെളിപ്പെടുത്തേണ്ടി വരുന്നതും വിൽപനസമ്മർദം കൂട്ടുന്നു. തിങ്കളാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 1761.86 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1328.47 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ടിൻ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച കുതിച്ചു. അലൂമിനിയം 2.09 ശതമാനം കയറി ടണ്ണിന് 2266.35 ഡോളറിലായി. ചെമ്പ് 1.84 ശതമാനം ഉയർന്ന് ടണ്ണിന് 8109.65 ഡോളറിലെത്തി. ലെഡ് 0.67 ഉം നിക്കൽ 1.07 ഉം സിങ്ക് 0.73 ഉം ശതമാനം വർധിച്ചു. ടിൻ 0.26 ശതമാനം താണു.

പശ്ചിമേഷ്യൻ സാഹചര്യം വഷളാകാത്ത പശ്ചാത്തലത്തിൽ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില മൂന്നര ശതമാനത്തോളം ഇടിഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് 87.45 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.58 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില യഥാക്രമം 88.14 ഉം 82.76 ഉം ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 88.95 ഡോളറിൽ വ്യാപാരം നടക്കുന്നു. ജർമനിയിലെ മാന്ദ്യം എണ്ണ ഡിമാൻഡ് കുറയ്ക്കും എന്നു വിപണി കരുതുന്നു.

സ്വർണം ചെറിയ താഴ്ചയിലാണ്. തിങ്കളാഴ്ച 2000 ഡോളറിനു താഴേ

ക്കു നീങ്ങി ക്ലോസ് ചെയ്തു. ഔൺസിന് 10.10 ഡോളർ കുറഞ്ഞ്

1996.50 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1996.70 ഡോളറിലേക്കു കയറി.

കേരളത്തിൽ പവൻവില തിങ്കളാഴ്ച 160 രൂപ കുറഞ്ന് 45,760 രൂപയിലെത്തി.

ഡോളർ തിങ്കളാഴ്ച രണ്ടു പൈസ കയറി 83.26 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക തിങ്കളാഴ്ച താണ് 106.12 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.27-ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ 34,500നു സമീപമാണ്.


 വിപണി സൂചനകൾ

(2023 ഒക്ടോബർ 30, തിങ്കൾ)

സെൻസെക്സ്30 64,112.65 +0.52%

നിഫ്റ്റി50 19,140.90 +0.49%

ബാങ്ക് നിഫ്റ്റി 43,039.15 +0.60%

മിഡ് ക്യാപ് 100 38,735.20 +0.09%

സ്മോൾ ക്യാപ് 100 12,657.80 +0.15%

ഡൗ ജോൺസ് 30 32,929.00 +1.58%

എസ് ആൻഡ് പി 500 4166.82 +1.20%

നാസ്ഡാക് 12,789.50 +1.16%

ഡോളർ ($) ₹83.26 +₹0.02

ഡോളർ സൂചിക 106.12 -0.46

സ്വർണം (ഔൺസ്) $1996.50 -$10.10

സ്വർണം (പവൻ) ₹45,760 -₹160.00

ക്രൂഡ് ബ്രെന്റ് ഓയിൽ $87.45 -$3.03

Tags:    

Similar News