നേട്ടം പ്രതീക്ഷിച്ച് നിക്ഷേപകർ; ഐ.ടി കമ്പനികളുടെ ലക്ഷ്യവില വർധിപ്പിച്ച് ജെ.പി മാേർഗൻ റിപ്പോർട്ട്; പലിശ കുറയ്ക്കൽ വെെകും എന്ന് പുതിയ അഭ്യൂഹം

ക്രൂഡിനു കയറ്റം, സ്വർണത്തിനു താഴ്ച

Update:2024-01-04 08:14 IST

ആഗാേള വിപണികൾ എല്ലാം ചുവപ്പിലായ ഒരു ദിവസത്തിനു ശേഷം ഇന്നു നേട്ടത്തിനുള്ള ആഗ്രഹത്തിലാണ് വിപണി പ്രവർത്തകർ. ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളുടെ റേറ്റിംഗും ലക്ഷ്യവിലയും ഉയർത്തി യുഎസ് ബാങ്ക് ജെപി മാേർഗൻ ഇന്നലെ രാത്രി പുറത്തുവിട്ട റിപ്പോർട്ട് ഇന്നു വിപണിയെ സ്വാധീനിക്കും. ടിസിഎസ്, ഇൻഫോസിസ്, വിപ്രാേ, എച്ച്സിഎൽ തുടങ്ങിയവയുടെ റേറ്റിംഗ് ഉയർത്തി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിൽ ആയതും ഇന്ത്യൻ വിപണിയെ സ്വാധീനിക്കാം. പലിശ കുറയ്ക്കൽ ഉടനെ പ്രതീക്ഷിക്കേണ്ട എന്ന ഫെഡ് മിനിറ്റ്സിലെ സൂചന കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം ഉയർത്തി, സ്വർണവില താഴ്ത്തി, ഡോളർ നിരക്ക് കൂട്ടി. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നത് ക്രൂഡ് ഓയിൽ വിലയെ വീണ്ടും കയറ്റി.

ബുധൻ രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,603 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,625 ലാണ്. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

ബുധനാഴ്ച യൂറോപ്യൻ വിപണികൾ വലിയ താഴ്ചയോടെയാണ് അവസാനിച്ചത്. ജർമൻ, ഫ്രഞ്ച് വിപണികൾ ഒന്നര ശതമാനം താണു. ടെക് ഓഹരികൾ രണ്ടു ശതമാനം ഇടിഞ്ഞു. ഷിപ്പിംഗ് കമ്പനി മെർസ്ക് അഞ്ചു ശതമാനം കൂടി കയറി.

യു.എസ് വിപണി ഇന്നലെയും ഇടിവിലായി. ഡൗ ജോൺസ് 284.85 പോയിന്റ് (0.76%) താഴ്ന്ന് 37,430.19 ൽ ക്ലോസ് ചെയ്തപ്പോൾ എസ് ആൻഡ് പി 38.02 പോയിന്റ് (0.80%) കുറഞ്ഞ് 4704.81 ൽ അവസാനിച്ചു. നാസ്ഡാക് 173.73 പോയിന്റ് (1.18%) താഴ്ന്ന് 14,592.21ൽ ക്ലോസ് ചെയ്തു. നാസ്ഡാക് തുടർച്ചയായ നാലാം ദിവസവും താഴ്ന്നു. ആപ്പിൾ അടക്കമുള്ള ടെക് ഓഹരികൾ ഇന്നലെയും താണു. ടെസ്ല ഓഹരി നാലു ശതമാനത്തിലധികം താഴ്ചയിലായി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റത്തിലാണ്. ഡൗ 0.11 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.13 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

10 വർഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം നാലു ശതമാനം വരെ കയറിയിട്ട് 3.92 ശതമാനത്തിലേക്കു താണു. യുഎസ് സമ്പദ്ഘടന ശക്തമായതിനാൽ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം ഈ വർഷം പകുതിയോടെ 5.5 ശതമാനത്തിലേക്കു കുതിക്കുമെന്ന് ബിയാൻകാേ റിസർച്ച് മേധാവി ജിം ബിയാൻകോ പ്രവചിച്ചു.

ഇന്നും നാളെയും യു.എസ് തൊഴിൽ കണക്കുകൾ പുറത്തു വരുന്നത് വിപണിയെ സ്വാധീനിക്കും. ഇന്നലെ പുറത്തു വന്ന യുഎസ് ഫെഡ് മിനിറ്റ്സ് പലിശ കുറയ്ക്കൽ വെെകും എന്ന സൂചനയാണു നൽകിയത്. മാർച്ചിൽ പലിശ കുറച്ചു തുടങ്ങും എന്ന അഭ്യൂഹം ആണു രണ്ടാഴ്ചയായി വിപണിയെ നയിച്ചിരുന്നത്.

ഏഷ്യൻ വിപണികൾ ഇന്നും താഴ്ചയിലാണ്. ജാപ്പനീസ് വിപണി ഒന്നര ശതമാനം ഇടിഞ്ഞു. ചെെനീസ് വിപണികൾ ഇന്നും താഴ്ന്നു. ഓസ്ട്രേലിയൻ, കൊറിയൻ വിപണികൾ താഴ്ന്നാണു വ്യാപാരമാരംഭിച്ചത്.

ഇന്ത്യൻ വിപണി 

ബുധനാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങി, വീണ്ടും താഴ്ന്നു. സെൻസെക്സ് ഇന്നലെ 71,303 വരെയും നിഫ്റ്റി 21,500 വരെയും താണു.

സെൻസെക്സ് 535.88 പോയിന്റ് (0.75%) ഇടിഞ്ഞ് 71,356.60 ലും നിഫ്റ്റി 148.45 പോയിന്റ് (0.69%) താഴ്ന്ന് 21,517.35 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 56.7 പോയിന്റ് (0.12%) താണ് 47,704.95 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.30 ശതമാനം കയറി 46,529.05 ലും സ്മോൾ ക്യാപ് സൂചിക നാമമാത്രമായി താണ് 15,188.80 ലും വ്യാപാരം അവസാനിപ്പിച്ചു.

ഐ.ടി ഓഹരികൾ കുത്തനേ ഇടിഞ്ഞു. കമ്പനികളുടെ മൂന്നാം പാദ റിസൽട്ട് മോശമാകും എന്ന വിലയിരുത്തലും യുഎസിൽ ടെക് ഓഹരികൾ ഇടിഞ്ഞതും തകർച്ചയ്ക്കു കൂട്ടു നിന്നു. നിഫ്ടി ഐ.ടി സൂചിക 2.52 ശതമാനം ഇടിവിൽ അവസാനിച്ചു. ടി.സി.എസ് 2.39 ഉം ഇൻഫോസിസ് 2.76 ഉം വിപ്രോ 2.81ഉം എച്ച്സിഎൽ 2.15 ഉം ടെക് മഹീന്ദ്ര 2.9 ഉം ശതമാനം താഴ്ന്നു. ജെപി മാേർഗന്റെ റിപ്പോർട്ടിനെ തുടർന്ന് ഐടി ഓഹരികൾ ഇന്നു തിരിച്ചു കയറാൻ സാധ്യതയുണ്ട്. നാസ്ഡാക് ഫ്യൂച്ചേഴ്സ് കയറിയതും പ്രതീക്ഷ നൽകുന്നു.

മെറ്റൽ ഓഹരികളും ഇടിവിലായിരുന്നു. ചൈനയിലെ ഫാക്ടറി ഉൽപാദന സൂചിക പ്രതീക്ഷയിലധികം താഴ്ന്നത് ലോക വിപണിയിൽ ലോഹങ്ങളുടെ വില താഴ്ത്തിയതാണ് കാരണം. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, സെയിൽ, ഹിൻഡാൽകാേ, നാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ തുടങ്ങിയവ ഇടിഞ്ഞു.

വോഡഫാേൺ ഐഡിയ ഓഹരി ഇന്നലെ 1.25 ശതമാനം താണു. ഇലോൺ മസ്ക് കമ്പനിയിൽ പണം മുടക്കുമെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയാേ ചെയ്തിട്ടില്ല. കമ്പനിയിലെ 33 ശതമാനം സർക്കാർ ഓഹരി മസ്കിനു നൽകും എന്ന റിപ്പോർട്ടിനെപ്പറ്റി കമ്പനിയോട് വിശദീകരണം ചോദിച്ച സെബിക്ക് തങ്ങൾക്കൊന്നും അറിയില്ലെന്ന മറുപടിയാണു ലഭിച്ചത്. മസ്ക് വരുന്നതായ റിപ്പോർട്ടിനെ തുടർന്ന് ഓഹരി 38 ശതമാനം കയറിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് വച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സെബി നടത്തുന്ന അന്വേഷണം മതി എന്നാണു വിധി. അദാനി ഓഹരികൾക്കു വിലത്തകർച്ച ഉണ്ടാക്കിയ റിപ്പോർട്ടിനെപ്പറ്റിയാണ് അന്വേഷണം വേണ്ടതെന്ന പരാമർശവും കോടതി നടത്തി. വിധി വരും മുൻപേ ഉയർച്ചയിലായിരുന്ന അദാനി ഗ്രൂപ്പ് ഓഹരികൾ പിന്നീട് ആ നേട്ടം നിലനിർത്തി. ചില ഓഹരികൾ 10 ശതമാനത്തിലധികം കയറി. ഗ്രൂപ്പിന്റെ വിപണിമൂല്യം 15 ലക്ഷം കോടി രൂപ കടന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനു മുമ്പ് 19 ലക്ഷം കോടിയായിരുന്നു വിപണിമൂല്യം.

സൺ ഫാർമയുടെ ഗവേഷണ കമ്പനിയായ സ്പാർക്ക് ഇന്നലെ 15 ശതമാനം ഉയർന്നു.

ഇന്ധനവില കുറയ്ക്കാൻ ആലോചനയില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഇന്നലെ അറിയിച്ചു.

ബജാജ് ഓട്ടോ ഓഹരികൾ തിരിച്ചു വാങ്ങും എന്നു പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് തിരിച്ചു വാങ്ങൽ വിലയടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും. ഈ അറിയിപ്പിനെ

തുടർന്ന് ഓഹരിവില ചരിത്രത്തിൽ ആദ്യമായി 7000 രൂപ കടന്നു.

ഡിസംബറിൽ രാജ്യത്തെ ഫാക്ടറി ഉൽപാദന സൂചിക (പിഎംഐ) 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 54.9 ൽ എത്തി. നവംബറിൽ 56 ആയിരുന്നു.

വിദേശനിക്ഷേപ ഫണ്ടുകൾ ബുധനാഴ്ച ക്യാഷ് വിപണിയിൽ 666.34 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 862.98 കോടിയുടെ ഓഹരികളും വിറ്റു.

വിപണിയിൽ വിൽപന സമ്മർദം തുടരുകയാണ്. തിരുത്തൽ മേഖലയിലേക്കു സൂചികകൾ താഴാം എന്നു കരുതുന്നവർ ഏറെയാണ്. നിഫ്റ്റിക്ക് ഇന്ന് 21,500 ലും 21,390 ലും പിന്തുണ ഉണ്ട്. 21,535 ഉം 21,740 ഉം തടസങ്ങളാകാം.

ക്രൂഡ് ഓയിലും സ്വർണവും 

ചെങ്കടലിലും പശ്ചിമേഷ്യയിലും ആശങ്കകൾ വർധിച്ചത് ക്രൂഡ് ഓയിൽ വില കൂട്ടി. ലബനനിൽ ഹമാസ് ഉപമേധാവിയെ വധിച്ചതും ഇറാനിൽ ഭീകരാക്രമണം നടന്നതും ഹൂതീകളെ പിന്താങ്ങുന്ന ഇറാന്റെ ഒരു പടക്കപ്പൽ ചെങ്കടലിൽ പ്രവേശിച്ചതും ആശങ്ക കൂട്ടുന്നു. ക്രൂഡ് ഓയിൽ വില 3.3 ശതമാനം കയറി. ബ്രെന്റ് ഇനം ക്രൂഡ് ബുധനാഴ്ച 78.37 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 72.70 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 78.51 ഡോളറിലെത്തി. ഇന്നു രാവിലെ ബ്രെന്റ് ഇനം 78.55 ഡോളറിലേക്കു കയറി.

സ്വർണം ബുധനാഴ്ച താഴോട്ടു നീങ്ങി. ഡോളർ കരുത്തു കൂട്ടിയതും യുഎസ് ഫെഡിന്റെ പലിശ കുറയ്ക്കൽ നീളുമെന്ന സൂചനയും ഇതിനു വഴിതെളിച്ചു. സ്വർണം ഇന്നലെ 18 ഡോളർ കുറഞ്ഞ് ഔൺസിനു 2040.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2041.90 ലേക്കു കയറി.

കേരളത്തിൽ പവൻവില ബുധനാഴ്ച 200 രൂപ കുറഞ്ഞ് 46,800 രൂപ ആയി. ഇന്നും വില ഗണ്യമായി കുറയുമെന്നാണ് ലോകവിപണി നൽകുന്ന സൂചന.

ഡോളർ സൂചിക ഇന്നലെയും ഉയർന്നു. 102.45- ൽ സൂചിക എത്തി. ഇന്നു രാവിലെ 102.51 ലേക്കു കയറി. ഇനിയും കയറും എന്നാണു സംസാരം.

ഇന്നലെ ഡോളർ നാലു പൈസ താഴ്ന്ന് 83.28 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു ഡോളർ കയറിയേക്കാം.

ക്രിപ്‌റ്റോ കറൻസി അധിഷ്ഠിത ഇടിഎഫിന് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) അമേരിക്കയിൽ ഉടനെ അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയിൽ ഉയർന്ന ക്രിപ്‌റ്റോ കറൻസികൾ ഇടിഞ്ഞു. 45,910 ഡോളർ വരെ എത്തിയ ബിറ്റ്കോയിൻ ബുധനാഴ്ച 42,650 ലേക്കു താണു. 5.5 ശതമാനം ഇടിവ്. ക്രിപ്റ്റോ ഇടിഎഫ് അംഗീകാരം വൈകും എന്നാണു പുതിയ സംസാരം. 

വിപണിസൂചനകൾ (2024 ജനുവരി 3, ബുധൻ)

സെൻസെക്സ്30 71,356.60 -0.75%

നിഫ്റ്റി50 21,517.35 -0.69%

ബാങ്ക് നിഫ്റ്റി 47,704.95 -0.12%

മിഡ് ക്യാപ് 100 46,529.05 +0.30%

സ്മോൾ ക്യാപ് 100 15,188.80 -0.01%

ഡൗ ജോൺസ് 30 37,430.19 +0.76%

എസ് ആൻഡ് പി 500 4704.81 -0.80%

നാസ്ഡാക് 14,592.21 -1.18%

ഡോളർ ($) ₹83.28 -₹0.04

ഡോളർ സൂചിക 102.45 +0.25

സ്വർണം (ഔൺസ്) $2041.40 -$18.00

സ്വർണം (പവൻ) ₹46,800 -₹ 200.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $78.37 +$2.29

Tags:    

Similar News