വിപണികൾ ഇടിവിൽ; ക്രൂഡ് വിലയും പലിശയും വിഷയം; ഡോളർ റെക്കോഡ് ഉയരത്തിൽ; ഇന്ത്യക്ക് ആശങ്കയില്ല
കാലാവസ്ഥപ്പിഴവു മൂലം കരിമ്പ് ഉൽപാദനം കുറയുമ്പോൾ പഞ്ചസാരയുടെ വില രാജ്യത്തും പുറത്തും കൂടും എന്ന വിലയിരുത്തലിൽ പഞ്ചസാര ഓഹരികൾ കുതിച്ചു
ആഗോള വിപണികൾ താഴ്ചയിൽ. ക്രൂഡ് ഓയിൽ വിലക്കയറ്റവും പലിശപ്പേടിയും വിപണികളെ നഷ്ടത്തിലാഴ്ത്തി ഇന്ന് ഏഷ്യൻ വിപണികളും ഇന്നു താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,625 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,630 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ഇന്നലെയും നഷ്ടത്തിൽ അവസാനിച്ചു. ക്രൂഡ് ഓയിൽ വിലയിലാണു വിപണിയുടെ നോട്ടം. ശീതകാലത്തേക്കു ക്രൂഡ് ഓയിൽ 100 ഡോളറിൽ എത്തുമാേ എന്ന ആശങ്കയുണ്ട്. ജർമനിയിൽ ഫാക്ടറികൾക്കുള്ള പുതിയ നിർമാണ കരാറുകൾ ജൂലെെയിൽ തലേ മാസത്തേക്കാൾ 11.7 ശതമാനം കുറവായതും നല്ല സൂചനയായി വിപണി കാണുന്നില്ല.
യു.എസ് വിപണികൾ വീണ്ടും നഷ്ടത്തിൽ അവസാനിച്ചു. പലിശഭീതി വർധിപ്പിച്ചുകൊണ്ട് ക്രൂഡ് ഓയിൽ വിലയും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടവും ഉയർന്നു പോകുകയാണ്. അടുത്ത ഫെഡ് യോഗം നിരക്കു കൂട്ടുമെന്നു കരുതുന്നവർ ഇപ്പോഴും ന്യൂനപക്ഷമാണ്. എന്നാൽ നവംബറിൽ പലിശ കൂട്ടുമെന്നു കരുതുന്നവർ 40 ശതമാനത്തിലധികമായി. പുതിയ സാന്പത്തിക കണക്കുകൾ നിരക്കു വർധനയെ ന്യായീകരിക്കുന്നവയാണ്. യുഎസ് സേവനമേഖലയുടെ സൂചിക ആറു മാസത്തിനുള്ളിലെ ഉയർന്ന നിലയിൽ എത്തി. സേവനമേഖലയിലെ വിലസൂചിക 58.9 ശതമാനത്തിലേക്കു കയറി നാലു മാസത്തെ ഉയർന്ന നിലയിലായി..
പലിശ വർധന ടെക് ഓഹരികളെയാണു കൂടുതൽ ബാധിക്കുക എന്നതു കൊണ്ട് നാസ്ഡാക് സൂചിക ഇന്നലെ കൂടുതൽ താഴ്ന്നു. വ്യപാരസമയത്തിനു ശേഷമുള്ള ഇടപാടുകളിൽ ആപ്പിളും എൻവിഡിയയും മൂന്നു ശതമാനം വീതം താഴ്ചയിലായി.
ഡൗ ജോൺസ് 198.78 പോയിന്റ് (0.57%) താഴ്ന്ന് 34,443.19ലും എസ് ആൻഡ് പി 31.35 പോയിന്റ് (0.70%) ഇടിഞ്ഞ് 4465.48 ലും അവസാനിച്ചു. നാസ്ഡാക് 148.48 പോയിന്റ് (1.06%) ഇടിവോടെ 13,872.47 ൽ ക്ലോസ് ചെയ്തു.
യു.എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നഷ്ടത്തിലാണ്. ഡൗ 0.05 ഉം എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.13 ഉം ശതമാനം താണു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്.
ഓസ്ട്രേലിയൻ, കാെറിയൻ വിപണികൾ ഒരു ശതമാനം താഴ്ന്നു. എന്നാൽ ജപ്പാനിലെ നിക്കെെ നേരിയ താഴ്ചയിലാണ്. ക്രൂഡ് വിലക്കയറ്റം എങ്ങും വിപണികൾക്കു ക്ഷീണമായി. 1ഓസ്ട്രേലിയയുടെയും ചെെനയുടെയും കയറ്റുമതി കണക്കുകൾ ഇന്നു പുറത്തുവിടും.
ചൈനീസ് സൂചികകളും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ചൈന റിയൽ എസ്റ്റേറ്റ് മേഖലയെ ഉയർത്താൻ സ്വീകരിച്ച നടപടികൾ ഇന്നു വലിയ ആവേശം ഉണ്ടാക്കിയില്ല.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ബുധനാഴ്ച താഴ്ന്നു തുടങ്ങി, വീണ്ടും ഉയർന്നു, താഴ്ന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറിലെ കുതിപ്പിൽ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 100.26 പോയിന്റ് (0.15%) ഉയർന്ന് 65,880.52. ലും നിഫ്റ്റി 36.15 പോയിന്റ് (0.18%) കയറി 19,611.05 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 123.05 പോയിന്റ് (0.28%) താഴ്ന്ന് 44,409.10. ൽ അവസാനിച്ചു.
വിശാലവിപണി നേരിയ നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.08 ശതമാനം കയറി 40,284.10-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.15 ശതമാനം ഉയർന്ന് 12,674.90 ൽ ക്ലോസ് ചെയ്തു.
വിദേശ ഫണ്ടുകൾ ബുധനാഴ്ച ക്യാഷ് വിപണിയിൽ 3245.86 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 247.46 കോടിയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റിക്ക് ഇന്നു 19,525 ലും 19,435 ലും പിന്തുണ ഉണ്ട്. 19,635 ഉം 19,725 ഉം തടസങ്ങളാകാം.
പൊതുമേഖ ലാബാങ്കുകൾ, റിയൽറ്റി, മെറ്റൽ, സ്വകാര്യ ബാങ്കുകൾ, വാഹനങ്ങൾ, ഐടി മേഖലകൾ ഇന്നലെ ഇടിവിലായിരുന്നു. എഫ്‌എംസിജി, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയവ നേട്ടം ഉണ്ടാക്കി.
ലെഡ് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഇടിഞ്ഞു. അലൂമിനിയം 0.03 ശതമാനം താഴ്ന്ന് ടണ്ണിന് 2193.44 ഡോളറിലായി. ചെമ്പ് 0.39 ശതമാനം താണു ടണ്ണിന് 8394.5 ഡോളറിൽ എത്തി. ലെഡ് 1.14 ശതമാനം കയറി. ടിൻ 1.24 ശതമാനം, സിങ്ക് 0.81 ശതമാനം, നിക്കൽ 1.32 ശതമാനം എന്ന തോതിൽ കുറഞ്ഞു.
ക്രൂഡ് ഓയിൽ ഇന്നലെയും കയറി. ബ്രെന്റ് ഇനം ഇന്ന് 90.63 ഡോളറിലും ഡബ്ള്യുടിഐ ഇനം 87.59 ഡോളറിലും ക്ലോസ് ചെയ്തു.
യു.എ.ഇയുടെ മർബൻ ക്രൂഡ് 92.71 ഡോളർ വരെ എത്തി.
സ്വർണ്ണം വീണ്ടും താഴ്ന്ന് ഔൺസിന് 1917.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1916.30 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ ഇന്നലെയും പവൻവില 120 രൂപ കുറഞ്ഞ് 44,000 രൂപയിൽ എത്തി. ഇന്നു വീണ്ടും വില കുറയാം.
രൂപ ഇന്നലെയും നഷ്ടത്തിൽ അവസാനിച്ചു. ഡോളർ പത്തു പൈസ കയറി 83.14 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ അൽപം ഉയർന്ന് 104.86 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.88 ലേക്കു കയറി.
ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 25, 700 ഡോളറിനടുത്താണ്.
ഹാൽദിറാമിനെ വാങ്ങാൻ ടാറ്റാ കൺസ്യൂമർ
ഹാൽദിറാം സ്നാക്സ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് ശ്രമിക്കുന്നതായ റിപ്പോർട്ട് ഇന്നലെ വിപണിയിൽ പ്രചരിച്ചു. ടാറ്റാ കൺസ്യൂമർ ഓഹരി നാലു ശതമാനം ഉയരുകയും ചെയ്തു. എന്നാൽ ടാറ്റാ ഗ്രൂപ്പും ഹാൽദിറാം ഗ്രൂപ്പും റിപ്പോർട്ട് നിഷേധിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സ്വദേശി സ്നാക്ക് ബ്രാൻഡ് ആണു ഹാൽദിറാം. കമ്പനിയിൽ 51 ശതമാനം ഓഹരി വാങ്ങാൻ ടാറ്റാ ഗ്രൂപ്പ് ചർച്ച നടത്തുകയാണെന്ന് റോയിട്ടേഴ്സ് ആണു റിപ്പോർട്ട് ചെയ്തത്. ഹാൽദിറാം ഗ്രൂപ്പ് ചോദിക്കുന്ന വില വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എഫ്എംസിജി കമ്പനിയായി മാറാൻ ആഗ്രഹിക്കുന്ന ടാറ്റാ കൺസ്യൂമറിന് ഈ ഏറ്റെടുക്കൽ വലിയ നേട്ടമാകും. 620 കോടി ഡോളർ വിറ്റുവരവുള്ള ഇന്ത്യൻ സ്നാക്സ് വിപണിയിൽ 13 ശതമാനം പ്രാതിനിധ്യമാണ് ഹാൽദിറാമിനുള്ളത്. പെപ്സിയുടെ ലെയ്സും അത്ര തന്നെ പങ്ക് അവകാശപ്പെടുന്നു.
തൊണ്ണൂറു വർഷത്തോളം പാരമ്പര്യം അവകാശപ്പെടുന്ന ഹാൽദിറാമിൽ ഓഹരി എടുക്കാൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ബെയിൻ കാപ്പിറ്റലും ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഡോളർ കയറുന്നു; രൂപ താഴുന്നു
ഡോളർ ഇന്നലെ 10 പൈസ നേട്ടത്തിൽ 83.14 രൂപയിൽ ക്ലോസ് ചെയ്തു. ഡോളറിന്റെ ഏറ്റവും ഉയർന്ന ക്ലോസിംഗ് 83.15 രൂപയാണ്. കഴിഞ്ഞ മാസം 17 നായിരുന്നു അത്. ഇൻട്രാ ഡേയിലെ ഏറ്റവും ഉയർന്ന നില കഴിഞ്ഞ വർഷം എത്തിയ 83.25 രൂപയാണ്.
ഡോളർ സൂചിക ഉയരുന്നതും ക്രൂഡ് ഓയിൽ വില കയറുന്നതുമാണു രൂപയുടെ മേൽ ഡോളറിന് ഈ കയറ്റം നൽകുന്നത് എന്നാണു വിലയിരുത്തൽ.
ആറു പ്രമുഖ വ്യാപാര പങ്കാളികളുടെ കറൻസികളുമായി താരതമ്യം ചെയ്താണ് ഡോളർ സൂചിക തയാറാക്കുന്നത്. അത് ഇന്നലെ 104.86 വരെ ഉയർന്നു. ഡോളർ സൂചിക കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 114 വരെ എത്തിയതാണ്. അന്നു ഡോളറിന് 82 രൂപയേ വന്നുള്ളൂ. ഇപ്പോൾ 105 നു താഴെ നിൽക്കുമ്പോൾ 83 രൂപയ്ക്കു മുകളിലേക്കു ഡോളർ കയറി.
ക്രൂഡ് ഓയിൽ വില ബ്രെന്റ് ഇനത്തിനു 90 ഡോളർ കവിഞ്ഞു. പക്ഷേ അതും രൂപയുടെ താഴ്ചയ്ക്കു മതിയായ വിശദീകരണമല്ല.
ചൈനയുടെ യുവാൻ അടക്കം പല ഏഷ്യൻ കറൻസികളും ഡോളറുമായുള്ള വിനിമയത്തിൽ ഈയിടെ താഴെപ്പോയി. യുവാൻ ഒരു വർഷം കൊണ്ട് ഒൻപതു ശതമാനം ഇടിഞ്ഞു. ഇന്ത്യൻ രൂപ ഒരു വർഷം കൊണ്ട് 4.37 ശതമാനമേ താണിട്ടുള്ളു. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിന് 79.65 രൂപയായിരുന്നു ഡോളർ നിരക്ക്.
ഡോളർ ഇനിയും കയറുമെന്നാണ് അഭ്യൂഹം. സമീപ ദിവസങ്ങളിൽ തന്നെ 84 രൂപയിൽ എത്തുമെന്നു വിപണി കണക്കാക്കുന്നു. ഐടി അടക്കം കയറ്റുമതി മേഖല രൂപ സാവധാനം താഴുന്നതിൽ പ്രശ്നം കാണുന്നില്ല.
കമ്പനികൾ, ഓഹരികൾ
കാലാവസ്ഥപ്പിഴവു മൂലം കരിമ്പ് ഉൽപാദനം കുറയുമ്പോൾ പഞ്ചസാരയുടെ വില രാജ്യത്തും പുറത്തും കൂടും എന്ന വിലയിരുത്തലിൽ പഞ്ചസാര ഓഹരികൾ ഇന്നലെ കുതിച്ചു. അവധ് ഷുഗർ 13 ശതമാനം കയറി. ധാംപുർ 7.5 ശതമാനം ഇഐഡി പാരി 6.2 ശതമാനവും ദ്വാരികേഷ് അഞ്ചു ശതമാനവും ഉയർന്നു.
എഫ്. എ.സി.ടി ഓഹരി ഇന്നലെ 19 ശതമാനം കുതിച്ച് 546.25 രൂപയിലും എത്തി. ആർസിഎഫ്, എൻഎഫ്എൽ, സുവാരി അഗ്രാേ, സ്പിക് തുടങ്ങിയവയും ഇന്നലെ നല്ല കയറ്റം നടത്തി.
കുറേ ദിവസങ്ങളായി കുതിപ്പിലായിരുന്ന ഐആർഎഫ്സി, ആർവിഎൻഎൽ തുടങ്ങിയ റെയിൽവേ ഓഹരികൾ ഇന്നലെ ഏഴു ശതമാനം വരെ താണു.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 6, ബുധൻ)
സെൻസെക്സ് 30 65,880.52 +0.15%
നിഫ്റ്റി 50 19,611.05 +0.18%
ബാങ്ക് നിഫ്റ്റി 44,409.10 -0.28%
മിഡ് ക്യാപ് 100 40,284.10 +0.08%
സ്മോൾ ക്യാപ് 100 12,674.90 +0.15%
ഡൗ ജോൺസ് 30 34,443.19 -0.57%
എസ് ആൻഡ് പി 500 4465.48 -0.70%
നാസ്ഡാക് 13,872.47 -1.06%
ഡോളർ ($) ₹83.14 +0.10
ഡോളർ സൂചിക 104.86 00.05
സ്വർണം(ഔൺസ്) $1917.40 -$09.40
സ്വർണം(പവൻ) ₹44,000 -₹120.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $90.63 +$0.04