ചന്ദ്രയാൻ ആവേശം ഓഹരി വിപണിക്കും

റിലയൻസ് റീട്ടെയിലിൽ ഖത്തറിന്റെ 8,200 കോടി രൂപ നിക്ഷേപം

Update:2023-08-24 08:29 IST

വിദേശ വിപണികളിലെ ഉണർവും നിർമിതബുദ്ധി ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയയുടെ ആവേശകരമായ റിസൽട്ടും ഇന്നു വിപണിയെ ഉയർത്തും എന്ന പ്രത്യാശയിലാണ് നിക്ഷേപകർ. ഇന്ത്യയുടെ ചന്ദ്രയാൻ വിജയവും വിപണിയിൽ ഉത്സാഹം വർധിപ്പിക്കാം. ക്രൂഡ് ഓയിൽ വിലയും ഡോളറും താഴ്ന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,488.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,520 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ബുധനാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. ജർമനിയിലെ പിഎംഐ സൂചിക ഫാക്ടറി ഉൽപാദനവും ബിസിനസ് കാര്യങ്ങളും മന്ദഗതിയിലായി എന്നു കാണിച്ചു. തലേ മാസം 48.6 ആയിരുന്ന സൂചിക 47 ആയി താണു. ജർമൻ കടപ്പത്ര വിലകൾ ഉയർന്നു. സെപ്റ്റംബറിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ കൂട്ടാനുള്ള സാധ്യത കുറഞ്ഞെന്നു വിപണി വിലയിരുത്തി.
യുഎസ് വിപണികൾ ഇന്നലെ നല്ല നേട്ടത്തിലായി. . ഡൗ ജോൺസ് 184.15 പോയിന്റ് (0.54%) കയറി 34,472.98 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 48.46 പോയിന്റ് (1.10%) കുതിച്ച് 4436.01 ൽ അവസാനിച്ചു. നാസ്ഡാക് 215.16 പോയിന്റ് (1.59%) കയറി 13,721.03 ൽ ക്ലോസ് ചെയ്തു.
നിർമിതബുദ്ധി ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയ വിപണിസമയത്തിനു ശേഷം പുറത്തുവിട്ട റിസൽട്ട് വിപണിക്ക് ആവേശം പകരുന്നതായി. ഇന്നലെ ചിപ് ഓഹരികൾ നല്ല നേട്ടത്തിലായിരുന്നു. ഇന്നും അവ കുതിക്കുമെന്നു ഫ്യൂച്ചേഴ്സ് സൂചിപ്പിക്കുന്നു.
സ്പോർട്സ് വസ്ത്രങ്ങളും സാമഗ്രികളും വിൽക്കുന്ന കമ്പനികളുടെ ഓഹരികൾ ഇടിവു തുടർന്നു. ഫസ്റ്റ് ലോക്കർ 28 ശതമാനം ഇടിഞ്ഞു. നെെക്ക് തുടർച്ചയായ പത്താം ദിവസവും താണു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.2 ഉം എസ് ആൻഡ് പി 0.6 ഉം നാസ്ഡാക് 0.8 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ചൈനീസ് വിപണി ഇന്നലെ 1.34 ശതമാനം ഇടിഞ്ഞു. മറ്റ് ഏഷ്യൻ വിപണികൾ ബുധനാഴ്ച നേട്ടത്തിലായിരുന്നു. ഇന്നു രാവിലെ ചെെന അടക്കം ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും വിപണികൾ നല്ല കയറ്റത്തിലാണ്.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ഇന്നലെ തുടക്കത്തിലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 65,108- 65,505 മേഖലയിലും നിഫ്റ്റി 19,366- 19,472 മേഖലയിലുമാണു കയറിയിറങ്ങിയത്. സെൻസെക്സ് 213.27 പോയിന്റ് (0.33%) ഉയർന്ന് 65,433.30ലും നിഫ്റ്റി 47.55 പോയിന്റ് (0.25%) കയറി 19,444 ലും ക്ലോസ് ചെയ്തു.
വിശാല വിപണിയിൽ ബുള്ളുകൾ കൂടുതൽ മുന്നേറി. മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾ റെക്കോഡ് നിലവാരത്തിലായി. മിഡ് ക്യാപ് സൂചിക 0.39 ശതമാനം ഉയർന്ന് 38,694.65 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.91 ശതമാനം കുതിച്ച് 11,960.2ൽ ക്ലോസ് ചെയ്തു.
വിദേശ ഫണ്ടുകൾ ഇന്നലെ ക്യാഷ് വിപണിയിൽ വാങ്ങലുകാരായി. അവർ 6 14.32 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 12503 കോടിയുടെ ഓഹരികൾ വാങ്ങി.
ഇന്നലെ വിപണിക്കു 19,500 മറികടക്കാനായില്ലെങ്കിലും കൂടുതൽ മുന്നറ്റത്തിന് കരുത്തുണ്ടെന്നാണു വിലയിരുത്തൽ. നിഫ്റ്റിക്ക് 19,390 ലും 19,325ലും പിന്തുണ ഉണ്ട്.19,470 ഉം 19,530 ഉം തടസങ്ങളാകാം.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായിരുന്നു. അലൂമിനിയം നാമമാത്രമായി (0.06 ശതമാനം) താണ് ടണ്ണിന് 2177.50 ഡോളറിലായി. ചെമ്പ് 1.12 ശതമാനം ഉയർന്നു ടണ്ണിന് 8424.10 ഡോളറിൽ എത്തി. ടിൻ 0.96 ശതമാനം, ലെഡ് 0.21 ശതമാനം, സിങ്ക് 0.32 ശതമാനം എന്ന തോതിൽ താഴ്ന്നു. നിക്കൽ 1.44 ശതമാനം ഉയർന്നു.

ക്രൂഡ് ഓയിൽ താഴ്ന്നു, സ്വർണം ഉയരുന്നു  

ക്രൂഡ് ഓയിൽ വീണ്ടും താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 83.21 ഡോളറിലും ഡബ്ള്യുടിഐ ഇനം 78.89 ഡോളറിലും ഇന്നലെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 82.98 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 78.61 ഡോളറിലേക്കും താഴ്ന്നു.
ചൈനയിലെയും യൂറോപ്പിലെയും വ്യവസായ മേഖലകൾ ക്ഷീണത്തിലായതാണു വിലകൾ താഴാൻ കാരണം.
സ്വർണം കുതിപ്പിലാണ്. ഔൺസിന് 18.20 ഡോളർ കയറി 1916.40 ഡോളറിൽ ഇന്നലെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം 1919 ഡോളറിലേക്കു കയറി. നാളെ യുഎസ് ഫെഡ് മേധാവി ജെറോം പവൽ കേന്ദ്രബാങ്ക് മേധാവികളുടെ ജാക്സൺ ഹോൾ സമ്മേളനത്തിൽ എന്തു പറയും എന്നാണു വിപണി ഉറ്റു നോക്കുന്നത്.
കേരളത്തിൽ ഇന്നലെ പവൻവില 80 രൂപ കയറി 43,440 രൂപയിൽ എത്തി. ഇന്നും വില കയറും.
രൂപ ബുധനാഴ്ച നല്ല നേട്ടത്തിലായി. ഡോളർ 25 പെെസ നഷ്ടപ്പെടുത്തി 82.69 രൂപയിൽ ക്ലോസ് ചെയ്തു. വിപണിയിൽ റിസർവ് ബാങ്ക് ഇടപെട്ടതായി നിഗമനമുണ്ട്.
ഡോളർ സൂചിക ഇന്നലെ താഴ്ന്ന് 103.42-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.36 വരെ താണു.
ക്രിപ്റ്റോ കറൻസികൾ താഴ്ന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ 26,450 ഡോളറിനു സമീപമാണ്.
റിലയൻസ് റീട്ടെയിലിൽ ഖത്തർ നിക്ഷേപം
റിലയൻസ് റീട്ടെയിലിൽ 100 കോടി ഡോളർ നിക്ഷേപിച്ച് ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി (ക്യുഐഎ). ഒരു ശതമാനം ഓഹരിയാണ് അവർക്കു ലഭിക്കുക. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന് (ആർആർവിഎൽ) 10,000 കോടി ഡോളർ (8.3 ലക്ഷം കോടി രൂപ) വിപണിമൂല്യമാണ് ഇതു വഴി കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 2.6 ലക്ഷം കോടി രൂപ വിറ്റുവരവിൽ 9181 കോടി രൂപ അറ്റാദായം ഉണ്ടായിരുന്നു. 18,500 സ്റ്റാേറുകൾ കമ്പനിക്കുണ്ട്.
റിലയൻസ് റീട്ടെയിലിലെ 88.9 ശതമാനം ഓഹരി റിലയൻസ് ഇൻഡസ്ട്രീസിനാണ്. 11.08 ശതമാനം പല വിദേശനിക്ഷേപകർക്കു വിറ്റു. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ബോർഡ് ഇതിൽ 9555 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
ചന്ദ്രയാൻ കമ്പനികൾ കുതിച്ചു
ചന്ദ്രയാൻ- 3 ദൗത്യവുമായി ബന്ധപ്പെട്ട നിരവധി ഓഹരികൾ ഇന്നലെ വലിയ നേട്ടം ഉണ്ടാക്കി. 14.2 ശതമാനം കുതിച്ച സെന്റം ഇലക്ട്രോണിക്സ് (1643 രൂപ) ആണ് മുന്നിൽ. പരസ് ഡിഫൻസ്, എംടാർ ടെക്നോളജീസ് എന്നിവ 5.4 ശതമാനം വീതം കയറി. ലിൻഡെ ഇന്ത്യ, മിശ്ര ധാതു നിഗം, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഗോദ്റെജ് ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയവയും നല്ല നേട്ടം ഉണ്ടാക്കി.
വിദേശത്തു രാസവളങ്ങളുടെയും കാപ്രോലാക്റ്റം, അമോണിയ, ഫോസ്ഫോറിക് ആസിഡ് തുടങ്ങിയവയുടെയും വില കുറഞ്ഞത് എഫ്എസിടി, ആർസിഎഫ്, എൻഎഫ്എൽ തുടങ്ങിയ രാസവള കമ്പനികളുടെ ഓഹരിവില ഉയർത്തി.
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്നലെ ഇടിഞ്ഞു. ഗ്രൂപ്പിന്റെ വിപണിമൂല്യം 55,000 കോടി രൂപ കുറഞ്ഞ് 11 ലക്ഷം കോടി രൂപയ്ക്ക് താഴെയായി. ഗ്രൂപ്പിന്റെ ലാഭം ഗണ്യമായി വർധിച്ചു എന്ന കണക്ക് പുറത്തുവന്ന ദിവസമാണ് ഈ ഇടിവ്.
റിലയൻസിന്റെ ജിയോ ഫിനാൻഷ്യൽ സർവീസസ് ഇന്നലെയും അഞ്ചു ശതമാനം ഇടിഞ്ഞു. ഇന്നും ഇടിവു തുടർന്നാൽ ജിയോ ഫിൻ സൂചികകളിൽ നിന്നു മാറ്റുന്നതു വീണ്ടും വെെകും. സൂചികാധിഷ്ഠിത ഫണ്ടുകളാണു വിൽപനക്കാർ. അവർക്കു ജിയോ ഫിൻ വിറ്റൊഴിവാക്കാതെ മാർഗമില്ല.

വീണ്ടും ഞെട്ടിച്ച് എൻവിഡിയ(Nvidia)

നിർമിതബുദ്ധി ഉൽപന്നങ്ങൾക്കു വേണ്ട ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയ (Nvidia)വീണ്ടും വിപണിയുടെ പ്രതീക്ഷകളെ മറികടന്ന റിസൽട്ട് കാഴ്ച വച്ചു. രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം പ്രതീക്ഷയേക്കാൾ 20 ശതമാനം അധികമായി. പ്രതി ഓഹരി വരുമാനം 29 ശതമാനം മുകളിലായി. മേയ് മാസത്തിൽ നക്ഷത്രത്തിളക്കം ഉള്ള ഒന്നാം പാദ റിസൽട്ട് പുറത്തുവിട്ടാണ് എൻവിഡിയ ശ്രദ്ധ നേടിയതും ലക്ഷം കോടി ഡോളർ ക്ലബിൽ അംഗമായതും.
മൂന്നാം പാദത്തിലേക്കു കമ്പനി കൂടുതൽ വലിയ വളർച്ചയാണു പ്രതീക്ഷിക്കുന്നത്. രണ്ടാം പാദത്തേക്കാൾ 18 ശതമാനവും മുൻ വർഷത്തേക്കാൾ 170 ശതമാനവും അധികം വരുമാനം എൻവിഡിയ കണക്കാക്കുന്നു.
ഇന്നലെ വിപണി സമയത്തിനു ശേഷമാണ് എൻവിഡിയ റിസൽട്ട് വന്നത്. തുടർന്ന് ഫ്യൂച്ചേഴ്സിൽ ഓഹരി കുതിച്ചു. കുറേ ദിവസങ്ങളായി എൻവിഡിയ ഓഹരി കയറ്റത്തിലായിരുന്നു. 2023 ൽ 229 ശതമാനം ഉയർന്ന ഓഹരിവില ഇന്നലെ 471 ഡോളറിലാണ്. കമ്പനിയുടെ വിപണിമൂല്യം 1.16 ലക്ഷം കോടി (ട്രില്യൺ) ഡോളർ.
എൻവിഡിയ റിസൽട്ട് വരും മുമ്പ് എഎംഡി, മാർവെൽ, തായ്‌വാൻ സെമികണ്ടക്ടർ തുടങ്ങിയ ചിപ് കമ്പനികൾ രണ്ടു മുതൽ 5.5 വരെ ശതമാനം ഉയർന്നിരുന്നു. ഇന്നു വിപണിയിൽ ടെക് ഓഹരികൾ കുതിക്കാൻ എൻവിഡിയ റിസൽട്ട് സഹായിക്കും. നാസ്ഡാക് സൂചികയ്ക്ക് ഓഗസ്റ്റിലെ നഷ്ടവും നികത്താനായേക്കും.

വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 23, ബുധൻ)

സെൻസെക്സ് 30 65,433.30 +0.33%

നിഫ്റ്റി 50 19,444.00 +0.25%

ബാങ്ക് നിഫ്റ്റി 44,479.05 +1.10%

മിഡ് ക്യാപ് 100 38,694.65 +0.39%

സ്മോൾക്യാപ് 100 11,960.20 +0.91%

ഡൗ ജോൺസ് 30 34,473.00 +0.54%

എസ് ആൻഡ് പി 500 4436.01 +1.10%

നാസ്ഡാക് 13,721.00 +1.59%

ഡോളർ ($) ₹82.69 -0.25

ഡോളർ സൂചിക 103.42 -0.14

സ്വർണം(ഔൺസ്) $1916.40 +$18.20

സ്വർണം(പവൻ) ₹43,440 +₹80.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $83.2 -$0.82


Tags:    

Similar News