വിപണിയെ ഇടിച്ചു താഴ്ത്താൻ പവൽ; പലിശ വർധന ഉയർന്ന തോതിൽ തുടരും; മാന്ദ്യം വരുമെന്നും ഫെഡ്; വിദേശികൾ പണം പിൻവലിക്കും; രൂപ താഴ്ചയിലേക്ക്

തകർച്ച ഇവിടെ നിൽക്കില്ലെന്നാണു നിക്ഷേപ വിദഗ്ധരുടെ മുന്നറിയിപ്പ്; രൂപയ്ക്കു വലിയ ആഘാതം; ജിഡിപി വളർച്ച എത്ര?

Update:2022-08-29 08:14 IST

നിക്ഷേപകർക്ക് പരീക്ഷണ ദിനങ്ങളാണു വരുന്നത്. വിപണികൾ വലിയ തിരുത്തലിനു പോകുകയാണ്. നിക്ഷേപകർ പ്രതീക്ഷിക്കാത്തതും ആഗ്രഹിക്കാത്തതുമായ താഴ്ചകളിലേക്കു വിപണി നീങ്ങി എന്നു വരാം. യുഎസ് കേന്ദ്രബാങ്ക് ആയ ഫെഡിൻ്റെ ചെയർമാൻ ജെറോം പവലിൻ്റെ പ്രസ്താവന വിപണികളെ വല്ലാതെ ഉലയ്ക്കുന്നവയായി. അതിൻ്റെ ആദ്യ പ്രത്യാഘാതം വെള്ളിയാഴ്ച യുഎസ് വിപണിയിൽ കണ്ടു. ഓഹരി സൂചികകൾ മൂന്നു മുതൽ നാലുവരെ ശതമാനം ഇടിഞ്ഞു. ഇന്ന് ഏഷ്യൻ വിപണികളും വലിയ തകർച്ചയിലാണ്.- ഇന്ത്യൻ വിപണിയും ഈ വഴിയേ നീങ്ങും എന്നാണ് സൂചന. രൂപയും ഇടിവിലാകുമെന്നാണു ഭീതി.

ഈ ആഴ്ച നാലു ദിവസമേ വിപണി പ്രവർത്തിക്കുന്നുള്ളു. വിനായക ചതുർഥി പ്രമാണിച്ച് ബുധനാഴ്ച വിപണിക്ക് അവധിയാണ്.
ഫെഡിൻ്റെ പലിശവർധന ഇനി കുറഞ്ഞ നിരക്കിലാകുമെന്നും അടുത്ത വർഷം രണ്ടാം പാദത്തിനു മുമ്പേ പലിശ കുറച്ചു തുടങ്ങുമെന്നും പവൽ പ്രഖ്യാപിക്കുമെന്നാണു വിപണികൾ കരുതിയിരുന്നത്. എന്നാൽ മറിച്ചാണു സംഭവിച്ചത്. ഉയർന്ന നിരക്കിൽ പലിശ വർധിപ്പിക്കുന്നതു തുടരുമെന്നും സാമ്പത്തിക മാന്ദ്യം ഉണ്ടായാലും പലിശ വർധിച്ച തോതിൽ തുടരുമെന്നും പവൽ പറഞ്ഞു. ഇതിൻ്റെ പ്രതികരണമാണു വിപണിത്തകർച്ചയിൽ കണ്ടത്.
തകർച്ച ഇവിടെ നിൽക്കില്ലെന്നാണു നിക്ഷേപ വിദഗ്ധരുടെ മുന്നറിയിപ്പ്. നിഫ്റ്റി 17,380- നു താഴോട്ടു നീങ്ങിയാൽ 16,900 വരെ വീഴുമെന്ന് അവർ കരുതുന്നു. അവിടെയും നിൽക്കാതെ വലിയ ആഴങ്ങളിലേക്കു നീങ്ങുന്നതിനെപ്പറ്റി പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിലെ തിരിച്ചുകയറ്റം ഉൾക്കരുത്ത് ഉള്ളതായിരുന്നില്ലെന്നും വിപണിയിൽ വിൽപനസമ്മർദമാണു പ്രബലമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പവലിൻ്റെ പ്രസ്താവനയെ തുടർന്നു മിനിറ്റുകൾക്കകം സംഭവിച്ച കാര്യങ്ങൾ ഇവയാണ്: ഓഹരികളുടെ വില ഇടിഞ്ഞു. ഡോളർ നിരക്ക് കുതിച്ചുയർന്നു. സ്വർണവില താഴ്ന്നു. സർക്കാർ കടപ്പത്രങ്ങളിലെ പലിശ നിരക്ക് ഉയരുമെന്ന നിഗമനത്തിൽ അവയുടെ വില കുറഞ്ഞു (അഥവാ നിക്ഷേപനേട്ടം - Yield - ഉയർന്നു).
ഇന്നു രാവിലെ യുഎസ് ഓഹരികളുടെ ഫ്യൂച്ചേഴ്സും ഒരു ശതമാനത്തിലധികം താഴ്ചയിലാണ്. ഡോളർ സൂചിക 109.32-ലേക്കു കയറി. ജൂലൈയിലെ റിക്കാർഡ് കടന്നു കയറുമോ എന്നാണ് എല്ലാവരും നോക്കുന്നത്. ബിറ്റ് കോയിൻ അടക്കം ക്രിപ്റ്റോ (ഗൂഢ) കറൻസികൾ വലിയ താഴ്ചയിലായി. സ്വർണം വീണ്ടും താഴ്ന്നു.
ഓസ്ട്രേലിയൻ, ഏഷ്യൻ വിപണികൾ തകർച്ചയോടെയാണു രാവിലെ വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കൈ, ദക്ഷിണ കൊറിയയിലെ കോസ്പി സൂചികകൾ രണ്ടര ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക രാവിലെ ഒരു ശതമാനം താഴെയാണ്. ചൈനയിലെ, ഷാങ് ഹായ് സൂചികയും നല്ല താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച യുഎസ് തകർച്ചയെ തുടർന്ന് 17,444 ലേക്ക് താഴ്ന്നു. അതിനു മുൻപ് ഇന്ത്യൻ വിപണി ക്ലോസ് ചെയ്തപ്പോൾ 17,659-ലായിരുന്നതാണു സൂചിക. ഇന്നു രാവിലെ സൂചിക 17,263 വരെ താണു. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി വലിയ ഇടിവോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
വെള്ളിയാഴ്ച തുടക്കത്തിൽ നല്ല ഉയരത്തിലേക്കു കയറിയ ഇന്ത്യൻ വിപണി വിൽപന സമ്മർദത്തെ തുടർന്ന് നേട്ടങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നു. ഒടുവിൽ സെൻസെക്സ് 59.15 പോയിൻ്റ് (0.1%) നേട്ടത്തോടെ 58,833.87 ലും നിഫ്റ്റി 36.45 പോയിൻ്റ് (0.21%) കയറി 17,558.9 ലും ക്ലോസ് ചെയ്തു. ആഴ്ചയിൽ സെൻസെക്സിന് 812.28 പോയിൻ്റും (1.32%) നിഫ്റ്റിക്ക് 199.55 പോയിൻ്റും (1.12%) നഷ്ടമുണ്ടായി. 4.5 ശതമാനം ഇടിഞ്ഞ ഐടി മേഖലയാണു കഴിഞ്ഞയാഴ്ച ഏറ്റവും ദുർബലമായത്. പൊതുമേഖലാ ബാങ്കുകൾ 4.4 ശതമാനം കയറി.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 51.15 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശികൾ 453.59 കോടിയുടെ നിക്ഷേപം നടത്തി. ആഴ്ചയിൽ മൊത്തം 450.36 കോടി രൂപയാണു വിദേശികൾ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്.
ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ 100 ഡോളറിലേക്കു താഴ്ന്നെങ്കിലും ഇന്നു കയറ്റത്തിലാണ്. ബ്രെൻ്റ് ഇനം രാവിലെ 101.1 ഡോളറിലേക്കു കയറി. വാരാന്ത്യത്തിൽ തുടങ്ങുന്ന ഒപെക്, ഒപെക് പ്ലസ് യോഗങ്ങൾ ഉൽപാദനം കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നാണു റിപ്പോർട്ടുകൾ. സൗദി അറേബ്യയാണ് ഉൽപാദനം കുറയ്ക്കൽ നിർദേശം മുന്നോട്ടുവച്ചത്. യുഎഇ അതിനെ അനുകൂലിക്കുമെന്നു പറഞ്ഞു. ഉൽപാദനം കുറച്ചു വില കൂട്ടുകയാണ് ഒപെക് ലക്ഷ്യം.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച നേട്ടത്തിലായിരുന്നു. ചെമ്പ് 8200 ഡാേളറിനെയും അലൂമിനിയം 2500 ഡോളറിനെയും തൊടും എന്ന നില വന്നു. ഇന്നു പക്ഷേ ലോഹങ്ങളുടെ വില ഇടിയും എന്നാണു ചൈനീസ് വിപണിയിൽ നിന്നുള്ള സൂചന.
പവലിൻ്റെ പ്രസംഗത്തെ തുടർന്നു സ്വർണം ഇടിഞ്ഞു. വെള്ളിയാഴ്ച 1757 ഡോളറിൽ നിന്ന് 1739 ഡോളറിലേക്ക് വില കുറഞ്ഞു. ഇന്നു രാവിലെ വില 1727ലേക്കു താഴ്ന്നു. ഇനിയും താഴുമെന്നും 1600 ഡോളറിലേക്കു സ്വർണം എത്തുമെന്നും പലരും പ്രവചിക്കുന്നു.
കേരളത്തിൽ ശനിയാഴ്ച പവന് 280 രൂപ കുറഞ്ഞ് 37,840 രൂപയായി. ഇന്നു ഡോളറിൻ്റെ കയറ്റം അനുസരിച്ചാകും കേരളത്തിൽ സ്വർണ വില മാറുക.
ഡോളർ സൂചിക വെള്ളിയാഴ്ച 108.88 ലേക്കു കയറി. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 109.32-ൽ എത്തി. ഡോളർ വില 80 രൂപയ്ക്കു മുകളിലേക്കു കയറും എന്നാണു നിഗമനം.

വിദേശികൾ പണം പിൻവലിക്കും

മാറിയ സാഹചര്യത്തിൽ അമേരിക്കയിലെയും മറ്റും ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും വികസ്വര രാജ്യങ്ങളിൽ നിന്നു പണം പിൻവലിക്കുമെന്നു തീർച്ചയാണ്. ഇന്ത്യയിലേക്ക് ഓഗസ്റ്റിൽ വിദേശികൾ നിക്ഷേപം കൊണ്ടുവന്നെങ്കിലും അതിനു മുൻപുള്ള 10 മാസം പണം പിൻവലിക്കുകയായിരുന്നു. 2.4 ലക്ഷം കോടി രൂപ അക്കാലത്തു പിൻവലിച്ചു. ഇനിയും വിദേശികൾ അതേ പോലെ പണം പിൻവലിക്കുമെന്നാണു ഭയം.
വിദേശ നിക്ഷേപകർ പിൻവലിക്കുന്നതിനു തുല്യമായ പണം വിപണിയിൽ എത്താനിടയില്ല. അതായത് ഇന്ത്യൻ ഓഹരികൾക്കു താരതമ്യേന കൂടിയ വിലത്തകർച്ച പ്രതീക്ഷിക്കാം.

രൂപയ്ക്കു വലിയ ആഘാതം

നിക്ഷേപ മൂലധനത്തിൻ്റെ തിരിച്ചുപോക്ക് ഇന്ത്യൻ രൂപയ്ക്കും വലിയ ആഘാതമാകും. ഡോളർ ഒരു മാസം മുൻപ് 80 ഡോളറിനു മുകളിൽ കയറിയതാണ്. ഇനിയും സമ്മർദം വന്നാൽ 81-82 മേഖലയിലേക്കു ഡോളർ ഉയരും. 56,400 കോടി ഡോളറിൻ്റെ ബൃഹത്തായ വിദേശനാണ്യശേഖരം ഉണ്ടെങ്കിലും അതു രൂപയെ താങ്ങി നിർത്താൻ പര്യാപ്തമാകണമെന്നില്ല. ഡോളർ 76 രൂപയിൽ നിന്ന് 80 രൂപയിലേക്ക് എത്തിയ കാലയളവിൽ വിദേശനാണ്യശേഖരത്തിൽ 8000 കോടി ഡോളറിൻ്റെ ഇടിവുണ്ടായി. ഒപ്പം റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ ഫ്യൂച്ചേഴ്സ് കരാറുകളിൽ ഏർപ്പെടേണ്ടിയും വന്നു.

വരുന്നതു വേദനയുടെ കാലം

പവലിൻ്റെ പ്രസ്താവന ഹ്രസ്വമായിരുന്നു. ഒൻപതു മിനിറ്റ് മാത്രം നീണ്ടതായിരുന്നു കേന്ദ്ര ബാങ്ക് മേധാവികളുടെ ജാക്സൺ ഹോൾ സമ്മേളനത്തിൽ അദ്ദേഹത്തിൻ്റെ പ്രസംഗം. അതിനിടെ ഒൻപതു തവണയാണു ഫെഡ് ചെയർമാൻ വിലസ്ഥിരത എന്ന പ്രയോഗം ആവർത്തിച്ചത്. വിലക്കയറ്റം രണ്ടു ശതമാനത്തിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. അതു സാധിക്കാൻ ജനങ്ങളും സമ്പദ്ഘടനയും വേദന സഹിക്കേണ്ടി വരും. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും ആണ് താൻ ഉദ്ദേശിക്കുന്ന വേദനകൾ എന്നു പവൽ തുറന്നു പറയുകയും ചെയ്തു.
ഇപ്പോൾത്തന്നെ യുഎസ് സാങ്കേതികമായി മാന്ദ്യത്തിലാണ്. ജനുവരി-മാർച്ചിൽ 1.6 ശതമാനവും ഏപ്രിൽ - ജൂണിൽ 0.6 ശതമാനവും വീതം ജിഡിപി കുറഞ്ഞു. ഇങ്ങനെ ജിഡിപി ഇടിവിലായെങ്കിലും തൊഴിലില്ലായ്മ കൂടിയില്ല; കുറഞ്ഞു വരികയാണ്. ശരാശരി വേതനവും ഉയരുന്നു. അതു കൊണ്ടാണ് ഇനിയും ഉയർന്ന തോതിൽ പലിശ കൂട്ടാൻ യുഎസ് ഫെഡ് ധൈര്യപ്പെടുന്നത്. സാധാരണയായി മാന്ദ്യകാലത്തു പലിശ കൂട്ടറില്ല; കുറയ്ക്കാറേ ഉള്ളൂ. ഇത്തവണത്തെ വിപരീത നീക്കം അസാധാരണ സാഹചര്യം ഉണ്ടാക്കുമെന്നു പലരും ഭയപ്പെടുന്നു.

ഫെഡ് നിരക്കും റിസർവ് ബാങ്കും

ഈ വർഷം ഇതുവരെ യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്ക് പൂജ്യത്തിൽ നിന്ന് 2.25 ശതമാനത്തിലേക്കു വർധിപ്പിച്ചു. മാർച്ചിൽ 25 ബേസിസ് പോയിൻ്റ്, മേയിൽ 50, ജൂണിൽ 75, ജൂലൈയിൽ 75 ബേസിസ് പോയിൻ്റ് എന്നിങ്ങനെയായിരുന്നു വർധന.1980 കൾക്കു ശേഷം ആദ്യമായാണു ഫെഡ് 75 ബേസിസ് പോയിൻ്റ് വർധന പ്രഖ്യപിച്ചത്. 50 ബേസിസ് പോയിൻ്റ് വർധന 2000-നു ശേഷം ആദ്യമായിരുന്നു.
പവലിൻ്റെ പ്രസംഗത്തിൽ വ്യക്തമായത് ഇനിയും 75 ബേസിസ് പോയിൻ്റ് വർധന ഉണ്ടാകാം എന്നാണ്. ഇനി പരമാവധി വന്നാൽ 50 ബേസിസ് പോയിൻ്റ് വർധന എന്ന പ്രതീക്ഷ തെറ്റി. കുറഞ്ഞ പലിശ നാലു ശതമാനം വരെ എത്തുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
പലിശ കൂടുമ്പോൾ വായ്പയെടുത്തു ബിസിനസ് നടത്തുന്നതും പാർപ്പിടം വാങ്ങുന്നതും സാധാരണ ഉപഭോഗവും കുറയും. കാരണം പലിശച്ചെലവ് താങ്ങാനാവില്ല. അതു മാന്ദ്യത്തിലേക്കു നയിക്കും.
യുഎസ് പലിശ കൂട്ടുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളും പലിശ കൂട്ടാൻ നിർബന്ധിതമാകും. ഇപ്പോൾ 5.4 ശതമാനമാണ് റിസർവ് ബാങ്കിൻ്റെ റീപോ നിരക്ക്. നാലു ശതമാനത്തിൽ നിന്ന് മൂന്നു തവണയായിട്ടാണ് 5.4 ശതമാനമാക്കിയത്. യുഎസ് ഫെഡ് സെപ്റ്റംബറിൽ നിരക്ക് 75 ബേസിസ് പോയിൻ്റ് കൂട്ടിയാൽ റിസർവ് ബാങ്ക് 50 ബേസിസ് പോയിൻ്റ് വർധന സെപ്റ്റംബർ 30-നു പ്രഖ്യാപിക്കും എന്നാണു നിഗമനം.

ഇന്ത്യൻ കയറ്റുമതിക്കു ക്ഷീണം

മാന്ദ്യത്തെ സംബന്ധിച്ചു വേറെയും ആശങ്കകൾ ഉണ്ട്. യുഎസ് മാന്ദ്യം യുഎസ് ഡിമാൻഡ് കുറയ്ക്കും. യുഎസിലേക്കുള്ള കയറ്റുമതി കുറയും. ഉൽപന്നങ്ങളുടെ മാത്രമല്ല സേവനങ്ങളുടെ കയറ്റുമതിയും കുറയും. ഇന്ത്യയിലെ ഐടി സേവന കമ്പനികളുടെ വളർച്ചയെ അതു ബാധിക്കും. കയറ്റുമതി വരുമാനം കുറയുന്നതു രൂപയുടെ കരുത്തും ചോർത്തും. '

ജിഡിപി വളർച്ച എത്ര?

അതിനിടെ ഇന്ത്യയുടെ ഈ ധനകാര്യ വർഷത്തെ ഒന്നാം പാദ ജിഡിപി വളർച്ചയുടെ കണക്ക് ബുധനാഴ്ച പുറത്തു വരാനുണ്ട്. കോവിഡ് ആഘാതം മൂലം വളർച്ച പിന്നോട്ടടിച്ച 2020-21-ലെയും 2021-22 -ലെയും വളർച്ചയെ അപേക്ഷിച്ച് ഇത്തവണ മികച്ച വളർച്ച പ്രതീക്ഷിക്കാനാകും. 15 ശതമാനത്തിലധികമായിരിക്കും വളർച്ച എന്നാണു നിഗമനം. മുൻ വർഷത്തെ അസാധാരണ സാഹചര്യം മാറ്റി നിർത്തിയാൽ ഏകദേശം ആറു ശതമാനം യഥാർഥ വളർച്ച ആണ് ഇതിലൂടെ സംഭവിക്കുക. ജനുവരി-മാർച്ചിലെ 4.1 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ആറു ശതമാനം തൃപ്തികരമാണു താനും. റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നതു 16.2 ശതമാനം വളർച്ചയാണ്. പക്ഷേ ഭൂരിപക്ഷം സ്വകാര്യ ഏജൻസികളും ബാങ്കുകളും കണക്കാക്കുന്നതു 16 ശതമാനത്തിൽ കുറഞ്ഞ വളർച്ചയാണ്. 2022-23 ലെ വാർഷിക വളർച്ച ഏഴു ശതമാനവുമാണ് മിക്കവരും പ്രതീക്ഷിക്കുന്നത്. പലിശ നിരക്കുകൾ നേരത്തേ കരുതിയതിലും ഉയരുകയും ക്രൂഡ് ഓയിൽ വില പ്രതീക്ഷ പോലെ താഴാതിരിക്കുകയും ചെയ്താൽ ഈ വളർച്ചയും സാധ്യമായെന്നു വരില്ല.
2020-21-ലെ ഒന്നാം പാദത്തിൽ ജിഡിപി 24.4 ശതമാനം ചുരുങ്ങിയതാണ്. 2021-22-ലെ ഒന്നാം പാദത്തിൽ 20.1 ശതമാനം ഉയർന്നു. അത്രയും വളർച്ചകൊണ്ടു പോലും രണ്ടു വർഷം മുൻപുള്ള ജിഡിപിയുടെ 90.8 ശതമാനത്തിൽ മാത്രമേ 2021-22 ലെ ഒന്നാം പാദ ജിഡിപി എത്തിയുള്ളു. ഈ വർഷം 16 ശതമാനം വളർന്നാലും 2019 -20 ലെ ഒന്നാം പാദ ജിഡിപിയെ അപേക്ഷിച്ച് 5.3 ശതമാനം വളർച്ചയേ ഇത്തവണ ഉണ്ടാകൂ. ഇരട്ടയക്ക വളർച്ചക്കണക്കു കണ്ട് അസാധാരണ വളർച്ച ഉണ്ടായി എന്നു തെറ്റിദ്ധരികരുത്. ശരാശരി വളർച്ചയുടെ അടുത്തേക്ക് എത്തിപ്പെടാൻ ഇനിയും ഏറെ ദൂരം പോകണം.


Tags:    

Similar News