റിസൽട്ടുകളിൽ നോട്ടം; വിപണികൾ വീണ്ടും താഴ്ചയിലേക്ക്; രൂപയുടെ ഗതിയിൽ ആശങ്ക; വിലക്കയറ്റം കുറയുമോ?
ഇന്ത്യൻ വിപണി ഇന്ന് താഴ്ചയിൽ തുടങ്ങിയേക്കും, കാരണങ്ങൾ ഇതാണ്; ഡോളർ 80 രൂപയ്ക്കു മുകളിലേക്കു എത്തിയേക്കും; സ്വർണ്ണ വില എന്ത് കൊണ്ട് താഴുന്നു?
യുഎസ് വിപണിയിലെ തളർച്ചയുടെ തുടർച്ച ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിലും പ്രതിഫലിച്ചു. കമ്പനികളുടെ റിസൽട്ട് കണക്കു കൂട്ടിയിരുന്നിടത്തോളം മെച്ചമാകുമാേ എന്ന കാര്യത്തിൽ പരക്കെ ആശങ്ക. ഇന്നു രാവിലെ ഇന്ത്യൻ വിപണിയും ഇതിൻ്റെ ചുവടുപിടിച്ചു താഴ്ചയിലാകും എന്നാണു സൂചന. ജൂണിലെ ചില്ലറ വിലക്കയറ്റവും മേയിലെ വ്യവസായ ഉൽപാദന വളർച്ചയും സംബന്ധിച്ച കണക്കുകൾ ഇന്നു വൈകുന്നേരം പ്രസിദ്ധീകരിക്കും. ചില്ലറ വിലക്കയറ്റം ഏഴു ശതമാനത്തിൽ താഴെയായില്ലെന്നാണു പൊതു നിഗമനം.
യുഎസിൽ ഡൗ ജോൺസ് സൂചിക 0.52 ശതമാനവും എസ് ആൻഡ് പി 1.15 ശതമാനവും നാസ്ഡാക് 2.26 ശതമാനവുമാണ് ഇന്നലെ നഷ്ടപ്പെടുത്തിയത്. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്.
ഇന്നു രാവിലെ ജപ്പാനിലെ നിക്കെെയും കൊറിയയിലെ കോസ്പിയും ഹോങ് കോങ്ങിലെ ഹാങ് സെങ്ങും ഒരു ശതമാനത്തിലധികം താഴ്ചയിലാണ്. ചൈനയിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചെങ്കിലും വ്യവസായ മേഖലയെ ബാധിച്ചിട്ടില്ല.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 16,100-നു താഴെയായി.16,070 വരെ താഴ്ന്നിട്ട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്ന് താഴ്ന്നാകും തുടങ്ങുക എന്നാണ് ഇതിലെ സൂചന.
മൂന്നു ദിവസം തുടർച്ചയായി ഉയർന്ന മുഖ്യ സൂചികകൾ ഇന്നലെ നേരിയ തോതിൽ താണു. സെൻസെക്സ് 86.61 പോയിൻ്റും (0.16%) നിഫ്റ്റി 4.6 പോയിൻ്റും (0.03%) ആണ് ഇന്നലെ താഴ്ന്നത്. സെൻസെക്സ് നാനൂറോളം പോയിൻ്റ് താഴ്ന്ന ശേഷം അതിലേറെ തിരിച്ചു കയറിയിട്ടാണ് ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തത്. നിഫ്റ്റിയും അങ്ങനെ തന്നെ. അവസാന അര മണിക്കൂറിലെ വിൽപന സമ്മർദമാണ് നേട്ടത്തിനു പകരം നഷ്ടത്തിലേക്കു സൂചികകളെ വലിച്ചു താഴ്ത്തിയത്. മുഖ്യസൂചികകൾ നേരിയ നഷ്ടം കാണിച്ചെങ്കിലും വിശാല വിപണി നേട്ടത്തിലായിരുന്നു.
ടിസിഎസും ഇൻഫിയും അടക്കം ഐടി കമ്പനികൾ ഇന്നലെ വലിയ തകർച്ച നേരിട്ടു.അഡാനി ഗ്രൂപ്പ് ടെലികോമിലേക്കു കടക്കുന്നു എന്ന റിപ്പോർട്ട് ഭാരതി എയർടെൽ ഓഹരി അഞ്ചു ശതമാനം ഇടിച്ചു.
നിഫ്റ്റി ഐടി സൂചിക ഇന്നലെ 3.08 ശതമാനം ഇടിഞ്ഞു. മെറ്റൽ, ഓയിൽ-ഗ്യാസ്, റിയൽറ്റി തുടങ്ങിയവയുടെ സൂചികകൾ രണ്ടു ശതമാനത്തോളം കയറി. വാഹന, ബാങ്ക്, ധനകാര്യ, ഫാർമ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 170.51 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം സ്വദേശി ഫണ്ടുകൾ 296.99 കോടിയുടെ ഓഹരികൾ വിറ്റത് അപ്രതീക്ഷിതമായി.
നിഫ്റ്റിക്ക് 16,140-ലും 16,060-ലും സപ്പോർട്ട് ഉണ്ട്. 16, 270- ഉം 16,325-ഉം തടസ മേഖലകളാകും.
ഡോളർ സൂചിക ഇന്നലെ 108.18 ലേക്ക് കയറി. രണ്ടു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണത്. ഇതു സ്വർണമടക്കം പല ഉൽപന്നങ്ങളുടെയും വില ഇടിച്ചു. ഇന്ത്യൻ രൂപയടക്കം മിക്ക കറൻസികളും താഴോട്ടു പോയി. പിന്നീടു 108.02ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 108.45 ലേക്കു കയറി. പിന്നീട് അൽപം താണു.
രൂപ വീണ്ടും താഴാേട്ട്
ഇന്ത്യൻ രൂപ ഇന്നലെ ഡോളറിന് 79.44 രൂപ എന്ന നിലയിലേക്കു താഴ്ന്നു.. പിന്നീടു 79.4 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു. വർധിച്ചു വരുന്ന വിദേശവ്യാപാര കമ്മി, വരും മാസങ്ങളിൽ തിരിച്ചടയ്ക്കേണ്ട ഭീമമായ വിദേശവാണിജ്യ വായ്പകൾ, വിദേശ നിക്ഷേപകരുടെ പണം പിൻവലിക്കൽ തുടങ്ങിയവയൊക്കെ ചേർന്നാണ് രൂപയെ വലിച്ചു താഴ്ത്തുന്നത്. രൂപ ഇന്നും താഴോട്ടു നീങ്ങിയേക്കും. ഡോളർ 80 രൂപയ്ക്കു മുകളിലേക്കു താമസിയാതെ എത്തുമെന്നാണു ധാരണ.
രൂപാ വരവ് വർധിപ്പിക്കാൻ റിസർവ് ബാങ്ക് ചില നടപടികൾ പ്രഖ്യാപിച്ചെങ്കിലും അനുകൂല ഫലം കണ്ടില്ല. പലിശനിയന്ത്രണമില്ലാതെയും റിസർവ് നിബന്ധന ഒഴിവാക്കിയും കൂടുതൽ വിദേശനാണ്യ നിക്ഷേപം സ്വീകരിക്കാൻ റിസർവ് ബാങ്ക് അനുവദിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതനുസരിച്ച് എഫ്സിഎൻആർ-ബി അക്കൗണ്ടുകൾക്കുള്ള പലിശ 105 ബേസിസ് പോയിൻ്റ് വർധിപ്പിച്ചു. ഇതോടെ രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 2.85 ശതമാനമായി. മൂന്നു വർഷം വരെ മൂന്നു ശതമാനം പലിശ കിട്ടും. മറ്റു ബാങ്കുകളും എഫ്സിഎൻആർ - ബി നിക്ഷേപങ്ങളുടെ പലിശ കൂട്ടിയേക്കും.
ക്രൂഡ് ചാഞ്ചാടി, ലോഹങ്ങൾ വീണ്ടും വീണു
ക്രൂഡ് ഓയിൽ വില ഇന്നലെ ചാഞ്ചാടിയ ശേഷം ഉയർന്നു ക്ലോസ് ചെയ്തു. ബ്രെൻ്റ് ക്രൂഡ് 103.88 ഡോളർ വരെ താഴ്ന്നിട്ട് 106.57 ലേക്കു തിരിച്ചു കയറി. എങ്കിലും വ്യാപാരഗതി വിലയിടിവിനു സഹായകമാണ്.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴോട്ടായി. ചെമ്പ് 7600 ഡോളറിനടുത്തായി. അലൂമിനിയം 2400 ഡോളറിനു താഴെ എത്തി. ഇരുമ്പയിര് വില 110 ഡോളറിനു കീഴെയായി. ഏതാനും മാസം മുൻപ് 155 ഡോളറിനു മുകളിലായിരുന്നു വില.
സ്വർണം വീണ്ടും താഴ്ചയിലായി. ഇന്നലെ 1723 ഡോളർ വരെ താഴ്ന്ന സ്വർണ് ഇന്ന് 1736-1738 ഡോളറിലാണു വ്യാപാരം. ഡോളർ സൂചിക ഉയരുന്നതും സ്വർണത്തിലേക്കു വലിയ നിക്ഷേപകർ വരാത്തതുമാണു വില താഴ്ത്തുന്നത്. കേരളത്തിൽ ഇന്നലെ പവൻ വില 37,560 രൂപയിൽ മാറ്റമില്ലാതെ തുടർന്നു.