കുതിപ്പ് പ്രതീക്ഷിച്ചു വിപണി; ബാങ്കുകളിൽ നിക്ഷേപക ശ്രദ്ധ; വിദേശികൾ വീണ്ടും പണം നിക്ഷേപിക്കുന്നു; ലോഹങ്ങൾക്ക് ഉണർവ്

മുന്നേറ്റം കാത്ത് ഓഹരി വിപണി; ക്രൂഡ് വില താഴുന്നു; യുഎസ് വിലക്കയറ്റം കുറഞ്ഞേക്കും

Update:2022-09-12 08:18 IST

കുറേ ചാഞ്ചാട്ടങ്ങൾ കണ്ടെങ്കിലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണി മികച്ച പ്രതിവാര നേട്ടം കാഴ്ചവച്ചു. അത് ഈയാഴ്ച തുടരാനാണു സാധ്യത. നിഫ്റ്റി 17,800-നു മുകളിൽ ക്ലോസ് ചെയ്തത് നല്ല സൂചനയാണു നൽകുന്നത്. ഇന്നു വൈകുന്നേരം ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റത്തിൻ്റെയും ജൂലൈയിലെ വ്യവസായ ഉൽപാദനത്തിൻ്റെയും കണക്കുകൾ പുറത്തുവരും. വിപണിഗതി നിർണയിക്കുന്നതിൽ അവ സുപ്രധാനമാണ്. ചില്ലറ വിലക്കയറ്റം ജൂലൈയെ അപേക്ഷിച്ച് വർധിക്കും എന്നാണു നിഗമനം. നാളെ യുഎസ് ചില്ലറ വിലക്കയറ്റ നിരക്കും അറിവാകും. യുഎസ് വിപണിയെയും പലിശ തീരുമാനങ്ങളെയും അതു സ്വാധീനിക്കും. ചൈനയിൽ വിലക്കയറ്റം കുറഞ്ഞത് വ്യാവസായിക ലോഹങ്ങളുടെ വില ഉയർത്തിയിട്ടുണ്ട്. ഡോളർ സൂചിക ഇന്നു രാവിലെയും താഴാേട്ടായതു രൂപയ്ക്കു ബലമാകും.

വെള്ളിയാഴ്ച യൂറോപ്യൻ, യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്. ഡൗ ജോൺസ് സൂചിക 32,000നും നാസ്ഡാക് 12,000-നും മുകളിൽ കയറി. തലേ ആഴ്ചയിലെ നഷ്ടമെല്ലാം യുഎസ് സൂചികകൾ മറികടന്നു. യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് 0.3 മുതൽ 0.5 വരെ ശതമാനം ഉയർന്നാണു നിൽക്കുന്നത്.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ നേട്ടത്തോടെയാണു തുടങ്ങിയത്. ജപ്പാനിൽ ഒരു ശതമാനത്തിലധികം കയറ്റമുണ്ടായി. ചൈനയിൽ വിലക്കയറ്റം കുറവായത് വെള്ളിയാഴ്ച ചൈനീസ് വിപണിയെ ഉയർത്തി. ഇന്നു ചൈനീസ് വിപണികൾക്ക് അവധിയാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,870-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,855-ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി രാവിലെ ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച തുടക്കത്തിലെ നല്ല നേട്ടത്തിൽ നിന്നു ഗണ്യമായി താഴ്ന്നാണ് ഇന്ത്യൻ വിപണി ക്ലാേസ് ചെയ്തത്. സെൻസെക്സ് 60,000-നു മുകളിൽ ഓപ്പൺ ചെയ്തിട്ട് 60,119.8 വരെയും നിഫ്റ്റി 17,900 നു മുകളിൽ തുടങ്ങിയിട്ട് 17,925.95 വരെയും കയറി. ഉയർന്ന വിലയിൽ ലാഭമെടുക്കാനുള്ള വിൽപന സമ്മർദമാണു സൂചികകളെ താഴ്ത്തിയത്. ഒടുവിൽ സെൻസെക്സ് 104.92 പോയിൻ്റ് (0.18%) ഉയർന്ന് 59,793.14 ലും നിഫ്റ്റി 34.6 പോയിൻ്റ് (0.19%) ഉയർന്ന് 17,833.35 ലും ക്ലോസ് ചെയ്തു. രണ്ടു സൂചികകളും 1.68 ശതമാനം പ്രതിവാര നേട്ടമുണ്ടാക്കി. ഐടി, ബാങ്ക്, മെറ്റൽ മേഖലകൾ കഴിഞ്ഞയാഴ്ച നല്ല ഉയർച്ച കാണിച്ചു. ബാങ്ക് നിഫ്റ്റി 2021 ഒക്ടോബർ 27-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ (40,416) എത്തി.
വിദേശ നിക്ഷേപകർ കാര്യമായി രംഗത്തുണ്ട്. സെപ്റ്റംബറിൽ ഇതുവരെ 5593 കോടി രൂപ അവർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു. കഴിഞ്ഞയാഴ്ചയിലെ നിക്ഷേപം 3837.56 കോടി രൂപ. വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ വിദേശികൾ 2132.42 കോടി രൂപ മുടക്കിയപ്പോൾ സ്വദേശി ഫണ്ടുകൾ 1167.56 കോടി രൂപ പിൻവലിച്ചു.

മുന്നേറ്റം കാത്ത്

വിപണി മുന്നേറ്റത്തിനു തയാറെടുക്കുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,400- 17,800 മേഖലയിലെ കുരുക്കിൽ നിന്നു നിഫ്റ്റി കരകയറിയെന്നാണു വിലയിരുത്തൽ. 18,000 കടന്നു പുതിയ റിക്കാർഡിലേക്കു കയറാനുള്ള ഊർജം ഇപ്പാേഴത്തെ മുന്നേറ്റത്തിന് ഉണ്ടെന്നാണ് ചിലരുടെ കണക്കുകൂട്ടൽ. ആഗോള ചലനങ്ങൾ വിപരീതമായില്ലെങ്കിൽ ഈ ദിശയിൽ ഒരു മുന്നേറ്റം ഉണ്ടാകും.
നിഫ്റ്റിക്ക് 17,770 -ലും 17,705 ലും സപ്പോർട്ട് ഉണ്ട്. 17,910-ലും 17,990-ലും തടസങ്ങൾ പ്രതീക്ഷിക്കാം.

ക്രൂഡ് വില താഴുന്നു

ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ ഉയർന്നാണു ക്ലോസ് ചെയ്തത്. ചൈനയിൽ ഡിമാൻഡ് കൂടിയതാണു പ്രധാന കാരണം. ബ്രെൻ്റ് ഇനം 93 ഡോളറിൽ എത്തിയത് ഇന്നു രാവിലെ 91.48 ഡോളറിലേക്കു താഴ്ന്നു. ഇനിയും താഴും എന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾ നേട്ടത്തോടെയാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ചെമ്പ് ടണ്ണിന് 8000 ഡോളർ എത്തിയിട്ട് അൽപം താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചു. അലൂമിനിയം 2300 ഡോളറിനടുത്തായി. ഇരുമ്പയിരു വില ആഴ്ചകൾക്കു ശേഷം 100 ഡോളറിലേക്കു കയറി.
സ്വർണം കഴിഞ്ഞയാഴ്ച 1705 ഡോളറിനും 1730 ഡോളറിനുമിടയിൽ ചാഞ്ചാടുകയായിരുന്നു. വാരാന്ത്യത്തിൽ 1717-1719 ൽ നിന്നു. ഇന്നു രാവിലെ വില 1718-1719 ഡോളറിലാണ്.
കേരളത്തിൽ പവൻ വില 37,400 രൂപയിൽ തുടരുന്നു.
വെള്ളിയാഴ്ച രൂപ നേട്ടമുണ്ടാക്കി. ഡോളർ 22 പൈസ നഷ്ടത്തിൽ 79.58 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക വെള്ളിയാഴ്ച 109-ൽ അവസാനിച്ചു. ഇന്നു രാവിലെ 108.66-ലേക്കു താണു.

ചില്ലറ വിലക്കയറ്റം വർധിച്ചേക്കും

ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റം (സിപിഐ) ജൂലൈയെ അപേക്ഷിച്ചു കൂടുതലാകും എന്നാണു പൊതു നിഗമനം. ഭക്ഷ്യവിലകളിലെ കയറ്റമാണു കാരണം. റോയിട്ടേഴ്സ് നടത്തിയ ധനശാസ്ത്രജ്ഞരുടെ സർവേയിൽ 6.9 ശതമാനം കയറ്റം എന്നതാണു വിലയിരുത്തൽ. 6.3 ശതമാനം മുതൽ 7.37 ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നവർ ഉണ്ട്. നാലിലൊരു ഭാഗം ഏഴു ശതമാനത്തിനു മുകളിലുള്ള ചില്ലറ വിലക്കയറ്റമാണു പ്രതീക്ഷിക്കുന്നത്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വില കൂടി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 5.3 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം.
ഏപ്രിലിനു ശേഷം വിലക്കയറ്റത്തിൽ തുടർച്ചയായ കുറവുണ്ടായിരുന്നു. 7.79 ശതമാനമായിരുന്നു ഏപ്രിലിലെ ചില്ലറ വിലക്കയറ്റം. മേയിൽ 7.04%, ജൂണിൽ 7.01%, ജൂലൈയിൽ 6.71% എന്നിങ്ങനെ കുറഞ്ഞു.
റിസർവ ബാങ്ക് ഈ ധനകാര്യ വർഷം 6.7 ശതമാനം ചില്ലറ വിലക്കയറ്റമാണു പ്രതീക്ഷിക്കുന്നത്. ഒന്നാം പാദത്തിൽ 7.28 ശതമാനം വിലക്കയറ്റം ഉണ്ടായി. രണ്ടാം പാദത്തിൽ 7.1, മൂന്നിൽ 6.4, നാലിൽ 5.8 ശതമാനം എന്ന തോതിലാകും വിലക്കയറ്റം എന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷ. ഓഗസ്റ്റിൽ നിരക്ക് ഉയരുന്നത് റിസർവ് ബാങ്കിൻ്റെ നിഗമനങ്ങൾ പാളാൻ കാരണമായേക്കാം.

സഹനപരിധിക്കു മുകളിൽ

രാജ്യത്തു ചില്ലറ വിലക്കയറ്റത്തിൻ്റെ സഹനപരിധി ആറു ശതമാനമായാണു പാർലമെൻ്റ് നിശ്ചയിച്ചിട്ടുള്ളത്. ജനുവരി മുതൽ ഈ പരിധിക്കു മുകളിലാണ് സിപിഐ.
മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റ കണക്ക് (ഡബ്ള്യുപിഐ) ബുധനാഴ്ച പ്രസിദ്ധീകരിക്കും. 12 ശതമാനത്തിനടുത്ത വർധനയാണു പ്രതീക്ഷ. ഇതോടെ തുടർച്ചയായ 17 മാസം മൊത്തവിലക്കയറ്റം ഇരട്ടയക്കത്തിലാകും.
ഇന്നു ജൂലൈയിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി)യും പുറത്തു വരും. ജൂണിൽ 12 ശതമാനമായിരുന്നു ഐഐപി വളർച്ച. ഏകദേശം അതേ വളർച്ച ജൂലൈയിലും പ്രതീക്ഷിക്കുന്നുണ്ട്.

യുഎസ് വിലക്കയറ്റം കുറഞ്ഞേക്കും

ഓഗസ്റ്റിലെ യുഎസ് ചില്ലറ വിലക്കയറ്റ കണക്കു ചൊവ്വാഴ്ച രാത്രി അറിവാകും. 8.1 ശതമാനമായി വിലക്കയറ്റം കുറയുമെന്നാണു പ്രതീക്ഷ. ജൂണിൽ 9.1 ഉം ജൂലൈയിൽ 8.5-ഉം ശതമാനമായിരുന്നു. നാലു ശതമാനമാണ് അമേരിക്കയിലെ വിലക്കയറ്റ സഹന പരിധി. ലക്ഷ്യം രണ്ടു ശതമാനവും. നിരക്ക് അൽപം കുറഞ്ഞാലും ഈ മാസം പലിശ നിരക്ക് 75 ബേസിസ് പോയിൻ്റ് വർധിപ്പിക്കുന്നതിൽ നിന്നു യുഎസ് ഫെഡ് പിന്മാറാൻ ഇടയില്ല.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News