പണനയത്തിലെ ആവേശം തുടരുമോ? രൂപ പ്രതീക്ഷയിൽ; യൂറോപ്പിൽ ബാങ്കിംഗ് കുഴപ്പത്തെപ്പറ്റി ആശങ്ക; വിദേശികൾ വിൽപന തുടരുന്നു
വിപണിയുടെ താഴ്ച കൂടുതൽ ആഴങ്ങളിലേക്ക് പോകുമോ?; വാഹന വിൽപന റിക്കാർഡിലേക്ക്; ഇറക്കുമതിയുടെ കരുത്തിൽ ജിഎസ്ടി പിരിവ് കുതിച്ചു
ഇന്ത്യയുടെ പണനയം വെള്ളിയാഴ്ച വിപണിയെ ആശ്വസിപ്പിച്ചു. ആശ്വാസം ഓഹരി സൂചികകളെ 1.8 ശതമാനം ഉയർത്തി. രൂപയും കരുത്തു തേടി. മറ്റുകാരണങ്ങളാൽ യൂറോപ്പിലും ഓഹരികൾ ഉയർന്നു. എന്നാൽ അമേരിക്കയിലെ വിലക്കയറ്റത്തിലേക്കു വിരൽ ചൂണ്ടുന്ന ഉപഭോഗച്ചെലവിൻ്റെ കണക്ക് വിപണിയെ ഉലച്ചു. പ്രധാന യുഎസ് സൂചികകൾ 1.7 ശതമാനം വരെ ഇടിഞ്ഞു. ഇന്ന് ഏഷ്യൻ രാജ്യങ്ങളുടെ തുടക്കം തകർച്ചയോടെയാണ്. ഇന്ത്യൻ വിപണിയും ഇന്നു താഴ്ചയാണു മുന്നിൽ കാണുന്നത്.
ഡോളറിൻ്റെ കരുത്ത്, ക്രൂഡ് ഓയിൽ വിലയുടെ നീക്കം, സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിൻ്റെ പ്രശ്നങ്ങൾ, യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെ നീക്കങ്ങൾ, യുഎസ് മൂന്നാം പാദ ജിഡിപി കണക്ക് തുടങ്ങിയവ ഈയാഴ്ച വിപണിഗതിയെ നിർണയിക്കുന്ന കാര്യങ്ങളാണ്.
ഇന്നു രാവിലെ ജാപ്പനീസ് വിപണി ഒരു ശതമാനത്തിലേറെ താഴ്ന്നു തുടങ്ങിയിട്ട് പിന്നീടു നേട്ടത്തിലേക്കു കയറി. കൊറിയൻ വിപണി താഴ്ചയിൽ തുടരുന്നു. ചൈനീസ് വിപണി അര ശതമാനത്തിലധികം താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 16,884 ൽ തുടക്കമിട്ടിട്ട് 16,960-ലേക്കു കയറി. പിന്നീടു ചാഞ്ചാടി. ഇന്ത്യൻ വിപണി താഴ്ചയോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 1016.96 പോയിൻ്റ് (1.8%) കുതിച്ച് 57,426.92 ലും നിഫ്റ്റി 276.2 പോയിൻ്റ് (1.64%) കയറി 17,094.35ലും ക്ലോസ് ചെയ്തു. സ്മാേൾ ക്യാപ് സൂചിക 1.45%വും മിഡ് ക്യാപ് സൂചിക 1.39%വും ഉയർന്നാണ് അവസാനിച്ചത്. നിഫ്റ്റി ബാങ്ക് 2.61%, മെറ്റൽസ് 2.66%, ഓട്ടോ1.62% എന്നിങ്ങനെ ഉയർന്നു. ഓയിൽ - ഗ്യാസ് മേഖല മാത്രമാണു നഷ്ടം കാണിച്ചത്. ഐടി മേഖല 0.6% നേട്ടമേ കൈവരിച്ചുള്ളു.
കഴിഞ്ഞയാഴ്ച സെൻസെക്സ് 1.2 ശതമാനവും നിഫ്റ്റി 1.3 ശതമാനവും നഷ്ടം വരുത്തി. പവർ (4.7%). മെറ്റൽ (3.6%), റിയൽറ്റി (2.9%), ഓട്ടോ (2.8%), ബാങ്ക് (2.4%) എന്നിങ്ങനെയാണു വിവിധ വ്യവസായ മേഖലകൾ ഇടിഞ്ഞത്. ഐടി മേഖല 1.3 ശതമാനം കയറി.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ചയും വിൽപനക്കാരായി. എന്നാൽ സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി അവരുടെ വിൽപനയേക്കാൾ കൂടുതൽ തുകയ്ക്കു വാങ്ങലുകാരായി. വിദേശികൾ 1565.31 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ട് - സ്ഥാപന വാങ്ങൽ 3245.45 കോടിയുടേതായിരുന്നു. വിദേശികളുടെ വെള്ളിയാഴ്ചത്തെ വിൽപന മുൻ ദിവസങ്ങളെ അപേക്ഷിച്ചു ഗണ്യമായി കുറവായിരുന്നു എന്നതു മാത്രമാണു ശ്രദ്ധേയം.
കഴിഞ്ഞയാഴ്ച വിദേശികൾ 199 കോടി ഡോളറിൻ്റെ (ഏകദേശം 15,900 കോടി രൂപ) വിൽപന നടത്തി. ഇതാേടെ സെപ്റ്റംബറിൽ അവർ വിപണിയിൽ നിന്നു പിൻവലിച്ചത് 7624 കോടി രൂപയായി. ഓഗസ്റ്റിൽ 51,200 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണിത്.
വിപണി നെഗറ്റീവ് മനോഭാവത്തിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. പ്രധാന തടസമേഖലകൾ മറികടക്കാത്തതാണു കാരണം. ഈ ദിവസങ്ങളിൽ നിഫ്റ്റി 16,750 മേഖലയിൽ നിന്നു താഴോട്ടു നീങ്ങിയാൽ വിപണി കൂടുതൽ ആഴങ്ങളിലേക്കു പോകും. 17,450-നു മുകളിൽ എത്തിയ ശേഷമേ ഹ്രസ്വകാല മുന്നേറ്റമാണെന്ന് ഉറപ്പിക്കാൻ കഴിയൂ.
ഇന്നു നിഫ്റ്റിക്ക് 16,830-ലും 16,570-ലും സപ്പോർട്ട് പ്രതീക്ഷിക്കാം. 17,275-ഉം 17,450-ഉം തടസ മേഖലകളാണ്.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ 87.9 ഡോളറിലേക്കു കയറിയിരുന്നു. യുഎസിലെ ഇയാൻ ചുഴലിക്കാറ്റിനെച്ചൊല്ലിയുള്ള ഭീതിയായിരുന്നു പ്രധാന കാരണം. ഇന്നു രാവിലെ 87.4 ഡോളറിലാണു വ്യാപാരം.
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളോടെയാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. അലൂമിനിയം രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ് 2150 ഡോളറിലെത്തി. ചെമ്പ് 7647-ലേക്കു താണു. നിക്കൽ, സിങ്ക്, ലെഡ് തുടങ്ങിയവ താഴ്ന്നപ്പോൾ ടിൻ കയറ്റത്തിലായി.
സ്വർണം വെള്ളിയാഴ്ച ചെറിയ ചാഞ്ചാട്ടമേ കാണിച്ചുള്ളു. 1661-1667 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1666- 1668 ഡോളറിലാണു വ്യാപാരം. ഡോളർ സൂചികയിലെ ചാഞ്ചാട്ടം കുറഞ്ഞതിൻ്റെ പ്രതിഫലനമാണു സ്വർണത്തിൽ കാണുന്നത്.
രൂപ വെള്ളിയാഴ്ച നല്ല നേട്ടം ഉണ്ടാക്കി. റിസർവ് ബാങ്ക് നയത്തെപ്പറ്റിയുള്ള ആശങ്കകൾ തൽക്കാലത്തേക്കു മാറിയത് രൂപയ്ക്ക് ആശ്വാസമായി. ഡോളർ നിരക്ക് 52 പൈസ കുറഞ്ഞ് 81.34 രൂപയായി.
ഡോളർ സൂചിക വെള്ളിയാഴ്ച 112.12 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 112.3നു മുകളിലേക്കു കയറിയിട്ട് താഴ്ന്ന് 111.9 ആയി. കഴിഞ്ഞയാഴ്ച 114.78 വരെ കയറിയ സൂചിക വീണ്ടും ഉയരുമെന്നു ചിലർ കരുതുന്നു. ചൈന യുവാനെ പിടിച്ചു നിർത്താൻ നടത്തുന്ന ശ്രമങ്ങൾ വേണ്ടത്ര വിജയിക്കാത്തതും ജപ്പാൻ ഡോളർ വിൽപന വർധിപ്പിച്ചിട്ടും യെൻ താഴ്ചയിൽ നിന്നു മാറാത്തതും ഡോളറിൻ്റെ ഉയർച്ചയിലേക്കു വിരൽ ചൂണ്ടുന്നു. യൂറോയും പൗണ്ടും ദുർബല നിലയിൽ തന്നെയാണ്. ഏതായാലും സൂചികയുടെ രാവിലത്തെ നില രൂപയ്ക്കു നേട്ടം സൂചിപ്പിക്കുന്നു.
വാഹന വിൽപന റിക്കാർഡിലേക്ക്
സെപ്റ്റംബറിലെ വാഹന വിൽപന റിക്കാർഡ് നിലവാരത്തിലെത്തി. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ചിപ് ക്ഷാമവും മറ്റും മൂലം ഉൽപാദനം കുറവായിരുന്നു. ഇത്തവണ അത്തരം പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ യാത്രാവാഹനങ്ങളുടെ മൊത്ത വിൽപനയിൽ 91 ശതമാനം വളർച്ച ഉണ്ടായി. മൊത്തം 3,55,945 യാത്രാ വാഹനങ്ങൾ (കാർ, എസ് യു വി) കഴിഞ്ഞ മാസം കമ്പനികളിൽ നിന്നു ഡീലർമാരുടെ പക്കലേക്ക് അയച്ചു. ഇതൊരു സർവകാല റിക്കാർഡാണ്. ജൂലൈയിലെ 3.42 ലക്ഷത്തെയാണ് മറികടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ വിൽപന 1.6 ലക്ഷം മാത്രമായിരുന്നു.
135 ശതമാനം വർധനയോടെ 1,48,380 വാഹനങ്ങൾ വിറ്റ് മാരുതി സുസുകി ഒന്നാം സ്ഥാനം നിലനിർത്തി. ഹ്യുണ്ടായി 50 ശതമാനം വർധനയോടെ 49,700 വാഹനങ്ങൾ വിറ്റു. ടാറ്റാ മോട്ടോഴ്സിൻ്റെ വിൽപന 85 ശതമാനം കുതിച്ച് 47,864 ആയി. കിയാ മോട്ടോഴ്സ് 79 ശതമാനം വർധനയുമായി വിൽപന 25,857-ലെത്തിച്ചു. ടൊയോട്ട കിർലോസ്കർ വിൽപന 15,378. വർധന 66%.
ടൂ വീലറിൽ ഒന്നാം സ്ഥാനത്തുള്ള (5.08 ലക്ഷം) ഹീറോ മോട്ടോകോർപിൻ്റെ വളർച്ച 0.44 ശതമാനം മാത്രം. ടിവിഎസ് മോട്ടോർ 16 ശതമാനം വർധനയോടെ 2,83,878 വാഹനങ്ങൾ വിറ്റു. 170 ശതമാനം കുതിപ്പോടെ റോയൽ എൻഫീൽഡ് 73,646 ടൂ വീലറുകൾ വിറ്റു.
വാണിജ്യ വാഹന വിപണിയിൽ ഒൻപതു ശതമാനം വർധനയോടെ ടാറ്റാ മോട്ടോഴ്സ് ഒന്നാം സ്ഥാനത്തു നിന്നു. വിറ്റത് 32,979 വാഹനങ്ങൾ. അശോക് ലെയ്ലൻഡിൻ്റെ വിൽപന 16,499. വർധന 88 ശതമാനം. വോൾവോ ഐഷർ 6631 വാഹനങ്ങൾ വിറ്റു. വർധന 9%.
ഇറക്കുമതിയുടെ കരുത്തിൽ ജിഎസ്ടി പിരിവ് കുതിച്ചു
സെപ്റ്റംബറിലെ ജിഎസ്ടി പിരിവ് റിക്കാർഡ് തുകയായ 1,47,686 കോടി രൂപ. തും വർഷത്തേക്കാൾ 26 ശതമാനം അധികം. തുടർച്ചയായ ഏഴാം മാസമാണു ജിഎസ്ടി 1.4 ലക്ഷം കോടിക്കു മുകളിലാക്കുന്നത്.
ഈ വർധനയുടെ പ്രധാന കാരണം ഇറക്കുമതി കൂടിയതാണ്. ഇറക്കുമതിയിലെ വർധന 39 ശതമാനം, ആഭ്യന്തര വ്യാപാരത്തിലെ വർധന 22 ശതമാനം. ആഭ്യന്തര വരുമാന വർധനയുടെ പ്രധാന കാരണം വിലക്കയറ്റമാണ്.
ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കൽ ആലോചിക്കുന്നു
ബുധനാഴ്ച ചേരുന്ന ഒപെക് പ്ലസ് യോഗം ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ പ്രതിദിനം 10 ലക്ഷം വീപ്പയുടെ കുറവു വരുത്താൻ ആലോചിക്കും. കഴിഞ്ഞയാഴ്ച ലഭിച്ചിരുന്ന സൂചന അഞ്ചു ലക്ഷം വീപ്പയുടെ കുറവാണ്. ഒപെക് രാജ്യങ്ങൾ സെപ്റ്റംബറിൽ പ്രതിദിനം 298.1 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ ആണ് ഉൽപ്പാദിപ്പിച്ചത്. ഇതിൽ 110 ലക്ഷം സൗദി അറേബ്യയുടേതാണ്.
2020 മാർച്ചിനു ശേഷം ആദ്യമായാണ് ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) മന്ത്രിമാർ നേരിട്ടു ഹാജരായി യോഗം നടക്കുന്നത്. കോവിഡ് മൂലം വീഡിയോ കോൺഫറൻസിംഗ് ആയിരുന്നു ഇതുവരെ.
വാരാന്ത്യത്തിൽ ബ്രെൻ്റ് ഇനം ക്രൂഡ് മൂന്നു ശതമാനം നേട്ടത്തോടെ 87.9 ഡോളറിൽ ക്ലോസ് ചെയ്തു. വില 90 ഡോളറിനു മുകളിൽ നിർത്താനാണു റഷ്യയടക്കമുള്ള എണ്ണ ഉൽപാദകർ ആഗ്രഹിക്കുന്നത്.
പ്രമുഖ സ്വിസ് ബാങ്ക് കുഴപ്പത്തിൽ
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ആഗാേള ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസ് കുഴപ്പത്തിലേക്കു നീങ്ങുന്നു. കമ്പനിയുടെ ഭാവിയെപ്പറ്റി വിപണിയിൽ പരക്കെ ആശങ്ക. കഴിഞ്ഞ വർഷം മാർച്ചിൽ 3000 കോടി ഡോളർ വിപണിമൂല്യം ഉണ്ടായിരുന്ന കമ്പനിയുടെ കഴിഞ്ഞയാഴ്ചത്തെ മൂല്യം 1024 കോടി ഡോളർ. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ മൂല്യത്തിൻ്റെ പകുതിയിൽ താഴെയാണ് ഇപ്പോഴത്തേത്. ഓഹരി വില ഒരു വർഷം കൊണ്ട് 56 ശതമാനം ഇടിഞ്ഞു.
ആസ്തികൾ വിൽക്കുന്നതും ജീവനക്കാരെ കുറയ്ക്കുന്നതും അടക്കമുള്ള ഒരു വലിയ പുനർ ക്രമീകരണം ഒക്ടോബർ 27-നു പ്രഖ്യാപിക്കുമെന്നു സിഇഒ ഉൾറിഹ് കേർണർ കഴിഞ്ഞ ദിവസം അറിയിച്ചു. ജൂലൈ അവസാനം സിഇഒ ആയ കേർണർ 100 ദിവസം തനിക്ക് അനുവദിക്കണമെന്ന അഭ്യർഥനയോടെയാണു കഴിഞ്ഞ ദിവസം ജീവനക്കാർക്കു തുറന്ന കത്ത് എഴുതിയത്. 400 കോടി ഡോളറിൻ്റെ മൂലധനം കിട്ടിയാലേ ബാങ്കിനു പിടിച്ചു നിൽക്കാനാവൂ എന്നാണു സംസാരം. ഇപ്പാേൾ ഇത് അത്ര എളുപ്പമല്ല.
നിക്ഷേപ ബാങ്കിംഗ് വിഭാഗത്തിൻ്റെ പിഴവുകൾ സമീപവർഷങ്ങളിൽ ക്രെഡിറ്റ് സ്വീസിനെ കാര്യമായി ക്ഷീണിപ്പിച്ചിരുന്നു.കഴിഞ്ഞ വർഷം തുടക്കത്തിലെ അർഖേഗോസ് തകർച്ച ബാങ്കിന് 550 കോടി ഡോളറിൻ്റെ നഷ്ടമാണു വരുത്തി വച്ചത്. 2008-09 ലെ ധനകാര്യ തകർച്ചയ്ക്കിടയിൽ പിടിച്ചു നിന്ന ബാങ്ക് ഇനി പാപ്പർ നടപടിയിലേക്കു നീങ്ങുമോ എന്നു നിക്ഷേപകർ സംശയിക്കുന്നു. അല്ലെങ്കിൽ മുഖ്യ എതിരാളിയായ യുബിഎസിൽ ലയിക്കണം. ക്രെഡിറ്റ് സ്വീസിൻ്റെ തകർച്ച 2008-ൽ യുഎസ് ബാങ്ക് ലീമാൻ ബ്രദേഴ്സ് തകർന്നതുപോലുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് പരക്കെ ഭയമുണ്ട്. ബാങ്കിലെ മുതിർന്ന ഓഫീസർമാരിൽ നല്ല പങ്ക് ഈ മാസങ്ങളിൽ വിട്ടു പോയതും നല്ല സൂചനയല്ല.
പിഎംഐ കണക്കുകൾ
ഫാക്ടറി ഉൽപാദനത്തിൻ്റെ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ഇന്നു പ്രസിദ്ധീകരിക്കും ഓഗസ്റ്റിലെ 56.2 -ൽ നിന്ന് അൽപം കുറവാകും അത് എന്നാണു സൂചന. ജൂലൈയിലെ 56.4-ൽ നിന്നു കുറവായിരുന്നു ഓഗസ്റ്റിലേത്.
സർവീസ് പിഎംഐ ബുധനാഴ്ച പുറത്തു വരും. കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി ഉയരുന്ന സർവീസ് മേഖല സെപ്റ്റംബറിലും നേട്ടത്തിലായിരുന്നു എന്നാണു നിഗമനം.
കമ്പനികൾ
കാറ്റിൽ നിന്നു വൈദ്യുതി അടക്കമുള്ള പാരമ്പര്യേതര ഊർജ മേഖലയിലെ തുടക്കക്കാരൻ തുളസി താന്തിയുടെ ആകസ്മിക മരണം അദ്ദേഹം സ്ഥാപിച്ച സുസ്ലോൺ ഗ്രൂപ്പിനു തിരിച്ചടിയാണ്. കുറേ കാലമായി ഗ്രൂപ്പ് സാമ്പത്തിക ഞെരുക്കത്തിലാണ്. സുസ് ലോണിൻ്റെ അവകാശ ഇഷ്യു ഇന്ന് തുടങ്ങാനിരിക്കെയാണ് താന്തിയുടെ മരണം.
ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകത്തിൻ്റെ വില 40 ശതമാനം വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം നഗരങ്ങളിൽ വാതക വിതരണം നടത്തുന്ന കമ്പനികൾക്കു ക്ഷീണമാകും. മഹാനഗർ, ഇന്ദ്രപ്രസ്ഥ, ഗുജറാത്ത് എന്നീ വാതക വിതരണ കമ്പനികളുടെ വില കഴിഞ്ഞയാഴ്ച ഇടിഞ്ഞിരുന്നു.
ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിൻ്റെ അമിത ലാഭ നികുതി കുറച്ചതും ഡീസൽ കയറ്റുമതിയുടെ ചുങ്കം പകുതിയാക്കിയതും റിലയൻസ്, ഒഎൻജിസി, ഓയിൽ, ചെന്നൈ പെട്രോ തുടങ്ങിയവയെ സഹായിക്കും.