വീണ്ടും കുതിപ്പിനുള്ള ആവേശം; ബുള്ളുകൾ വീണ്ടും സജീവം; ലാഭമെടുക്കൽ സമ്മർദം ചെലുത്തും; വിദേശികൾ വിൽപന കുറച്ചു
വിപണിയിൽ ബുള്ളുകൾ തിരിച്ചെത്തുമോ?;റിസർവ് ബാങ്കിൻ്റെ ശുഭാപ്തി വിശ്വാസം; ബംഗ്ലാദേശ് ബോളിവുഡ് താരനർത്തകിയുടെ നൃത്ത പരിപാടി വിലക്കിയത് എന്തുകൊണ്ട്?
ആശങ്കകൾക്കു വിട നൽകി ഉണർവോടെയും ആവേശത്തോടെയും ആണ് ഇന്നു വിപണികൾ ആരംഭിക്കുന്നത്. ഇന്നലെ താഴ്ചയിൽ തുടക്കമിട്ട ശേഷം നല്ല ഉയരത്തിലേക്കു കടന്ന ഇന്ത്യൻ വിപണിക്ക് ഇന്നു തുടർ കയറ്റത്തിൻ്റെ ദിനമാകും. ലാഭത്തിൽ വിൽക്കുന്നവരുടെ സമ്മർദം പ്രതികൂല ഘടകമാകും. യൂറോപ്യൻ വിപണികൾ ഇന്നലെ അശാന്തി കൈവിട്ട് മിതമായ കയറ്റം നടത്തി. യുഎസ് വിപണി തുടക്കത്തിലേ നല്ല നേട്ടത്തോടെ ആരംഭിച്ച് ആ നേട്ടം നിലനിർത്തിക്കൊണ്ടു ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളും ഇന്നു നേട്ടത്തിലാണ്.എസ്ജി എക്സ് നിഫ്റ്റി ഒരു കുതിപ്പിന് ഒരുങ്ങി. ക്രൂഡ് ഓയിലും സ്വർണവും ഇന്നലത്തെ തുടക്കത്തിലേക്കു മടങ്ങി. ലോഹങ്ങൾ തിരുത്തലിലാണ്. ഡോളർ സൂചിക 112 ലേക്കു താഴ്ന്നു നിൽക്കുന്നു. യുഎസ് കടപ്പത്ര വിലകൾ മെച്ചപ്പെട്ടു.
ബ്രിട്ടനിലെ മിനി ബജറ്റിനെ തുടർന്നു വിപണികളിലുണ്ടായ കോളിളക്കം മിക്കവാറും മുഴുവനായി അടങ്ങി. മിനി ബജറ്റിൽ അവശേഷിച്ചിരുന്ന കാര്യങ്ങൾ പുതിയ ധനമന്ത്രി ജെർമി ഹണ്ട് ഇന്നലെ ചിന്തിക്കളഞ്ഞു. പ്രധാനമന്ത്രി പദത്തിലേക്കു കയറാൻ ലിസ് ട്രസ് അവതരിപ്പിച്ച ധനകാര്യ പാക്കേജ് ഇങ്ങനെ ഇല്ലാതായതോടെ അവരുടെ ഔദ്യോഗിക ഭാവി സംശയത്തിലായി. ഏറ്റവും വേഗം ട്രസിനെ കസേരയിൽ നിന്നു നീക്കാൻ യാഥാസ്ഥിതിക പാർട്ടിയിൽ നീക്കം ശക്തിപ്പെട്ടു. ബ്രിട്ടീഷ് പൗണ്ടിൻ്റെ വിനിമയ നിരക്കു തിരിച്ചുകയറുകയും കടപ്പത്രങ്ങളുടെ വില ഉയരുകയും ചെയ്തു. ബ്രിട്ടീഷ് വിപണികൾ ശാന്തമായതു യൂറോപ്പിനെയും ആശ്വസിപ്പിച്ചു.
അമേരിക്കൻ വിപണി തുടങ്ങും മുൻപ് ബാങ്ക് ഓഫ് അമേരിക്കയുടെ മൂന്നാം പാദ റിസൽട്ട് വന്നു. പ്രതീക്ഷകളെ മറികടന്ന നേട്ടമാണു ബാങ്ക് കൈവരിച്ചത്. ബാങ്ക് ഓഹരി ആറു ശതമാനം ഉയർന്നതോടൊപ്പം മൊത്തം വിപണിയും കയറ്റത്തിലായി. മൂന്നാം പാദ റിസൽട്ടുകളിൽ തീരെ ചെറിയ ലാഭവളർച്ച പ്രതീക്ഷിച്ചാൽ മതി എന്ന നിഗമനം തിരുത്തിയില്ലെങ്കിലും കാഴ്ചപ്പാട് മാറാൻ വഴിതെളിഞ്ഞു. ഡൗ ജോൺസ് 1.86 ശതമാനം ഉയർന്ന് 30,186 - ലെത്തി. എസ് ആൻഡ് പി 2.65 ശതമാനവും നാസ്ഡാക് 3.43 ശതമാനവും കുതിച്ചു.
ഇന്നു രാവിലെ ഓസ്ട്രേലിയയിലെ എഎസ്എക്സ് സൂചിക ഒന്നര ശതമാനം നേട്ടത്തിലാണ്. ജപ്പാനിൽ നിക്കെെ ഒരു ശതമാനം ഉയരത്തിലായിട്ടു താഴ്ന്നു. ഹോങ് കോങ്ങിലും ഷാങ്ഹായിയിലും ചൈനീസ് ഓഹരിസൂചികകൾ നേട്ടത്തോടെ തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസജി എക്സ് നിഫ്റ്റി ഇന്നലെ 14,462 ലേക്കു കുതിച്ചു കയറിയാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും കയറി 17,492-ലെത്തി. പിന്നീട് അൽപം താണു. ഇന്ത്യൻ വിപണി ഇന്നു രാവിലെ നേട്ടത്തോടെ തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.
ഇന്നലെ വിപരീതമായ ആഗോള സൂചനകളെ പിന്തുടർന്നു താഴ്ചയോടെയാണ് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത്. എന്നാൽ യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലായതോടെ ഇന്ത്യൻ വിപണി ഉയരത്തിലേക്കു നീങ്ങി. പിന്നീടു ക്രമമായി ഉയർന്ന് സെൻസെക്സ് 58,449 വരെയും നിഫ്റ്റി 17,328.55 വരെയും എത്തി. സെൻസെക്സ് 491.01 പോയിൻ്റ് (0.85%) നേട്ടത്തിൽ 58,410.98 ലും നിഫ്റ്റി 126.1 പോയിൻ്റ് (0.73%) കയറി 17,311.8 ലും ക്ലോസ് ചെയ്തു. എന്നാൽ വിശാലവിപണി ഇത്രയും ആവേശത്തിലായിരുന്നില്ല. എൻഎസ്ഇയിൽ 857 ഓഹരികൾ ഉയർന്നപ്പോൾ 1149 എണ്ണം താഴ്ന്നു. ബിഎസ്ഇയിൽ 1520 എണ്ണം കയറിയപ്പോൾ 2009 എണ്ണം താഴ്ചയിലായി. മിഡ് ക്യാപ് സൂചിക 0.16 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.45 ശതമാനവും മാത്രമേ ഉയർന്നുള്ളു.
ബാങ്ക്, ധനകാര്യ, ഊർജ ഓഹരികളാണ് ഇന്നലെ കുതിപ്പിനു നേതൃത്വം നൽകിയത്. പി എസ് യു ബാങ്ക് സൂചിക 3.6 ശതമാനം കയറി. വാഹന മേഖലയും ഉയർന്നു. റിയൽറ്റി, മെറ്റൽ, മീഡിയ തുടങ്ങിയവ ഇടിവിനു മുന്നിൽ നിന്നു.
വിദേശ നിക്ഷേപകർ ഇന്നലെ 372 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 1582.24 കോടിയുടെ നിക്ഷേപം നടത്തി. വിദേശികളുടെ വിൽപന മുൻ ദിവസങ്ങളെ അപേക്ഷിച്ചു കുറവായിരുന്നു.
വിപണിയിൽ ബുള്ളുകൾ തിരിച്ചെത്തി എന്നു ധ്വനിപ്പിക്കുന്നതാണു സൂചികകളുടെ കയറ്റം. നിഫ്റ്റി 17,450 എന്ന പരിധി മറികടന്നാൽ 18,100-നു മുകളിലേക്കുള്ള പ്രയാണം ആരംഭിക്കാനാകും എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നു നിഫ്റ്റിക്ക് 17,160-ലും 17,015 ലും പിന്തുണ ഉണ്ട്. 17,400-ലും 17,475-ലും തടസങ്ങൾ പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിൽ വില ഇന്നലെ രാവിലെ ഉയർന്നെങ്കിലും വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം 92.6 ഡോളർ വരെ കയറിയിട്ടു താഴ്ന്ന് 91.56-ൽ ക്ലോസ് ചെയ്തു. റഷ്യ ക്രൂഡ് ഓയിലിൻ്റെ കയറ്റുമതിച്ചുങ്കം കുറച്ചതു മാത്രമാണു വിപണിയിലുണ്ടായ സംഭവ വികാസം. ഇന്നു രാവിലെ 91.82 ലാണു വില.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ തിരുത്തലിലായിരുന്നു. അലൂമിനിയം 4.3 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2227 ഡോളറിലെത്തി. ചെമ്പ് 7647 ഡോളറിലേക്കു താണു. നിക്കൽ, സിങ്ക്, ടിൻ തുടങ്ങിയ ലോഹങ്ങൾ ഒന്നര മുതൽ രണ്ടര വരെ ശതമാനം ഇടിഞ്ഞു.
ഡോളർ സൂചിക താഴ്ന്ന സാഹചര്യത്തിൽ സ്വർണം അൽപം ഉയർന്നെങ്കിലും അവടെ നിൽക്കാനായില്ല. 1645 ഡോളറിൽ നിന്ന് 1670 ഡോളർ വരെ കയറിയിട്ട് 1650- ലേക്കു താഴ്ന്നു. ഇന്നു രാവിലെ 1650-1652 ഡോളറിലാണു വ്യാപാരം.
രൂപ ഇന്നലെ ചെറിയ മേഖലയിൽ കയറിയിറങ്ങി. ഒടുവിൽ തുടക്കത്തിലെ നിലയിൽ (ഡോളറിന് 82.35 രൂപ) ക്ലോസ് ചെയ്തു.
ഡോളർ സൂചിക ചെറിയ മേഖലയിൽ കയറിയിറങ്ങി. 112.04-ൽ ഇന്നലെ ക്ലോസ് ചെയ്തു. ഇന്നു 112.2 വരെ കയറി.
റിസർവ് ബാങ്കിൻ്റെ ശുഭാപ്തി വിശ്വാസം
സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റം ഈ സീസണിലെ വിലക്കയറ്റത്തിൻ്റെ പാരമ്യമാണെന്നും ഇനി വിലക്കയറ്റം കുറയുമെന്നും റിസർവ് ബാങ്ക്. എന്നാൽ സാവധാനമേ കുറവു സംഭവിക്കൂ. വിലക്കയറ്റത്തിൻ്റെ സഹന പരിധിയായ ആറു ശതമാനത്തിലേക്ക് എത്തുകയാണ് ആദ്യ ആവശ്യം. പിന്നീടു നാലു ശതമാനത്തിൽ എത്തണം. ഇതിനു റിസർവ് ബാങ്കിൻ്റെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച "സാമ്പത്തിക നില " ലേഖനത്തിൽ സമയപരിധി വച്ചിട്ടില്ല. രണ്ടു വർഷമാണ് ഗവർണർ ശക്തികാന്ത ദാസ് മുൻപ് പറഞ്ഞത്.
രാജ്യത്തു ഡിമാൻഡ് വർധിക്കുകയാണെന്നും ജിഡിപി വളർച്ച ആവേശകരമാണെന്നും ലേഖനത്തിൽ പറയുന്നു. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 6.4 ശതമാനം ജിഡിപി വളർച്ച ഉണ്ടെന്നാണ് വിവിധ സൂചകങ്ങൾ വച്ച് കണക്കാക്കുന്നു. നേരത്തേ റിസർവ് ബാങ്ക് 6.3 ശതമാനം വളർച്ചയാണു പ്രതീക്ഷിച്ചിരുന്നത്.
ലോകത്തിലെ രണ്ടാമത്തെ ഉയർന്ന വളർച്ച നിരക്കും (ഒന്നാമത്തേതു സൗദി അറേബ്യ) വികസിത രാജ്യങ്ങളേക്കാൾ കുറഞ്ഞ വിലക്കയറ്റവും ഇന്ത്യയെ നിക്ഷേപകർക്ക് ആകർഷകമാക്കുന്നു എന്നാണു ബുള്ളറ്റിൻ പറയുന്നത്.
ദുരിതം വന്നാൽ നൃത്തവും വിലക്കും ....
വിദേശനാണ്യ ലഭ്യത കുറഞ്ഞാൽ നൃത്തം പോലും വിലക്കും. അതാണു ബംഗ്ലാദേശ് നൽകുന്ന പാഠം.
ബോളിവുഡിലെ ഹരം പകരുന്ന താരനർത്തകി നോറാ ഫത്തേഹി ധാക്കയിൽ നടത്താനിരുന്ന നൃത്ത പരിപാടിക്കു ബംഗ്ലാദേശ് സർക്കാർ അനുമതി നിഷേധിച്ചു. കാരണം? രാജ്യത്തു ഡോളർ കുറവാണ്. ഉള്ളതു നർത്തകിമാർക്കു കൊടുക്കാനല്ല ഉപയോഗിക്കേണ്ടത് എന്നു ഗവണ്മെൻ്റ് പറയുന്നു.
ഒരു വനിതാ നേതൃത്വ കോർപറേഷൻ സംഘടിപ്പിച്ച അവാർഡ് നിശയിൽ നൃത്തവും അവാർഡ് ദാനവും നടത്താനാണു ഫത്തേഹിയെ വിളിച്ചിരുന്നത്. 15 ലക്ഷം രൂപ അഡ്വാൻസ് നൽകിയ സംഘാടകർ അതു തിരിച്ചു കിട്ടാൻ ഫത്തേഹിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഇന്ത്യയേക്കാൾ ഉയർന്ന ആളോഹരി വരുമാനം ഉണ്ടായ ബംഗ്ലാദേശിന് എന്താണു സംഭവിച്ചത്? വിദേശനാണ്യശേഖരം ശോഷിച്ചു. ഒരു വർഷം മുമ്പ് 4613 കോടി ഡോളർ ഉണ്ടായിരുന്ന ശേഖരം കഴിഞ്ഞയാഴ്ച 3633 ഡോളറായി കുറഞ്ഞു. കഷ്ടിച്ച് നാലു മാസത്തെ ഇറക്കുമതിക്കു തികയുന്ന തുക. ഇപ്പോൾ ഐഎംഎഫിൻ്റെ സഹായത്തിനു ചർച്ച നടത്തുകയാണ് രാജ്യം. അതിനിടയിലാണു നൃത്ത വിവാദം.
മൊറോക്കൻ - കനേഡിയൻ വംശജയായ ഫത്തേഹി മലയാളത്തിൽ കായംകുളം കൊച്ചുണ്ണി, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ബാഹുബലിയിലും ഒരു ഐറ്റം ഡാൻസ് ചെയ്തു.