ആശങ്കകൾ വീണ്ടും മുന്നോട്ട്; വിദേശ സൂചനകൾ നെഗറ്റീവ്; ഇന്നത്തെ വിപണിനീക്കം നിർണായകം; രൂപയുടെ തകർച്ച എവിടം വരെ?
ദുർബല നിലയിൽ ഓഹരി വിപണി;യുഎസ് പലിശ കൂട്ടുമ്പോൾ സംഭവിക്കുന്നത്;സ്വർണം താഴുന്നു, രൂപയുടെ താഴ്ച എവിടെ വരെയാകും
നല്ല ഉയർച്ചയ്ക്കുള്ള ആവേശത്തോടെ ബുധനാഴ്ച വ്യാപാരം തുടങ്ങിയ വിപണി നേരിയ നേട്ടത്തിൽ ഒതുങ്ങേണ്ടി വന്നു. രൂപയുടെ വലിയ ഇടിവും ലാഭമെടുക്കൽ ശ്രമങ്ങളും വിദേശ വിപണികളിൽ നിന്നുള്ള സൂചനയും ഇതിലേക്കു നയിച്ചു. യൂറോപ്യൻ, യുഎസ് വിപണികൾ പിന്നീടു ചാഞ്ചാട്ടത്തിനു ശേഷം താഴ്ന്നു ക്ലാേസ് ചെയ്തു. ഇന്നു വിപണി അനിശ്ചിതത്വത്തോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണു ഡെറിവേറ്റീവ് വിപണിയും നൽകുന്നത്.
ഇന്നലെ യുഎസ് സൂചികകളിൽ ഡൗ 0.33%, എസ് ആൻഡ് പി 0.67%, നാസ്ഡാക് 0.85% എന്നിങ്ങനെ താഴ്ന്നു ക്ലോസ് ചെയ്തു. യൂറോപ്യൻ സൂചികകളും താഴ്ന്നു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലാണ്.
ഓസ്ട്രേലിയൻ വിപണി ഇന്നു രാവിലെ ഒരു ശതമാനം താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ഏഷ്യൻ വിപണികളും ഇടിയുന്നു. ജപ്പാനിലെ നിക്കെെ ഒന്നര ശതമാനവും കൊറിയയിലെ കോസ്പി ഒരു ശതമാനവും താഴ്ന്നാണു വ്യാപാരം. തുടർച്ചയായി രണ്ടു ദിവസം ഇടിഞ്ഞ ഹോങ് കോങ്, ചൈനീസ് വിപണികൾ ഇന്നും വലിയ താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,385 വരെ താണിട്ട് 17,424-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,352-ലേക്കു വീണ്ടും താഴ്ന്നു. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.
ബുധനാഴ്ച ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങിയിട്ട് കൂടുതൽ കയറിയ ശേഷം ഉച്ചയോടെ താഴുകയായിരുന്നു. സെൻസെക്സ് 59,399.69 വരെ കയറുകയും 58,961.77 വരെ താഴുകയും ചെയ്തു. നിഫ്റ്റി 17,607.6 വരെ ഉയർന്നിട്ട് 17,472.85 വരെ താഴ്ന്നു. ഒടുവിൽ സെൻസെക്സ് 146.59 പോയിൻ്റ് (0.25%) നേട്ടത്തോടെ 59,104.19-ലും നിഫ്റ്റി 25.3 പോയിൻ്റ് (0.14%) ഉയർന്ന് 17,512.3 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ കാൽ ശതമാനം ഉയർന്നു. എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും റിലയൻസും ഐടിസിയുമാണ് മുഖ്യസൂചികകളെ ഇന്നലെ ഉയർത്തി നിർത്തിയത്.
വിദേശ നിക്ഷേപകർ ഇന്നലെ 453.91 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 908.42 കോടി ഓഹരികളിൽ നിക്ഷേപിച്ചു.
വിപണി ദുർബല നിലയാണു കാണിക്കുന്നത്. പല തടസം മേഖലകളും മറി കടന്നെങ്കിലും ഉയർന്ന നില നിലനിർത്താനായാൽ മാത്രമേ ഉയരത്തിലേക്കു നീങ്ങാനാവൂ. ഇന്നത്തെ വിപണി നീക്കം ആ നിലയ്ക്കു പ്രധാനമാണ്. നിഫ്റ്റിക്കു 17,480- ലും 17,400-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പാേൾ 17,580-ഉം 17,670-ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിൽ താഴ്ചയിൽ നിന്ന് അപ്രതീക്ഷിതമായി കയറി. ഷോർട്ട് കവറിംഗും യൂറോപ്യൻ സംഘർഷങ്ങളും കാരണമായി. നോർവേയുടെ ഓയിൽ റിഗ്ഗുകൾക്കു മീതേ അജ്ഞാത ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത് ആശങ്ക പരത്തി. 90.07 ഡോളർ വരെ താഴ്ന്ന ബ്രെൻ്റ് ഇനം ക്രൂഡ് 92.41 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 92.15 ലാണു ബ്രെൻ്റ് ഇനം.
വ്യാവസായിക ലോഹങ്ങൾ താഴ്ച തുടർന്നു. ചെമ്പും അലൂമിനിയവും അടക്കം മിക്ക ലോഹങ്ങളും അര മുതൽ ഒന്നുവരെ ശതമാനം താഴ്ന്നു.
സ്വർണം താഴുന്നു
സ്വർണം വീണ്ടും താഴാേട്ടു നീങ്ങി. 1650 ഡോളർ ഉയരത്തിൽ നിന്ന് ക്രമമായി താഴ്ന്ന് 1626 വരെ എത്തി. ഇന്നു രാവിലെ 1624 വരെ താണു. പിന്നീട് 1625-1627 ഡോളറിലാണു വ്യാപാരം. ഡോളർ സൂചിക 113 ലേക്കു കയറിയതാണു സ്വർണത്തെ വലിച്ചു താഴ്ത്തിയത്. സൂചിക വീണ്ടും കയറിയാൽ സ്വർണം 1600 ഡോളറിനു താഴാേട്ടു വീഴാം.
കേരളത്തിൽ സ്വർണവില ഇന്നലെ അൽപം കൂടി. 80 രൂപ വർധിച്ചു പവനു 37,240 രൂപയായി. രൂപയുടെ തകർച്ചമൂലം വിദേശത്തെ വിലയിടിവിൻ്റെ തോതിൽ ഇന്നു സ്വർണവില കുറയുകയില്ല.
രൂപയുടെ താഴ്ച എവിടം വരെ ?
ഡോളർ ഇന്നലെ വീണ്ടും കയറിയതു രൂപയ്ക്കു ക്ഷീണമായി. 66 പൈസ ഉയർന്ന് 83.02 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. യൂറോപ്യൻ കറൻസികളും ചൈനീസ് യുവാനും ജാപ്പനീസ് യെനും ഒക്കെ ദുർബലമായതിൻ്റെ ചുവടുപിടിച്ചാണു രൂപയും താണത്. ഡോളർ ഇന്നു 150 യെനിലേക്ക് ഉയർന്നേക്കാം. ഡോളറിന് 7.2288 യുവാൻ ആയി.
രണ്ടു വലിയ ഓയിൽ കമ്പനികൾ 100 കോടി ഡോളർ വാങ്ങാൻ തിടുക്കം കാട്ടിയതും രൂപയ്ക്ക് ഇന്നലെ പ്രശ്നമായി. അടുത്ത മാസം ആവശ്യമായ ഡോളർ ഇപ്പാേഴേ വാങ്ങിയതു ഡോളർ നിരക്ക് വീണ്ടും കൂടുമെന്ന ധാരണയിലാണ്. എന്നാൽ അവരുടെ തിടുക്കം വിപണിയെ കൂടുതൽ ആശങ്കയിലാക്കി. താമസിയാതെ ഡോളർ 84-85 രൂപ നിലവാരത്തിലേക്കു കടക്കുമെന്നാണു വിപണി നിരീക്ഷണം.
ഡോളർ സൂചിക ഇന്ന് 113-നു മുകളിലാണ്. ഡോളർ എവിടെ വരെ കയറുമെന്നു പ്രവചിക്കാൻ നിരീക്ഷകർ തയാറില്ല. യുഎസ് പലിശ നിരക്ക് കൂടുമ്പോൾ ഡോളർ കരുത്തു കൂടും. കാരണം ഡോളറിലേക്കു മൂലധനം ഒഴുകും. ആ ഒഴുക്കിനു ശമനം വരുത്താവുന്ന കാര്യങ്ങൾ കണ്ടെത്താൻ വിപണിക്കു പറ്റുന്നില്ല.
യുഎസ് പലിശ കൂട്ടുമ്പോൾ സംഭവിക്കുന്നത്
യുഎസിലും മറ്റും കടപ്പത്ര വിപണി വീണ്ടും ഉയർന്ന പലിശവർധനയെപ്പറ്റിയുള്ള ആശങ്കയിലാണ്. 10 വർഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (Yield) നാലു ശതമാനത്തിനു മുകളിലാകും വിധം കടപ്പത്രവിലകൾ ഇടിഞ്ഞു. നവംബറിൽ 0.75%, ഡിസംബറിൽ 0.50%, ജനുവരിയിൽ 0.25% എന്നിങ്ങനെ യുഎസ് ഫെഡ് നിരക്കു വർധിപ്പിക്കുമെന്നു മോർഗൻ സ്റ്റാൻലി ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം കുറഞ്ഞ നിരക്ക് 3.00- 3.25 ശതമാനമാക്കിയിരുന്നു. അതു ജനുവരിയോടെ 4.25-4.50 ശതമാനമാകുമെന്ന നിഗമനമാണ് ഇപ്പോൾ തിരുത്തിയത്. 4.50 - 4.75 ശതമാനത്തിലേക്കു ഫെഡ് നിരക്ക് കയറുമെന്നാണു പുതിയ വിലയിരുത്തൽ. പലിശവർധന മാന്ദ്യത്തിലേക്കു നയിക്കുമെന്ന മുന്നറിയിപ്പുകൾ അവഗണിക്കാനാണു ഫെഡ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
പലിശവർധന യുഎസ് ഡോളറിൻ്റെ കരുത്തുകൂട്ടുകയാണ്. യൂറോയും പൗണ്ടും യെനും യുവാനും അടക്കമുള്ള മറ്റു കറൻസികൾ ദുർബലമാകുകയും ചെയ്യുന്നു. ഇതു പല രാജ്യങ്ങളുടെയും വിദേശനാണ്യശേഖരം ഡോളർ കണക്കിൽ ചുരുങ്ങുന്നതിനു കാരണമായി. സ്വർണവും മറ്റു കറൻസികളിലെ കടപ്പത്രങ്ങളും ഡോളറിലാക്കുമ്പോൾ വരുന്ന പ്രതിഭാസമാണിതെങ്കിലും പല രാജ്യങ്ങളുടെയും റിസർവ് നില അപായകരമായ നിലയിലേക്കു താഴുന്ന നില വരുന്നുണ്ട്. ബംഗ്ലാദേശ് അടക്കം പല രാജ്യങ്ങളും അടിയന്തര ഐഎംഎഫ് സഹായം തേടേണ്ടി വന്നിരിക്കുകയാണ്.
യൂറോപ്പിലും നിരക്ക് വർധിപ്പിക്കും
ബ്രിട്ടനിൽ ആഭ്യന്തര മന്ത്രിയെ രാജി വയ്പിച്ചതോടെ പ്രധാനമന്ത്രി ലിസ് ട്രസ് തീർത്തും ദുർബലയായി. ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിയെ പുതിയ ധനമന്ത്രി ജെർമി ഹണ്ടിൻ്റെ നിർദേശപ്രകാരമാണു രാജി വയ്പിപിച്ചതെന്നാണു റിപ്പോർട്ടുകൾ. ട്രസ് എന്നാകും കസേര വിടുക എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോൾ പൗണ്ടിൻ്റെ വിലയും ദുർബലമായി തുടരും. അതും ഡോളർ സൂചികയെ ഉയർത്തും. ഇതിനിടെ ബ്രിട്ടനിലെ ചില്ലറ വിലക്കയറ്റം 10.1 ശതമാനത്തിലേക്കു കയറിയിട്ടുണ്ട്. ബ്രിട്ടനിലെ കുറഞ്ഞ പലിശ നിരക്ക് 2.25% ൽ നിന്ന് ഡിസംബറോടെ 4.0% -ലേക്കും അടുത്ത ജൂണോടെ 5.5% -ലേക്കും കൂടുമെന്നാണു സൂചന. യൂറോപ്യൻ കേന്ദ്ര ബാങ്ക് 1.25% - ൽ നിന്ന് ഡിസംബറോടെ രണ്ടു ശതമാനത്തിലേക്കു നിരക്കു കൂട്ടുമെന്നാണു നിഗമനം.