വിദേശികൾ വീണ്ടും വാങ്ങലുകാരായി; വിദേശ വിപണികളിൽ അനിശ്ചിതത്വം; രൂപയ്ക്കു തിരിച്ചു കയറ്റം തുടരാനാകുമോ?
വിപണി ബുള്ളിഷ് മനോഭാവത്തിൽ; വിദേശികൾ വീണ്ടും വാങ്ങലുകാരായി; ക്രൂഡ് ഓയിലും ലോഹങ്ങളും ഉയർന്നു
വിദേശ നിക്ഷേപകർ തിരിച്ചു വരുകയും രൂപവലിയ വീഴ്ചയിൽ നിന്നു കയറാനുള്ള പ്രവണത കാണിക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തിലേക്കു മാറി. തുടർച്ചയായ അഞ്ചാം ദിവസവും മുഖ്യ സൂചികകൾ ഉയരത്തിൽ ക്ലോസ് ചെയ്തു. രൂപ നല്ല നേട്ടത്തിലായി.തലേന്നത്തേക്കാൾ 26 പെസയും ദിവസത്തിലെ താഴ്ന്ന നിലയിൽ നിന്ന് 52 പൈസയും ഉയർന്നാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്.
ആഗാേള വിപണികളിൽ നിന്നുള്ള സൂചന ഇന്നും അത്ര അനുകൂലമല്ല. അനിശ്ചിതത്വത്തോടെയാണു യൂറോപ്യൻ, യുഎസ് വിപണികൾ ഇന്നലെ ക്ലോസ് ചെയ്തത്. ഡോളർ മറ്റു കറൻസികളെ ദുർബലമാക്കി മുന്നേറ്റം തുടർന്നു.
യൂറോപ്യൻ വിപണികൾ ഇന്നലെ നഷ്ടത്തോടെ തുടങ്ങിയിട്ടു ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബ്രിട്ടനിൽ അപക്വമായ നികുതി പരിഷ്കാരങ്ങൾക്കു മുതിർന്ന ലിസ് ട്രസ് എന്ന നാൽപത്തിയേഴുകാരി ചരിത്രത്തിൽ ഏറ്റവും കുറച്ചു കാലം പ്രധാനമന്ത്രിയായിരുന്നു എന്ന റിക്കാർഡ് സ്വന്തം പേരിലാക്കി രാജിവച്ചു. ഇതു യുകെയിലെ ഓഹരികളെയും കടപ്പത്രങ്ങളെയും സഹായിച്ചു. പൗണ്ടിൻ്റെ ദൗർബല്യം തുടരുന്നു.
യുഎസിൽ ഡൗ ജോൺസ് 0.3 - ഉം എസ് ആൻഡ് പി 0.8-ഉം നാസ്ഡാക് 0.6-ഉം ശതമാനം താഴ്ചയിലാണു ക്ലോസ് ചെയ്തത്. തുടക്കത്തിൽ നല്ല നേട്ടത്തിലായിരുന്നു ഈ സൂചികകൾ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലേക്കു മാറി. അമേരിക്കയിൽ തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞതു വിലക്കയറ്റം ഉയർന്ന നിലവാരത്തിൽ തുടരുമെന്നു സൂചിപ്പിച്ചു. 10 വർഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.2 ശതമാനത്തിനടുത്തായി. 2008 -നു ശേഷമുള്ള ഉയർന്ന നിലയാണിത്. ഇതൊക്കെ ഫ്യൂച്ചേഴ്സിനെ താഴ്ത്തുന്ന കാര്യങ്ങളാണ്.
ഇന്ന് ഓസ്ട്രേലിയൻ, ഏഷ്യൻ വിപണികൾ താഴ്ചയിൽ വ്യാപാരം തുടങ്ങി. ചൈനീസ് വിപണി ചെറിയ ഉത്തരവിലാണ് വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,700 വരെ കയറിയിട്ട് 17,538-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,433 വരെ താഴ്ന്നിട്ട് കയറി 17,495-ലെത്തി. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്ത്യൻ വിപണി ഇന്നലെ തലേന്നത്തേതിൻ്റെ വിപരീത പ്രവണതയാണു കാണിച്ചത്. ബുധനാഴ്ച ഉയർന്നു തുടങ്ങി കൂടുതൽ കയറിയ ശേഷം വ്യാപാരാന്ത്യത്തിൽ കുത്തനെ താണു ചെറിയ നേട്ടത്തിൽ അവസാനിക്കുകയായിരുന്നു. ഇന്നലെ താഴ്ന്നു തുടങ്ങിയ ശേഷം ഒടുവിൽ കുതിച്ചു കയറി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 95.71 പോയിൻ്റ് (0.3%) ഉയർന്ന് 59,202.9-ലും നിഫ്റ്റി 51.7 പോയിൻ്റ് (0.16%) ഉയർന്ന് 17,563.95 -ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലായിരുന്നു. ഐടി, മെറ്റൽ, എഫ്എംസിജി, പി എസ് യു ബാങ്ക്, ഓയിൽ - ഗ്യാസ്, ഹെൽത്ത്, ഫാർമ മേഖലകൾ നല്ല നേട്ടമുണ്ടാക്കി.
വിദേശികൾ വീണ്ടും വാങ്ങലുകാരായി
വിദേശ നിക്ഷേപകർ ഒരാഴ്ചയ്ക്കുശേഷം നിക്ഷേപത്തിനു തയാറായതാണു ശ്രദ്ധേയ കാര്യം. അതേ സമയം സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും വിൽപനക്കാരായി . വിദേശികൾ ഇന്നലെ 1864.79 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശികൾ 886.8 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി ബുള്ളിഷ് മനോഭാവത്തിലാണു ക്ലോസ് ചെയ്തിട്ടുള്ളതെന്നു വിപണി വിദഗ്ധർ പറയുന്നു. 17,770-17,920 മേഖലയിലേക്കുള്ള ഹ്രസ്വകാല കുതിപ്പാണു നിരീക്ഷകർ കാണുന്നത്. എന്നാൽ രണ്ടാം പാദ റിസൽട്ടുകൾ മുതൽ ക്രൂഡ് ഓയിൽ വില വരെ നിരവധി അനിശ്ചിത ഘടകങ്ങൾ മുന്നേറ്റത്തിനു തടസം സൃഷ്ടിക്കാം. നിഫ്റ്റിക്ക് 17,460-ലും 17,370-ലും പിന്തുണ ഉണ്ട്. 17,580- ളം 17,685-ഉം തടസങ്ങളാകും.
ക്രൂഡ് ഓയിലും ലോഹങ്ങളും ഉയർന്നു
ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം 92.45 ഡോളറിലേക്കു കയറി. ചൈന കോവിഡ് നിയന്ത്രണങ്ങൾ കുറയ്ക്കും എന്ന ശ്രുതി വിപണിയിലുണ്ട്. അതു ചെയ്താൽ ഡിമാൻഡ് കൂടും. ക്രൂഡ് ലഭ്യത കുറഞ്ഞു വരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
ചൈനീസ് നിയന്ത്രണങ്ങൾ കുറയും എന്ന പ്രതീക്ഷ വ്യാവസായിക ലോഹങ്ങളുടെ വില ഉയർത്തി. ചെമ്പ് ടണ്ണിന് 7585 ഡോളറിലേക്കും അലൂമിനിയം 2210 ഡോളറിലേക്കും കയറി. സിങ്ക് നാലു ശതമാനം ഉയർന്നു 3000 ഡോളറിനു മുകളിലായി.
സ്വർണം ഉയരാനുള്ള ശ്രമത്തിൽ വീണ്ടും പരാജയപ്പെട്ടു. ഇന്നലെ 1625-ൽ നിന് 1646 ഡോളർ വരെ കയറിയിട്ടു തിരികെ 1625-ൽ എത്തി. ഇന്നു രാവിലെ 1627-1628 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ സ്വർണം പവന് ഇന്നലെ 160 രൂപ കുറഞ്ഞ് 37,080 രൂപയായി. ഇന്നു രൂപയ്ക്കു വിലത്തകർച്ച ഉണ്ടാകുന്നില്ലെങ്കിൽ സ്വർണ വില താഴും.
തിരിച്ചു കയറി രൂപ
രൂപ ഇന്നലെ ഒന്നര വർഷത്തിനുള്ളിലെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തി. ഡാേളർ രാവിലെ 83.01 രൂപയിൽ തുടങ്ങിയിട്ട് 83.28 വരെ താണു. ഉച്ചയ്ക്കു ശേഷം റിസർവ് ബാങ്ക് ശക്തമായ ഇടപെടൽ നടത്തിയപ്പോൾ ഡോളർ 82.72 വരെ താണു. പിന്നീട് 82.76 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് ഇന്നലെ നൂറു കാേടിയിലധികം ഡോളർ വിപണിയിലിറക്കി എന്നാണു വിവരം.
ഡോളർ സൂചിക ഇന്നലെ 113-നു മുകളിൽ കറങ്ങിയിട്ട് 112.9 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 113.07 ലേക്കു കയറി.
ജാപ്പനീസ് യെൻ 150. 26 ലേക്കും ചൈനീസ് യുവാൻ 7.2473 ലേക്കും ബ്രിട്ടീഷ് പൗണ്ട് 1.1205 ലേക്കും യൂറോ 0.9772 ലേക്കും താഴ്ന്നു. രൂപയും സമ്മർദത്തിലാകും എന്നു വിപണി കരുതുന്നു.
കമ്പനികൾ, റിസൽട്ടുകൾ
സിഗററ്റിൽ നിന്നു വൈവിധ്യവൽക്കരിച്ചു ഭിന്ന മേഖലകളിലേക്കു ശക്തമായി കടന്ന ഐടിസി പ്രതീക്ഷയിലും മികച്ച രണ്ടാം പാദ റിസൽട്ട് പുറത്തിറക്കി. വരുമാനം 27 ശതമാനം കൂടി. അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 21 ശതമാനം വർധിച്ചു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഏഴു ശതമാനമാണ് ലാഭവർധന. മൊത്തം 16,671 കോടി രൂപയുടെ വരുമാനത്തിൽ 6954 കോടിയായി സിഗററ്റ് വരുമാനം കുറഞ്ഞു. മറ്റ് എഫ്എംസിജി വരുമാനം 4900 കോടിയുണ്ട്. അഗ്രി ബിസിനസ് 4000 കോടിയിലേക്കുയർന്നു.
പെയിൻ്റ് വ്യവസായത്തിൽ ഒന്നാം സ്ഥാനത്തുള്ള ഏഷ്യൻ പെയിൻ്റ്സിൻ്റെ രണ്ടാം പാദ അറ്റാദായം 31 ശതമാനം കുതിച്ചു. എന്നാൽ അനാലിസ്റ്റുകളുടെ പ്രതീക്ഷയേക്കാൾ ഗണ്യമായി കുറവാണിത്. അതിനാൽ ഓഹരി വില രണ്ടു ശതമാനം താണു. വരുമാനം 19 ശതമാനവും പ്രവർത്തന ലാഭം 36 ശതമാനവും വർധിച്ചു. 8458 കോടിയാണ് വിറ്റുവരവ്, അറ്റാദായം 783 കോടിയും. ലാഭമാർജിനുകൾ മുൻകാലത്തെ അപേക്ഷിച്ചു കുറവാണ്.
കനറാ ബാങ്കിൻ്റെ വരുമാനം 16.88 ശതമാനം കൂടിയപ്പോൾ അറ്റാദായം 89.42 ശതമാനം വർധിച്ച് 2525 കോടിയായി. ബാങ്കിൻ്റെ മൊത്തം നിഷ്ക്രിയ ആസ്തി 8.42 ശതമാനത്തിൽ നിന്ന് 6.37 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 3.22 -ൽ നിന്ന് 2.19 ശതമാനമായും കുറഞ്ഞു.
ആക്സിസ് ബാങ്ക് വരുമാനം 20 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം കുതിച്ചത് 70 ശതമാനം. 24,180 കോടി രൂപ വരുമാനത്തിൽ 5329.8 കോടി രൂപയാണ് അറ്റാദായം. മൊത്ത നിഷ്ക്രിയ ആസ്തി 3.53%-ൽ നിന്ന് 2.5 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.08%-ൽ നിന്ന് 0.51 ശതമാനവും ആയി കുറഞ്ഞു.
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ രണ്ടാം പാദ വരുമാനം 10.6% വർധിച്ച് 1995.24 കോടി രൂപയായപ്പോൾ അറ്റാദായം 223.1 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 187 കോടി നഷ്ടമായിരുന്നു. കിട്ടാക്കടങ്ങൾക്കുള്ള വകയിരുത്തൽ 420 കോടിയിൽ നിന്ന് 179 കോടിയായി കുറഞ്ഞതാണു ലാഭത്തിലേക്കു നയിച്ചത്.
മൊത്ത നിഷ്ക്രിയ ആസ്തി 6.65 ശതമാനത്തിൽ നിന്ന് 5.67 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 3.85% ൽ നിന്ന് 2.51% ആയി.