വിക്രമവർഷം 2079- ന് ആവേശത്തുടക്കം; നേട്ടം തുടരാനുറച്ചു വിപണി; ചൈനീസ് മാറ്റങ്ങളിൽ ആശങ്ക

ഇന്നലെ സൂചികകൾക്ക് ഉണ്ടായത് 14 വർഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടം. വസ്ത്ര കയറ്റുമതിയിൽ ഇന്ത്യക്കു ക്ഷീണം. ഷിയുടെ വാഴ്ചയിൽ ആശങ്ക; ചൈനീസ് ഓഹരികൾക്ക് ഇടിവ്

Update:2022-10-25 08:34 IST

മുഹൂർത്തവ്യാപാരം ആവേശകരമായി. സൂചികകൾ നല്ല ഉയർച്ച കാണിച്ചു. ചൈന ഒഴിച്ചുള്ള പ്രമുഖ വിപണികളും നേട്ടത്തിലായി. ബ്രിട്ടനിലെ രാഷ്ട്രീയ - ധനകാര്യ കോളിളക്കം ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിപദത്തിലേക്ക് ഉയർത്തപ്പെടുന്നതിലേക്കു വഴിതെളിച്ചു. പൊതുവേ വിക്രമസംവത്സരം 2079-ലേക്ക് നല്ല ഉത്സാഹത്തോടെയാണു നിക്ഷേപകർ കയറുന്നത്. നാളെ അവധിയായതിനാൽ ഇന്നു ദീപാവലി വ്യാപാരത്തിൻ്റെ തിരക്ക് വർധിച്ചേക്കും.

യുഎസ് വിപണി ഇന്നലെ കാര്യമായ നേട്ടമില്ലാതെ തുടങ്ങിയിട്ടു ക്രമമായി കയറി 1.3 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ചത്തെ 2.4 ശതമാനം ഉയർച്ചയ്ക്കു പിന്നാലെയാണിത്. ഇന്നലെ യൂറോപ്യൻ വിപണിയും രണ്ടു ശതമാനം കയറി. ഋഷി സുനക് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത് ലണ്ടനിലെ എഫ്‌ടിഎസ്ഇ സൂചികയെ ദിവസത്തിലെ ഉയർന്ന നിലയിൽ ക്ലോസ് ചെയ്യിച്ചു. ബ്രിട്ടീഷ് പൗണ്ടും കയറി. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലായി.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ജപ്പാനിലും കൊറിയയിലും സൂചികകൾ അര ശതമാനം കയറി. ചൈനീസ്, ഹോങ് കോങ് ഓഹരികൾ ഇന്നും താഴ്ചയിലാണ്. ചൈനീസ് കറൻസി യുവാൻ ഒരു ഡോളറിന് 7.31 യുവാൻ എന്ന നിലയിലേക്കു താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,900 വരെ ഉയർന്നിട്ട് 17,830-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17, 800-നു താഴെയായി. ഇന്ത്യൻ വിപണി ഇന്ന് ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
കഴിഞ്ഞയാഴ്ച നല്ല പ്രതിവാര നേട്ടത്തിൽ സമാപിച്ച വിപണി ഇന്നലെ വൈകുന്നേരം മുഹൂർത്തവ്യാപാരത്തിൽ നല്ല ഉത്സാഹം കാണിച്ചു. 14 വർഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടമാണ് ഇന്നലെ സൂചികകൾക്ക് ഉണ്ടായത്. സെൻസെക്സും നിഫ്റ്റിയും 0.88 ശതമാനം വീതം ഉയർന്നു.
2018-ലെ 0.7 ശതമാനം കയറ്റമാണു കഴിഞ്ഞ 12 വർഷത്തിനിടയിലെ ഉയർന്ന മുഹൂർത്ത വ്യാപാരനേട്ടം. ഇത്തവണ അതു മറികടന്നു. സെൻസെക്സ് 524.51 പോയിൻ്റ് ഉയർന്ന് 59,831.66 ലും നിഫ്റ്റി 154.45 പോയിൻ്റ് കയറി 17,730.75 ലും ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.93 ശതമാനവും മിഡ് ക്യാപ് 0.56 ശതമാനവും ഉയർന്നു.
ബാങ്ക് നിഫ്റ്റി 1.3 ശതമാനം കയറ്റത്തോടെ നേട്ടത്തിനു മുന്നിൽ നിന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയവയാണു സെൻസെക്സിൻ്റ ഉയർച്ചയ്ക്കു വലിയ സംഭാവന നൽകിയത്. ഹിന്ദുസ്ഥാൻ യൂണിലീവർ മൂന്നു ശതമാനം താഴ്ചയിലായി. ക്യാപ്പിറ്റൽ ഗുഡ്സ് 1.39%, വാഹനങ്ങൾ 0.78%, ഐടി 0.7%, മെറ്റൽസ് 0.86% തുടങ്ങിയ മേഖലകൾ നല്ല നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ 158.39 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 80.12 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബ്രെൻ്റ് ഇനം 93.53 ഡോളറിലാണ്. വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളിലാണ്. ചെമ്പും അലൂമിനിയവും ഇന്നലെ ചെറിയ തോതിൽ താഴ്ന്നു.
സ്വർണം ഇന്നലെ 1660 ഡോളർ വരെ കയറിയിട്ട് അൽപം താഴ്ന്നു. 1649-1651 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം. കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ പവനു 37,600 രൂപയിൽ തുടർന്നു. ഡോളർ സൂചിക ഇന്നലെ 112-നു മുകളിൽ നിന്നിട്ട് 111.99 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 111.7വരെ താഴ്ന്നിട്ടു തിരികെ 112-ലെത്തി. രൂപ ഇന്നു വലിയ സമ്മർദം നേരിടുകയില്ലെന്നാണു സൂചന. 
വസ്ത്ര കയറ്റുമതിയിൽ ഇന്ത്യക്കു ക്ഷീണം
ദശകങ്ങളായി ഇന്ത്യൻ കയറ്റുമതിയിലെ പ്രമുഖഇനമായിരുന്ന തുണി - വസ്ത്ര (ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻ്റ്സ്) വിഭാഗത്തിനു വെല്ലുവിളി. 2012-23ധനകാര്യ വർഷത്തിൻ്റെ ആദ്യ പകുതിയിൽ ഈ മേഖലയുടെ കയറ്റുമതി 8.5 ശതമാനം കുറഞ്ഞു. രാജ്യത്തിൻ്റെ മൊത്തം കയറ്റുമതിയിൽ ഈ മേഖലയുടെ പങ്കും കുറഞ്ഞു.
കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 2000 കോടി ഡോളറിൻ്റെ കയറ്റുമതി ഈ മേഖലയിൽ നിന്ന് ഉണ്ടായി. ഇത്തവണ 1830 കോടി ഡോളർ മാത്രം. മൊത്തം ഉൽപന്ന കയറ്റുമതി 17.8 ശതമാനം വളർന്നപ്പോഴാണിത്. 2015-16 - ൽ മൊത്തം ഉൽപന്ന കയറ്റുമതിയുടെ 13.7 ശതമാനം ഈ മേഖലയിൽ നിന്നായിരുന്നു. ഇപ്പോൾ അത് 7.8 ശതമാനമായി ഇടിഞ്ഞു.
അമേരിക്കയും യൂറോപ്പുമാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണികൾ. ആ വിപണികളിൽ ബംഗ്ലാദേശും വിയറ്റ്നാമും ആധിപത്യം നേടി വരികയാണ്. ചൈന ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമായിരുന്ന അവസ്ഥ വലിയ ഭീഷണിയിലാണ്. ഇന്ത്യ ചെറുരാജ്യങ്ങളുടെ ആക്രമണത്തിൽ പിന്നോട്ടു പോകുന്നു. തൊഴിൽ വ്യവസ്ഥകളുടെ കാർക്കശ്യം, കൂടിയ വേതനം, ചരക്കുനീക്ക തടസങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയെ മത്സരക്ഷമമല്ലാതാക്കുന്നത് എന്ന് കയറ്റുമതിക്കാർ പറയുന്നു. കൃഷി കഴിഞ്ഞാൽ ഏറ്റവുമധികം പേർക്കു തൊഴിൽ നൽകുന്ന മേഖലയാണ് തുണി - വസ്ത്ര മേഖല.
ഷിയുടെ വാഴ്ചയിൽ ആശങ്ക; ചൈനീസ് ഓഹരികൾക്ക് ഇടിവ് 
ചൈനയുടെ പരമാധികാരിയായി ഷി ചിൻപിംഗ് സ്ഥാനം ഉറപ്പിച്ചു കൊണ്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാംകോൺഗ്രസ് സമാപിച്ചു. ആയുഷ്കാല സർവാധിപതിയാകാനുള്ള ഷിയുടെ മോഹം സഫലമായി. എന്നാൽ വിപണികൾ ഇതിനോട് അനുകൂലമായല്ല പ്രതികരിക്കുന്നത്. 
ചൈനീസ് ഓഹരി വിപണിയിൽ തിങ്കളാഴ്ച രണ്ടു ശതമാനത്തിലധികം ഇടിവുണ്ടായി. ഷാങ്ഹായ് കോംപസിറ്റ് സൂചിക 3000-നു താഴെയായി. ഒരു വർഷം കൊണ്ട് 18 ശതമാനം ഇടിവാണു സൂചികയിൽ വന്നത്. 
ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ഇന്നലെ 6.4 ശതമാനം ഇടിഞ്ഞു. 13 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണു ഹാങ് സെങ് താണത്. ഒരു മാസം കൊണ്ടു 15 ശതമാനവും ഒരു വർഷം കൊണ്ട് 42 ശതമാനവും തകർച്ചയാണ് സൂചികയ്ക്കുണ്ടായത്. യുഎസ് വിപണിയിലെ ചൈനീസ് എഡിആറുകൾ (അമേരിക്കൻ ഡിപ്പോസിറ്ററി റെസീറ്റ്സ്) ഇന്നലെ 16 ശതമാനത്തോളം ഇടിഞ്ഞു. 
ഷി കൂടുതൽ സിദ്ധാന്തവാദിയാകുമെന്നും സ്വകാര്യ മേഖലയുടെ വളർച്ചയ്ക്കു തടസം ഉണ്ടാകാമെന്നും വിപണി ഭയപ്പെടുന്നു.മുൻഗാമി ഹു ജിൻടാവാേയെ പോലെ സ്വകാര്യ മേഖലയുടെ വളർച്ചയോടു ഷി കഴിഞ്ഞ 10 വർഷം താൽപര്യം കാണിച്ചിട്ടില്ല. ഈ സമീപനം കൂടുതൽ മോശമാകുമെന്നാണ് ആശങ്ക. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധവും മോശമാകും.
ജൂലൈ - സെപ്റ്റംബറിലെ ചൈനീസ് ജിഡിപി വളർച്ച പ്രതീക്ഷയിലും മെച്ചമായി. 3.4 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 3.9 ശതമാനം വളർച്ച. ഒന്നാം പാദത്തിൽ 4.8% വും രണ്ടാം പാദത്തിൽ 0.4% വും ആയിരുന്നു വളർച്ച. 
കയറ്റുമതി കുറയുകയും പാർപ്പിട മേഖല കൂടുതൽ മന്ദീഭവിക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്. അതും വളർച്ചയെ ബാധിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനു ഷി എതിരാണ്.


Tags:    

Similar News