വിപണികളിൽ ഉണർവ്; ഇന്ത്യൻ നിക്ഷേപകർ പ്രതീക്ഷയിൽ; വിദേശത്തു ടെക് ഭീമന്മാർക്കു ക്ഷീണകാലം; യുഎസ് മാന്ദ്യഭീതി അകന്നു
വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങിയേക്കും. ടെക് ഭീമനു വലിയ ക്ഷീണം. യുഎസ് ജിഡിപി വർധിച്ചു; മാന്ദ്യം അകലെ
വ്യാഴാഴ്ച ആവേശത്തോടെ തുടങ്ങിയ വ്യാപാരം പിന്നീടു തണുത്തു. വിദേശ നിക്ഷേപകർ വലിയ അളവിൽ വാങ്ങലുകാരായെങ്കിലും വിപണി ചെറിയ നേട്ടത്തിൽ ഒതുങ്ങി. എന്നാൽ വിദേശ വിപണികൾ മുന്നേറ്റം തുടർന്നു. വിദേശ നിക്ഷേപകർ ഒരു ഇടവേളയ്ക്കു ശേഷം വിപണിയിൽ വാങ്ങലുകാരായി. ഇന്നു വിപണി നേട്ടത്തോടെ തുടങ്ങുമെന്നാണു സൂചന.
വിദേശസൂചനകൾ വിപണിക്ക് അനുകൂലമല്ല. ആമസോൺ അടുത്ത പാദത്തിലേക്കുള്ള വരുമാന പ്രതീക്ഷ വെട്ടിക്കുറച്ചത് വിപണികളെ വലിച്ചു താഴ്ത്തുകയാണ്. യുഎസ് ഫ്യൂച്ചേഴ്സ് താഴോട്ടു നീങ്ങി. ഓസ്ട്രേലിയയിലെ എഎസ്എക്സ്, ജപ്പാനിലെ നിക്കെെ തുടങ്ങിയവ രാവിലെ ഇടിഞ്ഞു. ചൈനീസ്, ഹോങ് കോങ് വിപണികളും ഇടിവിലാണ്.
എന്നാൽ സിംഗപ്പുരിലെ എസ്ജി എക്സ് നിഫ്റ്റി നേട്ടം തുടരുന്നു. എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17, 805-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,850-ലേക്കു കയറി. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണു പ്രതീക്ഷ.
ഇന്നലെ യുഎസ് വിപണി മിശ്ര ചിത്രമാണു നൽകിയത്. ഡൗ ജോൺസ് സൂചിക 0.61 ശതമാനം ഉയർന്നു. ടെക്നോളജി ഓഹരികളുടെ, പ്രത്യേകിച്ചും ഫേയ്സ്ബുക്ക് മാതൃ കമ്പനി മെറ്റാവേഴ്സിൻ്റെ, ദൗർബല്യം നാസ്ഡാകിനെ 1.63 ശതമാനം താഴ്ത്തി.
വ്യാഴാഴ്ച സെൻസെക്സ് 212.88 പോയിൻ്റ് (0.36%) കയറി 59,756.84 ലും നിഫ്റ്റി 80.4 പോയിൻ്റ് (0.46%) കയറി 17,736.95-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.61% ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.41 ശതമാനം കയറി. മെറ്റൽ, റിയൽറ്റി തുടങ്ങിയവ നല്ല നേട്ടം കുറിച്ചു. ഐടി മേഖല മാത്രമാണു നഷ്ടത്തിലായത്.
വിദേശ നിക്ഷേപകർ 28,8.40 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ രണ്ടു ദിവസം വിൽപനക്കാരായിരുന്നു വിദേശികൾ. സ്വദേശി ഫണ്ടുകൾ 1580.1 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി ബുളളിഷ് മനോഭാവം തുടരുന്നു എന്നും 18,100 - ലേക്കുള്ള മുന്നേറ്റം തുടരുമെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,670-ലും 17,600-ലും സപ്പോർട്ട് കാണുന്നു. 17,770-ഉം 17,850-ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിൽ ഉയർന്നു തന്നെ നീങ്ങുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്കു 96.5 ഡോളറിലാണ്. വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളിലാണ്. ചൈനയിലെ നിയന്ത്രണങ്ങൾ താമസിയാതെ കുറയ്ക്കും എന്ന പ്രതീക്ഷയിലാണു വിപണി.
സ്വർണം ഇന്നലെ 1654- 1671 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1662-1664 ഡോളറിലാണു സ്വർണം.കേരളത്തിൽ ഇന്നലെ സ്വർണം പവന് 80 രൂപ വർധിച്ച് 37,680 രൂപയായി.
രൂപ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. ഡോളർ രാവിലെ 82.15 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീടു ഡോളർ സൂചിക ഉയർന്നപ്പോൾ 82.49 രൂപയിലേക്കു കയറി ക്ലോസ് ചെയ്തു.
ലോക വിപണിയിൽ 110നു താഴെ വന്ന ഡോളർ സൂചിക ഇന്നലെ 110.59 ലേക്കുയർന്നാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 110.5നു ചുറ്റുവട്ടത്താണു സൂചിക. യൂറോ വീണ്ടും ഒരു ഡോളറിനു താഴെയായി. പൗണ്ടും യുവാനും അൽപം താണു.
ടെക് ഭീമനു വലിയ ക്ഷീണം
മെറ്റാവേഴ്സ് റിസൽട്ട് മോശമായതോടെ കമ്പനിയുടെ വിപണിമൂല്യം ഇടിഞ്ഞ് ആദ്യത്തെ 20 കമ്പനികളുടെ പട്ടികയിൽ നിന്നു പുറത്തായി. കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളറിലെത്തും എന്നു കുറച്ചു നാൾ മുമ്പു കരുതിയിരുന്നു. പക്ഷേ ഇന്നലെ ഓഹരിവില 24.5 ശതമാനം ഇടിഞ്ഞ് 2016- നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായി. ഈ വർഷം ഓഹരിവില ഇടിഞ്ഞത് 61 ശതമാനം. ഫേയ്സ്ബുക്ക് വരുമാനം കുറയുകയും വർച്വൽ റിയാലിറ്റി ഉൽപന്നങ്ങൾ വലിയ നഷ്ടം വരുത്തുകയും ചെയതതാണു മാർക്ക് സുക്കർബർഗിൻ്റെ കമ്പനിയെ കുഴപ്പത്തിലാക്കിയത്.
ആമസോണിൻ്റെ മൂന്നാം പാദ റിസൽട്ട് പ്രതീക്ഷകൾക്കൊപ്പം വന്നു. പക്ഷേ നാലാം പാദത്തെപ്പറ്റിയുള്ള കമ്പനിയുടെ പ്രതീക്ഷ നിരാശാജനകമായി. ഓഹരികൾ 13 ശതമാനം താണു. ആപ്പിൾ റിസൽട്ട് പ്രതീക്ഷകൾക്കൊപ്പം നിന്നു.
യുഎസ് ജിഡിപി വർധിച്ചു; മാന്ദ്യം അകലെ
സെപ്റ്റംബർ 30-നവസാനിച്ച മൂന്നു മാസം യുഎസ് ജിഡിപി 2.6 ശതമാനം വളർന്നു. ഈ വർഷത്തെ ആദ്യ വളർച്ചയാണിത്. ജനുവരി-മാർച്ചിൽ 1.6 ശതമാനവും ഏപ്രിൽ- ജൂണിൽ 0.6 ശതമാനവും വീതം ചുരുങ്ങിയതാണ്. മൂന്നാം പാദത്തിൽ 2.3 ശതമാനം വളർച്ചയാണു നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നത്. ഇതോടെ യുഎസ് സാമ്പത്തിക മാന്ദ്യത്തിലായിക്കഴിഞ്ഞു എന്ന ആശങ്ക ഒഴിവായി. തുടർച്ചയായി രണ്ടു പാദങ്ങളിൽ ജിഡിപി ചുരുങ്ങിയാൽ മാന്ദ്യം എന്നാണു നിർവചനം. രണ്ടു പാദങ്ങളിൽ ചുരുങ്ങിയിട്ടും മാന്ദ്യം പ്രഖ്യാപിച്ചിരുന്നില്ല. തൊഴിലില്ലായ്മ വർധിക്കാത്തതും വേതന നിലവാരം ഉയർന്നതും മറ്റും മാന്ദ്യം പ്രഖ്യാപിക്കുന്നതിൽ നിന്ന് നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിനെ പിന്തിരിപ്പിച്ചു. ആ തീരുമാനം ശരിയായിരുന്നെന്ന് മൂന്നാം പാദ കണക്ക് കാണിക്കുന്നു.
വാണിജ്യ കമ്മി കുറഞ്ഞതും ഉപഭോക്തൃ ചെലവ് വർധിച്ചതും ഗവണ്മെൻ്റ് ചെലവ് കൂടിയതും ജിഡിപി വർധനയ്ക്കു വഴിതെളിച്ചു. സേവന മേഖലയിലെ ഉപഭോഗം 2.8 ശതമാനം കൂടിയപ്പോൾ ഉൽപന്ന ഉപഭോഗം 1.2 ശതമാനമാണു വർധിച്ചത്.
പ്രതിവാര തൊഴിലില്ലായ്മ അപേക്ഷയിലെ വർധന 2.17 ലക്ഷമാണ്. പ്രതീക്ഷിച്ചത് 2.2 ലക്ഷം.
സ്വകാര്യ ഉപഭോഗച്ചെലവ് മൂന്നാം പാദത്തിൽ 1.4 ശതമാനമേ വർധിച്ചുള്ളു. രണ്ടാം പാദത്തിൽ രണ്ടു ശതമാനം കൂടിയതാണ്. പാർപ്പിടങ്ങളിലെ നിക്ഷേപം 26.4 ശതമാനം കുറഞ്ഞു. തലേ പാദത്തിൽ 17.8 ശതമാനം കുറഞ്ഞിരുന്നു. ഇതെല്ലാം കാര്യങ്ങൾ സാവധാനം മാന്ദ്യത്തിലേക്കു പോകുന്നു എന്നു കാണിക്കുന്നു.
യുഎസ് കയറ്റുമതി 14.4 ശതമാനം വർധിച്ചു. ഇറക്കുമതി 6.9 ശതമാനം കുറഞ്ഞു. ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തം വാണിജ്യ മിച്ചം ജിഡിപിയിലേക്കു 2.77 ശതമാനമാണു കൂട്ടിച്ചേർത്തത്. ഈ വാണിജ്യ മിച്ചം ഇല്ലായിരുന്നെങ്കിൽ ജിഡിപി ചുരുങ്ങുകയും യുഎസ് മാന്ദ്യം പ്രഖ്യാപിക്കുകയും ചെയ്തേനെ.
പലിശ ഇരട്ടിപ്പിച്ച് യൂറോപ്യൻ കേന്ദ്ര ബാങ്ക്
യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) കുറഞ്ഞ പലിശ നിരക്ക് ഇരട്ടിപ്പിച്ച് 1.5 ശതമാനമാക്കി. സെപ്റ്റംബറിലും ഇതേ തോതിൽ വർധിപ്പിച്ചതാണ്. വർഷങ്ങളായി മിനിമം പലിശ നെഗറ്റീവ് ആയി സൂക്ഷിച്ചിരുന്നതാണ് ഇസിബി. ഇപ്പോൾ വിലക്കയറ്റം 9.9 ശതമാനമായ സാഹചര്യത്തിലാണ് നടപടി. യൂറോ കറൻസിയായി സ്വീകരിച്ചിട്ടുള്ള 19 രാജ്യങ്ങളിൽ നിരക്ക് വർധിക്കും.
ഇനിയും നിരക്ക് കൂട്ടുമെന്ന് ഇസിബി പ്രസിഡൻ്റ് ക്രിസ്റ്റീൻ ലഗാർഡ് പറഞ്ഞു. കോവിഡ് കാലത്തു ധനകാര്യ മേഖലയെ നിലനിർത്താനായി ബാങ്കുകളിൽ നിന്നു വാങ്ങി വച്ച കടപ്പത്രങ്ങൾ തിരികെ വിപണിയിലിറക്കുന്നതു (ക്വാണ്ടിറ്റേറ്റീവ് ടൈറ്റനിംഗ്) സാവധാനമേ ചെയ്യൂ എന്നു ബാങ്ക് തീരുമാനിച്ചു. പലിശ വർധനയും അധിക ബോണ്ട് വിൽപനയും ഒന്നിച്ചു നടത്തിയാൽ മാന്ദ്യം കടുത്തതാകും എന്ന ഭീതി കൊണ്ടാണിത്. ഡിസംബറിൽ കുറഞ്ഞ പലിശ രണ്ടു ശതമാനമാക്കും എന്നാണു നിഗമനം.
പലിശവർധനയെ തുടർന്നു യൂറോ വീണ്ടും ഡോളറിനു താഴെയായി. രണ്ടാഴ്ചയിലേറെ താഴ്ന്നു നിന്ന യൂറോ തലേ ദിവസമാണു തിരിച്ചു ഡോളറിനു മുകളിലായത്. ഇന്നലെ 0.9976 ഡോളറിലേക്കു യൂറോ താണു.
കുഴപ്പത്തിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിൻ്റെ അഴിച്ചുപണി പദ്ധതി ഇന്നലെ പ്രഖ്യാപിച്ചു. സൗദി നാഷണൽ ബാങ്കിനു 10 ശതമാനം ഓഹരി നൽകിക്കൊണ്ടുള്ള അഴിച്ചുപണി വിപണിക്ക് അത്ര രസിച്ചില്ല. ഓഹരിവില 19 ശതമാനം ഇടിഞ്ഞു. ബാങ്കിൻ്റെ മൂന്നാം പാദ നഷ്ടം 400 കോടി ഡോളറായി വർധിച്ചതും നിക്ഷേപകർക്ക് ഇഷ്ടപ്പെട്ടില്ല.
ബാങ്കിൻ്റെ നിക്ഷേപ ബാങ്കിംഗ് വിഭാഗം ക്രെഡിറ്റ് സ്വീസ് ഫസ്റ്റ് ബോസ്റ്റൺ എന്ന പേരിൽ വേർപെടുത്തും. അതിസമ്പന്നരുടെ പണം കൈകാര്യം ചെയ്തു ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഈ വിഭാഗത്തെപ്പറ്റി പരക്കെ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ബാങ്കിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഉടനെ 2,700 പേരെ പിരിച്ചുവിടും.
അഴിച്ചുപണി വിപ്ലവകരമാണെന്നു മാനേജ്മെൻ്റ് അവകാശപ്പെടുന്നു. എന്നാൽ ബാങ്കിനെ വളർച്ചയുടെ വഴിയാക്കുമെന്ന വിശ്വാസം വിപണിക്കില്ല. സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ വലിയ ബാങ്ക് ഇനിയും പ്രശ്ന നാളുകളിലൂടെ കടന്നുപോകുമെന്നാണു വിലയിരുത്തൽ.