കുതിപ്പുകാത്തു വിപണി; റെയിൽവേ ഭൂമിയുടെ പാട്ടം കുറച്ചത് ആരെ സഹായിക്കും? ക്രൂഡിലെ ആശ്വാസം ഇന്ത്യക്കു നേട്ടമാകും

ബുൾ തരംഗത്തിന് അരങ്ങൊരുങ്ങിയോ?; സിമൻ്റ്, പഞ്ചസാര മേഖലകൾക്കു നേട്ടം; റെയിൽവേ ഭൂമിയും കോൺകോർ വിൽപനയും പിന്നെ അഡാനിയും

Update:2022-09-08 08:29 IST

പാശ്ചാത്യ വിപണികൾ വീണ്ടും ഉയർച്ചയുടെ വഴിയിലായി. ഇന്നു രാവിലെ ഇന്ത്യൻ വിപണിക്ക് ആവേശത്തുടക്കത്തിന് അത് അവസരമാകും. ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നതും ഇന്ത്യൻ വിപണിയെ സഹായിക്കുന്നതാണ്. ഡോളർ സൂചിക താഴോട്ടു നീങ്ങിയത് രൂപയ്ക്ക് ആശ്വാസവുമാകും. യുഎസ് വിപണിയിൽ ടെക്നോളജി ഓഹരികൾ തിരിച്ചു കയറിയത് ഇന്ത്യൻ ഐടി കമ്പനികൾക്ക് നേട്ടമായേക്കും.

ക്രൂഡ് വില ഇടിഞ്ഞു

പ്രധാനമായും ക്രൂഡ് ഓയിൽ വിലയിടിവാണ് ഇന്നലെ വിപണികളെ സഹായിച്ചത്. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ ഇനം) 80 ഡോളറിനു താഴെയാകുമെന്നു സൂചനകൾ ഉണ്ട്. ജനുവരി 13-ലെ വിലയേക്കാൾ താഴെയായി ഇന്നലെ. അതു തുടരുമ്പോൾ വിലക്കയറ്റം ആശ്വാസകരമായ താഴ്ച കാണിക്കും എന്നും വിപണികൾ കണക്കാക്കുന്നു. ഇന്ത്യ വാങ്ങുന്ന ക്രൂഡിൻ്റെ വില ആധാരമാക്കുന്ന ബ്രെൻ്റ് ഇനം 87 ഡോളറിനടുത്തായി. ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതു ഡിമാൻഡ് കുറയ്ക്കുകയും യുഎസ് ക്രൂഡ് സ്റ്റോക്ക് അപ്രതീക്ഷിതമായി വർധിക്കുകയും ചെയ്തതാണു വിലയിടിവിലേക്കു നയിച്ചത്.

യുഎസിൽ നേട്ടം

യുഎസ് വിപണി സൂചികകൾ ഒന്നര മുതൽ രണ്ടര വരെ ശതമാനം ഉയർച്ചയിലാണ് അവസാനിച്ചത്. ഇന്നലെ നേരിയ താഴ്ചയിൽ തുടങ്ങിയ ഡൗ ജോൺസ് 1.4 ശതമാനവും നാസ്ഡാക് 2.14 ശതമാനവും നേട്ടത്തോടെ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 3900-നു താഴെ പോകാതിരുന്നതിൽ പല നിക്ഷേപ വിദഗ്ധരും ആശ്വാസം പ്രകടിപ്പിച്ചു. ഈയിടത്തെ താഴ്ചയുടെ അടിത്തട്ടായി 3900 കണക്കാക്കാമെന്നും ഇനി ബുൾ തരംഗമാകുമെന്നും അവർ അവകാശപ്പെട്ടു. .

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് സമ്മിശ്രചിത്രമാണു നൽകിയത്. നാസ്ഡാക് ഫ്യൂച്ചേഴ്സ് ഉയർന്നു. ഡൗവും എസ് ആൻഡ് പിയും അൽപം താണു.

ഏഷ്യൻ വിപണികൾ രാവിലെ നല്ല നേട്ടത്തിലാണ്. ജപ്പാനിലെ നിക്കൈ ഒന്നര ശതമാനത്തോളം ഉയർന്നു. ചൈനീസ് ഓഹരികളും നേട്ടത്തിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,630 വരെ താഴ്ന്നിട്ട് 17,729 ലേക്കു കുതിച്ചു കയറി. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 17,759-ലെത്തി. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.

നഷ്ടം കുറച്ചു

ഇന്ത്യൻ ഓഹരി വിപണി ഇന്നലെ പാശ്ചാത്യ സൂചനകൾക്കു വിപരീതമായാണു നീങ്ങിയത്. വിപണി താഴ്ചയിൽ തുടങ്ങിയിട്ട് നഷ്ടം കുറയ്ക്കുകയായിരുന്നു. നേട്ടത്തിലേക്കു കടക്കാനുള്ള ശ്രമങ്ങൾ വിൽപന സമ്മർദത്തിൽ പരാജയപ്പെട്ടു. സെൻസെക്സ് താഴ്ന്ന നിലയിൽ നിന്നു മുന്നൂറിലേറെ പോയിൻ്റ് ഉയർന്നാണു ക്ലോസ് ചെയ്തത്.

സെൻസെക്സ് 168.08 പോയിൻ്റ് (0.28%) താഴ്ചയിൽ 59,028.91- ലും നിഫ്റ്റി 31.2 പോയിൻ്റ് (0.18%) താഴ്ന്ന് 17,624.4 ലും ക്ലോസ് ചെയ്തു. വിശാല വിപണി കൂടുതൽ നേട്ടത്തിലായിരുന്നു.1631 ഓഹരികൾ ഉയർന്നപ്പോൾ 1158 എണ്ണമാണു താഴ്ന്നത്. മിഡ് ക്യാപ് സൂചിക 0.56 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.78 ശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോമൊബൈൽ കമ്പനികളും ബാങ്കുകളും ധനകാര്യ കമ്പനികളുമാണ് ഇന്നലെ പ്രധാനമായും താഴോട്ടു പോയത്. ഐടി തുടക്കത്തിൽ താണിട്ട് ഒടുവിൽ കയറി. ഫാർമ, ഹെൽത്ത് കെയർ, മീഡിയ, കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികൾ നല്ല നേട്ടം ഉണ്ടാക്കി.

ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ രണ്ടു ശതമാനത്തോളം താഴ്ന്ന് 118.85 രൂപയിലായി. വിദേശ നിക്ഷേപ ഉപദേഷ്ടാക്കളായ മോർഗൻ സ്റ്റാൻലി ഫെഡറൽ ബാങ്കിൻ്റെ ലക്ഷ്യവില 155 രൂപയായി ഉയർത്തി. മറ്റു ബാങ്ക് ഓഹരികൾ പോലെ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി ഇന്നലെയും താഴ്ചയിലായി.

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 758.37 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 138.67 കോടിയുടെ വിൽപനക്കാരായി.

വിപണി ബുൾ സൂചനയാേടെയാണു ക്ലോസ് ചെയ്തതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,400-17,750 മേഖലയിൽ നിന്നു നിഫ്റ്റി പുറത്തു കടക്കുമോ എന്നാണ് ഇന്നു നിരീക്ഷിക്കുന്നത്. നിഫ്റ്റിക്ക് 17,520-ലും 17,420-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,685 ഉം 17,750-ഉം തടസങ്ങളാകാം.

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില ഇന്നലെ ആറു ശതമാനം ഇടിഞ്ഞ് 87.2 ഡോളർ വരെ താഴ്ന്നു. ഇന്നു രാവിലെ അൽപം ഉയർന്ന് 88.9 ഡോളറിൽ എത്തി. പിന്നീടു താണു.

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും സമ്മിശ്ര ചിത്രമാണു കാഴ്ചവച്ചത്. ചെമ്പുവില അൽപം ഉയർന്നപ്പോൾ അലൂമിനിയം അൽപം താണു. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ വിലയിലെ അനിശ്ചിതത്വത്തിനു കാരണമായി.

സ്വർണം ഇന്നലെ തിരിച്ചു കയറി. 1691 ഡോളറിൽ നിന്ന് 17 21 വരെ ഉയർന്നു. ഇന്നു രാവിലെ 1716-1718 ഡോളറിലാണു വ്യാപാരം. ഡോളർ നിരക്ക് താഴ്ന്നതും പലിശപ്പേടിയിൽ ചെറിയ ശമനമുണ്ടായതും സ്വർണത്തെ സഹായിച്ചു.

കേരളത്തിൽ ഇന്നലെ സ്വർണം പവന് 400 രൂപ കുറഞ്ഞ് 37,120 രൂപ ആയിരുന്നു. ഇന്നു വില ഉയരുമെന്നാണു സൂചന.

ഡോളർ ഇന്നലെ ലോക വിപണിയിലെ നേട്ടമത്രയും രൂപയുമായുള്ള വിനിമയ നിരക്കിൽ കാണിച്ചില്ല. റിസർവ് ബാങ്കിൻ്റെ ഇടപെടലാണു കാരണം. ഡോളർ ആറു പൈസ ഉയർന്ന് 79.89 രൂപയിലെത്തി.

100.86 ലെത്തിയ ഡോളർ സൂചിക താഴ്ന്ന് 109.66-ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 109.86 വരെ ഉയർന്നു. പിന്നീട് അൽപം താണു.

സിമൻ്റ്, പഞ്ചസാര മേഖലകൾക്കു നേട്ടം

സിമൻ്റ് കമ്പനികളിൽ നിക്ഷേപക താൽപര്യം വർധിച്ചതാണ് ഇന്നലത്തെ ശ്രദ്ധേയ കാര്യം. ചാക്കിന് 20 രൂപ വച്ചു സിമൻ്റ് വില വർധിച്ചിട്ടുണ്ട്. ഇതു കമ്പനികളുടെ ലാഭമാർജിൻ വർധിപ്പിക്കും. ജെകെ ലക്ഷ്മി, റാംകോ, എസിസി, അംബുജ, ഹൈഡൽബർഗ് , ശ്രീ, അൾട്രാടെക്, ഇന്ത്യാ തുടങ്ങിയ സിമൻ്റ് ഓഹരികൾ ഇന്നലെ ഒന്നര മുതൽ ഏഴുവരെ ശതമാനം ഉയർന്നു.

ലോക വിപണിയിൽ പഞ്ചസാര ലഭ്യത കുറയുന്നതും വില കൂടുന്നതും കയറ്റുമതി നിയന്ത്രണം നീക്കാൻ ഗവണ്മെൻ്റ് ഉദ്ദേശിക്കുന്നതും പഞ്ചസാര കമ്പനികളെ ഈ ദിവസങ്ങളിൽ സഹായിച്ചു. ഇന്നലെ പല കമ്പനികളുടെയും ഓഹരികൾ ലാഭമെടുക്കലിനെ തുടർന്നു താണു. ബൽറാംപുർ ചീനി, തിരു ആരൂരാൻ, ത്രിവേണി എൻജിനിയറിംഗ് തുടങ്ങിയവ ഗണ്യമായ നേട്ടമുണ്ടാക്കി.

റെയിൽവേ ഭൂമിയും കോൺകോർ വിൽപനയും പിന്നെ അഡാനിയും

റെയിൽവേ ഭൂമിയിൽ സ്വകാര്യ കാർഗോ ഹബുകളും കണ്ടെയ്നർ ടെർമിനലുകളും തുടങ്ങുന്നതിനുള്ള വ്യവസ്ഥകൾ ഉദാരവൽക്കരിച്ചു. പാട്ട കാലാവധി അഞ്ചിൽ നിന്നു 35 വർഷമാക്കി.പാട്ടം നിരക്കു ന്യായവിലയുടെ ആറു ശതമാനത്തിൽ നിന്ന് ഒന്നര ശതമാനമായി കുറച്ചു. ഈ മേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ഈ സൗജന്യങ്ങൾ വേണമെന്ന് നീതി ആയാേഗ് ശിപാർശ ചെയ്തിരുന്നതാണ്.

സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യുടെ ഈ തീരുമാനം കണ്ടെയ്നർ കോർപറേഷനെ (കോൺകോർ) ആണു കാര്യമായി സഹായിക്കുക. ഈ പൊതുമേഖലാ കമ്പനിക്കുള്ള സ്ഥലങ്ങളുടെ പാട്ട കാലാവധി കൂടുകയും പാട്ട നിരക്ക് കുറയുകയും ചെയ്യും. ഇക്കൊല്ലം കോൺകോറിനെ സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്ര നീക്കം. സ്വകാര്യവൽക്കരണം വഴി 8000 കോടി രൂപയെങ്കിലും കിട്ടുമെന്നാണു പ്രതീക്ഷ. കോൺകോർ ഓഹരി ഇന്നലെ 15 ശതമാനത്തിലധികം ഉയർന്നു.

അഡാനി പോർട്സിനും ഈ തീരുമാനം നേട്ടമാണ്. റെയിൽവേയോടു ചേർന്ന് കണ്ടെയ്നർ ഹബുകൾ തുടങ്ങുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. അഡാനി പോർട്സ് ഓഹരിവില ഇന്നലെ മൂന്നു ശതമാനം കയറി.

പലിശക്കാര്യത്തിൽ കൂടുതൽ വ്യക്തത; ക്രൂഡിൽ ആശ്വാസം

ഏഴു ദിവസത്തെ ചാഞ്ചാട്ടം യുഎസ് വിപണി അവസാനിപ്പിച്ചത് പലിശക്കാര്യത്തിൽ ആശ്വാസ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടല്ല. മറിച്ച് ഈ മാസത്തെ ഫെഡ് യോഗം പലിശയിൽ 75 ബേസിസ് പോയിൻ്റ് വർധന പ്രഖ്യാപിക്കും എന്നതു കൂടുതൽ ഉറപ്പായി. ഇപ്പോൾ 2.25-2.50 ശതമാനമാണ് ഫെഡിൻ്റെ കുറഞ്ഞ പലിശ നിരക്ക് മേഖല. ഇതു 3.0- 3.25 ശതമാനത്തിലേക്ക് സെപ്റ്റംബർ 21-നു കൂട്ടും. ഫെഡ് വൈസ് ചെയർപേഴ്സൺ ലയൽ ബ്രെയ്നാർഡ് ഇന്നലെ അത് ആവർത്തിക്കുകയും ചെയ്തു. പലിശ വർധിക്കുമ്പോൾ വളർച്ചയ്ക്കു ചില്ലറ ആഘാതം ഉണ്ടാകാതെ തരമില്ലെന്നും അവർ പറഞ്ഞു. താഴ്ന്ന വരുമാനക്കാരെയാണു വിലക്കയറ്റം വിഷമിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ ദീർഘകാലത്തേക്കു പലിശ കൂട്ടി നിർത്തിയേ പറ്റൂ. എന്നാൽ ഓരോ നടപടിയും പ്രത്യാഘാതങ്ങൾ വിലയിരുത്തിയേ എടുക്കൂ എന്നും അവർ പറഞ്ഞു. വിലക്കയറ്റം ഒരു തവണ കുറഞ്ഞതുകൊണ്ടു കാര്യമായില്ല. വിലനിലവാരം സുസ്ഥിരമായി താഴണം. ചെയർമാൻ ജെറോം പവൽ പറഞ്ഞതുപോലെ വേണ്ടിടത്തോളം കാലം പലിശ ഉയർത്തി നിർത്തും എന്നാണു ബ്രെയ്നാർഡും വിശദീകരിച്ചത്.

ഈ പ്രസംഗം കഴിഞ്ഞതോടെ 75 ബേസിസ് പോയിൻ്റ് വർധനയ്ക്കുള്ള സാധ്യത 80 ശതമാനമായി എന്നു ബോണ്ട് വിപണി വിലയിരുത്തി. എന്നാൽ ഉയർന്ന നിരക്ക് അനിശ്ചിതകാലത്തേക്കു തുടരില്ല, വിലനിലവാരം താഴുമെന്ന് വ്യക്തമാകുമ്പോൾ കുറയും എന്ന പ്രതീക്ഷ ലഭിച്ചു എന്നായി വ്യാഖ്യാനം. ഇതോടെ കടപ്പത്രവിലകൾ കൂടി. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) കുറഞ്ഞു. ഓഹരി വിലകൾ വർധിച്ചു. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News