ഇന്നും നേട്ടം തുടർന്നേക്കും; വിലക്കയറ്റത്തിൽ ആശ്വാസം അകലെ; പലിശവർധന ഉറപ്പിച്ചു വിപണി; ഐടിയിൽ മുന്നേറ്റം
ഓഹരി വിപണി ഇന്നും നേട്ടത്തിലായേക്കും കാരണങ്ങൾ ഇതാണ്; ചില്ലറ വിലക്കയറ്റം റിസർവ് ബാങ്കിനു പുതിയ തലവേദന; വ്യവസായ വളർച്ച കുത്തനേ ഇടിഞ്ഞു
ആഗോള വിപണികളുടെ കുതിപ്പ് അതേപടി തുടരാൻ പറ്റാത്ത നിലയിലാണ് ഇന്ത്യൻ വിപണി. ചില്ലറ വിലക്കയറ്റം വീണ്ടും കൂടി ഏഴു ശതമാനമായതും വ്യവസായ വളർച്ച 2.4 ശതമാനത്തിലേക്കു കുത്തനേ ഇടിഞ്ഞതും നിക്ഷേപകരുടെ ആവേശം കുറയ്ക്കും. എങ്കിലും വിപണി ഇന്നും നേട്ടത്തിൻ്റെ പാതയിലായിരിക്കും എന്നാണു പ്രതീക്ഷ.
യൂറോപ്യൻ വിപണികൾ ഇന്നലെ രണ്ടു ശതമാനത്തിലേറെ നേട്ടത്തോടെ ക്ലോസ് ചെയ്തു. യുഎസ് വിപണി തുടക്കത്തിലെ നേട്ടം നിലനിർത്തിയില്ലെങ്കിലും തുടർച്ചയായ നാലാം ദിവസവും മികച്ച നിലയിലാണ് വ്യാപാരം അവസാനിച്ചത്. ഡൗ ജോൺസ് 0.71 ശതമാനവും എസ് ആൻഡ് പി 1.06 ശതമാനവും നാസ്ഡാക് 1.26 ശതമാനവും ഉയർന്നു. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഇന്നു യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് പുറത്തുവരും.യുഎസ് വിപണി തുടങ്ങും മുൻപേ അത് അറിവാകും. ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റം 8.1 ശതമാനത്തിലേക്കു കുറഞ്ഞിട്ടുണ്ടാകും എന്നാണു നിഗമനം. വിലക്കയറ്റത്തിൻ്റെ പ്രതിമാസ വളർച്ചയിൽ 0.1 ശതമാനം കുറവുണ്ടെങ്കിലും അടുത്തയാഴ്ച യുഎസ് ഫെഡ് പലിശനിരക്ക് 75 ബേസിസ് പോയിൻ്റ് വർധിപ്പിക്കുന്ന കാര്യത്തിൽ മാറ്റം ഉണ്ടാകില്ലെന്നാണു പൊതു നിഗമനം.
ഏഷ്യൻ വിപണികൾ രാവിലെ നേട്ടത്തോടെയാണു തുടങ്ങിയത്. അവധിക്കു ശേഷം ചൈനീസ് വിപണിയും ഇന്ന് ചെറിയ ഉണർവിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,055 ലേക്ക് ഉയർന്നിരുന്നു. ഇന്നു രാവിലെ 18,050 നടുത്താണു വ്യാപാരം. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ ഇന്ത്യൻ വിപണി ആദ്യം നല്ല ഉയരത്തിൽ എത്തിയെങ്കിലും ആ നേട്ടം അവസാനം വരെ നിലനിർത്താനായില്ല. ഉയർന്ന വിലയിൽ ലാഭമെടുക്കാനായി ഫണ്ടുകളും വലിയ നിക്ഷേപകരും തിരക്കു കൂട്ടിയതാണു കാരണം. വിപണി വീണ്ടും തിരുത്തലിലേക്കു പോകും എന്നു കരുതുന്നവർ ഇപ്പോഴത്തെ ഉയർന്ന നിലയെ ലാഭം ബുക്ക് ചെയ്യാനുള്ള അവസരമായി കാണുന്നു. എങ്കിലും സെൻസെക്സ് 60,000-നു മുകളിലും നിഫ്റ്റി 17,900-നു മുകളിലും ക്ലോസ് ചെയ്തു.
ഇന്നലെ സെൻസെക്സ് 321.99 പോയിൻ്റ് (0.54%) ഉയർന്ന് 60,115.13ലും നിഫ്റ്റി 103 പോയിൻ്റ് (0.58%) കയറി 17,936.35-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.97 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.33 ശതമാനവും നേട്ടത്തിലാണ് അവസാനിച്ചത്. ഐടി, റിയൽറ്റി മേഖലകളാണ് ഇന്നലെ മികച്ച നേട്ടം ഉണ്ടാക്കിയത്.
ഗൗതം അഡാനി ലക്ഷ്യമിട്ടിട്ടുള്ള എസിസി, അംബുജ സിമൻ്റ് ഓഹരികൾ ആറു ശതമാനത്തോളം ഉയർന്നു. സ്പെഷാലിറ്റി കെമിക്കലുകൾക്കു യൂറോപ്പിൽ വലിയ ഡിമാൻഡ് ഉണ്ടാകുന്നത് നവീൻ ഫ്ലോറിൻ, ദീപക് നൈട്രൈറ്റ് തുടങ്ങിയ കമ്പനികളെ ഏഴു ശതമാനത്തോളം ഉയർത്തി.
വിദേശ നിക്ഷേപകർ ഇന്നലെയും ആവേശപൂർവം ഓഹരികൾ വാങ്ങി. 2049.65 കോടി രൂപയാണ് അവർ ഇന്നലെ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 890.51 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി ഉയർച്ചയുടെ പടവിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,895-ലും 17,840-ലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. 17,980-ലും 18,035-ലും തടസങ്ങൾ പ്രതീക്ഷിക്കാം.
ഇന്നലെ ക്രൂഡ് ഓയിൽ വില ചാഞ്ചാടിയ ശേഷം ഉയർന്നു ക്ലോസ് ചെയ്തു. ബ്രെൻ്റ് ഇനം ക്രൂഡ് 94.26 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ വില 93 ഡോളറിലേക്കു താണു. ചൈന അവധി ദിനങ്ങൾക്കു ശേഷവും കോവിഡ് നിയന്ത്രണങ്ങൾ അയയ്ക്കാത്തതാണു കാരണം.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ നേട്ടം ഉണ്ടാക്കി. ചെമ്പ് 8000 ഡോളറിനു മുകളിൽ ക്ലോസ് ചെയ്തു. അലൂമിനിയം നേരിയ നേട്ടമേ ഉണ്ടാക്കിയുള്ളു. നിക്കൽ, ടിൻ, സിങ്ക് തുടങ്ങിയവയും ഉയർന്നു.
സ്വർണം വലിയ കയറ്റിറക്കങ്ങളിലാണ് ഇന്നത്തെ യുഎസ് വിലക്കയറ്റ കണക്കും അടുത്തയാഴ്ചത്തെ യുഎസ് പലിശ തീരുമാനവുമാണു സ്വർണ വിലയുടെ ഗതി നിയന്ത്രിക്കുക. ഇന്നലെ 1711 ൽ നിന്ന് 1737 ഡോളർ വരെ കയറ്റിയ സ്വർണം 1726-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1723-1725 ഡോളറിലാണു വ്യാപാരം. ഡോളർ സൂചിക താഴ്ന്നതാണു സ്വർണത്തെ സഹായിച്ചത്.
കേരളത്തിൽ സ്വർണം പവന് 37,400 രൂപയിൽ മാറ്റമില്ലാതെ തുടർന്നു. ഇന്നു വില ഉയർന്നേക്കും.
രൂപ ഇന്നലെ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ഡോളർ 79.53 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ 108.33 വരെ താഴ്ന്നു. ഇന്നു വീണ്ടും താണ് 108.18 ലായി.
ചില്ലറ വിലക്കയറ്റം റിസർവ് ബാങ്കിനു പുതിയ തലവേദന
ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റം (സിപിഐ) ഏഴു ശതമാനത്തിലേക്കു കയറിയത് റിസർവ് ബാങ്കിനെ ചില്ലറയല്ലാത്ത വിഷമത്തിലാക്കുന്നുണ്ട്. ജൂലൈയിൽ 6.71 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 5.3 ശതമാനവും.
വിലക്കയറ്റം വലിച്ചു താഴ്ത്താൻ പലിശ വർധിപ്പിച്ചു പോകുന്നതിൽ കേന്ദ്ര സർക്കാരിനു താൽപര്യമില്ല. കഴിഞ്ഞയാഴ്ച ഒന്നിലേറെ അവസരങ്ങളിൽ ധനമന്ത്രി നിർമല സീതാരാമൻ അതു പരസ്യമായി പറയുകയും ചെയ്തു. ഇന്ത്യയിലെ വിലക്കയറ്റം പണനയപ്രശ്നമല്ലെന്നും ഭക്ഷ്യ സാധനങ്ങൾ അടക്കമുള്ളവയുടെ ലഭ്യതയാണു വിഷയമെന്നും അവർ പറഞ്ഞു. ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വിദഗ്ധരും പലിശയല്ല പരിഹാരമാർഗമെന്നും മറ്റു മാർഗങ്ങൾ ഫലിച്ചു വരുന്നുണ്ടെന്നും ഈ ദിവസങ്ങളിൽ വ്യാഖ്യാനിക്കുകയും ചെയ്തു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും ഗവണ്മെൻ്റ് വാദത്തെ ശരിവയ്ക്കുന്ന ചില പ്രസ്താവനകൾ നടത്തിയിട്ടുമുണ്ട്. എന്നാൽ ഓഗസ്റ്റിലെ സിപിഐ വർധിച്ചപ്പോൾ ഈ വാദങ്ങൾ ദുർബലമായി.
ഈ മാസാവസാനം റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) യോഗം ഉണ്ട്. തീരുമാനം 30-നു പ്രഖ്യാപിക്കും. ഇതു വരെ മൂന്നു തവണയായി നാലിൽ നിന്ന് 5.4 ശതമാനത്തിലേക്കു റിസർവ് ബാങ്ക് റീപോ നിരക്ക് വർധിപ്പിച്ചിരുന്നു. 30-നു വീണ്ടും വർധിപ്പിച്ച് നിരക്ക് 5.9 ശതമാനമാക്കും എന്നാണു പൊതുവേ കരുതപ്പെടുന്നത്. വാണിജ്യ ബാങ്കുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന ഏകദിന വായ്പയുടെ പലിശയാണ് റീപോ നിരക്ക്. ഇതു കൂട്ടുമ്പോൾ മറ്റു പലിശ നിരക്കുകൾ കൂടും.
റിസർവ് ബാങ്ക് തീരുമാനത്തിനു മുൻപു യുഎസ് ഫെഡ് പലിശ വർധന പ്രഖ്യാപിക്കുന്നുണ്ട്. പൂജ്യത്തിൽ നിന്ന് നാലു തവണയായി 2.25 ശതമാനത്തിലേക്കാണ് ഫെഡ് ഇതുവരെ നിരക്കു കൂട്ടിയത്. അടുത്തയാഴ്ച നിരക്ക് മൂന്നു ശതമാനമാക്കും എന്നാണു വിപണിയുടെ പൊതു നിഗമനം. നവംബറിലും ഡിസംബറിലും കൂടി നിരക്ക് വർധിപ്പിച്ച് ഡിസംബർ അവസാനം നാലു ശതമാനത്തിൽ കുറഞ്ഞ പലിശ എത്തിക്കും എന്നാണു കരുതപ്പെടുന്നത്. യുഎസ് നിരക്ക് കൂട്ടുമ്പാേൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു വിട്ടു നിൽക്കാനാവില്ല. പലിശ കുറഞ്ഞു നിന്നാൽ കറൻസി ദുർബലമാകും, നിക്ഷേപങ്ങൾ രാജ്യം വിടും.
വിലവർധന ഇനിയും കുടും
എന്നാൽ പലിശ കൂട്ടുമ്പാേൾ സാമ്പത്തിക വളർച്ച പ്രശ്നത്തിലാകും. ഉയർന്ന പലിശ വ്യവസായങ്ങളെ പുതിയ മൂലധന നിക്ഷേപത്തിൽ നിന്നു മാറ്റി നിർത്തും. ജനങ്ങൾ വായ്പയെടുത്തുള്ള ഉപഭോഗം (പാർപ്പിടം, വാഹനം, ഗൃഹോപകരണങ്ങൾ മുതലായവ വാങ്ങുന്നത്) കുറയ്ക്കും. രണ്ടും വളർച്ചയെ പിന്നാേട്ടടിക്കും. ജിഡിപി കുറയും. ചിലപ്പോൾ മാന്ദ്യം ആകും. അതൊഴിവാക്കാനാണു ഗവണ്മെൻ്റ് ആഗ്രഹിക്കുന്നത്. പലിശ താഴ്ന്നു നിന്നാൽ മൂലധന നിക്ഷേപവും ഉപഭോഗവും വർധിക്കുമെന്നും വളർച്ചത്തോത് ഉയരുമെന്നും ഗവണ്മെൻ്റ് കരുതുന്നു.
ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റ വർധന ഒറ്റപ്പെട്ട കാര്യമല്ല. സിപിഐ വർധന സെപ്റ്റംബറിൽ വീണ്ടും കൂടി 7.2 ശതമാനം ആകുമെന്നാണ് എച്ച്ഡിഎഫ്സി ബാങ്ക് ഇക്കണോമിസ്റ്റ് സ്വാതി അറാേറ പറയുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ വിലക്കയറ്റം 4.4 ശതമാനം എന്ന താഴ്ന്ന നിലയിലായിരുന്നത് ഈ വർഷം വർധനയുടെ തോത് കൂടാൻ കാരണമാകും. ഫെബ്രുവരി വരെ ആറു ശതമാനത്തിനു മുകളിലായിരിക്കും വിലക്കയറ്റം എന്നും അവർ കണക്കാക്കുന്നു.
വില്ലനായി ഭക്ഷ്യവില
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് ചില്ലറ വിലകളെ വീണ്ടും വലിയ കയറ്റത്തിലാക്കിയത്. 7.62 ശതമാനത്തിലേക്കു ഭക്ഷ്യ വിലക്കയറ്റം എത്തി. ജൂലൈയിൽ ഇത് 6.69 ശതമാനമായിരുന്നു. ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയിലെ വിലക്കയറ്റം നീണ്ടു നിൽക്കുമെന്നാണു സൂചന. ഗവണ്മെൻ്റ് മറിച്ചു പറയുന്നുണ്ടെങ്കിലും ഇവയുടെ ഉൽപാദനം കുറയും എന്നാണു വിലയിരുത്തൽ. ആഗോള വിപണിയിലും ഇവയുടെ വില കൂടി. ധാന്യ വില നിയന്ത്രിക്കാൻ കയറ്റുമതി നിയന്ത്രിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുമെന്ന് ഉറപ്പില്ല.
വിലക്കയറ്റം തുടർച്ചയായ എട്ടു മാസം റിസർവ് ബാങ്കിൻ്റെ സഹന പരിധിയായ ആറു ശതമാനത്തിനു മുകളിലാണ്. വിലക്കയറ്റത്തിൻ്റെ ഉചിത നിലയായി കണക്കാക്കുന്ന നാലു ശതമാനത്തിനു മുകളിൽ വിലക്കയറ്റം കയറിയിട്ട് 35 മാസമായി.
വ്യവസായ വളർച്ച കുത്തനേ ഇടിഞ്ഞു
ഇതേ സമയം രാജ്യത്തെ വ്യവസായ ഉൽപാദന (ഐഐപി) വളർച്ച 2.4 ശതമാനത്തിലേക്ക് ഇടിഞ്ഞു. നാലു ശതമാനം പ്രതീക്ഷിച്ചിരുന്നതാണ്. മേയിൽ 19.6 ശതമാനവും ജൂണിൽ 12.7 ശതമാനവും വളർന്നതാണ്. തലേക്കൊല്ലത്തെ കോവിഡ് ദൗർബല്യം മൂലമുണ്ടായ ഇടിവാണ് ജൂൺ വരെയുള്ള മാസങ്ങളിൽ വ്യവസായ വളർച്ചയുടെ തോത് അസാധാരണമായി ഉയർന്നതായി കാണിച്ചതിനു പിന്നിൽ. ഈ ആനുകൂല്യം ജൂലൈയിൽ ഇല്ല. കഴിഞ്ഞ വർഷം ജൂലൈയിൽ 11.5 ശതമാനം വളർച്ച ഉണ്ടായിരുന്നു. ഒക്ടോബർ മുതൽ വ്യവസായ വളർച്ചയുടെ തോത് ഉയരും എന്നാണു കണക്കാക്കുന്നത്. ഗൃഹോപകരണങ്ങൾ അടക്കമുള്ള കൺസ്യൂമർ ഡ്യുറബിൾസ് ഉൽപാദനം കുറഞ്ഞു നിൽക്കുന്നതാണു പ്രധാന വിഷയം. ഇവയുടെ വിൽപ്പനയിൽ കാര്യമായ വളർച്ച കണ്ടു തുടങ്ങിയിട്ടില്ല. ഒക്ടോബറിൽ ഉത്സവ സീസൺ പ്രമാണിച്ചു വിൽപന കൂടുമെന്നു പ്രതീക്ഷിക്കുന്നുണ്ട്.