തുടങ്ങുന്നതു പ്രക്ഷുബ്ധ വാരം; ആഗാേള സൂചനകൾ നെഗറ്റീവ്; കറൻസികൾ ഭീഷണിയിൽ; റിസർവ് ബാങ്ക് തീരുമാനം നിർണായകം

കോളിളക്കങ്ങളുടെ ആഴ്ച തുടങ്ങുന്നു; ക്രൂഡും ലോഹങ്ങളും വിലത്തകർച്ചയിൽ; സ്വർണം ഇടിയുന്നു

Update:2022-09-26 08:07 IST

ഓഹരി -ഉൽപന്ന വിപണികൾ പ്രക്ഷുബ്ധമാകാവുന്ന ഒരാഴ്ചയാണ് ഇന്നു തുടങ്ങുന്നത്. ആഗോള സൂചനകൾ വിപണിയെ താഴ്ചയിലേക്കു നയിക്കുന്നു. ബുള്ളുകൾക്കു വിപണി തിരിച്ചുപിടിക്കാൻ അന്തരീക്ഷം തെളിയുന്നില്ല. സെപ്റ്റംബറിൻ്റെ അവസാന ആഴ്ചയിൽ ഡെറിവേറ്റീവുകളുടെ സെറ്റിൽമെൻ്റും വെള്ളിയാഴ്ച വരാനിരിക്കുന്ന റിസർവ് ബാങ്ക് പണനയവും നിർണായകമാണ്.വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായി മാറിയതു വിപണിയെ താഴ്ചയിലേക്കു നയിക്കുന്ന ഘടകമാണ്. രൂപയുടെ ഇടിവും കറൻസി മേഖലയിലെ കോളിളക്കവും ഓഹരികൾക്ക് നല്ല അന്തരീക്ഷമല്ല നൽകുന്നത്.

വെള്ളിയാഴ്ച ഇന്ത്യൻ വിപണിക്കു പിന്നാലെ യൂറോപ്പിലും അമേരിക്കയിലും വിപണികളിൽ ചോരപ്പുഴയായിരുന്നു. ഇന്നു രാവിലെ ഓസ്ട്രേലിയൻ, ജാപ്പനീസ്, കൊറിയൻ വിപണികൾ തുടങ്ങിയത് ഒന്നര ശതമാനത്തോളം ഇടിവിലാണ്. പിന്നീട് രണ്ടു ശതമാനത്തിലധികം താഴ്ചയിലായി. ചൈനീസ് വിപണിയും തുടക്കത്തിൽ ഇടിയുകയാണ്.
യുഎസ് വിപണി വെള്ളിയാഴ്ച 1.8 ശതമാനം വരെ താണു. രണ്ടു ശതമാനത്തിലധികം താഴാേട്ടു പോയ വിപണി അവസാന മണിക്കൂറിൽ അൽപം നഷ്ടം കുറച്ചു. ഡൗ ജോൺസ് 30,000-നും നാസ്ഡാക് 11,000-നും താഴെ എത്തി. യുഎസ് വിപണിയിലെ മൂന്നു പ്രധാന സൂചികകളും ബെയർ മേഖലയിലാണ്. ഈ വർഷം ഇതുവരെ ഡൗ 19- ഉം എസ് ആൻഡ് പി 23-ഉം നാസ്ഡാക് 31-ഉം ശതമാനം താഴ്ന്നു. കഴിഞ്ഞയാഴ്ച ഇവ നാലു ശതമാനം വീതം ഇടിഞ്ഞു.
ഇന്നു യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലാണ്. ഡൗവും നാസ്ഡാകും അര ശതമാനം ഇടിഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,215-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,146-ലേക്കു സൂചിക താണു. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി ഗണ്യമായ താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
കഴിഞ്ഞയാഴ്ച സെൻസെക്സ് 1.26 ശതമാനവും (741.9 പോയിൻ്റ്) നിഫ്റ്റി 1.6 ശതമാനവും ( 203.5 പോയിൻ്റ്) താഴ്ന്നു. മിഡ് ക്യാപ് സൂചിക 1.32 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.3 ശതമാനവും താഴ്ചയിലായി. പവർ, റിയൽറ്റി, ബാങ്ക്, ക്യാപ്പിറ്റൽ ഗുഡ്സ്, മെറ്റൽ, ഓയിൽ - ഗ്യാസ് മേഖലകൾ കഴിഞ്ഞയാഴ്ച വലിയ തകർച്ച കണ്ടു. എഫ്എംസിജി, വാഹന മേഖലകൾ നേട്ടത്തിനു മുന്നിൽ നിന്നു.
വെള്ളിയാഴ്ച സെൻസെക്സ് 1020 പോയിൻ്റ് (1.72%) ഇടിഞ്ഞ് 58,098.9-ലും നിഫ്റ്റി 340 പോയിൻ്റ് (1.73%) താഴ്ചയിൽ 17,327.4 -ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 2.35 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.04 ശതമാനവും ഇടിവിലായി. എല്ലാ വ്യവസായ മേഖലകളും തകർച്ച കാണിച്ചു. പിഎസ് യു ബാങ്ക് സൂചിക 3.97 ശതമാനം ഇടിഞ്ഞു. മീഡിയ 3.44%, സ്വകാര്യ ബാങ്ക് 2.62%, റിയൽറ്റി 2.96%, ഫിനാൻഷ്യൽ 2.48%, ഓയിൽ - ഗ്യാസ് 1.71%, കൺസ്യൂമർ ഡ്യുറബിൾസ് 1.64%, മെറ്റൽ 1.2% എന്നിങ്ങനെയായിരുന്നു തകർച്ച.
വിപണി ബെയറിഷ് ആയെന്നാണു സാങ്കേതിക വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. ഒരു തിരുത്തലിലേക്കു നീങ്ങുന്നു എന്നാണു നിഗമനം. 17,000-നു താഴോട്ടു നിഫ്റ്റി നീങ്ങിയാൽ 16,100 വരെ വീഴാം എന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്നു നിഫ്റ്റിക്ക് 17,195ലും 17,075 ലും സപ്പോർട്ട് കാണുന്നു. ഉയർന്നാൽ 17,550-ലും 17,770 ലും തടസങ്ങൾ ഉണ്ടാകും.

വിദേശികളുടെ വിൽപന വർധിച്ചു

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 2899.68 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 299.1 കോടിയുടെ ഓഹരികൾ വാങ്ങി. സെപ്റ്റംബറിൽ വിദേശികൾ ഇതുവരെ 8638 കോടി രൂപ മാത്രമേ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ളു. ജൂലൈയിൽ 5000 കോടിയും ഓഗസ്റ്റിൽ 51,200 കോടിയും നിക്ഷേപിച്ച സ്ഥാനത്താണിത്. 2021 ഒക്ടോബർ -2022 ജൂൺ കാലയളവിൽ അവർ 2.46 ലക്ഷം കോടി രൂപ ഇന്ത്യയിൽ നിന്നു പിൻവലിച്ചതാണ്.

ക്രൂഡും ലോഹങ്ങളും വിലത്തകർച്ചയിൽ

ക്രൂഡ് ഓയിൽ വില വീണ്ടും താഴോട്ടാണ്. വെള്ളിയാഴ്ച നാലു ശതമാനത്തോളം താണ ബ്രെൻ്റ് ഇനം ക്രൂഡ് 86.8 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 86.3 ഡോളറിലേക്ക് നീങ്ങി. ഡബ്ള്യു ടി ഐ ഇനം 79 ഡോളറിനു താഴെയായി. വില കുറേക്കൂടി കുറയുമെന്നാണു നിഗമനം. സാമ്പത്തിക വളർച്ച കുറയുന്നതാണു കാരണം.
വ്യാവസായിക ലോഹങ്ങൾ വലിയ തകർച്ചയിലേക്കു നീങ്ങുന്നതാണു വാരാന്ത്യത്തിൽ കണ്ടത്. ചെമ്പ് 4.5 ശതമാനം താണ് 7445 ഡോളറിലും അലൂമിനിയം 2.3 ശതമാനം താണ് 2165 ഡോളറിലും എത്തി. നിക്കൽ 6.93 ശതമാനവും ടിൻ 6.3 ശതമാനവും സിങ്ക് 3.11 ശതമാനവും ലെഡ് 2.46 ശതമാനവും താഴോട്ടു പോയി. ലോഹങ്ങൾക്ക് ഈയാഴ്ചയും ഇടിവാണു പ്രതീക്ഷിക്കുന്നത്.

സ്വർണം ഇടിയുന്നു

സ്വർണം വാരാന്ത്യത്തിൽ വലിയ താഴ്ചയിലേക്കു നീങ്ങി. ബുധനാഴ്ചയും വ്യാഴാഴ്ചയും 1670 ഡോളറിനു മുകളിൽ ക്ലോസ് ചെയ്ത സ്വർണം 1645-ലേക്കു വീണു. ഇന്നു രാവിലെ വീണ്ടും ഇടിഞ്ഞ് 1627-ൽ എത്തി. പിന്നീട് അൽപം കയറി1640- 1642 ഡോളറിലാണു വ്യാപാരം. ഡോളർ പിടി നൽകാതെ ഉയർന്നു പോകുന്നതാണു കാരണം. സ്വർണം 1600 ഡോളറിനു താഴെ എത്തുമെന്നാണു നിഗമനം. 1540 ഡോളർ എത്തുമ്പോഴേ വാങ്ങലുകാർ വിപണിയിൽ സജീവമാകൂ എന്നു പലരും കരുതുന്നു.
കേരളത്തിൽ വെള്ളിയാഴ്ച പവനു 400 രൂപ വർധിച്ചതു ശനിയാഴ്ച തിരിച്ചിറങ്ങി. ഇന്നു വില വീണ്ടും കുറയും.എന്നാൽ രൂപയുടെ വിനിമയം നിരക്കു താഴ്ന്നാൽ വിദേശത്തെ ഇടിവ് അതു പാേലെ ആഭ്യന്തര വിലയിൽ പ്രതിഫലിക്കില്ല.

ഡോളർ കുതിപ്പിൽ രൂപയും പൗണ്ടും സമ്മർദത്തിൽ

രൂപ വെള്ളിയാഴ്ചയും താഴോട്ടു വീണു. 81.08 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ 81.23 രൂപ വരെ എത്തി. റിസർവ് ബാങ്ക് കാര്യമായി ഇടപെട്ടതിനെ തുടർന്നു ഡോളർ 80.99 രൂപയിൽ ക്ലോസ് ചെയ്തു. യുഎസ് ഡോളർ സൂചിക 113 ഡോളറിലേക്ക് ഉയർന്നതാണു രൂപയെ ഇടിച്ചിട്ടത്.
ഡോളർ 82 രൂപയിലേക്ക് ഉയരുമെന്നു കരുതുന്നവരാണ് ഏറെ. ഓഫ്ഷോർ വ്യാപാരത്തിൽ ഡോളർ 81.41 രൂപ വരെ കയറിയിട്ടുണ്ട്. ഇന്നു രാവിലെ ഡോളർ സൂചിക 114. 53ലേക്കു കുതിച്ചു കയറി. പിന്നീട് അൽപം താഴ്ന്നു. എങ്കിലും 114- നു മുകളിൽ തുടരുന്നു.
വെള്ളിയാഴ്ച യുകെയിലെ നികുതിയിളവ് പ്രഖ്യാപനം ബ്രിട്ടീഷ് പൗണ്ടിനെ മൂന്നര ശതമാനം താഴ്ത്തി. അതിൻ്റെ തുടർചലനങ്ങൾ ഇന്നും ഉണ്ടാകാം. പൗണ്ട് ഡോളറിനു താഴെയാകാനുള്ള സാധ്യതയെപ്പറ്റി പലരും ചർച്ച ചെയ്യുന്നുണ്ട്. ഇന്നു രാവിലെ പൗണ്ട് മൂന്നു ശതമാനം ഇടിഞ്ഞ് 1.0535 ഡോളറിലായി.
യൂറോ മേഖലയിലെ വിലക്കയറ്റം 10 ശതമാനത്തിലേക്കു കുതിക്കുന്നതും ബ്രിട്ടീഷ് പൗണ്ടിൻ്റെ തകർച്ചയും ഡോളറിനു സാങ്കേതിക മതിലുകൾ കടന്നു മുന്നേറാൻ കരുത്തു നൽകിയേക്കും. അതു രൂപയടക്കമുള്ള കറൻസികളെ കൂടുതൽ സമ്മർദത്തിലാക്കും. ചൈനീസ് യുവാൻ ഇന്നു രാവിലെ 0.3 ശതമാനം താഴ്ന്ന് ഡോളറിന് 7.149 യുവാൻ എന്ന നിരക്കിലായി.

ചൈനീസ് അട്ടിമറി പ്രചാരണം വ്യാജം

ചൈനയിൽ അട്ടിമറി നടക്കുന്നതായ സമൂഹമാധ്യമ പ്രചാരണം കാര്യമില്ലാത്തതാണെന്നു വ്യക്തമായി. കുറേ ദിവസങ്ങളായി ഈ പ്രചാരണത്തിൽ നിക്ഷേപകരും അസ്വസ്ഥരായിരുന്നു. മൂന്നാഴ്ച കഴിഞ്ഞു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാംകോൺഗ്രസ് തുടങ്ങും. പ്രസിഡൻ്റ് ഷി ചിൻപിംഗിനു ഭരണ കാലാവധി നീട്ടി നൽകാനും അദ്ദേഹം നിർദേശിക്കുന്നവരെ മാത്രം പെടുത്തി കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തെരഞ്ഞെടുക്കാനും കോൺഗ്രസ് വേദിയാകും. ഒരു പക്ഷേ മാവോയ്ക്കു നൽകിയതുപോലെ ഷിക്കു പാർട്ടി ചെയർമാൻ പദവി നൽകാനും കോൺഗ്രസ് തീരുമാനിച്ചു എന്നു വരാം. എന്തായാലും ഷിയുടെ വാഴ്ച അരക്കിട്ടുറപ്പിക്കുന്ന തീരുമാനങ്ങളാകും കോൺഗ്രസിൽ ഉണ്ടാവുക. തൽക്കാലം ഷിയുടെ സമഗ്രാധിപത്യത്തിനു ഭീഷണിയില്ല.

റീപോ നിരക്ക് എത്രയാകും?

റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) ബുധനാഴ്ച ത്രിദിന യോഗം തുടങ്ങും. വെള്ളിയാഴ്ച രാവിലെ 10-നു ഗവർണർ ശക്തികാന്ത ദാസ് നയം പ്രഖ്യാപിക്കും. റീപോ നിരക്ക് 5.4-ൽ നിന്ന് 5.9 ശതമാനം ആക്കും എന്നാണു സൂചന. 5.5 ശതമാനമോ 5.75 ശതമാനമോ ആക്കിയാൽ മതി എന്നാഗ്രഹിക്കുന്നവർ ഉണ്ട്. ധനമന്ത്രാലയവും ആ താൽപര്യത്തിലാണ്. പക്ഷേ യുഎസ് ഫെഡ് ഇക്കൊല്ലം ഇനിയും പലിശ ഗണ്യമായി കൂട്ടും എന്നു വ്യക്തമാക്കിയത് റിസർവ് ബാങ്കിനെ നിരക്കു കൂടുതൽ ഉയർത്താൻ നിർബന്ധിതമാക്കുന്നു. ഇപ്പോൾ 3.00- 3.25 ശതമാനത്തിലുള്ള യുഎസ് ഫെഡ് നിരക്ക് വർഷാവസാനം 4.25-4.50 ആകുമെന്നാണു ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞത്.
സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റം 7.4 ശതമാനത്തിലേക്ക് ഉയരും എന്നു സൂചനയുള്ളത് റിസർവ് ബാങ്കിന് അവഗണിക്കാൻ പറ്റില്ല. ഓഗസ്റ്റിൽ ഏഴു ശതമാനമായിരുന്നു നിരക്ക്. വീണ്ടും വർധിക്കുന്ന വിലക്കയറ്റം കർശനമായ പണനിയന്ത്രണം അനിവാര്യമാക്കുന്നു.
രൂപ അമിതമായി താഴാതിരിക്കാനും ഉയർന്ന പലിശ ആവശ്യമാണ്. മാർച്ചിൽ നാലു ശതമാനമായിരുന്നു റീപോ നിരക്ക്. വാണിജ്യ ബാങ്കുകൾക്ക് കരുതൽ പണ അനുപാതം പാലിക്കുന്നതടക്കമുള്ള അടിയന്തരാവശ്യങ്ങൾക്കു റിസർവ് ബാങ്കിൽ നിന്നു നൽകുന്ന ഏകദിന വായ്പയുടെ പലിശയാണ് റീപോ നിരക്ക്. ഇതു കൂട്ടുമ്പോൾ രാജ്യത്തെ പലിശ നിരക്കുകൾ ഉയരും; കുറച്ചാൽ പലിശയും കുറയും.


Tags:    

Similar News