വീണ്ടും ആശങ്കകൾ; താഴ്ന്ന തുടക്കത്തിലേക്കു വിപണി; ക്രൂഡും ലോഹങ്ങളും കയറുന്നു; ജിഎസ്ടി നിരക്ക് വർധിപ്പിക്കുമോ?
വീണ്ടും മാന്ദ്യ ഭീതി, വിപണിയുടെ തുടക്കം തണുപ്പോടെയാകും; ജി എസ് ടി വലയിലേക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ? ക്രൂഡും ലോഹങ്ങളും വീണ്ടും കയറ്റത്തിൽ
നേട്ടത്തിൻ്റെ നാലാം ദിവസവും രേഖപ്പെടുത്താനായെങ്കിലും ചൊവ്വാഴ്ച ഇന്ത്യൻ വിപണി തീർത്തും ദുർബലമായ സൂചനകളാണു നൽകിയത്. ഇന്നലെ യുഎസ് വിപണിയിലെ തകർച്ച കൂടിയായപ്പോൾ ബുധനാഴ്ച വിപണി നഷ്ടത്തുടക്കമാണു പ്രതീക്ഷിക്കുന്നത്. മാന്ദ്യഭീതി വീണ്ടും ശക്തമായി. ക്രൂഡ് ഓയിൽ വിലക്കയറ്റം രൂപയെയും ദുർബലമാക്കി.
അവസാന മണിക്കൂറിൽ നേരിയ നേട്ടത്തിലേക്കു കയറാൻ ഇന്നലെ ഇന്ത്യൻ വിപണിക്കു സാധിച്ചു. ഏഷ്യൻ വിപണികളുടെ ഉയർച്ചയെ പിന്തുടരാൻ ഇന്ത്യൻ സൂചികകൾക്കു കഴിഞ്ഞില്ല. തുടക്കം മുതൽ താഴ്ന്നു നിന്ന സൂചികകളെ ഉയർത്തിയത് അവസാന മണിക്കൂറിൽ ലാേഹ കമ്പനികളും വാഹന കമ്പനികളും പെട്രോളിയം ഉൽപാദകരും മറ്റും കൈവരിച്ച നേട്ടമാണ്. തുടക്കത്തിൽ മുന്നേറിയ ഐടി കമ്പനികൾ ഒടുവിൽ ക്ഷീണത്തിലായിരുന്നു.
യൂറോപ്യൻ ഓഹരികൾ ഇന്നലെ മിതമായ നേട്ടത്തിൽ ക്ലാേസ് ചെയ്തു. എന്നാൽ യുഎസ് വിപണി മികച്ച തുടക്കത്തിനു ശേഷം ഇടിഞ്ഞു. സ്പോർട്സ് സാമഗ്രികളുടെ കമ്പനിയായ നൈക്കി വിൽപന മോശമാണെന്നറിയിച്ചതും ഡിമാൻഡ് കുറഞ്ഞതിനാൽ വില കുറയ്ക്കുകയാണെന്ന് ഇൻ്റൽ പ്രഖ്യാപിച്ചതും വിപണിയെ വലിച്ചു താഴ്ത്തി. ആമസോണും മൈക്രോസോഫ്റ്റും ആൽഫ ബെറ്റും ഒക്കെ താഴ്ന്നു. ഉപഭോക്തൃ പ്രതീക്ഷകൾ സംബന്ധിച്ച സർവേ ഫലം കൂടുതൽ നിരാശാജനകമായി. 16 മാസത്തിനിടയിലെ ഏറ്റവും താണ നിലയിലായി അത്. ഡൗ ജോൺസ് 1.56 ശതമാനവും എസ് ആൻഡ് പി രണ്ടു ശതമാനവും നാസ്ഡാക് 2.98 ശതമാനവും ഇടിഞ്ഞു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ തോതിൽ ഉയർന്നു.
ഏഷ്യൻ വിപണികൾ നല്ല താഴ്ചയിലാണു രാവിലെ വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കൈ തുടക്കത്തിൽ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. കൊറിയൻ സൂചികയും ഒരു ശതമാനം ഇടിവോടെ വ്യാപാരം തുടങ്ങി. ഹാങ്സെങ് സൂചികയും നല്ല താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15, 686 വരെ താഴ്ന്നു. ഇന്നു രാവിലെ സൂചിക 15,666 വരെ താണിട്ട് അൽപം ഉയർന്ന് 15,700 ലായി. ഇന്ത്യൻ വിപണി രാവിലെ ഗണ്യമായ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ചൊവ്വാഴ്ച ഇന്ത്യൻ വിപണി തുടക്കത്തിലെ താഴ്ചയിൽ നിന്നു കയറാൻ സാവധാനം ശ്രമിക്കുകയായിരുന്നു. എങ്കിലും അവസാന മണിക്കൂറിലെ വാങ്ങലാണു സൂചികകളെ നേട്ടത്തിലാക്കിയത്. സെൻസെക്സ് 16.17 പോയിൻ്റ് (0.03%) കയറി 53,177.45 ലും നിഫ്റ്റി 18.15 പോയിൻ്റ് (0.11%) നേടി 15,850.2 ലും ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ കമ്പനികൾ താഴ്ന്നെങ്കിലും മെറ്റൽ, ഓയിൽ, ഓട്ടോ കമ്പനികളുടെ ഉയർച്ചയിലാണു വിപണി നേട്ടത്തിലായത്. മിഡ് ക്യാപ് സൂചിക 0.29 ശതമാനം ഉയർന്നപ്പോൾ സ്മാേൾ ക്യാപ് സൂചിക 0.34 ശതമാനം ഇടിഞ്ഞു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1244.44 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1205: 63 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി നേരിയ ഉയർച്ച കാണിച്ചെങ്കിലും തുടർന്നു കയറുമെന്ന കണക്കുകൂട്ടൽ നിക്ഷേപ വിദഗ്ധർക്ക് ഇല്ല. 15,850-നു മുകളിൽ നിഫ്റ്റി ക്ലാേസ് ചെയ്തതിൽ മാത്രമാണ് പോസിറ്റീവ് സൂചന. അതു നിലനിർത്തി മുന്നേറാൻ ഇന്നു സാധിച്ചാൽ മാത്രം കഴിഞ്ഞ ദിവസങ്ങളിലെ റാലി തുടരാനാകും.
നിഫ്റ്റിക്ക് 15,745-ലും 15,635 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 15,925-ഉം 16,000- വും തടസങ്ങളാണ്.
ക്രൂഡും ലോഹങ്ങളും വീണ്ടും കയറ്റത്തിൽ
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 118 ഡോളറിലേക്ക് ഉയർന്നു. ക്രൂഡ് ലഭ്യത കുറയുന്നതാണു കയറ്റത്തിനു കാരണം. ലഭ്യത കൂട്ടാൻ ഒപെക് പ്ലസ് യോഗം ഈയാഴ്ച തീരുമാനിക്കാനിടയില്ല.
കഴിഞ്ഞ ദിവസങ്ങളിൽ താഴോട്ടു നീങ്ങിയ ലോഹങ്ങളുടെ വില ഈയാഴ്ച നേട്ടത്തിലാണ്. ചെമ്പ് ടണ്ണിന് 8500 ഡോളറിലേക്കു കയറി. അലൂമിനിയം 2500 ഡോളറിനെ സമീപിച്ചു. ഇരുമ്പയിര്, ലെഡ്, നിക്കൽ, ടിൻ തുടങ്ങിയവയും കയറ്റത്തിലാണ്.
സ്വർണം ഇന്നലെ 1831 ഡോളറിൽ നിന്ന് 1818 ഡോളറിലേക്കു താഴ്ന്നു. ഡോളർ സൂചിക ഉയർന്നതാണു കാരണം. ഇന്നു രാവിലെ 1821-1823 ഡോളറിലാണു സ്വർണം. കേരളത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം സ്വർണവില കുത്തനേ ഇടിഞ്ഞു. പവന് 640 രൂപ താഴ്ന്ന് 37,480 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രാവിലെ വില 38,120 രൂപയിൽ മാറ്റമില്ലാതെ തുടർന്നതാണ്.
രൂപ ഇന്നലെ വല്ലാതെ ദുർബലമായി. ഡോളർ 78.88 രൂപ വരെ ഉയർന്നിട്ട് 78.77 രൂപയിൽ ക്ലോസ് ചെയ്തു. ഡോളറിനു 43 പൈസയാണു ക്ലോസിംഗിലെ നേട്ടം. ഡോളർ താമസിയാതെ 80 രൂപയിലേക്ക് എത്തുമെന്നാണു പൊതു നിഗമനം. ക്രൂഡ് ഓയിൽ വില വീണ്ടും 120 ഡോളറിനെ സമീപിച്ചതും രൂപയെ ദുർബലമാക്കി.
ഡോളർ സൂചിക ഇന്നലെ 104.51 ലേക്ക് ഉയർന്നു. ഇന്നു രാവിലെ സൂചിക അൽപം താണ് 104.45 ലായി.
രൂപ ഇനി എങ്ങോട്ട്?
രൂപ വരും ദിവസങ്ങളിലും താഴോട്ടു പോകുമെന്നാണു നിരീക്ഷകർ കരുതുന്നത്. പലിശ നിരക്ക് ഉയരുന്നതോടെ ഇന്ത്യൻ കമ്പനികൾ വിദേശവായ്പകളെ കാര്യമായി ആശ്രയിക്കാത്ത നില വന്നു. വിദേശ ബാങ്കുകൾ കൂടിയ പലിശ ആവശ്യപ്പെടുന്നത് ഒരു കാര്യം. കഴിഞ്ഞ വർഷങ്ങളിൽ വിദേശവായ്പകളെ ആശ്രയിച്ചിരുന്ന അഡാനി ഗ്രൂപ്പും മറ്റും ഇപ്പോൾ എൽഐസി പോലുള്ള സ്വദേശസ്ഥാപനങ്ങളെയാണു വായ്പയ്ക്കു സമീപിക്കുന്നത്. ഇതോടെ വായ്പ ഇനത്തിലുള്ള ഡോളർ വരവ് കുറഞ്ഞു.
രാജ്യത്തെ പ്രമുഖ ഗ്രൂപ്പുകൾക്ക് ഈ വർഷം ഗണ്യമായ വിദേശവായ്പ തിരിച്ചടയ്ക്കേണ്ടതുണ്ട്. അതിനു പകരം വിദേശ കറൻസി വായ്പ എടുക്കാൻ പറ്റിയ അവസരമല്ല. ഇതു വരും മാസങ്ങളിൽ റിസർവ് ബാങ്കിൻ്റെ വിദേശനാണ്യ ശേഖരത്തിൽ സമ്മർദം ചെലുത്തും.
പലിശനിരക്ക് ഉയരുന്നതോടെ യുഎസ് സർക്കാർ കടപ്പത്രങ്ങളിലേക്കു വീണ്ടും നിക്ഷേപകർ തിരിഞ്ഞു. അതിനനുസരിച്ചു വികസ്വര രാജ്യങ്ങളിലെ ഓഹരികളും കടപ്പത്രങ്ങളും അവർ വിറ്റഴിക്കുകയാണ്. യാതൊരു റിസ്കും ഇല്ലാതെ മൂന്നര - നാലു ശതമാനം ആദായം യുഎസ് കടപ്പത്രങ്ങളിൽ നിന്നു കിട്ടുമ്പോൾ വേറേ നിക്ഷേപ മേഖലകൾ തേടേണ്ട കാര്യമില്ലല്ലോ.
ഇതിനു പുറമേ യുഎസ് മാന്ദ്യത്തിലായാൽ ഐടി കമ്പനികൾ അടക്കം പാശ്ചാത്യ വിപണികളെ ആശ്രയിക്കുന്നവർക്കു വരുമാനം കുറയും. കയറ്റുമതി വരുമാനം താഴോട്ടു പോകുമ്പോൾ ഉയർന്ന ക്രൂഡ് ഓയിൽ വില മറുവശത്തു ഭീഷണിയാകും.ഇതെല്ലാമാണു രൂപയെ ദുർബലമാക്കുന്ന ഘടകങ്ങൾ. പെട്ടെന്നു പരിഹാരം ഉള്ളതല്ല ഈ വിഷയങ്ങൾ. രൂപയുടെ ദൗർബല്യം നീണ്ടു നിൽക്കും എന്നു ചുരുക്കം.
രൂപയുടെ ദൗർബല്യം രാജ്യത്തെ വിലക്കയറ്റം നീണ്ടു നിൽക്കാൻ ഇടയാക്കും. ഇറക്കുമതി സാധനങ്ങൾ, പ്രത്യേകിച്ചും ക്രൂഡ് ഓയിലിനും അതിൻ്റെ ഉൽപന്നങ്ങൾക്കും പുറമേ ഇലക്ട്രോണിക് ഘടകങ്ങൾക്കും ഔഷധങ്ങളുടെ അടിസ്ഥാന രാസ സംയുക്തങ്ങൾക്കും വില വർധിക്കും. ഭക്ഷ്യ എണ്ണ, പരുത്തി, പയറു വർഗങ്ങൾ എന്നിവയുടെ കാര്യത്തിലും ഇറക്കുമതി വലിയ ഘടകമാണ്.
ജിഎസ്ടി നിരക്ക് കൂട്ടാൻ നീക്കം
ജിഎസ്ടി കൗൺസിലിൻ്റെ ഇന്നാരംഭിക്കുന്ന സമ്മേളനം സുപ്രധാനമാണ്. നികുതിയിൽ നിന്ന് ഒഴിവായിരുന്നതാേ കുറഞ്ഞ സ്ലാബിൽ ആയിരുന്നതാേ ആയ പല സാധനങ്ങളും സേവനങ്ങളും നികുതി പരിധിയിലാേ ഉയർന്ന നികുതി സ്ലാബിലോ വരും.
മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് നികുതി വലയിലേക്കു വരുന്നവ ഇവയാണ്: പനീർ, തൈര്, ലസി, ബട്ടർ മിൽക്ക്, തേൻ, ശീതീകരിച്ചതോ ഫ്രെഷോ അല്ലാത്ത മത്സ്യവും മാംസവും, ബാർലി, ഓട്സ്, ചോളം, കോൺഫ്ളോർ, ചാമ, വരക് , ചിലയിനം പച്ചക്കറികൾ, ചക്കര, മലര്, അവൽ.
റിസർവ് ബാങ്ക്, സെബി, ഐആർഡിഎഐ, ഫുഡ് സേഫ്റ്റി അഥാേറിറ്റി, ജിഎസ്ടി നെറ്റ് വർക്ക് എന്നിവ നൽകുന്ന സേവനങ്ങളും ഇനി നികുതിപരിധിയിലാക്കാനാണു ശിപാർശ.1000 രൂപ പ്രതിദിന വാടകയുള്ള ഹോട്ടൽ മുറികളെ നികുതിയിൽ പെടുത്തും.
നിരക്ക് കൂട്ടുന്നതിനു നിർദേശമുള്ളവ:
അഞ്ചിൽ നിന്നു 12 ശതമാനത്തിലേക്ക് .
ഇ-വേസ്റ്റ് , സോളർ വാട്ടർ ഹീറ്റർ, സംസ്കരിച്ച തുകൽ
12 ൽ നിന്നു 18 ശതമാനത്തിലേക്ക്:
അച്ചടിമഷി, എഴുത്തുമഷി, കത്തി, സ്പൂൺ, ഫോർക്ക്, എൽഇഡി ലൈറ്റുകളും ഫിറ്റിംഗുകളും.
ഓൺലൈൻ ഗെയിമുകൾ നികുതി വലയിലാക്കുന്നതും സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം തുടരുന്നതും ഇന്നു ചർച്ച ചെയ്തു തീരുമാനിക്കും.