ആവേശം കുറയുന്നില്ല; വിദേശ സൂചനകൾ കുതിപ്പിന് അനുകൂലം; ക്രൂഡ് ഓയിൽ 94 ഡോളറിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ മിഡ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നലെയും മികച്ച മുന്നേറ്റം നടത്തി.

Update:2023-09-15 08:29 IST

വീണ്ടും ആവേശത്തിന്റെ ദിനമാണു തുടങ്ങുന്നത്. ഉയരത്തിൽ വിറ്റു ലാഭമെടുക്കാനുള്ള പ്രവണത വ്യാഴാഴ്ച വിപണിയുടെ കയറ്റത്തിനു തടസമായിരുന്നു. ഇന്ന് അത്രയും വിൽപന സമ്മർദം ഉണ്ടാകുകയില്ലെന്നാണു പ്രതീക്ഷ. യൂറോപ്യൻ, യുഎസ് വിപണികൾ ഉയർന്നതും ഏഷ്യൻ വിപണികളിൽ സൂചികകൾ കയറുന്നതും നല്ല അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 94 ഡോളർ കടന്നത് ഇന്ത്യക്ക് അത്ര നല്ല കാര്യമല്ല. മൊത്തവിലകൾ കയറാനുള്ള പ്രവണത കാണിച്ചു തുടങ്ങിയതും ശുഭകരമല്ല.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 20,217.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 20,240 നു മുകളിലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ച താഴ്ന്നു തുടങ്ങിയിട്ട് നല്ല നേട്ടത്തിൽ അവസാനിച്ചു. ശരാശരി ഒന്നര ശതമാനം ഉയർന്നാണു ക്ലോസിംഗ് യൂറോപ്യൻ കേന്ദ്രബാങ്ക് (ഇസിബി) പ്രതീക്ഷ പോലെ പലിശ നിരക്ക് കാൽ ശതമാനം വർധിപ്പിച്ച് നാലു ശതമാനമാക്കി. ഒപ്പം ഇതോടെ നിരക്കുവർധന അവസാനിക്കുകയാണെന്ന സൂചനയും ഇസിബി അധ്യക്ഷ ക്രിസ്റ്റീൻ ലഗാർഡ് നൽകി. ഇലക്ട്രിക് വാഹനങ്ങൾക്കു സബ്സിഡി നൽകിയതുമായി ബന്ധപ്പെട്ട യുറോപ്യൻ യൂണിയൻ - ചൈന പോര് വാഹനകമ്പനി ഓഹരികളെ ഇന്നലെയും താഴ്ത്തി.

യുഎസ് വിപണികൾ ഇന്നലെ നല്ല കയറ്റത്തിലായി. ഡൗ ജോൺസ് 331.58 പോയിന്റ് (0.96%) കുതിച്ച് 34,907.11ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 37.66 പോയിന്റ് (0.84%) കയറി 4505.10 ലും നാസ്ഡാക് 112.47 പോയിന്റ് (0.81%) ഉയർന്ന് 13,926.05 ലും ക്ലോസ് ചെയ്തു.

ആം (Arm)ഐ.പി.ഒ ലിസ്റ്റ് ചെയ്തപ്പോൾ 25 ശതമാനം കയറ്റം ഉണ്ടായതു വിപണിയുടെ കയറ്റത്തിനു സഹായിച്ചു. 51 ഡോളറിലാണ് ചിപ്പ് നിർമാതാക്കളായ ആം ഐ.പി.ഒ നടത്തിയത്. ഗോൾഡ്മാൻ സാക്സ്, ജെപി മോർഗൻ ചേയ്സ്, മാേർഗൻ സ്റ്റാൻലി തുടങ്ങിയവയെ രണ്ടു ശതമാനത്തിലധികം ഉയർത്താൻ ആം വിജയം സഹായിച്ചു.

യുഎസ് റീട്ടെയിൽ വിൽപന കഴിഞ്ഞ മാസം 0.6 ശതമാനം വർധിച്ചു. 0.1 ശതമാനം മാത്രമായിരുന്നു പ്രതീക്ഷ. മൊത്തവിലക്കയറ്റം 0.4 ൽ നിന്നു 0.6 ശതമാനമായി വർധിച്ചു. എന്നാൽ ഇന്ധന, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 2.4 - ൽ നിന്ന് 2.2 ശതമാനമായി കുറഞ്ഞു.

ക്രൂഡ് ഓയിൽ വിലക്കയറ്റം ഇന്ധന കമ്പനികളുടെ ഓഹാരികളെ  ഉയർത്തി. മികച്ച ലാഭവർധന കാണിച്ചെങ്കിലും അഡോബി ഓഹരികൾ ക്ലോസിംഗിനു ശേഷമുള്ള വ്യാപാരത്തിൽ രണ്ടു ശതമാനം താഴ്ന്നു.

യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗ 0.13 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.14 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല കയറ്റത്തിലായി. ജാപ്പനീസ്, ഓസ്ട്രേലിയൻ വിപണികൾ ഒരു ശതമാനം നേട്ടത്തിൽ വ്യാപാരം തുടങ്ങി

ചൈന ബാങ്കുകളുടെ കരുതൽ പണ അനുപാതം കാൽ ശതമാനം കുറച്ചു. അതും ആം ഐ.പി.ഒയുടെ വിജയവും വിപണികളെ സന്തോഷിപ്പിച്ചു. റീട്ടെയിൽ വ്യാപാരം പ്രതീക്ഷയെ മറികടന്ന് 4.6 ശതമാനം വർധിച്ചതും വിപണിക്ക് ആവേശമായി. ഷാങ്ഹായ് വിപണി നേരിയ കയറ്റത്തിലാണ് വ്യാപാരം തുടങ്ങിയത്. ഹോങ് കോങ് വിപണി കാൽ ശതമാനം ഉയർന്നു.

ഇന്ത്യൻ വിപണി

ഇന്നലെ ഇന്ത്യൻ വിപണി ആവേശത്തോടെ തുടങ്ങി കൂടുതൽ ഉയർന്നു റെക്കോർഡുകൾ തിരുത്തിയെങ്കിലും ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം സൂചികകളെ താഴ്ത്തി. ഇടയ്ക്കു മുഖ്യസൂചികകൾ നഷ്ടത്തിലുമായി. സെൻസെക്സ് 67,771 വരെയും നിഫ്റ്റി 20,167 വരെയും കയറിയിട്ടാണു താഴ്ന്നത്. മിഡ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നലെയും മികച്ച മുന്നേറ്റം നടത്തി.

സെൻസെക്സ് 52.01 പോയിന്റ് (0.08%) ഉയർന്ന് 67,519 00 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 33.10 പോയിന്റ് (0.16%) കയറി 20,103.10ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 91.4 പോയിന്റ് (0.20%) ഉയർന്ന് 46,000.85 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.17 ശതമാനം കയറി 40,716.05 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.31 ശതമാനം ഉയർന്ന് 12,741.95 ൽ അവസാനിച്ചു.

വിദേശഫണ്ടുകൾ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 294.69 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 50.8 കോടിയുടെ ഓഹരികൾ വിൽക്കുകയും ചെയ്തു.

വിപണിയിലെ ബുള്ളിഷ് മുന്നേറ്റം നീണ്ടു നിൽക്കുമെന്നാണ് വിലയിരുത്തൽ. നിഫ്റ്റിക്ക് ഇന്നു 20,055 ലും 19,980 ലും പിന്തുണ ഉണ്ട്. 20,155 ഉം 20,230 ഉം തടസങ്ങളാകാം.

മെറ്റൽ, റിയൽറ്റി, ഓട്ടോ മേഖലകൾ ഇന്നലെ മികച്ച മുന്നേറ്റം നടത്തി. റെയിൽവേ ഓഹരികൾ ഇന്നലെ രണ്ടു മുതൽ അഞ്ചു വരെ ശതമാനം ഉയർന്നു. എൻഎച്ച്പിസി, എൻബിസിസി എന്നീ പൊതുമേഖലാ കമ്പനികൾ എട്ടു ശതമാനം വീതം ഉയർന്നു.

മുംബൈ വർളിയിലെ 22 ഏക്കർ ഭൂമി 5200 കോടി രൂപയ്ക്ക് വിൽക്കാനുള്ള ബോംബെ ഡൈയിംഗിന്റെ തീരുമാനം വിപണിക്ക് ഇഷ്ടപ്പെട്ടു. ബോംബെ ഡൈയിംഗ് ഓഹരി 20 ശതമാനം കയറിയിട്ട് ഒൻപതു ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. ഗ്രൂപ്പിന്റെ കട ബാധ്യത തീരും എന്നാണു പ്രതീക്ഷ. ഗ്രൂപ്പ് കമ്പനിയായ ബോംബെ ബർമ ട്രേഡിംഗ് കമ്പനി അഞ്ചു ശതമാനം ഉയർന്നു.

വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഉയർന്നു. അലൂമിനിയം 0.48 ശതമാനം കയറി ടണ്ണിന് 2227.99 ഡോളറിലായി. ചെമ്പ് 0.84 ശതമാനം ഉയർന്ന് ടണ്ണിന് 8422.85 ഡോളറിൽ എത്തി. ലെഡ് 0.86 ശതമാനവും ടിൻ 1.69 ശതമാനവും നിക്കൽ 3.93 ശതമാനവും സിങ്ക് 3.97 ശതമാനം ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ 94 ഡോളറിനു മുകളിലായി. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 94.14 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ബ്രെന്റ് ഇനം 94.22 ഡോളറിലും ഡബ്ള്യുടിഐ ഇനം 90.79 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 96.09 ഡോളറിലാണ്.

സ്വർണവില തിരിച്ചു കയറുകയാണ്. ഔൺസിന് 1905 ഡോളറിൽ എത്തിയിട്ടു കയറി 1911.60 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1913.40 ഡോളറിലേക്കു കയറി.

കേരളത്തിൽ പവൻവില 43,600 രൂപയിൽ തുടർന്നു.

രൂപ ബുധനാഴ്ച ദുർബലമായി. ഡോളർ നാലു പൈസ കൂടി 83.03 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ ഇന്നും കയറാം.

ഡോളർ സൂചിക 105 കടന്നു. ഇന്നലെ 105.41 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അതേ നിലയിൽ തുടരുന്നു.

ക്രിപ്‌റ്റോ കറൻസികൾ അൽപം കയറി. ബിറ്റ്കോയിൻ 26,500 ഡോളറിനു മുകളിലാണ്. 

മൊത്തവിലയിൽ കയറ്റം തുടങ്ങി 

മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലകൾ ഓഗസ്റ്റിൽ 0.52 ശതമാനം കുറഞ്ഞു. തലേ മാസം 1.36 ശതമാനമായിരുന്നു കുറവ്. മൊത്തവിലകളിൽ കയറ്റം ഉണ്ടെന്നാണ് ഇതു കാണിക്കുന്നത്. ഇന്ധന- വൈദ്യുതി വിലകളിലാണു കൂടുതൽ വർധന. തലേ മാസം ഇവയുടെ സൂചിക 12.8 ശതമാനം കുറഞ്ഞ സ്ഥാനത്ത് ഓഗസ്റ്റിലെ കുറവ് ആറു ശതമാനം മാത്രം.

തലേ മാസത്തെ അപേക്ഷിച്ചു മൊത്തവിലകൾ 0.33 ശതമാനം വർധിച്ചു. ഇന്ധന- വൈദ്യുതി വിലകൾ തലേമാസത്തേക്കാൾ മൂന്നു ശതമാനം ഉയർന്നു. നാലു മാസത്തിനു ശേഷം ഫാക്ടറി ഉൽപന്നങ്ങളുടെ വില വർധിച്ചതായും കണക്ക് കാണിക്കുന്നു.

നെല്ലുവില 9.2 ഉം പയറുവർഗങ്ങളുടെ വില 10.5 ശതമാനവും കയറി. ആറു മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഉള്ളിവില 31.4 ശതമാനം ഉയർന്നു. വരും മാസങ്ങളിൽ മൊത്തവില വീണ്ടും കയറ്റത്തിലാകുമെന്ന് നിരീക്ഷകർ കരുതുന്നു.

വിപണി സൂചനകൾ

(2023 സെപ്റ്റംബർ 14, വ്യാഴം)


സെൻസെക്സ് 30 67,519.00 +0.08%

നിഫ്റ്റി 50 20,103.10 +0.16%

ബാങ്ക് നിഫ്റ്റി 46,000.85 +0.20%

മിഡ് ക്യാപ് 100 40,716.05 +1.17%

സ്മോൾ ക്യാപ് 100 12,741.95 +1.31%

ഡൗ ജോൺസ് 30 34,907.10 +0.96%

എസ് ആൻഡ് പി 500 4505.10 +0.84%

നാസ്ഡാക് 13,926.00 +0.81%

ഡോളർ ($) ₹83.03 +0.04

ഡോളർ സൂചിക 105.41 +00.64

സ്വർണം(ഔൺസ്) $1911.60 +$02.70

സ്വർണം(പവൻ) ₹43,600 -₹ 00.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $94.14 +$2.70

Tags:    

Similar News