വിപണിക്ക് പ്രതീക്ഷ നൽകാൻ കാര്യങ്ങൾ ഏറെ
വിദേശ വിപണികളും കുതിപ്പിൽ; ലാേഹങ്ങളും ക്രൂഡും കയറ്റത്തിൽ; കയറിയിറങ്ങി ക്രിപ്റ്റോ കറൻസികൾ; ജിഎസ്ടി പിരിവ് 12 ശതമാനം വർധിച്ച് 1.57 ലക്ഷം കോടിയായി
ആഴ്ചയുടെ ആരംഭം മുതൽ ചാഞ്ചാട്ടങ്ങളിലൂടെ കടന്നു പോയ ഓഹരി വിപണി ഇന്ന് ആവേശത്തോടെ വാരാന്ത്യത്തിലേക്കു കടന്നേക്കും. പാശ്ചാത്യ വിപണികളും പിന്നാലെ ഏഷ്യൻ വിപണികളും നല്ല നേട്ടത്തിലാണ്.
മേയിലെ ജിഎസ്ടി പിരിവ് 12 ശതമാനം വർധിച്ച് 1.57 ലക്ഷം കോടി രൂപയായി. മേയ് മാസത്തിലെ മനുഫാക്ചറിംഗ് പി.എം.ഐ (Purchasing Managers' Index) 31 മാസത്ത ഏറ്റവും ഉയർന്ന നിലയായ 57.2 ൽ എത്തി.
കാർ, ടൂവീലർ വിൽപന ഗണ്യമായി ഉയർന്നു. ഇതെല്ലാം ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ചയെപ്പറ്റി പ്രതീക്ഷ വളർത്തി. 2023 -24 വളർച്ച 6.5 ശതമാനത്തിനു മുകളിലാകുമെന്നു പലരും വിലയിരുത്തുന്നു. ഇതിന്റെ ആവേശം വിപണിയിൽ കാണപ്പെടാം.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്.ജി.എക്സ് നിഫ്റ്റി വ്യാഴം രാത്രി ഒന്നാം സെഷനിൽ 18,563.5-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,634 ലേക്കു കുതിച്ചു. ഇന്നു രാവിലെ 18,650 കടന്നു. ഇന്ത്യൻ വിപണി നല്ല നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ഒന്നു മുതൽ രണ്ടു വരെ ശതമാനം ഉയർന്നാണു ക്ലാേസ് ചെയ്തത്. യു.എസ് കടപരിധി (debt ceiling)ആശങ്ക മാറിയതും യൂറാേപ്പിലെ ചില്ലറ വിലക്കയറ്റം 6.1 ശതമാനമായി കുറഞ്ഞതും നേട്ടത്തിനു തുണയായി.
സ്വീഡനിലെ ഏറ്റവും വലിയ പ്രോപ്പർട്ടി കമ്പനിയായ എസ്. ബി .ബി വിൽപനയ്ക്കു ശ്രമം തുടരുകയാണ്. നിക്ഷേപകരെയോ വാങ്ങലുകാരെയോ കിട്ടിയില്ലെങ്കിൽ കമ്പനി പാപ്പരാകും. എസ്. ബി .ബി ഓഹരി ഇന്നലെയും ഇടിഞ്ഞു.
യു.എസ് വിപണി തുടക്കം മുതൽ നേട്ടത്തിലായിരുന്നു. കടപരിധി സംബന്ധിച്ച പ്രധാന കടമ്പ കടന്നത് ആശങ്ക അകറ്റി. മേയ് മാസത്തിലെ യു.എസ് താെഴിൽ കണക്കുകൾ ഇന്നു വരുന്നതിലാണു വിപണിയുടെ ശ്രദ്ധ.
ഡൗ ജോൺസ് ഇന്നലെ 153.3 പോയിന്റ് (0.47%) ഉയർന്ന് 33,000 നു മുകളിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 41.19 പോയിന്റ് (0.99%) കയറി. നാസ്ഡാക് 165.7 പോയിന്റ് (1.28%) കുതിച്ചു 13,000 -നു മുകളിലായി.
യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്രമായി ഉയർന്നു. ഡൗ 0.03 ശതമാനം കയറിയപ്പോൾ നാസ്ഡാക് 0.05 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.04 ശതമാനം കയറി.
ഏഷ്യൻ സൂചികകൾ ഇന്നു രാവിലെ നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക അര ശതമാനം നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഓസ്ട്രേലിയൻ, കൊറിയൻ വിപണികളും ഉയർന്നു. ചെെനീസ്, ഹോങ്കോങ് വിപണികളും തുടക്കത്തിൽ താഴ്ന്നു. ടെക് ഓഹരികളുടെ കുതിപ്പ് ഹാങ് സെങ് സൂചികയെ രണ്ടു ശതമാനത്തിലധികം ഉയർത്തി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ തുടക്കം മുതൽ ഒടുക്കം വരെ ചാഞ്ചാട്ടത്തിലായിരുന്നു. സെൻസെക്സ് 62,359 മുതൽ 62,762 വരെയും നിഫ്റ്റി 18,464 മുതൽ 18,580 വരെയും കയറിയിറങ്ങി. സെൻസെക്സ് 193.7 പോയിന്റ് (0.31%) താണ് 62,428.54 ലും നിഫ്റ്റി 46.65 പോയിന്റ് (0.25%) കുറഞ്ഞ് 18,487.75 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.15 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.02 ശതമാനവും ഉയർന്നു.
ബാങ്കുകളും ധനകാര്യ സേവന കമ്പനികളും ഇന്നലെ നഷ്ടത്തിലായി. ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, ഐടി എന്നീ മേഖലകൾ നേട്ടമുണ്ടാക്കി.
വിപണി ബെയറിഷ് ആകുന്നു എന്ന വിലയിരുത്തലാണ് പലർക്കും ഉള്ളത്. എങ്കിലും നിഫ്റ്റി നിർണായക ശരാശരികൾക്കു മുകളിൽ ക്ലോസ് ചെയ്തത് പ്രതീക്ഷ പകരുന്നതായി ചില നിക്ഷേപ വിദഗ്ധർ കരുതുന്നു. നിഫ്റ്റിക്കു 18,465 ലും 18,395 ലും സപ്പോർട്ട് ഉണ്ട്. 18,555 ലും 18,625 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ ഇന്നലെ ഓഹരി വാങ്ങലിനു പകരം വിൽപനയിലേക്കു തിരിഞ്ഞു. അതേസമയം സ്വദേശി ഫണ്ടുകൾ വാങ്ങലുകാരായി. വിദേശികൾ ഇന്നലെ 71.07 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 488.93 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശ നിക്ഷേപങ്ങൾക്കു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ സെബി കൊണ്ടുവരുന്നതു കുറേ ഫണ്ടുകളെ നിക്ഷേപ തീരുമാനം മാറ്റാൻ പ്രേരിപ്പിക്കും എന്ന സംശയം വിപണിയിലുണ്ട്.
ലോഹവിപണിയിൽ മിക്ക ലോഹങ്ങളും കുതിച്ചു. യു.എസ് കടപരിധി പ്രശ്നം തീർന്നതും ചൈന ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്ന സൂചനയുമാണു വിപണിയെ ഉത്സാഹിപ്പിച്ചത്. അലൂമിനിയം 1.66 ശതമാനം കയറി ടണ്ണിന് 2280.48 ഡോളറിൽ എത്തി. ചെമ്പ് 2.42 ശതമാനം കുതിച്ച് 8210.50 ഡോളർ ആയി. നിക്കലും സിങ്കും രണ്ടു ശതമാനത്താേളം ഉയർന്നു. ടിൻ 0.8 ശതമാനം കയറി.
ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 2.3 ശതമാനം ഉയർന്ന് 74.28 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം മൂന്നു ശതമാനം കയറി 70.10 ഡോളർ ആയി. ഒപെക് ഉൽപാദനം കുറയ്ക്കാൻ തീരുമാനിക്കുമാേ എന്ന ആശങ്കയിലാണു വിപണി.
യു.എസിൽ സ്വകാര്യ മേഖലയിലെ താെഴിലവസരങ്ങൾ വർധിച്ചതു സ്വർണത്തെ ഉയർത്തി. 1984 ഡോളർ വരെ കയറിയ സ്വർണം 1975.6 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1979-1981 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻവില 120 രൂപ കുറഞ്ഞ് 44,560 രൂപ ആയി. ഇന്നു വില ഉയർന്നേക്കാം.
ക്രിപ്റ്റോ കറൻസികൾ കയറിയിറങ്ങി. ബിറ്റ്കോയിൻ 26,700 ലേക്കു താണു. ഡോളർ 32 പൈസ താഴ്ന്ന് 82.41 രൂപ ആയി. രണ്ടു മാസത്തിനിടയിൽ രൂപയുടെ ഏറ്റവും മികച്ച കയറ്റമായിരുന്നു ഇന്നലത്തേത്. രാജ്യാന്തര തലത്തിൽ ഡോളർ സൂചിക ഇടിഞ്ഞ് 103.56 ൽ എത്തി. ഇന്നു രാവിലെ 103.52 ലാണ്.
വിപണി സൂചനകൾ
(2023 ജൂൺ 01, വ്യാഴം)
സെൻസെക്സ് 30 62,428.54 -0.31%
നിഫ്റ്റി 50 18,487.75 -0.25%
ബാങ്ക് നിഫ്റ്റി 43,790.20 -0.77%
മിഡ് ക്യാപ് 100 33,812.40 +0.15%
സ്മോൾക്യാപ് 100 10,269.85 +1.02%
ഡൗ ജോൺസ് 30 33,061.60 +0.47%
എസ് ആൻഡ് പി 500 4221.02 +0.99%
നാസ്ഡാക് 13,101.00 +1.28%
ഡോളർ ($) ₹82.41 + 32 പൈസ
ഡോളർ സൂചിക 103.56 -0.59
സ്വർണം(ഔൺസ്) $1975.60 +$15.30
സ്വർണം(പവൻ ) ₹44,560 -₹120.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $74.28 +$1.62