ഇന്ത്യൻ, വിദേശ വിപണികൾ പ്രതീക്ഷയിൽ - ഇതാണ് കാരണം; സ്വർണവും കയറ്റത്തിൽ

ബജറ്റിനോടനുബന്ധിച്ചോ പിന്നീടോ വിപണി ഇടിയാനുള്ള സാധ്യത പലരും എടുത്തുപറയുന്നു

Update: 2024-07-04 02:27 GMT
ആഭ്യന്തര ആവേശവും വിദേശത്തു നിന്നുള്ള നല്ല സൂചനകളും വിപണിയുടെ കുതിപ്പ് തുടരാൻ ഇന്നു സഹായിക്കുമെന്നു നിക്ഷേപകർ കരുതുന്നു. 139 വ്യാപാര ദിവസങ്ങൾ കൊണ്ട് 70,000 ൽ നിന്ന് 80,000 ൽ എത്തിയ സെൻസെക്സ് വർഷാവസാനം 87,000 എത്തുമെന്നാണ് പുതിയ നിഗമനം. 26,000 ലേക്കു നിഫ്റ്റി എത്തുമെന്നും പ്രതീക്ഷയുണ്ട്.
ആവേശത്തെ ശരിവയ്ക്കുന്ന വിദഗ്ധരും ബ്രോക്കറേജുകളും നിക്ഷേപകർ കരുതൽ എടുക്കണമെന്ന് ഉപദേശിക്കുന്നു. നല്ല ലാർജ് ക്യാപ് ഓഹരികളാണു നിക്ഷേപകർ വാങ്ങിവയ്ക്കേണ്ടത് എന്നാണ് അവർ പറയുന്നത്. ബജറ്റിനോടനുബന്ധിച്ചോ പിന്നീടോ വിപണി ഇടിയാനുള്ള സാധ്യത പലരും എടുത്തുപറയുന്നു. മികച്ച ലാർജ് ക്യാപ് ഓഹരികൾക്കാണു വീഴ്ചയിൽ നിന്നു തിരച്ചുകയറാൻ കൂടുതൽ കരുത്തുണ്ടാവുക.
യുഎസിലെ സാമ്പത്തിക സൂചകങ്ങളും ഫെഡ് മിനിറ്റ്സും സെപ്റ്റംബറിൽ പലിശ കുറച്ചു തുടങ്ങും എന്നു സൂചിപ്പിക്കുന്നതായി വിപണി കണക്കാക്കുന്നു. അതു യൂറോപ്യൻ, യുഎസ് വിപണി സൂചികകളെ പുതിയ ഉയരങ്ങളിൽ എത്തിച്ചു. രാവിലെ ഏഷ്യൻ വിപണികളും കയറ്റത്തിലാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,443.5 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,465 വരെ കയറി. ഇന്ത്യൻ വിപണി ഇന്ന് നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഉയർന്നു. ജർമൻ, ഫ്രഞ്ച് സൂചികകൾ 1.25 ശതമാനം കയറി. ഇന്നു നടക്കുന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻവിജയം നേടുമെന്നാണു നിഗമനം. ഫ്രാൻസിൽ ഞായറാഴ്ചയാണ് രണ്ടാംഘട്ട വോട്ടിംഗ്. വലതുപക്ഷ വിരുദ്ധരുടെ കൂട്ടായ്മ ഇനിയും രൂപമെടുത്തിട്ടില്ല.
യുഎസ് വിപണി ബുധനാഴ്ചയും ഭിന്ന ദിശകളിലായി. ടെക് ഓഹരികൾ നയിക്കുന്ന നാസ്ഡാകും എസ് ആൻഡ് പിയും റെക്കോർഡ് ഉയരത്തിൽ ക്ലാേസ് ചെയ്തു. ഡൗ അൽപം താഴ്ന്നു. ടെസ്ല പ്രതീക്ഷയിലധികം കാറുകൾ വിറ്റത് ഓഹരിയെ 6.5 ശതമാനം ഉയർത്തി. തുടർച്ചയായ ഏഴാം ദിവസമാണ് നേട്ടം. ഈയാഴ്ച ഓഹരി 24 ശതമാനം ഉയർന്നു. നിർമിതബുദ്ധി ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയ 4.6 ശതമാനം കയറി.
യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലും യൂറോപ്യൻ കേന്ദ്രബാങ്ക് പ്രസിഡൻ്റ് ക്രിസ്റ്റീൻ ലഗാർദും തലേന്ന് പാനൽ ചർച്ചയിൽ പറഞ്ഞത് നിരക്കു കുറയ്ക്കാൻ വഴി തെളിയുന്നു എന്നാണെന്ന് വിപണി ഇന്നു വ്യാഖ്യാനിച്ചു. ഈ വർഷം രണ്ടു തവണയായി പലിശ നിരക്ക് അര ശതമാനം കുറയ്ക്കുമെന്നു വിപണി ഇപ്പോൾ കരുതുന്നു. ഫെഡ് മിനിറ്റ്സ് വിപണി അടച്ച ശേഷം വന്നു. അതു വിപണിയുടെ പ്രതീക്ഷ ബലപ്പെടുത്തി. സ്വകാര്യ മേഖലയിലെ താെഴിൽ വളർച്ച പ്രതീക്ഷയിലും കുറവായതിലും വിപണി നല്ല സൂചന കണ്ടു.
യുഎസ് വിപണി ഇന്നലെ നേരത്തേ അടച്ചു. ഇന്ന് അവധിയുമാണ്.
ഡൗ ജോൺസ് സൂചിക ഇന്നലെ 23.85 പോയിൻ്റ് (0.06%) താഴ്ന്ന് 39,308.00 ൽ അവസാനിച്ചു. എസ് ആൻഡ് പി 28.01 പോയിൻ്റ് (0.51%) കയറി 5537.02 ലും നാസ്ഡാക് 159.54 പോയിൻ്റ് (0.88%) ഉയർന്ന് 18,188.76 ലും ക്ലോസ് ചെയ്തു.
യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.354 ശതമാനത്തിലേക്കു താഴ്ന്നു. പലിശ കുറയും എന്ന പ്രതീക്ഷയിലാണിത്.
ഏഷ്യൻ വിപണികൾ ഇന്നും നല്ല കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ തുടക്കത്തിൽ അര ശതമാനം കയറി. ഓസീസ് , കാെറിയൻ സൂചികകൾ ഒരു ശതമാനം ഉയർന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ബുധനാഴ്ച റെക്കോർഡ് ഉയരത്തിൽ വ്യാപാരം തുടങ്ങി. പിന്നീടു വിൽപന സമ്മർദത്തിൽ താഴ്ന്നു. ഒടുവിൽ ക്ലോസിംഗ് നിരക്കും റെക്കോർഡ് ആയി. ഇൻട്രാ ഡേയിൽ നിഫ്റ്റി 24,309.15 ഉം സെൻസെക്സ് 80,074.30 ഉം വരെ എത്തി.
സെൻസെക്സ് 545.35 പോയിൻ്റ് (0.69%) കുതിച്ച് 79,986.80 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 162.65 പോയിൻ്റ് (0.67%) കയറി 24,286.50 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1.77% (921.15 പോയിൻ്റ്) കുതിച്ച് 53,089.25 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.79 ശതമാനം കയറി 56,293.30 ലും സ്മോൾ ക്യാപ് സൂചിക 1.03% ഉയർന്ന് 18,700.55 ലും ക്ലോസ് ചെയ്തു.
കഴിഞ്ഞ ദിവസം വിപണിയെ താഴ്ത്തിയ ബാങ്ക്, ധനകാര്യ, എഫ്എംസിജി ഓഹരികളാണ് ഇന്നലെ കയറ്റത്തിനു മുന്നിൽ നിന്നത്. മെറ്റൽ, ഹെൽത്ത് കെയർ ഓഹരികളും നേട്ടത്തിലായി. എച്ച്ഡിഎഫ്സി ബാങ്ക് ഇന്നലെ 1794 രൂപയിൽ എത്തി റെക്കോർഡ് കുറിച്ചിട്ടു താഴ്ന്നു ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയും റെക്കോർഡ് തിരുത്തി. എംഎസ് സിഐ സൂചികയിൽ എച്ച്ഡിഎഫ്സി ബാങ്കിൻ്റെ വെയിറ്റേജ് ഉയർത്തും എന്നു സൂചനയുണ്ട്.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 5483.63 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 924.43 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ലാഭമെടുക്കൽ ഉണ്ടാകുമെങ്കിലും നിഫ്റ്റി ഇന്നും കുതിക്കുമെന്നു നിക്ഷേപകർ കരുതുന്നു. 24,500 ആകും ഇനി ബുള്ളുകളുടെ ലക്ഷ്യം.
ഇന്നു സൂചികയ്ക്ക് 24,230 ലും 24,205 ലും പിന്തുണ ഉണ്ട്. 24,305 ലും 24,335 ലും തടസം ഉണ്ടാകാം.
കമ്പനികൾ, ഓഹരികൾ
ബന്ധൻ ബാങ്ക് ഒന്നാം പാദത്തിൽ ബിസിനസ് അത്ര തൃപ്തികരമായില്ല. തലേ പാദത്തെ അപേക്ഷിച്ച് വായ്പകൾ 1.5 ശതമാനം കൂടിയപ്പോൾ നിക്ഷേപം 1.5 ശതമാനം കുറഞ്ഞു. വാർഷികാടിസ്ഥാനത്തിൽ നിക്ഷേപവും വായ്പകളും നല്ല വളർച്ച കാണിച്ചു.
ബജാജ് ഫിനാൻസ് ഒന്നാം പാദത്തിൽ നിക്ഷേപങ്ങൾ 26 ശതമാനം വർധിപ്പിച്ചു. പുതിയ വായ്പകൾ 10 ശതമാനം കൂടി. കമ്പനിയുടെ മാനേജ്മെൻ്റിലുള്ള ആസ്തി 31 ശതമാനം വർധിച്ചു.
ഫെഡറൽ ബാങ്കിൻ്റെ ഒന്നാം ക്വാർട്ടർ ബിസിനസിൽ നല്ല വളർച്ച ഉണ്ടായതിനെ തുടർന്ന് ഓഹരി നാലു ശതമാനത്തിലധികം കുതിച്ച് 183.30 രൂപയിൽ എത്തി റെക്കോർഡ് കുറിച്ചു. ബാങ്കിലെ നിക്ഷേപങ്ങളും വായ്പകളും 20 ശതമാനം വളർച്ച കാണിച്ചു.
കൂടുതൽ കരാറുകൾ ലഭിച്ചതിനെ തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡും മസഗോൺ ഡാേക്ക് ഷിപ്പ് ബിൽഡേഴ്സും എട്ടു ശതമാനത്തിലധികം ഉയർന്നു.
വീണ്ടും കയറി സ്വർണം
തൊഴിൽ കണക്കുകളും ഫെഡ് മിനിറ്റ്സും വന്ന ഇന്നലെ വിപണിയിൽ സ്വർണം ഒരു ശതമാനം കുതിച്ചു. ഫെഡ് ചെയർമാൻ്റെ വാക്കുകൾ വിശകലനം ചെയ്തപ്പോൾ വിലക്കയറ്റം അൽപം കൂടി കുറഞ്ഞാൽ നിരക്കു കുറയ്ക്കാം എന്ന സന്നദ്ധത പലരും വായിച്ചെടുത്തു. സെപ്റ്റംബറിലും നവംബറിലും 0.25 ശതമാനം വച്ച് പലിശ നിരക്ക് കുറയും എന്ന പഴയ നിഗമനത്തിലേക്കു വിപണി വീണ്ടും എത്തി. തുടർന്നാണു വില കയറിയത്. ഔൺസിന് 2356.80 ഡാേളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2361 ഡോളറിലേക്ക് കയറി.
കേരളത്തിൽ സ്വർണവില ഇന്നലെ മാറ്റമില്ലാതെ പവന് 53,080 രൂപയിൽ തുടർന്നു. ഇന്നു വില ഗണ്യമായി ഉയരും.
വെള്ളിവില ഔൺസിന് 30.44 ഡോളറിലേക്കു കയറി. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 95,000 രൂപ ആണ്.
ഡോളർ സൂചിക ബുധനാഴ്ച താഴ്ന്ന് 105.40 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക105.28 ലേക്കു താണു.
രൂപ ഇന്നലെയും ദുർബലമായി. ഡോളർ രണ്ടു പൈസ കൂടി 83.53 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ ഒന്നേകാൽ ശതമാനം ഉയർന്നു. ബ്രെൻ്റ് ഇനം ബുധനാഴ്ച 87.34 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 87.04 ഡോളറിലേക്കു താണു. ഡബ്ള്യുടിഐ ഇനം 83.57 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 87.35 ഡോളറിലുമാണ്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഉയർന്നു. ചെമ്പ് 0.80 ശതമാനം കയറി ടണ്ണിന് 9622.55 ഡോളറിൽ എത്തി. അലൂമിനിയം 1.03 ശതമാനം ഉയർന്നു ടണ്ണിന് 2548.85 ഡോളറായി. സിങ്കും നിക്കലും ടിന്നും ഉയർന്നു.
ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 60,200 ഉം ഈഥർ 3300 ഉം ഡോളറിലാണ്.
വിപണിസൂചനകൾ
(2024 ജൂലെെ 03, ബുധൻ)
സെൻസെക്സ് 30 79,986.80 +0.69%
നിഫ്റ്റി50 24,286.50 +0.67%
ബാങ്ക് നിഫ്റ്റി 53,089.25 +1.77%
മിഡ് ക്യാപ് 100 56,293.30 +0.79%
സ്മോൾ ക്യാപ് 100 18,700.55 +1.03%
ഡൗ ജോൺസ് 30 39,308.00 -0.06%
എസ് ആൻഡ് പി 500 5537.02 +0.51%
നാസ്ഡാക് 18,188.30 +0.88%
ഡോളർ($) ₹83.53 +₹0.02
ഡോളർ സൂചിക 105.40 -0.32
സ്വർണം (ഔൺസ്) $2356.80 +$24.80
സ്വർണം (പവൻ) ₹53,080 +₹00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $87.34 +$01.10
Tags:    

Similar News