കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി ഏഴ് ശതമാനം കയറി: താഴ്ന്നു തുടങ്ങി വിപണി, കൂടുതല്‍ ഇടിഞ്ഞു, പിന്നീടു നഷ്ടം കുറച്ചു
ബാങ്കുകളും ധനകാര്യ കമ്പനികളുമാണ് ഇന്നു വിപണിയെ വലിച്ചു താഴ്ത്തുന്നത്
ലാഭമെടുക്കലും ബാങ്ക് - ധനകാര്യ കമ്പനി ഓഹരികളിലുള്ള അവിശ്വാസവും ഇന്നു വിപണിക്കു ക്ഷീണമായി. താഴ്ന്നു വ്യാപാരം തുടങ്ങിയ മുഖ്യസൂചികകള്‍ പിന്നീടു കൂടുതല്‍ താണു. എങ്കിലും സെന്‍സെക്‌സ് 79,479 വരെയും നിഫ്റ്റി 24,168 വരെയും ഇടിഞ്ഞിട്ട് ഗണ്യമായി തിരിച്ചു കയറി.
ബാങ്കുകളും ധനകാര്യ കമ്പനികളുമാണ് ഇന്നു വിപണിയെ വലിച്ചു താഴ്ത്തുന്നത്. ബാങ്ക് നിഫ്റ്റിയും ധനകാര്യ സേവന കമ്പനി സൂചികയും ഒന്നര ശതമാനത്തോളം താണു.
ഇന്നലെ 10 ശതമാനം ഉയര്‍ന്ന കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്ന് ഏഴു ശതമാനം കയറി. ഒരു വര്‍ഷം കൊണ്ട് ഈ ഓഹരി 920 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഒന്നാം പാദ ബിസിനസ് വളര്‍ച്ച തൃപ്തികരം അല്ലാത്തതിന്റെ പേരില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് നാലു ശതമാനം ഇടിഞ്ഞു. ഇതേ കാരണത്താല്‍ ആര്‍ബിഎല്‍ ബാങ്ക് മൂന്നു ശതമാനം താണു.
കര്‍ണാടകത്തിലെ പ്ലാന്റിന് യുഎസ്എഫ്ഡിഎ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ശില്‍പ മെഡികെയര്‍ ഓഹരി 15 ശതമാനം കുതിച്ചു.
പൊതുവേ ഇന്നു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഉയര്‍ച്ചയിലാണ്.
റിലയന്‍സ് ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
റിയല്‍ എസ്റ്റേറ്റ് സബ്‌സിഡിയറിയെ വേര്‍തിരിച്ചു ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നു റെയ്മണ്ട് ലിമിറ്റഡ് ഓഹരി 10 ശതമാനം കുതിച്ചു.
രൂപ ഇന്നു ബലപ്പെട്ടു. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.46 രൂപയില്‍ വ്യാപാരം തുടങ്ങി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2360 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റം ഇല്ലാതെ 53,600 രൂപയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 87.10 ഡോളറായി കുറഞ്ഞു.