പണനയത്തിൽ ആകാംക്ഷയോടെ വിപണി; പ്രഖ്യാപനം 10 മണിക്ക്; വിദേശ നിക്ഷേപകർ ആവേശം പകരുന്നു; ക്രിപ്റ്റോകൾ അംഗീകാരത്തിലേക്ക്

ബിറ്റ്‌കോയിന്‍ ലക്ഷം കടന്ന് പിന്‍വാങ്ങി; ക്രൂഡ് ഓയിലും സ്വര്‍ണവും താഴോട്ട്‌

Update:2024-12-06 07:34 IST

റിസർവ് ബാങ്കിൻ്റെ പണനയ തീരുമാനം ആകാംക്ഷയോടെ കാത്തു നിൽക്കുകയാണു വിപണി. വിദേശനിക്ഷേപകർ വിപണിയിൽ തുടർച്ചയായി വാങ്ങലുകാരായതു വിപണിയെ ആവേശം കൊള്ളിക്കുന്നു. അതു തുടരുമോ എന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിൻ്റെ പ്രഖ്യാപനം കഴിയുമ്പോൾ അറിയാം. രൂപയുടെ ഗതിയും ഗവർണറുടെ വാക്കുകളെ ആശ്രയിച്ചിരിക്കുന്നു.

കഴിഞ്ഞ 10 പണനയ കമ്മിറ്റി യോഗങ്ങളോടും ഇല്ലാതിരുന്ന ആകാംക്ഷയാണ് ഇന്നത്തെ യോഗത്തോടു വിപണിക്കുളളത്. പലിശക്കാര്യത്തിൽ അമിതപ്രതീക്ഷയുമായാണു വിപണി നിൽക്കുന്നത്. റീപോ നിരക്കും ബാങ്കുകളുടെ കരുതൽപണ അനുപാതവും (സിആർആർ) കുറയ്ക്കും എന്നാണു പ്രതീക്ഷ. രണ്ടിലും കാൽ ശതമാനം കുറവാണു കണക്കാക്കുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ വിപണിയിൽ ലാഭമെടുക്കലുകാരുടെ വിൽപനസമ്മർദം പ്രതീക്ഷിക്കാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,820 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,800 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യുഎസ് വിപണി ഇന്നലെ താഴ്ചയിലായി. ഇന്നു വരാനിരിക്കുന്ന തൊഴിൽ കണക്കിലാണു വിപണിയുടെ ശ്രദ്ധ. നവംബറിൽ 2.14 ലക്ഷം കാർഷികേതര ജോലികൾ യുഎസിൽ വർധിച്ചു എന്നാണു നിഗമനം. അതിലും വളരെ കുറവാണു കണക്ക് എങ്കിൽ 18-ന് പലിശ കുറയ്ക്കൽ ഉറപ്പാകും. മറിച്ച് നിഗമനം ശരിയാവുകയോ നിഗമനത്തേക്കാൾ കൂടുതൽ ജോലി ഉണ്ടാവുകയോ ചെയ്താൽ പലിശ കുറയ്ക്കൽ വൈകും എന്ന ആശങ്കയുണ്ട്.

ഇന്നലെ ഡൗ ജോൺസ് സൂചിക 248.33 പോയിൻ്റ് (0.55%) താഴ്ന് 44,765.71 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 11.38 പോയിൻ്റ് (0.19%) കുറഞ്ഞ് 6075.11 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 34.86 പോയിൻ്റ് (0.18%) താഴ്ന്ന് 19,700.26 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 0.09 ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.04 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

നിക്ഷേപനേട്ടം 4.178 ശതമാനം മാത്രം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കയറി.

യൂറോപ്യൻ വിപണികൾ തുടർച്ചയായ അഞ്ചാം ദിവസവും ഉയർന്നു. ഡോളറിനെതിരേ യൂറോ നേട്ടം ഉണ്ടാക്കിയതു ശ്രദ്ധേയമായി.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു. ജപ്പാനിൽ നിക്കൈ 0.66 ശതമാനം കുറഞ്ഞു. പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്യുന്ന ദക്ഷിണ കൊറിയയിൽ സൂചിക നഷ്ടത്തിലാണ്. ഓസ്ട്രേലിയൻ സൂചികയും താഴ്ന്നു

ഇന്ത്യൻ വിപണി കുതിച്ചു പാഞ്ഞു

ഇന്ത്യൻ വിപണി വ്യാഴാഴ്ച വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. മുഖ്യസൂചികകൾ ഒരു ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. സെൻസെക്സ് ദിവസത്തിലെ താഴ്ന്ന നിലയിൽ നിന്ന് 1850 പോയിൻ്റ് വരെ ഉയർന്ന ശേഷമാണ് അൽപം താഴ്ന്നു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി താഴ്ചയിൽ നിന്ന് 562 പോയിൻ്റ് തിരിച്ചുകയറി. സെൻസെക്സ് 82,317.74 വരെയും നിഫ്റ്റി 24,857.75 വരെയും കയറിയിട്ടാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപകർ ഇന്നലെ വലിയ വാങ്ങലുകാരായി. അവർ വ്യാഴാഴ്ച 8539.91 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. ഡിസംബറിൽ വിദേശികൾ ഇന്ത്യൻ വിപണിയിലേക്കു മടങ്ങിവരുന്നതായ പ്രതീതിയാണ് ആദ്യ ആഴ്ചയിലെ വ്യാപാരത്തിൽ ഉള്ളത്. അവർ കടപ്പത്ര വിപണിയിലും വാങ്ങലുകാരായി. 2025 ഇന്ത്യൻ വിപണി മികച്ച വളർച്ച സങ്കേതം ആകുമെന്നു മോർഗൻ സ്റ്റാൻലി ഒരു റിസർച്ച് റിപ്പോർട്ടിൽ പറഞ്ഞതും ശ്രദ്ധേയമാണ്. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2303.64 കോടി രൂപയുടെ അറ്റ വിൽപന നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2048 ഓഹരികൾ ഉയർന്നപ്പോൾ 1931 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1495 എണ്ണം ഉയർന്നു, താഴ്ന്നത് 1310 എണ്ണം.

നിഫ്റ്റി 240.95 പോയിൻ്റ് (0.98%) കുതിച്ച് 24,708.40 ൽ അവസാനിച്ചു. സെൻസെക്സ് 110.58 പോയിൻ്റ് (0.14%) ഉയർന്ന് 80,956.33 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 1.08 ശതമാനം (571.15 പോയിൻ്റ്) കുതിച്ച് 53,266.90 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.05 ശതമാനം കയറി 58,112.40 ലും സ്മോൾ ക്യാപ് സൂചിക 0.89 ശതമാനം ഉയർന്ന് 19,173.55 ലും ക്ലോസ് ചെയ്തു.

തുടർച്ചയായി അഞ്ചു ദിവസം കയറിയ വിപണി ബുള്ളിഷ് പ്രവണതയിൽ ആയെങ്കിലും ഇന്നത്തെ പണനയ അവലോകനം ആകും വിപണിഗതി നിർണയിക്കുക. നിഫ്റ്റിക്ക് ഇന്ന് 24,405 ലും 24,275 ലും പിന്തുണ കിട്ടാം. 24,840 ഉം 24,970 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

മഷ്ടാൻ ഫുഡ്സിനു സെബി വിലക്ക് ഏർപ്പെടുത്തി. കമ്പനിയോ കമ്പനിയുടെ പ്രൊമോട്ടർമാരോ പൊതുജനങ്ങളിൽ നിന്നു പണം സമാഹരിക്കാൻ പാടില്ല. കമ്പനി 100 കോടി രൂപ വകമാറ്റി പ്രൊമോട്ടർമാരുടെ വകയാക്കി എന്നു സെബി കണ്ടെത്തി. ആ തുക തിരികെ നൽകാൻ സെബി നിർദേശിച്ചു.

ബിഎസ്ഇ ലിമിറ്റഡ് ഓഹരി ഇന്നലെ 14.3 ശതമാനം ഉയർന്നു. വ്യാപാരത്തിനിടെ 5250 രൂപ എന്ന റെക്കോർഡും കുറിച്ചു. സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് (സിഡിഎസ്എൽ) ഓഹരി 8.5 ശതമാനം കയറി 1865.40 എന്ന റെക്കോർഡിൽ എത്തി. അടുത്ത വെള്ളിയാഴ്ച ബിഎസ്ഇയിൽ 43 ഓഹരികളുടെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വ്യാപാരം തുടങ്ങുന്നത് വ്യാപാര വ്യാപ്തം ഗണ്യമായി കൂട്ടും എന്നതാണ് കയറ്റത്തിനു കാരണം. എൽഐസി, അദാനി എനർജി, അദാനി ടോട്ടൽ, അദാനി ഗ്രീൻ, പേയ്ടി എം, യെസ് ബാങ്ക്, സൊമാറ്റോ, അവന്യു സൂപ്പർ മാർട്ട്സ്, ജിയോ ഫിനാൻഷ്യൽ, ഹഡ്കോ, ഓയിൽ ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ എഫ് ആൻഡ് ഒയിൽ വരും.

കനറാ റോബെകോ എഎംസി യിലും കനറാ എച്ച്എസ്ബിസി ലൈഫിലുമുള്ള തങ്ങളുടെ ഓഹരി ഐപിഒ വഴി വിൽക്കാൻ കനറാ ബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകി.

നൈകാ ഫാഷൻ്റെ സിഇഒ നിഹിർ പരീഖ് ഇന്നലെ രാജിവച്ചു.

സ്വർണം താഴ്ന്നു

സ്വർണവില വ്യാഴാഴ്ച ഗണ്യമായി താഴ്ന്നു. ഔൺസിന് 18.30 ഡോളർ ഇടിഞ്ഞു സ്വർണം ക്ലോസ് ചെയ്തത് 2632.10 ഡോളറിൽ. ഇന്നു രാവിലെ സ്വർണം വീണ്ടും ഇടിഞ്ഞ് 2620 ഡോളർ ആയി. ഇന്നു വരുന്ന തൊഴിൽ കണക്കാകും വിപണിഗതി നിർണയിക്കുക.

കേരളത്തിൽ വ്യാഴാഴ്ച സ്വർണവില പവന് 80 രൂപ കൂടി 57,120 രൂപയിൽ എത്തി.

വെള്ളിവില ഔൺസിന് 31.30 ഡോളറിലേക്ക് ഉയർന്നു.

കറൻസി വിപണിയിൽ ഡോളർ ഇന്നലെ താഴ്ന്നു. ഡോളർ സൂചിക ഇന്നലെ 0.56 ശതമാനം കുറഞ്ഞ് 105.71 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.84 ലേക്കു കയറി.

രൂപ ഇന്നലെ പിടിച്ചു നിന്നു. ഡോളർ ഒരു പൈസ കുറഞ്ഞ് 84.73 രൂപയിൽ ക്ലാേസ് ചെയ്തു.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) സമ്മേളനം ഉൽപാദനം നിലവിലെ തോതിൽ തുടരാൻ തീരുമാനിച്ചു. വില താഴ്ന്ന നിലയിൽ തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 72.29 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 71.97 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 68.24 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.90 ഉം ഡോളറിൽ നിൽക്കുന്നു.

ബിറ്റ് കോയിൻ ഒരു ലക്ഷം കടന്നു, പിൻവാങ്ങി 

ഡോണൾഡ് ട്രംപിൻ്റെ വിജയത്തിലാരംഭിച്ച ക്രിപ്റ്റോ കുതിപ്പ് ഇന്നലെ ഒരു നാഴികക്കല്ല് പിന്നിട്ടു. ബിറ്റ് കോയിൻ ഒരു ലക്ഷം ഡോളർ കടന്നു. ഡോണൾഡ് ട്രംപ് ഭരണം തുടങ്ങിയാൽ ലക്ഷക്കണക്കിനു ബിറ്റ് കോയിൻ വാങ്ങി യുഎസ് റിസർവിൽ ചേർക്കും എന്നാണു കിംവദന്തി. 1,03,844 ഡോളർ വരെ എത്തിയ ശേഷം 97,000 നു താഴേക്ക് ഇടിഞ്ഞു. ലാഭമെടുക്കലാണു കാരണം. 2024-ൽ 133 ശതമാനം കയറ്റമാണു ബിറ്റ് കോയിന് ഉണ്ടായത്. ട്രംപ് ജയിച്ച ശേഷം 44 ശതമാനം ഉയർന്നു. 2025-ൽ ബിറ്റ് കോയിൻ വില ഇരട്ടിച്ചു രണ്ടു ലക്ഷം ഡോളറിൽ എത്തുമെന്ന് സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്ക് ഇന്നലെ പ്രവചിച്ചു. ഈഥർ ഇന്ന് 3800 ഡോളറിനു താഴെ എത്തി.

ക്രിപ്റ്റോ സാർ ആയി വെഞ്ചർ കാപ്പിറ്റലിസ്റ്റ് ഡേവിഡ് സാക്സിനെ ഡോണൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു. ക്രിപ്റ്റോകൾക്ക് അംഗീകാരം ഉറപ്പാക്കുന്ന ഈ പ്രഖ്യാപനം ഇന്നു ക്രിപ്റ്റോകളെ വീണ്ടും കയറ്റും.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്നദിശകളിലായി. ചെമ്പ് 0.03 ശതമാനം കുറഞ്ഞ് ടണ്ണിന് 8967.00 ഡോളറിൽ എത്തി. അലൂമിനിയം 0.01 ശതമാനം താഴ്ന് ടണ്ണിന് 2640.16 ഡോളർ ആയി. സിങ്ക് 0.75 ഉം ടിൻ 1.23 ഉം ലെഡ് 0.58 ഉം ശതമാനം ഉയർന്നു. നിക്കൽ 0.80 ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഡിസംബർ 05, വ്യാഴം)

സെൻസെക്സ് 30 81,765.86 +1.00%

നിഫ്റ്റി50 24,708.40 +0.98%

ബാങ്ക് നിഫ്റ്റി 53,603.55 +0.63%

മിഡ് ക്യാപ് 100 58,441.55 +0.57%

സ്മോൾ ക്യാപ് 100 19,333.55 +0.83%

ഡൗ ജോൺസ് 44,765.70 -0.55%

എസ് ആൻഡ് പി 6075.11 -0.19%

നാസ്ഡാക് 19,700 30 -0.18%

ഡോളർ($) ₹84.73 -₹0.01

ഡോളർ സൂചിക 105.71 -0.62

സ്വർണം (ഔൺസ്) $2632.10 -$18.30

സ്വർണം(പവൻ) ₹57,120 +₹80

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.27 -$04

Tags:    

Similar News