പണനയം വിപണിക്ക് ആശ്വാസം; പലിശ കുറക്കൽ വൈകിയേക്കും; 'സാന്താ' റാലി തുടങ്ങിയെന്ന് ബുള്ളുകൾ; ആഗോള സൂചനകൾ സമ്മിശ്രം

ബിറ്റ് കോയിന്‍ കുതിപ്പ് തുടരുന്നു; സ്വര്‍ണത്തിനും കയറ്റം; പലിശ കുറക്കാന്‍ ഫെഡറല്‍ റിസര്‍വ്

Update:2024-12-09 07:46 IST

പ്രതീക്ഷ പോലെ പണനയം വന്നു. വിപണി ശാന്തമായി പ്രതികരിച്ചു. മുഖ്യ സൂചികകൾ നാമമാത്രമായി താണെങ്കിലും മിഡ്, സ്മോൾ ക്യാപ് സൂചികകൾ മികച്ച നേട്ടം ഉണ്ടാക്കി. വിപണി കഴിഞ്ഞയാഴ്ച 2.4 ശതമാനം ഉയർന്നതും ശ്രദ്ധേയമായി. ആ മുന്നേറ്റം ഈയാഴ്ചയും തുടർന്നു ഡിസംബറിൽ ഒരു 'സാന്താ' റാലി നടത്തും എന്നാണു ബുള്ളുകളുടെ പ്രതീക്ഷ.

എന്നാൽ പണനയത്തിൻ്റെ വരികൾക്കിടയിൽ വായിച്ചാൽ പലിശ കുറയ്ക്കൽ ഫെബ്രുവരിയിലും ഉണ്ടാവുകയില്ല എന്നു മനസിലാക്കാം. അടുത്ത വർഷം ജൂണിനു ശേഷമേ ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിനു താഴെ എത്തൂ. വിലനിയന്ത്രണം എന്ന ചുമതലയാണു റിസർവ് ബാങ്കിനെ ഏൽപ്പിച്ചിരിക്കുന്നത്. അതിനുള്ള ആയുധം പലിശയാണ്. അതായത് ജൂൺ കഴിഞ്ഞു മാത്രം പലിശ കുറയ്ക്കൽ ആലോചിക്കുകയുള്ളു. ഈ ചിന്തയും വളർച്ചയിലെ ഇടിവും വിലക്കയറ്റത്തിലെ വർധനയും ഇന്നു വിപണിയുടെ തുടക്കത്തെ ബാധിക്കാം. വിദേശനിക്ഷേപകർ വെള്ളിയാഴ്ച വിൽപനക്കാരായിരുന്നു എന്നതും ഓർക്കണം.

വ്യാഴാഴ്ച ചില്ലറവിലക്കയറ്റ കണക്ക് പ്രസിദ്ധീകരിക്കുന്നതാണ് ഈ ആഴ്ചയിലെ പ്രധാന സാമ്പത്തിക അറിയിപ്പ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,728 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം താഴ്ന്നിട്ടു തിരിച്ചു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

പലിശ കുറക്കാന്‍ ഫെഡറല്‍ റിസര്‍വ്

യുഎസ് വിപണി വെള്ളിയാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. നവംബറിലെ തൊഴിൽ വർധന പ്രതീക്ഷയിലും അധികമായി. 2.27 ലക്ഷം. വിപണി പ്രതീക്ഷിച്ചത് 2.14 ലക്ഷം ആയിരുന്നു. തൊഴിലില്ലായ്മ പ്രതീക്ഷ പോലെ 4.2 ശതമാനമായി. തൊഴിൽ വർധന കൂടിയെങ്കിലും അതിൻ്റെ പേരിൽ പലിശ കുറയ്ക്കൽ നീട്ടിവയ്ക്കേണ്ടി വരില്ല എന്നാണു വിപണി കരുതുന്നത്. പലിശ കുറയ്ക്കാൻ 85 ശതമാനം സാധ്യത ഉള്ളതായി നിരീക്ഷകർ പറയുന്നു.18 - നാണു ഫെഡറൽ റിസർവിൻ്റെ പണനയ പ്രഖ്യാപനം.

ടെസ്‌ല, മെറ്റാ പ്ലാറ്റ്ഫോംസ്, ആമസോൺ തുടങ്ങിയവയുടെ കയറ്റമാണ് എസ് ആൻഡ് പിയെയും നാസ്ഡാകിനെയും ഉയർത്തിയത്. ചൈനീസ് കമ്പനി ബൈറ്റ് ഡാൻസ് തങ്ങളുടെ വീഡിയോ ആപ്പ് ആയ ടിക് ടോക് വിൽക്കുകയോ അമേരിക്കയിൽ വിലക്ക് നേരിടുകയോ വേണമെന്ന നിയമത്തെ അപ്പീൽ കോടതി ശരിവച്ചു. ഇതു സക്കർബർഗിൻ്റെ മെറ്റാ പ്ലാറ്റ് ഫോസിനു നേട്ടമാകും. ഇൻസ്റ്റാഗ്രാം റീൽസ് ടിക് ടോകിൻ്റെ ഉപയോക്താക്കളെയാണു ലക്ഷ്യം വയ്ക്കുന്നത്.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 123.19 പോയിൻ്റ് (0.28%) താഴ്ന്ന് 44,642.52 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 15.16 പോയിൻ്റ് (0.25%) ഉയർന്ന് 6090.27 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 159.05 പോയിൻ്റ് (0.81%) കയറി 19,859.77 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പിയും നാസ്ഡാകും റെക്കോർഡ് തിരുത്തി ക്ലോസ് ചെയ്തു. രണ്ടു സൂചികകളും തുടർച്ചയായ മൂന്നാം ആഴ്ചയാണു കയറിയത്. നാസ്ഡാക് 3.34 ശതമാനം പ്രതിവാര കുതിപ്പ് നടത്തി. ഡൗ ആഴ്ചയിൽ 0.6 ശതമാനം താണു

യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 0.04 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.11 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

നിക്ഷേപനേട്ടം 4.147 ശതമാനം മാത്രം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും കയറി. പലിശ കുറയ്ക്കും എന്നാണു കടപ്പത്ര വിപണി കരുതുന്നത്.

യൂറോപ്യൻ വിപണികൾ തുടർച്ചയായ ആറാം ദിവസവും ഉയർന്നു. ഫ്രഞ്ച് രാഷ്ട്രീയ പ്രതിസന്ധിയെ വിപണി അവഗണിക്കുകയാണ്.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ കാൽ ശതമാനം ഉയർന്നു. ജപ്പാൻ്റെ മൂന്നാം പാദ ജിഡിപി നേരത്തേ കണക്കാക്കിയ 0.2നു പകരം 0.3 ശതമാനം വളർന്നെന്ന കണക്ക് വിപണിയെ സഹായിച്ചു. പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ട ദക്ഷിണ കൊറിയയിൽ സൂചിക ഒന്നര ശതമാനം നഷ്ടത്തിലാണ്. ഓസ്ട്രേലിയൻ സൂചികയും താഴ്ന്നു.

പ്രതീക്ഷ പോലെ പണനയം;വിപണി ഇളകിയില്ല

ഇന്ത്യൻ വിപണി വെള്ളിയാഴ്ച കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. പലിശ (റീപോ) നിരക്ക് കുറച്ചില്ലെങ്കിലും കരുതൽ പണ അനുപാതം അരശതമാനം കുറച്ചു കൊണ്ടാണ് റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചത്. വിപണിയുടെ സാമാന്യ പ്രതീക്ഷകൾക്കു നിരക്കുന്നതായിരുന്നു നയം. റീപോ നിരക്ക് കുറയ്ക്കുന്നത് അമിത മോഹക്കാർ മാത്രമാണു പ്രതീക്ഷിച്ചത്. ബാങ്കുകൾക്കു വായ്പ നൽകാൻ 1.16 ലക്ഷം കോടി രൂപ അധികമായി ലഭ്യമാക്കുന്നതാണ് പണനയം. ഇങ്ങനെയുള്ള പ്രതീക്ഷയിലാണ് ഒരാഴ്ച കൊണ്ട് നിഫ്റ്റി 1000 പോയിൻ്റ് കയറിയത്. അതുകൊണ്ട് വെള്ളിയാഴ്ച വിപണിക്ക് കയറ്റമോ ഇടിവാേ ഉണ്ടായില്ല.

പലിശ കുറയ്ക്കാൻ കേന്ദ്രമന്ത്രിമാർ പലവട്ടം പരസ്യമായി ആവശ്യപ്പെട്ടതിനെ പരാമർശിക്കാതെ ആ ആവശ്യം ഗവർണർ തള്ളിക്കളഞ്ഞു. പാർലമെന്റ് നൽകിയിട്ടുള്ള ചുമതല വളർച്ച നിരീക്ഷിച്ചു കൊണ്ട് വിലസ്ഥിരത പാലിക്കാനാണ്; അതാണു കേന്ദ്ര ബാങ്ക് ചെയ്യുന്നത് എന്നു ഗവർണർ ദാസ് തുടക്കത്തിലേ വ്യക്തമാക്കി.

വരുന്ന പാദങ്ങളിലും വളർച്ച പ്രതീക്ഷയേക്കാൾ കുറവാകും എന്നാണു റിസർവ് ബാങ്ക് വിലയിരുത്തിയത്. 2024-25 ലെ ജിഡിപി വളർച്ചപ്രതീക്ഷ ഗണ്യമായി കുറച്ചു. 7.2 ശതമാനത്തിൽ നിന്ന് 6.6 ശതമാനത്തിലേക്ക്. നാലു വർഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന വളർച്ചയാകും ഇത്. മൂന്നാം പാദ വളർച്ച പ്രതീക്ഷ 7.4-ൽ നിന്ന് 6.8 ശതമാനമായി കുറച്ചു. നാലാം പാദ വളർച്ച പ്രതീക്ഷ 7.2 ശതമാനമാണ്. അടുത്ത ധനകാര്യ വർഷം ഒന്നാം പാദത്തിൽ 6.9 ഉം രണ്ടിൽ 7.3 ഉം ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.

ചില്ലറ വിലക്കയറ്റം ഇക്കൊല്ലം 4.5 ശതമാനം ആയിരിക്കുമെന്ന മുൻ അനുമാനം മാറ്റി 4.8 ശതമാനമാക്കി. മൂന്നാം പാദത്തിൽ 4.8 ൽ നിന്ന് 5.7 ഉം നാലിൽ 4.2 ൽ നിന്നു 4.5 ഉം ശതമാനമായി വിലക്കയറ്റപ്രതീക്ഷ ഉയർത്തി. അടുത്ത ധനകാര്യ വർഷം രണ്ടാം പാദത്തിലേക്കു ചില്ലറ വിലക്കയറ്റം നാലു ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ.

രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം കുറേ ആഴ്ചകളായി കുറയുന്ന സാഹചര്യത്തിൽ വിദേശ കറൻസി നിക്ഷേപങ്ങൾക്കു താൽക്കാലികമായി പലിശ കുട്ടി. എഫ്സിഎൻആർ നിക്ഷേപങ്ങൾക്കാണു മാർച്ച് 31 വരെ പലിശ വർധിപ്പിച്ചത്.

ഗവർണർ ദാസിൻ്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. മൂന്നു വർഷം വീതമുള്ള രണ്ടു കാലാവധി തികയ്ക്കുന്ന അദ്ദേഹത്തിനു ദൗത്യം നീട്ടി നൽകുന്നതായി ഗവണ്മെൻ്റ് ഇതുവരെ പറഞ്ഞിട്ടില്ല. ശനിയാഴ്ച വൈകുന്നേരം ദാസ് ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചിരുന്നു പണനയ പ്രഖ്യാപനത്തിനു ശേഷം പതിവു സന്ദർശനം എന്നാണു വിശദീകരണം.

വിപണിയിൽ നാമമാത്ര താഴ്ച

വെള്ളിയാഴ്ച മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഗണ്യമായ നേട്ടം കുറിച്ചു. സെൻസെക്സ് 81,925 വരെയും നിഫ്റ്റി 24,751 വരെയും കയറിയിട്ടാണ് തലേന്നത്തേക്കാൾ നാമമാത്ര താഴ്ചയിൽ ക്ലോസ് ചെയ്തത്. ആഴ്ചയിൽ സെൻസെക്സ് 2.4 ഉം നിഫ്റ്റി 2.3 ഉം ശതമാനം കയറി.

നിഫ്റ്റി വെള്ളിയാഴ്ച 30.60 പോയിൻ്റ് (0.12%) കുറഞ്ഞ് 24,677.80 ൽ അവസാനിച്ചു. സെൻസെക്സ് 56.74 പോയിൻ്റ് (0.07%) താഴ്ന്ന് 81,709.12 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.18 ശതമാനം (94.05 പോയിൻ്റ്) താഴ്ന്ന് 53,509.50 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.45 ശതമാനം കയറി 58,704.60 ലും സ്മോൾ ക്യാപ് സൂചിക 0.82 ശതമാനം ഉയർന്ന് 19,492.10 ലും ക്ലോസ് ചെയ്തു

വിദേശ നിക്ഷേപകർ വെളളിയാഴ്ച വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 1830.31 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 1659.06 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. ഡിസംബറിൽ വിദേശികൾ ഇതുവരെ ക്യാഷ് വിപണിയിൽ 11,933.59 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തിയിട്ടുണ്ട്. ഐപിഒയും മറ്റും അടക്കം 24,454 കോടി രൂപ അവർ ഇന്ത്യൻ ഓഹരികളിൽ ഈ മാസം നിക്ഷേപിച്ചു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2372 ഓഹരികൾ ഉയർന്നപ്പോൾ 1625 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1702 എണ്ണം ഉയർന്നു, താഴ്ന്നത് 1131 എണ്ണം.

വെള്ളിയാഴ്ച അൽപം താഴ്ന്ന നിഫ്റ്റി 24,800 കടന്നാലേ ബുള്ളിഷ് മുന്നേറ്റം തുടരാൻ പറ്റൂ. നിഫ്റ്റിക്ക് ഇന്ന് 24,630 ലും 24,555 ലും പിന്തുണ കിട്ടാം. 24,735 ഉം 24,815 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

വെൽസ്പൺ കോർപറേഷനു യുഎസിൽ നിന്നു പ്രകൃതിവാതക ലൈനിനു വേണ്ട പൈപ്പിന് രണ്ടു പുതിയ ഓർഡറുകൾ ലഭിച്ചു. ഇതോടെ യുഎസിലെ ഓർഡറുകൾ 7000 കോടി രൂപ കവിഞ്ഞു. കമ്പനിക്കു യുഎസിൽ പ്ലാൻ്റ് ഉണ്ട്.

ഈസി ട്രിപ് പ്ലാനേഴ്സ് യുഎഇയിലെ ഒരു മെഡിക്കൽ ടൂറിസം കമ്പനിയിലും ഓസ്ട്രേലിയയിലെ ഒരു സ്റ്റഡൻ്റ് കോച്ചിംഗ് കമ്പനിയിലും 49 ശതമാനം വീതം ഓഹരി വാങ്ങാൻ കരാർ ഉണ്ടാക്കി. ഹോട്ടലുകൾ നിർമിച്ചു നടത്തുന്ന ജീവനി ഹോസ്പിറ്റാലിറ്റിയിൽ 50 ശതമാനം ഓഹരി എടുക്കാനും കരാർ ഉണ്ടാക്കി.

സുവേൻ ഫാർമസ്യൂട്ടിക്കൽസ് അമേരിക്കയിൽ എൻജെ ബയോ എന്ന കോൺട്രാക്റ്റ് മനുഫാക്‌ചറിംഗ് കമ്പനിയെ ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെട്ടു.

ജെഎസ്ഡബ്ല്യു എനർജിക്ക് 400 മെഗാവാട്ടിൻ്റെ സോളർ പവർ പ്രോജക്ട് നിർമാണ കരാർ ലഭിച്ചു. കമ്പനി 160 കോടി ടൺ ഉള്ള കൽക്കരി ഖനി ലേലത്തിൽ പിടിക്കുകയും ചെയ്തു.

മിഷലിൻ കമ്പനിയുടെ കാംസോ ബ്രാൻഡും രണ്ടു ഫാക്ടറികളും സിയറ്റ് ലിമിറ്റഡ് വാങ്ങി. കൺസ്ട്രക്ഷൻ വാഹനങ്ങൾക്കും യന്ത്രങ്ങൾക്കും വേണ്ട ടയറുകൾ നിർമിക്കുന്ന യൂണിറ്റാണിത്. സിയറ്റിൻ്റെ ലാഭമാർജിൻ കൂട്ടാൻ ഈ വാങ്ങൽ സഹായിക്കും.

സ്വർണം കയറുന്നു

സ്വർണവില വെള്ളിയാഴ്ച നാമമാത്രമായി ഉയർന്നു. ഔൺസിന് 1.40 ഡോളർ കയറി സ്വർണം ക്ലോസ് ചെയ്തത് 2633.50 ഡോളറിൽ. ഇന്നു രാവിലെ സ്വർണം 2649 ഡോളറിലേക്കു കുതിച്ചു കയറി.

കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില പവന് 200 രൂപ കുറഞ്ഞ 56,920 രൂപയിൽ എത്തി. ഇന്നു വില കൂടാം.

വെള്ളിവില ഔൺസിന് 31.25 ഡോളറിലേക്ക് കയറി.

കറൻസി വിപണിയിൽ ഡോളർ വെള്ളിയാഴ്ച കയറി. ഡോളർ സൂചിക 0.40 ശതമാനം കൂടി 106.06 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.01 ലേക്കു താഴ്ന്നു.

രൂപ വെള്ളിയാഴ്ച പിടിച്ചു നിന്നു. ഒരവസരത്തിൽ ഡോളർ 84.57 രൂപവരെ ഇടിഞ്ഞതാണ്. പിന്നീടു നാലു പൈസ നഷ്ടത്തിൽ 84.69 രൂപയിൽ ക്ലാേസ് ചെയ്തു.

ഉൽപാദനം നിലവിലെ തോതിൽ തുടരാൻ ഒപെക് തീരുമാനിച്ചതോടെ ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 71.12 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 71.21 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 67.33 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.01 ഉം ഡോളറിൽ നിൽക്കുന്നു.

ബിറ്റ് കോയിൻ ഉയരത്തിൽ

ഡോണൾഡ് ട്രംപിൻ്റെ വിജയത്തിലാരംഭിച്ച ക്രിപ്റ്റോ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞയാഴ്ച ബിറ്റ് കോയിൻ 1,03,844 ഡോളർ വരെ എത്തിയ ശേഷം ഇടിഞ്ഞു. ഇന്ന് രാവിലെ 1100,800 ലാണ്. ഈഥർ ഇന്ന് 4000 ഡോളറിനു തൊട്ടു താഴെയാണ്.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും ഭിന്നദിശകളിലായി. ചെമ്പ് 0.50 ശതമാനം കയറി ടണ്ണിന് 9011.74 ഡോളറിൽ എത്തി. അലൂമിനിയം 1.40 ശതമാനം താഴ്ന്ന് ടണ്ണിന് 2603.20 ഡോളർ ആയി. സിങ്ക് 1.25 ശതമാനം താഴ്ന്നു. ടിൻ 0.35 ഉം ലെഡ് 0.25 ഉം നിക്കൽ 0.44 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 ഡിസംബർ 06, വെള്ളി)

സെൻസെക്സ് 30 81,709.12 -0.07%

നിഫ്റ്റി50 24,677.80 -0.12%

ബാങ്ക് നിഫ്റ്റി 53, 509.50 -0.18%

മിഡ് ക്യാപ് 100 58,704.60 +0.45%

സ്മോൾ ക്യാപ് 100 19,492.10 +0.82%

ഡൗ ജോൺസ് 44,642.52 -0.28%

എസ് ആൻഡ് പി 6090.27 +0.25%

നാസ്ഡാക് 19,859.77 +0.81%

ഡോളർ($) ₹84.69 -₹0.04

ഡോളർ സൂചിക 105.97 +0.26

സ്വർണം (ഔൺസ്) $2633.50 +$01.40

സ്വർണം(പവൻ) ₹56,920 -₹200

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.12 -$01.15

Tags:    

Similar News