രാഷ്ട്രീയ ആശങ്ക മാറി, ക്രൂഡ് ഓയിൽ താഴ്ന്നു, വിപണി കുതിപ്പിൻ്റെ പാതയിൽ; പണനയം ഇന്നത്തെ ശ്രദ്ധാകേന്ദ്രം; വിദേശ സൂചനകൾ പോസിറ്റീവ് ; ചൈനീസ് ആകർഷണം കുറയുന്നു

ബുള്ളുകൾ തിരിച്ചു വന്നെങ്കിലും വിൽപനസമ്മർദം കുറഞ്ഞിട്ടില്ല

Update:2024-10-09 07:30 IST

IMAGE: CANVA

രാഷ്ട്രീയ ആശങ്കകൾ മാറിയതോടെ വിപണി ഉത്സാഹത്തിലേക്കു തിരിച്ചു വന്നു. ഒപ്പം ചൈനീസ് വളർച്ച താഴോട്ടാകും എന്ന മുന്നറിയിപ്പ് അവിടേക്കുളള ആകർഷണം കുറയ്ക്കുന്നതും ഇന്ത്യൻ ഓഹരി വിപണിക്ക് അനുകൂലമാണ്. ഈ രണ്ട് അനുകൂല ഘടകങ്ങളും ആഗോള വിപണികളിലെ കയറ്റവും ഇന്ന് നേട്ടം തുടരാൻ ഇന്ത്യൻ വിപണിയെ സഹായിക്കും. ക്രൂഡ് ഓയിൽ വില കുത്തനേ ഇടിഞ്ഞതും വിപണിയെ ഉത്സാഹിപ്പിക്കും. ലോഹങ്ങൾക്കും ഇരുമ്പയിരിനും വില ഇടിഞ്ഞതു ലോഹ കമ്പനികൾക്കു ക്ഷീണമാകും.

രാവിലെ പത്തു മണിക്കു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തുന്ന പണനയ പ്രഖ്യാപനത്തിലാണു വിപണി ഇന്നു ശ്രദ്ധ വയ്ക്കുന്നത്. റീപോ നിരക്ക് 6.5 ശതമാനം എന്നത് ഇത്തവണ കുറയ്ക്കും എന്ന് വിപണി പ്രതീക്ഷിക്കുന്നില്ല. എന്നാൽ പണലഭ്യത സംബന്ധിച്ച സമീപനം റിസർവ് ബാങ്ക് മാറ്റുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. വളർച്ചയും വിലക്കയറ്റവും സംബന്ധിച്ച റിസർവ് ബാങ്ക് വിലയിരുത്തലും നിർണായകമാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 25,152 ൽ ക്ലാേസ് ചെയ്തു. ഇന്ന് 25,170 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഒരു ശതമാനത്തോളം നഷ്ടത്തിൽ അവസാനിച്ചു.

യുഎസ് വിപണികൾ ചൊവ്വാഴ്ച ഉയർന്നു തലേന്നത്തെ നഷ്ടം മിക്കവാറും വീണ്ടെടുത്തു. ടെക് ഓഹരികൾ ഉയർന്നതും ക്രൂഡ് ഓയിൽ വില ഗണ്യമായി താഴ്ന്നതും ആണു വിപണിയെ ഉയർത്തിയത്. എൻവിഡിയ ഓഹരി നാലു ശതമാനം കയറി.

ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 126.13 പോയിൻ്റ് (0.30%) ഉയർന്ന് 42,080.37 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 55.19 പോയിൻ്റ് (0.97%) നേട്ടത്തോടെ 5751.13ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 259.01 പോയിൻ്റ് (1.45%) കയറി 18,182.92 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ താഴ്ചയിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.11 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.02 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിൽ തുടരുന്നു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജാപ്പനീസ് വിപണിയിൽ നിക്കൈ 1.25 ശതമാനം ഉയർന്നു. ഇന്നലെ 9.4 ശതമാനം താഴ്ന്ന ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക തുടക്കത്തിൽ ഉയർന്നു. 16 വർഷത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയായിരുന്നു ഇന്നലത്തേത്. അതിനു മുൻപു മൂന്നാഴ്ച കൊണ്ട് 30 ശതമാനം ഉയർന്നിരുന്നു. ചെെനയിലെ ഷാങ്ഹായ് സൂചിക അവധികൾക്കു ശേഷം ഇന്നലെ വ്യാപാരം തുടങ്ങിയപ്പോൾ 10 ശതമാനം കയറിയെങ്കിലും ക്ലോസിംഗ് നാലര ശതമാനം നേട്ടത്തിലായിരുന്നു. ഷാങ്ഹായ് കോംപസിറ്റ് സൂചിക അഞ്ചു വ്യാപാര ദിനങ്ങൾ കൊണ്ട് 20 ശതമാനം ഉയർന്നിട്ടുണ്ട്.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ചൊവ്വാഴ്ച ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടനത്തിനനുസരിച്ച് ഇറങ്ങിക്കയറി. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം ബിജെപിക്ക് ഉണ്ടായതിൻ്റെ അടിസ്ഥാനത്തിൽ വിപണി മുക്കാൽ ശതമാനം ഉയർന്നു. ആറു ദിവസം തുടർച്ചയായി ഇടിഞ്ഞ സൂചികകൾ തിരിച്ചു കയറി. ബുള്ളുകൾ വീണ്ടും കരുത്തരായി. ചെെനയോടുള്ള താൽപര്യം വിദേശികൾ കുറയ്ക്കും എന്ന സൂചനയും വിപണിയെ സഹായിച്ചു. ചൈനീസ് ജിഡിപി വളർച്ച അടുത്ത വർഷം വീണ്ടും കുറയും എന്ന് അവിടത്തെ ഉന്നത സാമ്പത്തിക സമിതിയുടെ ചെയർമാൻ ഇന്നലെ പറഞ്ഞതും വിപണിയെ സ്വാധീനിച്ചു.

ഇന്നലെ റിലയൻസ് ഇൻഡസ്ട്രീസും അദാനി ഗ്രൂപ്പ് കമ്പനികളും നല്ല നേട്ടം ഉണ്ടാക്കി. മെറ്റൽ ഒഴികെ എല്ലാ വ്യവസായ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും കുതിപ്പിലായിരുന്നു. രണ്ടു സൂചികകളും രണ്ടു ശതമാനത്തിലധികം ഉയർന്ന് തലേന്നത്തെ നഷ്ടം തിരിച്ചുപിടിച്ചു. പേയ്ടിഎം, ബിഎസ്ഇ, ആർവിഎൻഎൽ, ഡിക്സൺ ടെക്‌നോളജീസ്, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ട്രെൻ്റ് തുടങ്ങിയവ വലിയ നേട്ടം ഉണ്ടാക്കി. കൃത്രിമ വജ്ര വിപണനത്തിലേക്കു ട്രെൻ്റ് പ്രവേശിച്ചതു വിപണി ആവേശത്തോടെ സ്വീകരിച്ചു. വലിയ ഓർഡറുകൾ ലഭിച്ചതിൻ്റെ ബലത്തിൽ അലൈഡ് ഡിജിറ്റൽ സർവീസസ് 17 ശതമാനം ഉയർന്നു.

ഇരുമ്പയിരിൻ്റെ രാജ്യാന്തര വില ഇടിഞ്ഞതിനെ തുടർന്ന് എൻഎംഡിസി ഓഹരി 4.5 ശതമാനം ഇടിഞ്ഞു. ചൈനീസ് വളർച്ച കുറയും എന്ന മുന്നറിയിപ്പിനെ തുടർന്ന് സ്‌റ്റീൽ, മെറ്റൽ കമ്പനികൾക്കും ഇന്നലെ ഇടിവായി.

ചൊവ്വാഴ്ച വിദേശ നിക്ഷേപകർ 5729.60 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഈ മാസം അഞ്ചു ദിവസം കൊണ്ട് അവരുടെ വിൽപന 44,742.58 കോടി രൂപയായി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 7000.68 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

ചൊവ്വാഴ്ച എൻഎസ്ഇയിൽ 2234 ഓഹരികൾ ഉയർന്നപ്പോൾ 573 ഓഹരികൾ താണു. ബിഎസ്ഇയിൽ 2969 എണ്ണം കയറി, 983 എണ്ണം താഴ്ന്നു.

ഇന്നലെ സെൻസെക്സ് 584.81 പാേയിൻ്റ് (0.72%) കയറി 81,634.81 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 217.40 പോയിൻ്റ് (0.88%) നേട്ടത്തോടെ 25,013.15 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 542.10 പോയിൻ്റ് (1.07%) ഉയർന്ന് 51,021.00 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1235.70 പോയിൻ്റ് അഥവാ 2.16 ശതമാനം കുതിച്ച് 58,535.90 ലും സ്മോൾ ക്യാപ് സൂചിക 374.80 പോയിൻ്റ് (2.05%) കയറി 18,617.65 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ ബുള്ളുകൾ തിരിച്ചു വന്നെങ്കിലും വിൽപനസമ്മർദം കുറഞ്ഞിട്ടില്ല. ഇന്നു നിഫ്റ്റിക്ക് 24,830 ലും 24,760 ലും പിന്തുണ ഉണ്ട്. 25,050 ഉം 25,115 ഉം തടസങ്ങളാകും.

സ്വർണം വീണ്ടും താണു

സ്വർണം ഇന്നലെ 0.80 ശതമാനം താഴ്ന്ന് ഔൺസിന് 2622.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2623 ഡോളറിലേക്കു കയറി. പലിശ കുറയ്ക്കൽ സാവധാനമേ നടക്കൂ എന്ന വിലയിരുത്താണു താഴ്ചയ്ക്കു പ്രേരകം.

കേരളത്തിൽ സ്വർണവില ഇന്നലെ മാറ്റമില്ലാതെ പവന് 56,800 രൂപയിൽ തുടർന്നു. ഇന്നു വില കുറയും.

വെള്ളിവില താഴ്ന്ന് ഔൺസിന് 30.68 ഡോളർ ആയി.

ഡോളർ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ഡോളർ സൂചിക ചൊവ്വാഴ്ച 102.55 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.48 ലേക്കു താഴ്ന്നു.

ഇന്ത്യൻ രൂപ ചൊവ്വാഴ്ച അൽപം മെച്ചപ്പെട്ടു. ഡോളർ റെക്കോർഡ് നിരക്കായ 83.98 രൂപയിൽ നിന്നു രണ്ടു പെെസ കുറഞ്ഞ് 83.96 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ വില ഇന്നലെ തിരിച്ചിറങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 4.6 ശതമാനം താഴ്ന്ന് 77.18 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.51 ഡോളറിലായി. ഡബ്ല്യുടിഐ ഇനം 73.91 ഉം യുഎഇയുടെ മർബൻ ക്രൂഡ് 77.49 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 62,200 ഡോളറിനു താഴെയാണ്. ഈഥർ 2440 ഡോളറിനു താഴെ തുടരുന്നു..

ചൈനീസ് വളർച്ച അടുത്ത വർഷം കുറയുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഇടിഞ്ഞു. ചെമ്പ് 2.26 ശതമാനം താഴ്ന്നു ടണ്ണിന് 9594.77 ഡോളറിൽ എത്തി. അലൂമിനിയം 3.32 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2569.85 ഡോളർ ആയി. ലെഡ് 2.10 ഉം സിങ്ക് 2.24 ഉം നിക്കൽ 2.59 ഉം ടിൻ 2.75 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 08 ചാെവ്വ)

സെൻസെക്സ് 30 81,634.81 +0.72%

നിഫ്റ്റി50 25,013.15 +0.88%

ബാങ്ക് നിഫ്റ്റി 51,021.00 +1.07%

മിഡ് ക്യാപ് 100 58,535.90 +2.16%

സ്മോൾ ക്യാപ് 100 18,617.65 +2.05%

ഡൗ ജോൺസ് 30 42,080.37

+0.30%

എസ് ആൻഡ് പി 500 5751.13 +0.97%

നാസ്ഡാക് 18,182.92 +1.45%

ഡോളർ($) ₹83.96 -₹0.02

ഡോളർ സൂചിക 102.55 +0.01

സ്വർണം (ഔൺസ്) $2622.20 -$20.90

സ്വർണം (പവൻ) ₹56,800 ₹00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $77.18 -$03.96

Tags:    

Similar News