പുതിയ ഗവർണറിൽ പ്രതീക്ഷ; യുഎസ് വിപണി ഇടിവിൽ; ഏഷ്യയിൽ കയറ്റം

ക്രിപ്‌റ്റോകള്‍ ചാഞ്ചാടുന്നു; ക്രൂഡിന് വീണ്ടും കയറ്റം; രൂപ ദുര്‍ബലമായി തുടരുന്നു

Update:2024-12-10 07:32 IST

റിസർവ് ബാങ്ക് ഗവർണറെ ചൊല്ലിയുള്ള അനിശ്ചിതത്വം മാറി. കേന്ദ്ര റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്ര ഗവർണറാകും. ഇന്നു സ്ഥാനമൊഴിയുന്ന ഗവർണർ ശക്തികാന്ത ദാസിൻ്റെ പിൻഗാമിക്കു പലിശക്കാര്യത്തിൽ കടുംപിടുത്തം ഉണ്ടായില്ലെന്ന മോഹം വിപണിയിൽ പലരും പുലർത്തുന്നുണ്ട്. ഡോളർ നിരക്കിൽ ദാസിനെപ്പോലെ നിരന്തരം ഇടപ്പെടുകയില്ലെന്നും ചിലർ കരുതുന്നു. എന്നാൽ ഗവർണർമാരെ പറ്റിയുള്ള മുൻവിധികൾ തെറ്റിപ്പോകുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. മൽഹോത്രയുടെ കാര്യത്തിലും അങ്ങനെ തന്നെ സംഭവിക്കാം.

ഈ ദിവസങ്ങളിലെല്ലാം കുതിപ്പിനു സാധിക്കാതെ മുഖ്യ സൂചികകൾ അൽപം താഴ്ന്നു. അതേസമയം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നു. പരിമിത മേഖലയിലെ

ചാഞ്ചാട്ടത്തിൽ നിന്നു കയറാൻ ഇന്നു വിപണി ശ്രമിക്കും. ചൈന ഇനിയും ഉത്തേജക പദ്ധതി കൊണ്ടുവരുന്നതു പല വ്യവസായ മേഖലകൾക്കും നേട്ടമാകും. എന്നാൽ ഏഷ്യൻ വിപണികളുടെ കയറ്റം ഇന്ത്യൻ വിപണിയെ കാര്യമായി സഹായിക്കാനിടയില്ല.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,724 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,742 ലേക്കു കയറി. പിന്നീടു 27, 715 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യുഎസ് വിപണി തിങ്കളാഴ്ച ഇടിവിലായി. എൻവിഡിയയ്ക്ക് എതിരേ ചൈന അന്വേഷണം പ്രഖ്യാപിച്ചതാണു കാരണം കുത്തകവിരുദ്ധ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. എൻവിഡിയ ഓഹരി 2.55 ശതമാനം താഴ്ന്നു. കമ്പനിയുടെ വിപണിമൂല്യം 3.4 ട്രില്യൺ (ലക്ഷം കോടി) ഡോളറായി കുറഞ്ഞു. ഇന്നലെ 1.6 ശതമാനം ഉയർന്ന ആപ്പിളിൻ്റെ മൂല്യം 3.73 ട്രില്യൺ ഡോളറായിട്ടുണ്ട്. വളർച്ച കുറയുമെന്ന അനാലിസ്റ്റ് റിപ്പോർട്ടിനെ തുടർന്ന് അഡ്വാൻസ്ഡ് മെെക്രാേ ഡിവൈസസിൻ്റെ ഓഹരി 5.57 ശതമാനം ഇടിഞ്ഞു.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 240.59 പോയിൻ്റ് (0. 54%) താഴ്ന്ന് 44,401.93 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 37.42 പോയിൻ്റ് (0.61%) നഷ്ടത്തോടെ 6052.85 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 123.08 പോയിൻ്റ് (0.62%) കയറി 19,736.69 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 0.04 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.07 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

നിക്ഷേപനേട്ടം 4.201 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ഇടിഞ്ഞു. പലിശ കുറയ്ക്കൽ വെെകുമോ എന്നു കടപ്പത്ര വിപണി ആശങ്കിക്കുന്നു.

യൂറോപ്യൻ വിപണികൾ ഭിന്ന ദിശകളിലായി. ജർമൻ സൂചിക താഴ്ന്നു. ഫ്രഞ്ച്, യുകെ സൂചികകൾ കയറി.

ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ അര ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയിൽ സൂചിക രണ്ടു ശതമാനം കുതിച്ചു. ഓസ്ട്രേലിയൻ സൂചിക താഴ്ന്നു. അടുത്ത വർഷവും കൂടുതൽ ഉത്തേജക പദ്ധതികൾ ഉണ്ടാകുമെന്നു ചൈന പ്രഖ്യാപിച്ചത് ഏഷ്യൻ രാജ്യങ്ങളിലും ഉണർവ് ഉണ്ടാക്കി. ഹോങ്കോങ് വിപണി ഇന്നലെ മൂന്നു ശതമാനം കുതിച്ചു.

മൽഹോത്രക്ക്  സ്വാഗതം

അടുത്ത റിസർവ് ബാങ്ക് ഗവർണർ ആരെന്ന ചോദ്യത്തിന് ഇന്നലെ വൈകുന്നേരം ഉത്തരമായി. ശക്തികാന്ത ദാസിൻ്റെ കാലാവധി തീരുന്നതിന് 24 മണിക്കൂർ മാത്രം ശേഷിക്കെ ആണു നിയമനം പ്രഖ്യാപിച്ചത്. റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്രയുടെ ഗവർണറായുള്ള നിയമനം വിപണിയിൽ സ്വാഗതം ചെയ്യപ്പെട്ടതായി ഗിഫ്റ്റ് നിഫ്റ്റിയുടെ ഉയർച്ച കാണിക്കുന്നു.

ചരിത്രം പഠിച്ച് ഐഎഎസിൽ ചേർന്ന ദാസ് മൂന്നു വർഷം വീതമുള്ള രണ്ടു കാലാവധി പദവിയിൽ ഇരുന്ന ശേഷമാണു പിരിക്കുന്നത്. കംപ്യൂട്ടർ സയൻസും പബ്ലിക് പോളിസിയും പഠിച്ച 1990 ബാച്ച് ഐഎഎസ് ഓഫീസറാണ് മൽഹോത്ര.

കാര്യമായ വിമർശനങ്ങൾ നേരിടാതെ കേന്ദ്രബാങ്കിനെ നയിച്ച ദാസ് അവസാനമാസങ്ങളിൽ സർക്കാരിൻ്റെ ഇംഗിതത്തിനു വഴങ്ങുന്നില്ല എന്ന ധാരണ ജനിപ്പിച്ചു. പലിശ കുറയ്ക്കണമെന്നു ധനമന്ത്രി വരെ ആവശ്യപ്പെട്ടിട്ടും ദാസ് നിലപാട് മാറ്റിയില്ല. മാത്രമല്ല വിലക്കയറ്റ നിയന്ത്രണമാണു റിസർവ് ബാങ്കിനോടു പാർലമെൻ്റ് നിർദേശിച്ചിരിക്കുന്നതെന്ന് അവസാനത്തെ പണനയ പ്രഖ്യാപനത്തിൻ്റെ തുടക്കത്തിൽ തന്നെ എടുത്തു പറയുകയും ചെയ്തു.

റിസർവ് ബാങ്കിനെ കൂടുതൽ കരുത്തുറ്റ നിയന്ത്രണ സ്ഥാപനമായി മാറ്റിക്കൊണ്ടാണ് ദാസ് സ്ഥാനമൊഴിയുന്നത്. നയപരമായ തീരുമാനങ്ങളിൽ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങളുമായി (ബാങ്കുകൾ, എൻബിഎഫ്സികൾ) തുറന്ന ചർച്ചകൾ ആരംഭിച്ചതു പുതുമയാണ്. റിസർവ് ബാങ്കിൻ്റെ മിച്ചം പണം കേന്ദ്ര സർക്കാരിനു കൈമാറുന്നതിനെ പറ്റിയുള്ള തർക്കമാണ് മുൻഗാമി ഡോ. ഉർജിത് പട്ടേലിൻ്റെ രാജിക്കു കാരണം. ആ വിഷയം സുഗമമായി പരിഹരിക്കാൻ ദാസിൻ്റെ തന്ത്രജ്ഞത സഹായിച്ചു.

ദാസ് സർവീസിൽ നിന്നു മാറിയ ശേഷമാണു ഗവർണറായത്. പുതിയ ഗവർണർ സർവീസിൽ നിന്നു നേരേ റിസർവ് ബാങ്കിലേക്കു വരുന്നു. ദീർഘകാലം ധനമന്ത്രാലയത്തിൽ ഉണ്ടായിരുന്ന മൽഹോത്ര ധനമന്ത്രാലയം ആഗ്രഹിക്കുന്നതു പോലെ പണനയവും മറ്റും രൂപപ്പെടുത്താനാണാേ സമ്പദ്ഘടനയുടെ ഭദ്രത ഉറപ്പുവരുത്തുന്ന നയം നടപ്പാക്കാനാണോ ശ്രമിക്കുക എന്നു ഫെബ്രുവരിയിലെ പണനയ അവലോകനത്തിൽ അറിയാനാകും. പലിശ കുറയ്ക്കാനുള്ള വ്യവസായ മേഖലയുടെ ആവശ്യം സാധിച്ചു കൊടുക്കുമോ അതോ വിലക്കയറ്റം വരുതിയിലാകും വരെ കാക്കുമോ എന്നാണ് എല്ലാവരും നോക്കുന്നത്.

ഇന്ത്യൻ വിപണി വീണ്ടും താഴ്ന്നു

തിങ്കളാഴ്ചയും ഇന്ത്യൻ വിപണിയിലെ മുഖ്യ സൂചികകൾ ചെറിയ താഴ്ചയിലായി. എന്നാൽ തലേ വ്യാപാര ദിവസം പോലെ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടം കുറിച്ചു. സെൻസെക്സ് 81,411 നും 81, 783 നുമിടയിൽ കയറിയിറങ്ങി. നിഫ്റ്റി 24,580 മുതൽ 24,705 വരെ ചാഞ്ചാടി.

നിഫ്റ്റി ഇന്നലെ 58.80 പോയിൻ്റ് (0.24%) താഴ്ന്ന് 24,619.00 ൽ അവസാനിച്ചു. സെൻസെക്സ് 200.66 പോയിൻ്റ് (0.25%) നഷ്ടത്തോടെ 81,508.46 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.19 ശതമാനം (101.75 പോയിൻ്റ്) താഴ്ന്ന് 53,407.75 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.50 ശതമാനം കയറി 58,998.75 ലും സ്മോൾ ക്യാപ് സൂചിക 0.19 ശതമാനം ഉയർന്ന് 19,528.60 ലും ക്ലോസ് ചെയ്തു

വിദേശ നിക്ഷേപകർ തിങ്കളാഴ്ച വീണ്ടും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 724.27 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 1648.07 കോടി രൂപയുടെ അറ്റ വിൽപന നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2257 ഓഹരികൾ ഉയർന്നപ്പോൾ 1822 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1546 എണ്ണം ഉയർന്നു, താഴ്ന്നത് 1318 എണ്ണം.

നിഫ്റ്റി 24,800 കടന്നാലേ ബുള്ളിഷ് മുന്നേറ്റം തുടരാൻ പറ്റൂ എന്ന നിലയിൽ മാറ്റമില്ല. 24,500ലെ പിന്തുണയും തുടരുന്നു. നിഫ്റ്റിക്ക് ഇന്ന് 24,590 ലും 24,555 ലും പിന്തുണ കിട്ടാം. 24,685 ഉം 24,760 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

ടാറ്റാ മോട്ടോഴ്സ് ജനുവരിയിൽ വാഹനവില മൂന്നു ശതമാനം കൂട്ടും എന്ന് അറിയിച്ചു. മാരുതിയും ഹ്യുണ്ടായിയും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറിൽ കുത്തനേ താഴോട്ടു പോയ വാഹന വിൽപന കൂട്ടാൻ ഉദ്ദേശിച്ചാണു കമ്പനികൾ വിലവർധന ആഴ്ചകൾക്കു മുൻപേ പ്രഖ്യാപിച്ചത് എന്നു സംശയമുണ്ട്. ഡിസംബറിൽ വാഹന വിൽപന മെച്ചപ്പെടുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ.

നവംബറിൽ കാർ വിൽപന 13.7 ശതമാനവും വാണിജ്യ വാഹന വിൽപന 33 ശതമാനവും ഇടിഞ്ഞു. എന്നാൽ ടൂവീലർ വിൽപന 15.8 ശതമാനം കൂടിയതു കൊണ്ട് മൊത്തം വാഹന വിൽപന 11.2 ശതമാനം കൂടി.

സിൻജീൻ ഇൻ്റർനാഷണലിലെ രണ്ടു ശതമാനം ഓഹരി ബ്ലോക്ക് ഡീലിൽ വിൽക്കാൻ പ്രൊമോട്ടർ കമ്പനി ബയോകോൺ തീരുമാനിച്ചു. 660 കോടി രൂപ ബയോകോണിനു ലഭിക്കും.

കാൻസർ രോഗനിർണയ ലബാേറട്ടറി ശൃംഖലയായ കോർ ഡയഗ്നോസ്റ്റിക്സിനെ 246.8 കോടി രൂപയ്ക്ക് മെട്രോപ്പോലിസ് ഹെൽത്ത്കെയർ ഏറ്റെടുത്തു. മെട്രോപ്പോലിസിനു ഗണ്യമായ വരുമാന വളർച്ച നൽകുന്നതാണ് ഏറ്റെടുക്കൽ.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് 634 കോടി രൂപയുടെ കരാർ കൂടി പ്രതിരോധ മന്ത്രാലയത്തിൽ നിന്നു ലഭിച്ചു. ഈ വർഷം ഇതുവരെ കമ്പനിക്കു ലഭിച്ച കരാറുകളുടെ തുക 8828 കോടി രൂപയായി.

സ്വർണം ഉയരത്തിലേക്ക്

സ്വർണവില മികച്ച കുതിപ്പ് നടത്തുന്നതു കണ്ടുകൊണ്ടാണു പുതിയ ആഴ്ച തുടങ്ങിയത്. ഒരവസരത്തിൽ 1.6 ശതമാനം കയറി ഓൺസിനു 2675 ഡോളറിൽ സ്വർണം എത്തി. പിന്നീടു താഴ്ന്ന് 2661.10 ഡോളറിൽ ക്ലോസ് ചെയ്തു. നേട്ടം ഒരു ശതമാനം. ഇന്നു രാവിലെ 2665 ഡോളറിലേക്കു കയറി.

ചെെനീസ് കേന്ദ്ര ബാങ്ക് സ്വർണം വാങ്ങൽ പുനരാരംഭിച്ചതും പലിശ കുറയ്ക്കൽ പ്രതീക്ഷയും സ്വർണത്തെ ഉയർത്തി.

അടുത്ത വർഷം സ്വർണം ഔൺസിന് 2750 ഡോളർ ആയിരിക്കുമെന്നു ബാങ്ക് ഓഫ് അമേരിക്ക പ്രവചിച്ചു. രണ്ടാം പകുതിയിൽ സ്വർണം 3000 ഡോളർ വരെ എത്താമെന്നും അവർ കരുതുന്നു.

കേരളത്തിൽ തിങ്കളാഴ്ച സ്വർണവില പവന് 120 രൂപ കൂടി 57,040 രൂപയിൽ എത്തി. ഇന്നു വില ഗണ്യമായി കൂടും.

വെള്ളിവില ഔൺസിന് 31.93 ഡോളറിലേക്ക് കയറി.

കറൻസി വിപണിയിൽ ഡോളർ ഇന്നലെ കയറി. ഡോളർ സൂചിക 0.10 ശതമാനം കൂടി 106.15 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.21 ലേക്കു കയറി.

രൂപ തിങ്കളാഴ്ചയും ദുർബലമായി. ഡോളർ നാലു പൈസ നേട്ടത്തിൽ 84.73 രൂപയിൽ ക്ലാേസ് ചെയ്തു. സഞ്ജയ് മൽഹോത്രയെ റിസർവ് ബാങ്ക് ഗവർണർ ആയി നിയമിച്ച ശേഷം നോൺ ഡെലിവറേബിൾ ഫോർവേഡ് (എൻഡിഎഫ്) വ്യാപാരത്തിൽ ഡോളർ 84.90 രൂപയായി. രൂപയുടെ ഗതി ദിവസേന ശ്രദ്ധിച്ച് പരിധിവിട്ടു കയറ്റവും ഇറക്കവും ഉണ്ടാകാതെ നോക്കിയിരുന്ന ശക്തികാന്ത ദാസിൻ്റെ സമീപനം ആയിരിക്കില്ല പുതിയ ഗവർണുടേത് എന്നാണു വിപണി കരുതുന്നത്.

ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. .ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 1.43 ശതമാനം കയറി 72.14 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 72.11 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 68.32 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.85 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

വലിയ കുതിപ്പിനു ശേഷം ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടത്തിലാണ്. റെക്കോർഡ് നിലവാരത്തിൽ ലാഭമെടുക്കുന്നവരുടെ സമ്മർദമാണു വിപണിയിൽ. അമേരിക്ക ക്രിപ്റ്റോ റിസർവ് തുടങ്ങാൻ തീരുമാനിച്ചാൽ ബിറ്റ്കോയിൻ രണ്ടരലക്ഷം ഡോളർ കടക്കുമെന്നു പലരും കണക്കാക്കുന്നുണ്ട്.

ഇന്നലെ ബിറ്റ് കോയിൻ വില നാലു ശതമാനം താഴ്ന്നു. ഇന്നു രാവിലെ വില 97,300 ഡോളറിനടുത്താണ്. ഈഥർ വില ഏഴര ശതമാനം ഇടിഞ്ഞ് 3700 ഡോളറിൽ എത്തി.

വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും ഭിന്നദിശകളിലായി. ചെമ്പ് 1.08 ശതമാനം കുതിച്ചു ടണ്ണിന് 9109.00 ഡോളറിൽ എത്തി. അലൂമിനിയം 0.58 ശതമാനം താഴ്ന്ന് ടണ്ണിന് 2588.00 ഡോളർ ആയി. സിങ്ക് 1.60 ഉം ടിൻ 0.26 ഉം ശതമാനം ഉയർന്നു. ലെഡ് 0.42 ഉം നിക്കൽ 0.73 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഡിസംബർ 09, തിങ്കൾ)

സെൻസെക്സ് 30 81,508.46 -0.25%

നിഫ്റ്റി50 24,619.00 -0.24%

ബാങ്ക് നിഫ്റ്റി 53,407.75 -0.19%

മിഡ് ക്യാപ് 100 58,998.75 +0.50%

സ്മോൾ ക്യാപ് 100 19,528.60 +0.19%

ഡൗ ജോൺസ് 44,401.93 -0.54%

എസ് ആൻഡ് പി 6052.85 -0.61%

നാസ്ഡാക് 19,736.69 -0.62%

ഡോളർ($) ₹84.73 +₹0.04

ഡോളർ സൂചിക 106.15 +0.09

സ്വർണം (ഔൺസ്) $2661.10 +$27.60

സ്വർണം(പവൻ) ₹57,040 +₹120

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.14 +$01.12

Tags:    

Similar News