റെക്കോർഡ് ഉയരത്തിൽ ലാഭമെടുക്കൽ സമ്മർദമാകും; വിദേശ ഫണ്ടുകൾ വലിയ വാങ്ങലുകാരായി; പലിശ കുറയുന്നതിൽ പ്രതീക്ഷ; സ്വർണം റെക്കോർഡില്‍

Update:2024-09-13 07:51 IST
വൻ കുതിപ്പ് നടത്തിയ വ്യാഴാഴ്ചയ്ക്കു ശേഷം ഇന്ന് ഇന്ത്യൻ വിപണി ലാഭമെടുക്കലിനു വേദിയാകാം. എങ്കിലും രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണു വിപണി ഒരുങ്ങുന്നത്. യുഎസിൽ അടുത്തയാഴ്ച പലിശ കുറയ്ക്കും എന്ന കാര്യം ഉറപ്പായതാണ് ഇന്നലെ വിപണികളെ ഉയർത്തിയത്. ഇന്നലെ ഇന്ത്യയിലെ ചില്ലറ വിലക്കയറ്റത്തിൻ്റെയും വ്യവസായ ഉൽപാദനത്തിൻ്റെയും കണക്കുകൾ വന്നത് വിപണിക്ക് ആവേശം പകരുന്നവയല്ല.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ രണ്ടു ദിവസം കാെണ്ട് അഞ്ചു ശതമാനം ഉയർന്നതും വിപണിക്ക് അനുകൂലമല്ല. സ്വർണവും വലിയ കയറ്റത്തിലാണ്. വ്യാവസായിക ലോഹങ്ങൾ ഉയരുന്നത് സ്‌റ്റീൽ അടക്കം ലോഹ കമ്പനികളെ ഉയർത്തും.
ഇന്നു വിദേശ സൂചനകൾ അത്ര ആവേശകരമല്ല. ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,405 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 25,390 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്ന് അൽപം ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ഒരു ശതമാനം ഉയർന്നു. യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശനിരക്ക് 0.25 ശതമാനം (25 ബേസിസ് പോയിൻ്റ്) കുറച്ചതാണ് ആവേശമായത്. ഇതു രണ്ടാമത്തെ കുറയ്ക്കലാണ്.
യുഎസ് വിപണി വ്യാഴാഴ്ച തുടക്കത്തിൽ താഴ്ന്ന ശേഷം ഉയർന്നു ക്ലോസ് ചെയ്തു. ഡൗ, എസ് ആൻഡ് പി സൂചികകൾ റെക്കോർഡ് ഉയരത്തിൽ നിന്ന് ഒന്നേകാൽ ശതമാനം മാത്രം താഴെയാണ്. മാെത്തവിലക്കയറ്റം പ്രതീക്ഷ പോലെ വന്നതു വിപണിയെ സഹായിച്ചു.
ഡൗ ജോൺസ് സൂചിക 235.06 പോയിൻ്റ് (0.58%) ഉയർന്ന് 41,096.80 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 41.63 പോയിൻ്റ് (0.75%) കയറി 5595.76 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 174.15 പോയിൻ്റ് (1.00%) കുതിച്ച് 17,569.70 ൽ ക്ലോസ് ചെയ്തു.
എൻവിഡിയ അടക്കം ടെക് ഓഹരികൾ കയറ്റത്തിലാണ്. എൻവിഡിയ ഈ ആഴ്ച 16 ശതമാനം ഉയർന്നു. അവിശ്വസനീയമായ ഡിമാൻഡാണു നിർമിതബുദ്ധി ചിപ്പുകൾക്കുള്ളതെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് കഴിഞ്ഞ ദിവസം പറഞ്ഞതു കയറ്റത്തിനു സഹായകമായി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.09 ഉം നാസ്ഡാക് 0.07 ഉം എസ് ആൻഡ് പി 0.08 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.649 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.
ഏഷ്യൻ വിപണികൾ ഇന്നു ചെറിയ കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ ഉയർന്നു തുടങ്ങിയിട്ട് ചാഞ്ചാട്ടത്തിലായി. ചെെന പാർപ്പിട മേഖലയ്ക്കു വായ്പാ പലിശ കുറയ്ക്കുമെന്നു സംസാരമുണ്ട്. ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയ ചെെനീസ് വിപണി ഇന്നു തിരിച്ചു കയറി.

ഇന്ത്യന്‍ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ച വിസ്മയകരമായ കുതിപ്പ് നടത്തി. രാവിലെ ചാഞ്ചാട്ടത്തിലായിരുന്ന വിപണി ഉച്ചയ്ക്കു ശേഷമാണ് പെട്ടെന്ന് ഉയർന്നത്. മൂന്നു മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ സൂചികകൾ നടത്തിയത്. സെൻസെക്സ് ആദ്യമായി 83,000 കടന്ന് 83,116.19ൽ തൊട്ടു റെക്കോർഡ് കുറിച്ചപ്പോൾ നിഫ്റ്റി 25,433.35 ൽ റെക്കോർഡ് സ്ഥാപിച്ചു.
എൻഎസ്ഇയിൽ 1729 ഓഹരികൾ ഉയർന്നപ്പോൾ 1003 ഓഹരികൾ താണു. ബിഎസ്ഇയിൽ 2346 എണ്ണം കയറി, 1609 എണ്ണം താഴ്ന്നു.
വ്യാഴാഴ്ച സെൻസെക്സ് 1439.55 പാേയിൻ്റ് (1.77%) കുതിച്ച് 82,962.71 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 470.45 പോയിൻ്റ് (1.89%) ഉയർന്ന് 25,388.90 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1.49% (762.40 പോയിൻ്റ്) കയറി 51,772.40 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.19 ശതമാനം (702.25 പോയിൻ്റ്) കയറി 59,640.30 ലും സ്മോൾ ക്യാപ് സൂചിക 1.01% ഉയർന്ന് 19,354.75 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 7695 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1800.54 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വിപണി രണ്ടു ശതമാനത്തോളം ഉയർന്നാണ് അവസാനിച്ചെതെങ്കിലും ഇന്നു വീണ്ടും വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നില്ല. വിദേശനിക്ഷേപകർ വീണ്ടും വലിയ വാങ്ങലിനു തയാറായ സാഹചര്യത്തിൽ വിറ്റു ലാഭമെടുക്കാൻ സ്വദേശി ഫണ്ടുകൾ തുനിഞ്ഞെന്നു വരാം. പ്രതിവാര എക്സ്പയറി ദിവസമായിരുന്ന ഇന്നലെ ഓപ്ഷൻസിൽ പലർക്കും വലിയ ക്ഷീണം ഉണ്ടായിട്ടുണ്ട്.

ചില്ലറവിലക്കയറ്റം കൂടി

ഓഗസ്റ്റിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റം അൽപം വർധിച്ചു. ജൂലൈയിലെ 3.6 ശതമാനത്തിൽ നിന്ന് 3.7 ശതമാനത്തിലേക്ക്. ഇതു പ്രതീക്ഷകളേക്കാൾ കൂടുതലാണ്. ഭക്ഷ്യവിലക്കയറ്റം 5.7 ശതമാനമായി. എന്നാൽ ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം നാമമാത്രമായി കുറഞ്ഞു. സെപ്റ്റംബറിൽ വിലക്കയറ്റം വീണ്ടും കയറി നാലു ശതമാനത്തിനു മുകളിലാകും എന്നാണു സൂചന.
വ്യവസായ ഉൽപാദന സൂചിക ജൂലൈയിൽ 4.8 ശതമാനമായി ഉയർന്നു. ജൂണിൽ 4.7 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ 6.2 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്.

സ്വർണം റെക്കോർഡിൽ, ക്രൂഡ് ഓയിൽ കയറി

സ്വർണം റെക്കോർഡ് ഉയരത്തിലേക്കു കുതിച്ചു. വ്യാഴാഴ്ച രണ്ടു ശതമാനം ഉയർന്ന് ഔൺസിന് 2559.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2563 ഡോളറിലാണ്. ഡിസംബർ അവധിവില ഔൺസിന് 2591 ഡോളറിലേക്കു കയറി. യുഎസ് ഫെഡ് പലിശനിരക്ക് അടുത്തയാഴ്ച മുതൽ കുറയ്ക്കും എന്ന ഉറപ്പാണു സ്വർണത്തെ കയറ്റിയത്. പലിശ താഴുമ്പോൾ വലിയ നിക്ഷേപകർ കടപ്പത്രങ്ങൾ വിട്ടു സ്വർണത്തിലേക്കും ഓഹരികളിലേക്കും തിരിയും എന്നാണു പ്രതീക്ഷ.
കേരളത്തിൽ സ്വർണവില വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയിൽ എത്തി. ഇന്നു വില ഗണ്യമായി കയറും.
വെള്ളിവില ഔൺസിന് 29.90 ഡോളറിലേക്ക് ഉയർന്നു.
ഡോളർ സൂചിക വ്യാഴാഴ്ച ഗണ്യമായി താണ് 101.37 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 101.06 ലേക്കു താഴ്ന്നു.
ഡോളർ സൂചിക താഴ്ന്നതു രൂപയ്ക്കു നേട്ടമാകാം. വ്യാഴാഴ്ച ഡോളർ ഒരു പെെസ കുറഞ്ഞ് 83.97 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ ശക്തമായി ഇടപെട്ടിരുന്നു.
ക്രൂഡ് ഓയിൽ വീണ്ടും ഉയർന്നു. ബ്രെൻ്റ് ഇനം വ്യാഴാഴ്ച രണ്ടു ശതമാനം കയറി 71.97 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 72.43 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 69.40 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.35 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ അൽപം കയറി. ബിറ്റ്കോയിൻ 58,100 ഡോളർ വരെ എത്തി. ഈഥർ 2355 ഡോളറിലായി.
വ്യാവസായിക ലോഹങ്ങൾ കയറ്റം തുടർന്നു. ചെമ്പ് 1.20 ശതമാനം ഉയർന്ന് ടണ്ണിന് 9115.50 ഡോളറിൽ എത്തി. അലൂമിനിയം 1.91 ശതമാനം കയറി ടണ്ണിന് 2415.67 ഡോളർ ആയി. നിക്കൽ 0.21 ഉം സിങ്ക് 3.05 ഉം ടിൻ 0.97 ഉം ലെഡ് 1.96 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 സെപ്റ്റംബർ 12, വ്യാഴം)
സെൻസെക്സ് 30 82,962.71 +1.77%
നിഫ്റ്റി50 25,388.90 +1.89%
ബാങ്ക് നിഫ്റ്റി 51,772.40 +1.49%
മിഡ് ക്യാപ് 100 59,640.30 +1.19%
സ്മോൾ ക്യാപ് 100 19,354.75 +1.01%
ഡൗ ജോൺസ് 30 41,096.80
+0.58%
എസ് ആൻഡ് പി 500 5595.76 +0.75%
നാസ്ഡാക് 17,569.70 +1.00%
ഡോളർ($) ₹83.97 -₹0.01
ഡോളർ സൂചിക 101.37 -0.31
സ്വർണം (ഔൺസ്) $2559.30 +$47.80
സ്വർണം (പവൻ) ₹53,640 -₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.97 +$01.36
Tags:    

Similar News