കയറ്റം തുടരാൻ വിപണി; ഉയർന്ന തുടക്കത്തിനു സാധ്യത; വിപണിയുടെ ശ്രദ്ധ ഫെഡ് തീരുമാനത്തിൽ; സ്വർണം റെക്കോർഡുകൾ തിരുത്തുന്നു

Update:2024-09-16 07:48 IST
വിപണി കഴിഞ്ഞ വെള്ളിയാഴ്ച നാമമാത്രമായി താഴ്ന്നെങ്കിലും വിപണി ബുള്ളിഷ് മനോഭാവം കൈവിട്ടിട്ടില്ല. ഇന്നു വിപണി ഉയർന്നു വ്യാപാരം തുടങ്ങുകയും കൂടുതൽ നേട്ടത്തിലേക്കു കയറുകയും ചെയ്യും എന്നാണു പ്രതീക്ഷ.
ബുധനാഴ്ച യുഎസ് ഫെഡ് പണനയം പ്രഖ്യാപിക്കുന്നതാണു വിപണികൾ ശ്രദ്ധിക്കുന്ന പ്രധാന സംഭവം. പലിശ കുറയ്ക്കലിൻ്റെ ചക്രം അവിടെ തുടങ്ങും എന്നു വിപണി കരുതുന്നു. 57 ശതമാനം സാധ്യത 0.25 ശതമാനം നിരക്കു കുറയ്ക്കലിനും 43 ശതമാനം സാധ്യത 0.50 ശതമാനം കുറയ്ക്കലിനും ഉണ്ടത്രെ.
നാളെ ഓഗസ്റ്റിലെ മൊത്തവിലക്കയറ്റ കണക്ക് വരുന്നുണ്ട്. കഴിഞ്ഞയാഴ്ച വന്ന ചില്ലറ വിലക്കയറ്റ കണക്ക് ആശ്വാസകരമായിരുന്നില്ല.
തെരഞ്ഞെടുപ്പുകൾ കണക്കാലെടുത്ത് ഉള്ളി, എണ്ണക്കുരു കർഷകരെ സഹായിക്കാൻ ഉള്ളി കയറ്റുമതി ഉദാരമാക്കുകയും ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം കുത്തനേ കൂട്ടുകയും ചെയ്തു. ഇത് വിലക്കയറ്റം വർധിപ്പിക്കും എന്ന് ആശങ്കയുണ്ട്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വാരാന്ത്യത്തിൽ 25,411 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 25,440 ലേക്കു കയറിയിട്ട് അല്പം താണു. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും ഒരു ശതമാനം ഉയർന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച പലിശ നിരക്ക് കുറയ്ക്കും എന്നാണു പ്രതീക്ഷ.
യുഎസ് വിപണി വെള്ളിയാഴ്ച മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സൂചികകൾ റെക്കോർഡ് ഉയരത്തിൽ നിന്ന് അൽപം മാത്രം താഴെയാണ്. ബുധനാഴ്ച ഫെഡ് പലിശ നിരക്ക് കാൽശതമാനം കുറയ്ക്കും എന്നു കണക്കാക്കിയാണു വിപണി നീങ്ങുന്നത്.
ഡൗ ജോൺസ് സൂചിക 297.01 പോയിൻ്റ് (0.72%) ഉയർന്ന് 41,393.78 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 30.26 പോയിൻ്റ് (0.54%) കയറി 5626.02 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 114.30 പോയിൻ്റ് (0.65%) നേട്ടത്താേടെ 17,683.98 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.03 ഉം നാസ്ഡാക് 0.12 ഉം എസ് ആൻഡ് പി 0.05 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.657 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.
ഏഷ്യൻ വിപണികൾ മിക്കതും ഇന്ന് അവധിയാണ്. ചൈന പുറത്തുവിട്ട ഫാക്ടറി ഉൽപാദന, റീട്ടെയിൽ വിൽപന,നിക്ഷേപ കണക്കുകൾ നിരാശപ്പെടുത്തി. തൊഴിലില്ലായ്മ കൂടുകയും ചെയ്തു.

ഇന്ത്യന്‍ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു പിന്നീടു ചെറിയ താഴ്ചയിലായി.
എൻഎസ്ഇയിൽ 1779 ഓഹരികൾ ഉയർന്നപ്പോൾ 1015 ഓഹരികൾ താണു. ബിഎസ്ഇയിൽ 2454 എണ്ണം കയറി, 1517 എണ്ണം താഴ്ന്നു.
വെള്ളിയാഴ്ച സെൻസെക്സ് 7177 പാേയിൻ്റ് (0.09%) താഴ്ന്ന് 82,890.94 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 32.40 പോയിൻ്റ് (0.13%) കുറഞ്ഞ് 25,356.50 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.32% (165.65 പോയിൻ്റ്) കയറി 51,938.05 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.66 ശതമാനം കയറി 60,034.05 ലും സ്മോൾ ക്യാപ് സൂചിക 0.78% ഉയർന്ന് 19,505.95 ലും വ്യാപാരം അവസാനിപ്പിച്ചു. മിഡ് ക്യാപ് സൂചിക ഇതാദ്യമാണ് 60,000 കടന്നത്.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 2364.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2532.18 കോടി രൂപയുടെ ഓഹരികളും വാങ്ങി.
വിപണി കഴിഞ്ഞയാഴ്ച രണ്ടു ശതമാനം ഉയർന്നാണ് അവസാനിച്ചത്. ഇന്നു കയറ്റം തുടരാവുന്ന സാഹചര്യമാണുള്ളത്. വിദേശനിക്ഷേപകർ വീണ്ടും വാങ്ങലുകാരായിട്ടുണ്ട്.

സ്വർണം 2600 ഡോളറിലേക്ക്

സ്വർണം റെക്കോർഡ് ഉയരത്തിൽ നിന്നു വീണ്ടും കയറുകയാണ്. 2600 ഡോളർ കടന്നു നീങ്ങും എന്നാണു വിപണിയുടെ നിഗമനം. ഡിസംബർ അവധിവില 2608 ഡോളർ ആയി. അടുത്ത വർഷം ഔൺസിന് 2750 ഡോളറിലാകും സ്വർണം എന്നാണു പലരും വിലയിരുത്തുന്നത്.
വെള്ളിയാഴ്ച സ്വർണം ഉയർന്ന് ഔൺസിന് 2578.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2582 ഡോളറിലാണ്. യുഎസ് ഫെഡ് ബുധനാഴ്ച പലിശനിരക്ക് കുറയ്ക്കും എന്ന ഉറപ്പാണു സ്വർണത്തെ കയറ്റുന്നത്. പലിശ താഴുമ്പോൾ വലിയ നിക്ഷേപകർ കടപ്പത്രങ്ങൾ വിട്ടു സ്വർണത്തിലേക്കും ഓഹരികളിലേക്കും തിരിയും.
കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച പവന് 960 രൂപ കൂടി 54,600 രൂപയിൽ എത്തി. ശനിയാഴ്ച വില 320 രൂപ കൂടി 54,920 രൂപയായി. ഇന്നും വില കയറാം.
വെള്ളിവില ഔൺസിന് 30.86 ഡോളറിലേക്ക് ഉയർന്നു.
ഡോളർ സൂചിക വെള്ളിയാഴ്ച 101.11 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.96 ലേക്കു താഴ്ന്നു.
ഡോളർ സൂചിക താഴ്ന്നതു രൂപയ്ക്കു നേട്ടമാകും. വെള്ളിയാഴ്ച ഡോളർ എട്ടു പെെസ കുറഞ്ഞ് 83.89 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം വെള്ളിയാഴ്ച അൽപം താഴ്ന്ന് 71.83 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 71.76 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 68.88 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.98 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 58,600 ഡോളർ വരെ എത്തി. ഈഥർ 2290 ഡോളറിലായി.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായിരുന്നു. ചെമ്പ് 0.39 ശതമാനം താഴ്ന്നു ടണ്ണിന് 9080.05 ഡോളറിൽ എത്തി. അലൂമിനിയം 0.98 ശതമാനം കയറി ടണ്ണിന് 2439.46 ഡോളർ ആയി. നിക്കൽ 1.19 ഉം സിങ്ക് 0.41 ഉം ലെഡ് 0.35 ഉം ശതമാനം താണു. ടിൻ 1.14 ശതമാനം കയറി.

വിപണിസൂചനകൾ

(2024 സെപ്റ്റംബർ 13, വെള്ളി)
സെൻസെക്സ് 30 82,890.94 -0.09%
നിഫ്റ്റി50 25,356.50 -0.B%
ബാങ്ക് നിഫ്റ്റി 51,938.05 + 0.32%
മിഡ് ക്യാപ് 100 60,034.05 +0.66%
സ്മോൾ ക്യാപ് 100 19,505.95 +0.78%
ഡൗ ജോൺസ് 30 41,393.78
+0.72%
എസ് ആൻഡ് പി 500 5626.02 +0.54%
നാസ്ഡാക് 17, 683.98 +0.65%
ഡോളർ($) ₹83.89 -₹0.08
ഡോളർ സൂചിക 101.11 -0.26
സ്വർണം (ഔൺസ്) $2578.70 +$19.40
സ്വർണം (പവൻ) ₹54,920 +₹320
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.83 -$00.15
Tags:    

Similar News