പലിശ കുറയല്‍ പ്രതീക്ഷയില്‍ വിപണികള്‍; ബുള്ളുകള്‍ ആവേശത്തില്‍; ഫെഡ് തീരുമാനം നാളെ; ക്രൂഡ് ഓയിലും ലോഹങ്ങളും കയറുന്നു
നിഫ്റ്റി 25,400 നു മുകളില്‍ കരുത്തോടെ കയറി ക്ലോസ് ചെയ്താല്‍ വിപണിക്കു കുതിപ്പ് സാധിക്കും എന്നാണു വിലയിരുത്തല്‍
യുഎസില്‍ പലിശ കുറയ്ക്കല്‍ അടുത്തു വന്നതോടെ വിപണികള്‍ ആവേശത്തിലായി. ഇന്ത്യന്‍ വിപണിയും ആവേശം ഉള്‍ക്കൊണ്ടു റെക്കോര്‍ഡുകള്‍ തിരുത്തി. ഇന്നും കയറ്റം തുടരും എന്ന വിശ്വാസത്തിലാണ് ബുള്ളുകള്‍.
ഇന്ന് ഇന്ത്യയിലെ മൊത്തവിലക്കയറ്റ കണക്കു വരും. കയറ്റിറക്കുമതി കണക്കുകളും ഇന്നു പുറത്തുവിടും. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ എഫ്ഒഎംസി ഇന്നാരംഭിക്കുന്ന യോഗം എടുക്കുന്ന തീരുമാനം നാളെ രാത്രി അറിവാകും. അതു തുടര്‍ന്നുള്ള വിപണിഗതിയെ നിയന്ത്രിക്കും.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വാരാന്ത്യത്തില്‍ 25,500 ല്‍ ക്ലോസ്‌ചെയ്തു. ഇന്നു രാവിലെ 25,490 ലേക്കു താണു. ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ഭിന്നദിശകളിലായി. പലിശ നിരക്ക് എത്ര കുറയ്ക്കും എന്ന ആശങ്ക വിപണിയില്‍ ഉണ്ട്.
യുഎസ് വിപണിയും തിങ്കളാഴ്ച ഭിന്ന ദിശകളിലായി. ഡൗ ജോണ്‍സ് ഉയര്‍ന്ന് റെക്കോര്‍ഡ് ക്ലോസിംഗ് നടത്തി. എന്നാല്‍ ആപ്പിളും ചില ചിപ്പ് ഓഹരികളും ഇടിഞ്ഞപ്പോള്‍ നാസ്ഡാക് നഷ്ടത്തിലായി. ബുധനാഴ്ച യുഎസ് ഫെഡ് പലിശ 0.5 ശതമാനം കുറയ്ക്കും എന്ന അമിത പ്രതീക്ഷയിലാണു വിപണി.
ഈ വര്‍ഷം 54 ശതമാനം ഇടിഞ്ഞ ഇന്റല്‍ കമ്പനി ഇന്നലെ വ്യാപാര സമയത്ത് 6.36 ശതമാനവും പിന്നീടുളള വ്യാപാരത്തില്‍ 7.83 ശതമാനവും ഉയര്‍ന്നു. ഫൗണ്ട്‌റി ബിസിനസിനെ സബ്‌സിഡിയറി ആക്കാന്‍ തീരുമാനിച്ചതും ഗവണ്മെന്റില്‍ നിന്നും 300 കോടി ഡോളര്‍ സബ്‌സിഡി കിട്ടുന്നതും ആണ് ഈ കുതിപ്പിനു കാരണം. ഐഫോണ്‍ 16 നു ഡിമാന്‍ഡ് കുറവാണെന്ന് ബാങ്ക് ഓഫ് അമേരിക്കയും ജെപി മോര്‍ഗനും റിപ്പോര്‍ട്ട് ചെയ്തത് ആപ്പിള്‍ ഓഹരിയെ 2.8 ശതമാനം ഇടിച്ചു. എന്‍വിഡിയയും രണ്ടു ശതമാനം താണു.
ഡൗ ജോണ്‍സ് സൂചിക 228.30 പോയിന്റ് (0.55%) ഉയര്‍ന്ന് 41,622.08 എന്ന റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 7.07 പോയിന്റ് (0.13%) കയറി 5,633.09 ല്‍ അവസാനിച്ചു. നാസ്ഡാക് സൂചിക 91.85 പോയിന്റ് (0.52%) നഷ്ടത്തോടെ 17,592.13 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.05 ഉം എസ് ആന്‍ഡ് പി 0.08 ഉം നാസ്ഡാക് 0.06 ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു.
യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില 3.625 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.
ഏഷ്യന്‍ വിപണികള്‍ ഭിന്ന ദിശകളിലായി. ജപ്പാനില്‍ നിക്കൈ ഒന്നര ശതമാനം ഇടിഞ്ഞു. ഈയാഴ്ച ബാങ്ക് ഓഫ് ജപ്പാന്‍ പലിശ കൂട്ടുമെന്ന അഭ്യൂഹവും യെന്നിന്റെ കയറ്റവുമാണു കാരണം.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി തിങ്കളാഴ്ച ഉയര്‍ന്നു വ്യാപാരം തുടങ്ങിയിട്ടു പിന്നീടു ചാഞ്ചാടി ചെറിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. എഫ്എംസിജിയും ഐടിയും ഒഴികെ എല്ലാ മേഖലകളും ഉയര്‍ന്നു.
എന്‍എസ്ഇയില്‍ 1448 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1354 ഓഹരികള്‍ താണു. ബിഎസ്ഇയില്‍ 2185 എണ്ണം കയറി, 1927 എണ്ണം താഴ്ന്നു.
തിങ്കളാഴ്ച സെന്‍സെക്‌സ് 97.84 പാേയിന്റ് (0.12%) ഉയര്‍ന്ന് 82,988.78 ല്‍ ക്ലാേസ് ചെയ്തു. നിഫ്റ്റി 27.25 പോയിന്റ് (0.11%) കയറി 25,383.75 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.41% (215.10 പോയിന്റ്) കയറി 52,153.15 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.38 ശതമാനം കയറി 60,259.75 ലും സ്‌മോള്‍ ക്യാപ് സൂചിക 0.16% ഉയര്‍ന്ന് 19,537.75 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 1634.98 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 754.09 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഇന്നലെ ഐപിഒ വിലയേക്കാള്‍ 114 ശതമാനം ഉയര്‍ന്നു ലിസ്റ്റ് ചെയ്തു. വില പിന്നീടും കൂടി. എന്നാല്‍ കമ്പനിയുടെ പ്രൊമോട്ടര്‍ കമ്പനികളായ ബജാജ് ഫിനാന്‍സും ബജാജ് ഫിന്‍സെര്‍വും താണു.
നിഫ്റ്റി 25,400 നു മുകളില്‍ കരുത്തോടെ കയറി ക്ലോസ് ചെയ്താല്‍ വിപണിക്കു കുതിപ്പ് സാധിക്കും എന്നാണു വിലയിരുത്തല്‍. ഇന്നു നിഫ്റ്റിക്ക് 25,350 ലും 25,320 ലും പിന്തുണ ഉണ്ട്. 25,430 ഉം 25,460 ഉം തടസങ്ങളാകും.
സ്വര്‍ണം ഉയരത്തില്‍
സ്വര്‍ണം റെക്കോര്‍ഡ് ഉയരങ്ങളിലൂടെ കയറ്റം തുടരുകയാണ്. പലിശ കുറയ്ക്കല്‍ പ്രഖ്യാപനത്തോടെ ഔണ്‍സിന് 2,600 ഡോളര്‍ കടന്നു നീങ്ങും എന്നാണു വിപണിയുടെ നിഗമനം. ഡിസംബര്‍ അവധിവില 2,614 ഡോളര്‍ ആയി. 3,000 ഡോളര്‍ അകലെയല്ല എന്നാണു വിപണിയിലെ സംസാരം. പലിശ താഴുമ്പോള്‍ വലിയ നിക്ഷേപകര്‍ കടപ്പത്രങ്ങള്‍ വിട്ടു സ്വര്‍ണത്തിലേക്കും ഓഹരികളിലേക്കും തിരിയും.
തിങ്കളാഴ്ച സ്വര്‍ണം അല്‍പം ഉയര്‍ന്ന് ഔണ്‍സിന് 2,583 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,584 ഡോളറിലാണ്.
കേരളത്തില്‍ സ്വര്‍ണവില തിങ്കളാഴ്ച പവന് 120 രൂപ കൂടി 55,040 രൂപയില്‍ എത്തി. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നതിനു മുന്‍പ് മേയ് 20 ന് എത്തിയ 55,120 രൂപയിലേക്ക് 80 രൂപ അകലം മാത്രമേ ഉള്ളൂ.
വെള്ളിവില ഔണ്‍സിന് 30.65 ഡോളറിലേക്ക് താഴ്ന്നു..
ഡോളര്‍ സൂചിക തിങ്കളാഴ്ച താഴ്ന്ന് 100.76 ല്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.68 ലേക്കു താഴ്ന്നു. പലിശ കുറയും എന്ന പ്രതീക്ഷയിലാണിത്.
ഡോളര്‍ സൂചിക താഴ്ന്നിട്ടും രൂപയ്ക്കു നേട്ടമുണ്ടായില്ല. തിങ്കളാഴ്ച ഡോളര്‍ 83.89 രൂപയില്‍ തന്നെ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍
ക്രൂഡ് ഓയില്‍ വില കയറുകയാണ്. ബ്രെന്റ് ഇനം തിങ്കളാഴ്ച ഉയര്‍ന്ന് 72.75 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 72.93 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 70.47 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 73.18 ഉം ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ അല്‍പം കൂടി താഴ്ന്നു. ബിറ്റ്‌കോയിന്‍ 58,200 ഡോളര്‍ വരെ എത്തി. എന്നാല്‍ ഈഥര്‍ 2,360 ഡോളറിലേക്കു കയറി.
പലിശ കുറയുമെന്ന് കണക്കാക്കി വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ കുതിച്ചു. ചെമ്പ് 2.03 ശതമാനം കയറി ടണ്ണിന് 9264.82 ഡോളറില്‍ എത്തി. അലൂമിനിയം 3.64 ശതമാനം ഉയര്‍ന്ന് ടണ്ണിന് 2528.35 ഡോളര്‍ ആയി. നിക്കല്‍ 1.44 ഉം സിങ്ക് 4.00 ഉം ലെഡ് 1.42 ഉം ടിന്‍ 0.13 ശതമാനവും വര്‍ധിച്ചു.
വിപണിസൂചനകള്‍
(2024 സെപ്റ്റംബര്‍ 16, തിങ്കള്‍)
സെന്‍സെക്‌സ് 30 82,988.78 +0.12%
നിഫ്റ്റി50 25,383.75 +0.11%
ബാങ്ക് നിഫ്റ്റി 52,153.15 + 0.41%
മിഡ് ക്യാപ് 100 60,259.75 +0.38%
സ്‌മോള്‍ ക്യാപ് 100 19,537.75 +0.16%
ഡൗ ജോണ്‍സ് 30 41,622.08
+0.55%
എസ് ആന്‍ഡ് പി 500 5633.09 +0.13%
നാസ്ഡാക് 17,592.13 -0.52%
ഡോളര്‍($) ₹83.89 ?0.00
ഡോളര്‍ സൂചിക 100.76 -0.35
സ്വര്‍ണം (ഔണ്‍സ്) $2583.00 +$04.30
സ്വര്‍ണം (പവന്‍) ₹55,040 +?120
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $72.75 +$00.92