തിരുത്തൽ ഭീതിയിൽ വിപണി; ജി.ഡി.പി വളർച്ച കുറയുമെന്ന് ആശങ്ക; വാഹനവിപണി ദുർബലം; ബാങ്കുകൾക്കു ലാഭം കുറയുമോ?

2700 ഡോളർ കടന്ന് സ്വർണം

Update:2024-10-18 07:26 IST

IMAGE: CANVA

വിപണി തിരുത്തൽ മേഖലയിലേക്കു നീങ്ങുന്നു എന്നു കരുതിയ മുൻ അവസരങ്ങളിൽ ശക്തമായി തിരിച്ചു കയറിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ തിരുത്തൽ അനിവാര്യം എന്ന നിലയിലാണ് കാര്യങ്ങൾ. രണ്ടാം പാദ ജിഡിപി വളർച്ച കുറവാകും എന്ന നിഗമനവും വാഹന വിൽപനയിലെ മാന്ദ്യവും അതിലേക്കാണു വിരൽ ചൂണ്ടുന്നത്. ബാങ്കുകളുടെ ലാഭം കുറയും എന്നതും വിപണിയെ ആശങ്കയിലാക്കുന്നു. പലിശ കുറയ്ക്കൽ പോലെ എന്തെങ്കിലും ഉത്തേജകം ദീപാവലിക്കാലത്തു പ്രഖ്യാപിച്ചാലേ വിപണിക്കു തിരിച്ചു കയറാനാകൂ എന്നാണു വിലയിരുത്തൽ.

ഇന്നലെ ഹ്യുണ്ടായി മോട്ടാേർ ഐപിഒ കടന്നു കൂടിയത് ധനകാര്യ സ്ഥാപനങ്ങൾ സഹായിച്ചിട്ടാണ്. റീട്ടെയിൽ നിക്ഷേപകർ ഇതിൽ വലിയ താൽപര്യം എടുത്തില്ല. ഗ്രേ (അനധികൃത) വിപണിയിൽ ഓഹരിയുടെ പ്രീമിയം ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.

ഇൻഫോസിസ് ടെക്നോളജീസ് ഇന്നലെ പ്രഖ്യാപിച്ച റിസൽട്ട് വിപണിയുടെ പ്രതീക്ഷയ്ക്കൊപ്പം വന്നില്ല. വരുമാന, ലാഭ വളർച്ചകൾ കുറവായി. ലാഭമാർജിനും കുറഞ്ഞു. ആശ്വാസകരമായ ഏക കാര്യം കൂടുതൽ ഓർഡറുകളും കരാറുകളും ലഭിച്ചിട്ടുള്ളത് വരും പാദങ്ങളിൽ നേട്ടമാകും എന്നതു മാത്രമാണ്. വരുമാന പ്രതീക്ഷ കൂട്ടിയിട്ടുണ്ട്.

വിപ്രാേയുടെ റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. വരുമാനം കുറഞ്ഞെങ്കിലും ലാഭമാർജിൻ കൂടി. ലാഭം 21 ശതമാനം ഉയർന്നു. കമ്പനി ഒരോഹരിക്ക് ഒന്നു വച്ച് ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. അടുത്ത പാദത്തിലെ വരുമാന പ്രതീക്ഷ അൽപം ഉയർത്തി.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,758 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 25,740 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു വലിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച കുതിച്ചു. യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) പലിശ കാൽ ശതമാനം കുറച്ചതാണു വിപണിയെ സഹായിച്ചത്. ഈ വർഷം മൂന്നാമത്തെ കുറയ്ക്കലാണിത്. ഡിസംബറിലും കുറയ്ക്കുമെന്നു വിപണി കരുതുന്നു.

സെപ്റ്റംബറിൽ യൂറോ ഏരിയയിലെ ചില്ലറ വിലക്കയറ്റം 1.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വിലക്കയറ്റം കൂടാനല്ല കുറയാനാണു സാധ്യത എന്ന് ഇസിബി പ്രസിഡൻ്റ് ക്രിസ്റ്റീൻ ലഗാർഡ് ഇന്നലെ പറഞ്ഞു.

യുഎസ് വിപണികൾ ഇന്നലെ സമ്മിശ്രമായിരുന്നു. ഡൗ ജോൺസ് പുതിയ റെക്കോർഡ് ഉയരത്തിൽ എത്തി. എസ് ആൻഡ് പി ഇൻട്രാ ഡേയിൽ റെക്കോർഡ് കുറിച്ചെങ്കിലും നാമമാത്രമായി താഴ്ന്ന് അവസാനിച്ചു. ചിപ് നിർമാണ കമ്പനികളുടെ തിരിച്ചു വരവിൽ നാസ്ഡാക് അൽപം ഉയർന്നു. എൻവിഡിയ ഓഹരി 140.89 ഡോളർ എന്ന റെക്കോർഡ് കുറിച്ചിട്ട് ലാഭമെടുക്കലിനെ തുടർന്ന് ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു.

യുഎസ് റീട്ടെയിൽ വിൽപന സെപ്റ്റംബറിൽ 0.4 ശതമാനം വർധിച്ചു. പ്രതീക്ഷ 0.3 ശതമാനം ആയിരുന്നു. പ്രതിവാര തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷകൾ ഗണ്യമായി കുറഞ്ഞ് 2.41 ലക്ഷം ആയി. ഇതെല്ലാം യുഎസ് ഫെഡിന് പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂലമായ കണക്കുകളാണ്.

ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 161.35 പോയിൻ്റ് (0.37%) ഉയർന്ന് 43,239.10 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി ഒരു പോയിൻ്റ് (0.02%) കുറഞ്ഞ് 5841.47-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 6.53 പോയിൻ്റ് (0.04%) കയറി 18,373.60 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡൗ 0.03 ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.21 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.091 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജാപ്പനീസ് വിപണി 0.30 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.70 ശതമാനം താഴ്ന്നു.

ചൈനയിലെ പാർപ്പിട മേഖലയ്ക്കു പ്രഖ്യാപിച്ച പുതിയ പാക്കേജ് വേണ്ടത്ര ആയില്ലെന്ന് ഇന്നലെ വിപണി പ്രതികരിച്ചു. റിയൽറ്റി ഓഹരികൾ എട്ടു ശതമാനം വരെ ഇടിഞ്ഞു. ഇന്നും ചൈനീസ് ഓഹരികൾ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വ്യാഴാഴ്ച ചെറിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടു ഗണ്യമായി താഴ്ന്ന് അവസാനിച്ചു. ഐടി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. റിയൽറ്റി സൂചിക 3.76ഉം വാഹന സൂചിക 3.54 ഉം ശതമാനം ഇടിഞ്ഞു. രണ്ടാം പാദ ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവാകും എന്നു വ്യവസായ ഉൽപാദനമടക്കം പുറത്തുവരുന്ന പല കണക്കുകളും കാണിക്കുന്നു. വാഹന വിൽപനയിലും മാന്ദ്യം ഉണ്ട്. ഉത്സവസീസൺ തുടങ്ങിയിട്ടും വാഹനങ്ങൾ, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽ എസ്റ്റേറ്റ് വിൽപനയിൽ ഉണർവ് വരുന്നില്ല. ബാങ്കുകളുടെ ലാഭക്ഷമത കുറയുന്നതായും അനാലിസ്റ്റുകൾ വിലയിരുത്തുന്നു. ഇതെല്ലാം ഓഹരികളെ വരും നാളുകളിൽ താഴ്ത്തുമെന്നാണു വിശകലനം.

ബജാജ് ഓട്ടോ ഓഹരി 13.11 ശതമാനം താഴ്ചയിൽ അവസാനിച്ചു. രണ്ടാം പാദ ലാഭം കുറഞ്ഞതിനൊപ്പം ഉത്സവകാല വിൽപന പിന്നാക്കം പോയതു കമ്പനിക്കു വലിയ തിരിച്ചടിയായി. നൈജീരിയയുടെ സാമ്പത്തിക പ്രശ്നങ്ങൾ കയറ്റുമതി 6 മേഖലയിൽ കമ്പനിക്കു ബുദ്ധിമുട്ടായി തുടരുന്നു.

മറ്റു വാഹന കമ്പനികളും ക്ഷീണത്തിലാണ്. ഹീറോ മോട്ടോ കോർപ് 3.39ഉം ടിവിഎസ് മോട്ടോഴ്സ് 3.43ഉം ശതമാനം താഴ്ന്നു. മാരുതി 2.23 ഉം ഐഷർ 0.99 ഉം അശോക് ലെയ്ലൻഡ് 2.17 ഉം ടാറ്റാ മോട്ടോഴ്സ് 1.45ഉം മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3.52ഉം ശതമാനം ഇടിഞ്ഞു. വാഹന വിൽപനയിൽ കാര്യമായ മാന്ദ്യം ഉള്ളതായി ഡീലർമാർ പറയുന്നു. രജിസ്ട്രേഷൻ കണക്കുകളും ഗണ്യമായ ഇടിവ് കാണിക്കുന്നുണ്ട്.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ വിൽപന വർധിപ്പിച്ചു. ക്യാഷ് വിപണിയിൽ അവർ 7421.40 കോടി രൂപയുടെ അറ്റവിൽപന നടത്തി. തലേ ദിവസത്തേതിൻ്റെ ഇരട്ടിയാണിത്. ഒക്ടോബറിൽ വിദേശികളുടെ വിൽപന 74,732.20 കോടി രൂപയായി. പ്രതിമാസ വിദേശിവിൽപനയിൽ ഇതു റെക്കോർഡ് ആണ്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4979.83 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

വ്യാഴാഴ്ച എൻഎസ്ഇയിൽ 722 ഓഹരികൾ ഉയർന്നപ്പോൾ 2050 ഓഹരികൾ താണു. ബിഎസ്ഇയിൽ 1219 എണ്ണം കയറി, 2754 എണ്ണം താഴ്ന്നു.

ഇന്നലെ സെൻസെക്സ് 494.75 പാേയിൻ്റ് (0.61%) താഴ്ന്ന് 81,006.61 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 221.45 പോയിൻ്റ് (0.89%) ഇടിഞ്ഞ് 24,749.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 512.25 പോയിൻ്റ് (0.99%) താഴ്ന്ന് 51,288.80 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.66 ശതമാനം ഇടിഞ്ഞ് 58,465.95 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 1.24% താഴ്ന്ന് 19,065.95 ൽ വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ ബുള്ളുകൾ തീർത്തും ദുർബലരായി. വിദേശ നിക്ഷേപകർ വിൽപന കൂട്ടിയപ്പോൾ അതേ തോതിൽ ആഭ്യന്തര നിക്ഷേപം വരുന്നില്ല. നിഫ്റ്റി 24,700 ലെ പിന്തുണ നഷ്ടപ്പെടുത്തിയാൽ 24,550 ലാണ് അടുത്ത പിന്തുണ.

ഇന്നു നിഫ്റ്റിക്ക് 24,720 ലും 24,650 ലും പിന്തുണ ഉണ്ട്. 24,950 ഉം 25,020 ഉം തടസങ്ങളാകും.

സ്വർണം 2700 ഡോളർ കടന്നു

നവംബറിൽ പലിശ കാൽ ശതമാനം കുറയ്ക്കും എന്ന പ്രതീക്ഷയോടൊപ്പം യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അനിശ്ചിതത്വവും സ്വർണത്തെ ദിവസേന പുതിയ റെക്കോർഡ് നിലയിലേക്കു കയറ്റുകയാണ്. വ്യാഴാഴ്ച സ്വർണം സ്പാേട്ട് വിപണിയിൽ ഔൺസിന് 2697.90 ഡോളർ വരെ എത്തി. പിന്നീട് 2693.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2706 ഡോളറിലാണു സ്വർണം. സ്വർണക്കുതിപ്പ് തുടരും എന്നാണു വിപണിയുടെ വിലയിരുത്തൽ. ഡിസംബർ അവധിവില 2719 ഡോളർ വരെ കയറി.

കേരളത്തിൽ സ്വർണവില ഇന്നലെ 160 രൂപ വർധിച്ച് പവന് 57,280 രൂപ എന്ന റെക്കോർഡിൽ എത്തി. വില ഇന്നും ഗണ്യമായി കൂടും.

വെള്ളിവില കയറി ഔൺസിന് 31.70 ഡോളർ ആയി.

ഡോളർ കൂടുതൽ ഉയർന്നു. ഡോളർ സൂചിക വ്യാഴാഴ്ച 103.83 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 103.77 ലേക്കു താണു.

ഇന്ത്യൻ രൂപ ഇന്നലെയും ദുർബലമായി. ഡോളർ ഏഴു പൈസ കയറി 84.07 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നു വീണ്ടും സമ്മർദത്തിലാകും.

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ബുധനാഴ്ച 74.45 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 74.67 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 70.90 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.30 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 67,350 ഡോളറിനു താഴെയായി. ഈഥർ 2600 ഡോളർ വരെ താഴ്ന്നു.

പാർപ്പിട മേഖലയ്ക്കു ചൈന ഇന്നലെ പ്രഖ്യാപിച്ച 57,200 കോടി ഡോളറിൻ്റെ പാക്കേജ് അപര്യാപ്തമാണെന്ന വിലയിരുത്തലിലാണു ലോഹ വിപണി.വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഇടിഞ്ഞു. ചെമ്പ് 0.36 ശതമാനം താഴ്ന്നു ടണ്ണിന് 9384.75 ഡോളറിൽ എത്തി. അലൂമിനിയം 1.18 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2553.50 ഡോളർ ആയി. ലെഡ് 0.61 ഉം ടിൻ 3.54 ഉം സിങ്ക് 2.08 ഉം നിക്കൽ 2.60 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 17, വ്യാഴം)

സെൻസെക്സ് 30 81,006. 61 -0.61%

നിഫ്റ്റി50 24,749.85 -0.89%

ബാങ്ക് നിഫ്റ്റി 51,288.80 -0.99%

മിഡ് ക്യാപ് 100 58,465.95 -1.66%

സ്മോൾ ക്യാപ് 100 19,065.95 -1.24%

ഡൗ ജോൺസ് 30 43,239.10

+0.37%

എസ് ആൻഡ് പി 500 5841.47 -0.02%

നാസ്ഡാക് 18,373.60 +0.04%

ഡോളർ($) ₹84.07 +₹0.07

ഡോളർ സൂചിക 103.83 +0.24

സ്വർണം (ഔൺസ്) $2693.50 +$18.30

സ്വർണം (പവൻ) ₹57,280 +₹160

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.45 +$00.25

Tags:    

Similar News