വിപണികളുടെ കുതിപ്പിൽ ഇന്ത്യ വേറിട്ടു നിന്നു; പ്രതീക്ഷ വിടാതെ ബുള്ളുകൾ; ഏഷ്യൻ വിപണികൾ കയറ്റം തുടരുന്നു; സ്വർണം കയറുന്നു

Update:2024-09-20 07:50 IST
ഇന്നലെ മറ്റു രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യൻ വിപണി നേട്ടങ്ങൾ നിലനിർത്താതെ ക്ലോസ് ചെയ്തു. ഏഷ്യയും യൂറോപ്പും പിന്നീട് അമേരിക്കയും വലിയ കുതിപ്പ് നടത്തിയ ദിവസം ഇന്ത്യൻ വിപണി നേരിയ നേട്ടം മാത്രം കുറിച്ചു. വിശാല വിപണിയാകട്ടെ വലിയ താഴ്ചയിലുമായി. എങ്കിലും നിർണായക കയറ്റം സാധിക്കുമെന്ന പ്രതീക്ഷയിലാണു ബുള്ളുകൾ.
ഇന്ത്യൻ ഓഹരികൾ വലിയ വിലയിലാണെന്നു വിമർശിക്കുന്ന വിദേശ ഫണ്ടുകൾ ബ്രസീലും ഫിലിപ്പീൻസും പോലുള്ള രാജ്യങ്ങളിലേക്കാണു പണം നീക്കുന്നത്. പലിശ കുറയ്ക്കൽ പ്രഖ്യാപനത്തിനു വലിയ ചലനം ഉണ്ടാക്കാൻ കഴിയാത്തത് അതു കൊണ്ടാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,560 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 25,528 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്ന് ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച മികച്ച കയറ്റം നടത്തി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മാറ്റിയില്ല. സേവന വിലക്കയറ്റം ഉയർന്നു നിൽക്കുന്നതായി ബാങ്ക് ചൂണ്ടിക്കാട്ടി. നവംബറിൽ ബാങ്ക് വീണ്ടും നിരക്ക് കുറയ്ക്കുമെന്നാണു പ്രതീക്ഷ. യുഎസ് ഫെഡ് തീരുമാനം ഉചിതമായി എന്ന വികാരമാണു വിപണിയിൽ കണ്ടത്.
പലിശ അര ശതമാനം കുറച്ചതിനെ തുടർന്ന് ചാഞ്ചാടിയ യുഎസ് വിപണി ഇന്നലെ ശക്തമായ കുതിപ്പ് നടത്തി. ഡൗ ജോൺസ് ആദ്യമായി 42,000 നു മുകളിലും എസ് ആൻഡ് പി ആദ്യമായി 5700 നു മുകളിലും ക്ലോസ് ചെയ്തു.
സാവധാനം നീങ്ങാനുള്ള ഫെഡ് തീരുമാനം സമ്പദ്ഘടനയെ സുരക്ഷിതമായി നയിക്കുമെന്ന പ്രതീക്ഷ ശരിവയ്ക്കുന്നതായി തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷകളുടെ കണക്ക്. 2.19 ലക്ഷം പേരാണു കഴിഞ്ഞ ആഴ്ച അപേക്ഷിച്ചത്. ഇതു മുൻ ആഴ്ചത്തേക്കാളും വിപണിയുടെ നിഗമനത്തേക്കാളും ഗണ്യമായി കുറവാണ്.
ടെക് ഓഹരികൾ ഇന്നലെ കുതിച്ചു. എൻവിഡിയ നാലും എഎംഡി ആറും മെറ്റാ പ്ലാറ്റ്ഫോംസ് 3.9 ഉം ശതമാനം കയറി.
ഡൗ ജോൺസ് സൂചിക 522.09 പോയിൻ്റ് (1.26%) ഉയർന്ന് 42,025.19 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 95.38 പോയിൻ്റ് (1.70%) കയറി 5713.64 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 440.68 പോയിൻ്റ് (2.51%) കുതിച്ച് 18,013.98 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ഡൗ 0.07 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.22 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
വിപണിസമയം കഴിഞ്ഞ ശേഷമുള്ള വ്യാപാരത്തിൽ, വാർഷിക വരുമാന പ്രതീക്ഷ താഴ്ത്തിയ ഫെഡെക്സ് ഓഹരി 11 ശതമാനം ഇടിഞ്ഞു. സിഇഒ ജോൺ ഡോണാഹോ ഒക്ടോബറിൽ സ്ഥാനമൊഴിയും എന്നും എലിയട്ട് ഹിൽ സിഇഒ ആകുമെന്നും നൈകീ കമ്പനി അറിയിച്ചതിനെ തുടർന്ന് ഓഹരി ഒൻപതു ശതമാനം കുതിച്ചു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.711 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.
ഏഷ്യൻ വിപണികൾ ഇന്നും ഉയർന്നു. ജപ്പാനിൽ നിക്കെെ രണ്ടു ശതമാനം കയറി.

ഇന്ത്യന്‍ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ച തുടക്കത്തിൽ കുതിച്ചു കയറിയിട്ടു വിൽപനസമ്മർദം മൂലം ഇടിഞ്ഞു നേരിയ നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റിയും സെൻസെക്സും വ്യാപാരത്തിനിടെ റെക്കോർഡുകൾ തിരുത്തി. സെൻസെക്സ് 83,773.61 ഉം നിഫ്റ്റി 25,611.95 ഉം വരെ കയറി.
സെൻസെക്സ് ക്ലോസിംഗും റെക്കോർഡിലാണ്.
എൻഎസ്ഇയിൽ 908 ഓഹരികൾ ഉയർന്നപ്പോൾ 1885 ഓഹരികൾ താണു. ബിഎസ്ഇയിൽ 1255 എണ്ണം കയറി, 2722 എണ്ണം താഴ്ന്നു.
വ്യാഴാഴ്ച സെൻസെക്സ് 236.57 പാേയിൻ്റ് (0.29%) കയറി 83,184.80 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 38.30 പോയിൻ്റ് (0.15%) ഉയർന്ന് 25,415.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.54% (287.20 പോയിൻ്റ്) കയറി 53,037.60 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.67 ശതമാനം താഴ്ന്ന് 59,351.90 ലും സ്മോൾ ക്യാപ് സൂചിക 1.26% ഇടിഞ്ഞ് 19,144.85 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 2547.53 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2012.86 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഓയിൽ - ഗ്യാസ്, മീഡിയ, മെറ്റൽ, ഫാർമ, ഐടി മേഖലകൾ ഇന്നലെ താഴ്ന്നു. റിയൽറ്റി, ഓട്ടോ, ബാങ്ക്, ധനകാര്യ സേവന മേഖലകൾ ഉയർന്നു.
എഫ്എംസിജി കമ്പനികൾ ഇന്നലെ നല്ല നേട്ടം കാഴ്ചവച്ചു. റീട്ടയിൽ കമ്പനികളും നേട്ടത്തിലായി. സ്പെൻസേഴ്സ് റീട്ടെയിൽ 11 ശതമാനം കയറി.
എജിആർ കുടിശിക സംബന്ധിച്ച വിധിയിൽ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയതിനെ തുടർന്നു വോഡഫോൺ ഐഡിയ 20 ശതമാനം ഇടിഞ്ഞു. വോഡഫോൺ ഐഡിയയ്ക്ക് 70,000 കോടിയും എയർ ടെലിനു 30,000 കോടിയും ബാധ്യത വരുത്തുന്നതാണു വിധി.
ഇൻഡസ് ടവേഴ്സ് ഒൻപതു ശതമാനം താഴ്ന്നു.
ബജാജ് ഹൗസിംഗ് ഫിനാൻസ് രണ്ടു ദിവസം കൊണ്ട് ഒൻപതു ശതമാനം താഴ്ന്നു. ഇന്നലെ ഏഴര ശതമാനമായിരുന്നു ഇടിവ്.
ഓയിൽ ഇന്ത്യ, ഗെയിൽ, എച്ച്എഎൽ, എഫ്എസിടി, ഭാരത് ഇലക്ട്രോണിക്സ്, ഭാരത്
ഡൈനമിക്സ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്നലെ ഇടിഞ്ഞു.
ലാഭമെടുക്കലിൽ താഴ്ന്നെങ്കിലും വിപണിയുടെ ബുള്ളിഷ് മനോഭാവം മാറിയിട്ടില്ല എന്നാണു പൊതു നിരീക്ഷണം.
ഇന്നു നിഫ്റ്റിക്ക് 25,375 ലും 25,325 ലും പിന്തുണ ഉണ്ട്. 25,560 ഉം 25,615 ഉം തടസങ്ങളാകും.

സ്വർണം കയറി

പലിശ കുറയ്ക്കൽ പ്രഖ്യാപിച്ച ഉടനെ കയറിയിറങ്ങിയ സ്വർണം ഇന്നലെ വീണ്ടും കുതിച്ചുകയറി. ഔൺസിന് 2586.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2587 ഡോളറിലാണ്.
ഡിസംബർ അവധിവില 2615 ഡോളർ ആയി.
കേരളത്തിൽ സ്വർണവില ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 54,600 രൂപയിൽ എത്തി. ഇന്നു വില കയറാം.
വെള്ളിവില ഔൺസിന് 30.85 ഡോളറിലേക്ക് കയറി.
ഡോളർ സൂചിക വ്യാഴാഴ്ച വലിയ ചാഞ്ചാട്ടം നടത്തിയിട്ടു 100.61ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.59 ലേക്കു താണു.
ഡോളർ സൂചിക ചാഞ്ചാടിയെങ്കിലും ഇന്നലെ ഇന്ത്യൻ രൂപ ബലപ്പെട്ടു. ഡോളർ ഏഴു പെെസ താഴ്ന്ന് 83.68 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില ഇന്നലെ ഉയർന്നു. ബ്രെൻ്റ് ഇനം രണ്ടര ശതമാനം കയറി 74.88 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 74.60 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 72.01 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.64 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 63,000 ഡോളർ വരെ കയറി. ഈഥർ 2360 ഡോളറിലേക്കു താഴ്ന്നു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഉയർന്നു. ചെമ്പ് 1.32 ശതമാനം ഉയർന്നു ടണ്ണിന് 9388.05 ഡോളറിൽ എത്തി. അലൂമിനിയം 0.11 ശതമാനം കയറി ടണ്ണിന് 2539.25 ഡോളർ ആയി. നിക്കൽ 0.82 ഉം സിങ്ക് 0.10 ഉം ലെഡ് 0.76 ഉം ടിൻ 0.99 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 സെപ്റ്റംബർ 19, വ്യാഴം)
സെൻസെക്സ് 30 83,184.80 +0.29%
നിഫ്റ്റി50 25,415.80 +0.15%
ബാങ്ക് നിഫ്റ്റി 53,037.05 +0.54%
മിഡ് ക്യാപ് 100 59,351.90 -0.67%
സ്മോൾ ക്യാപ് 100 19,144.85 -1.26%
ഡൗ ജോൺസ് 30 42,025.19
+1.26%
എസ് ആൻഡ് പി 500 5713.64 +1.70%
നാസ്ഡാക് 18,013.98 +2.51%
ഡോളർ($) ₹83.68 -₹0.07
ഡോളർ സൂചിക 100.61 +0.01
സ്വർണം (ഔൺസ്) $2586.10 +$26.90
സ്വർണം (പവൻ) ₹54,600 -₹200
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.88 +$02.08
Tags:    

Similar News