ആവേശത്തിൽ ബുള്ളുകൾ; സൂചികകൾക്കു പുതിയ ലക്ഷ്യവിലയുമായി വിദേശ ഫണ്ടുകൾ; വിപണിയിലേക്കു പണമൊഴുകുന്നു; സ്വർണം കുതിപ്പിൽ
ഇന്ത്യൻ വിപണി ആവേശത്തിലാണ്. പാശ്ചാത്യ വിപണികൾ വെള്ളിയാഴ്ചയും ഏഷ്യൻ വിപണികൾ ഇന്നു രാവിലെയും താണെങ്കിലും ഇവിടെ കയറ്റം തുടരാനുള്ള ഒരുക്കത്തിലാണു ബുള്ളുകൾ. നിഫ്റ്റിക്കും സെൻസെക്സിനും പുതിയ ലക്ഷ്യ വിലയുമായി വിദേശ ഫണ്ടുകളും സജീവമായി രംഗത്തുണ്ട്. റീട്ടെയിൽ നിക്ഷേപകരും സജീവമായി പണം ഇറക്കുന്നുണ്ട്.
ഈയാഴ്ച യുഎസ് ജിഡിപി കണക്കും ഫാക്ടറി ഉൽപാദനത്തിൻ്റെയും സേവനമേഖലയുടെയും പിഎംഐ സൂചികയും വരും. ഇന്ത്യയിൽ സെപ്റ്റംബറിലെ ഫാക്ടറി ഉൽപാദന സൂചിക ഇന്നറിയാം. ഓഗസ്റ്റിൽ ഉൽപാദന സൂചിക താഴോട്ടായിരുന്നു
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,832.5 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 25,920 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണികള്‍
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച വലിയ നഷ്ടത്തിലാണ് അവസാനിച്ചത്. തലേന്നത്തെ നേട്ടമെല്ലാം നഷ്ടപ്പെടുത്തി. ചൈനീസ് ഡിമാൻഡ് കുറയുന്നതിൻ്റെ പേരിൽ മെഴ്സിഡീസ് ആദ്യം എട്ടു ശതമാനം വരെ ഇടിഞ്ഞു. മറ്റു വാഹന കമ്പനികളും താഴ്ന്നു. ടെക്നോളജി ഓഹരികളും വീഴ്ചയിലായി.
വ്യാഴാഴ്ച കുതിച്ച യുഎസ് വിപണി വെള്ളിയാഴ്ച ഭിന്ന ദിശകളിലായി. ഡൗ അൽപം ഉയർന്നു റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പിയും നാസ്ഡാകും ലാഭമെടുക്കൽ മൂലം നഷ്ടത്തിൽ അവസാനിച്ചെങ്കിലും പ്രതിവാര നേട്ടം കാണിച്ചു.
ഡൗ ജോൺസ് സൂചിക 38.17 പോയിൻ്റ് (0.09%) ഉയർന്ന് 42,063.36 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 11.09 പോയിൻ്റ് (0.19%) താഴ്ന്ന് 5702.55 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 65.60 പോയിൻ്റ് (0.36%) കുറഞ്ഞ് 17,948.32 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റത്തിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.28 ഉം നാസ്ഡാക് 0.54 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
മൈക്രോ ചിപ് മേഖലയിലെ പഴയ കുത്തകകമ്പനി ഇൻ്റൽ കഴിഞ്ഞയാഴ്ച 11 ശതമാനം ഉയർന്നു. ഈ വർഷം ഇതുവരെ കമ്പനി 54 ശതമാനം ഇടിവിലാണ്. കമ്പനി ചിപ്പ് നിർമാണ യൂണിറ്റ് വിൽക്കുന്നതടക്കമുള്ള കാര്യങ്ങൾ ആഴ്ചയുടെ ആദ്യം വിപണിയിൽ സ്വാഗതം ചെയ്യപ്പെട്ടു. വെള്ളിയാഴ്ച വിപണി അറിഞ്ഞത് ക്വാൽകോം, ഇൻ്റലിനെ ഏറ്റെടുക്കാൻ ശ്രമം നടത്തി എന്നാണ്. പക്ഷേ റിപ്പോർട്ട് സ്ഥിരീകരിക്കാൻ ഇരു കമ്പനികളും തയാറായില്ല. ഇന്നു രാവിലെ വരുന്ന വിവരം നിക്ഷേപ കമ്പനിയായ അപ്പോളാേ ഗ്ലോബൽ മാനേജ്മെൻ്റ് ഇൻ്റലിൽ 500 കോടി ഡോളറിൻ്റെ നിക്ഷേപത്തിനു തയാറായിട്ടുണ്ട് എന്നാണ്. ഇൻ്റൽ സിഇഒ പാറ്റ് ഗെൽസിംഗർ തയാറാക്കിയ പുനരുജ്ജീവന പദ്ധതി വിജയിപ്പിക്കാൻ ഈ നിക്ഷേപം സഹായകമാകും.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.741 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ വിപണി അവധിയാണ്. ഓസ്ട്രേലിയയിൽ നാളെ പണനയം വരാനിരിക്കെ വിപണി താഴ്ന്നു.
ഇന്ത്യന്‍ വിപണി
വ്യാഴാഴ്ച കിതച്ച ഇന്ത്യൻ വിപണി വെള്ളിയാഴ്ച വലിയ കുതിപ്പ് നടത്തി. സൂചികകൾ എല്ലാ പ്രതിരോധ നിലകളും തകർത്ത് ഒന്നര ശതമാനത്തിലധികം ഉയർന്നു. വിദേശനിക്ഷേപകർ അപ്രതീക്ഷിതമായി വലിയ നിക്ഷേപത്തിനു തയാറായതാണു കാരണം. എഫ്ടിഎസ്ഇ അടക്കം ചില വിദേശ സൂചികകൾ ഇന്ത്യൻ ഓഹരികൾക്കു കൂടുതൽ വെയിറ്റേജ് നൽകാൻ പോകുന്നതാണു വിദേശ നിക്ഷേപകരെ നയിച്ച ഘടകം. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 14,064.05 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4427.08 കോടിയുടെ ഓഹരികൾ വാങ്ങി.
സെൻസെക്സ് 84,694.46 ഉം നിഫ്റ്റി 25,849.25 ഉം വരെ കയറി റെക്കോർഡ് കുറിച്ചു. ക്ലാേസിംഗും റെക്കോർഡ് ആണ്. കഴിഞ്ഞ ആഴ്ച സെൻസെക്സ് രണ്ടും നിഫ്റ്റി 1.7ഉം ശതമാനം കയറി.
വെള്ളിയാഴ്ച എൻഎസ്ഇയിൽ 1853 ഓഹരികൾ ഉയർന്നപ്പോൾ 924 ഓഹരികൾ താണു. ബിഎസ്ഇയിൽ 2383 എണ്ണം കയറി, 1572 എണ്ണം താഴ്ന്നു.
വെള്ളിയാഴ്ച സെൻസെക്സ് 1359.51 പാേയിൻ്റ് (1.63%) കുതിച്ച് 84,544.31 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 375.15 പോയിൻ്റ് (1.48%) ഉയർന്ന് 25,790.95 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1.42% (755.60 പോയിൻ്റ്) കയറി 53,793.20 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.44 ശതമാനം കുതിച്ച് 60,208.80 ലും സ്മോൾ ക്യാപ് സൂചിക 0.98% ഉയർന്ന് 19,332.15 ലും വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലകളും നല്ല കയറ്റത്തിലായിരുന്നു. 3.05 ശതമാനം ഉയർന്ന റിയൽറ്റി സൂചിക നേട്ടത്തിനു മുന്നിലായിരുന്നു.
കൊച്ചിൻ ഷിപ്പ് യാർഡ് പത്തും മസഗോൺ ഡോക്ക് 7.42 ഉം ഗാർഡൻ റീച്ച് 9.65 ഉം ശതമാനം നേട്ടം ഉണ്ടാക്കി. റെയിൽവേ ഓഹരികളിൽ ആർവിഎൻഎൽ 6.82 ഉം ഐആർഎഫ്സി 4.21 ഉം ഇർകോൺ
4.05 ഉം ശതമാനം ഉയർന്നു. പ്രതിരോധ ഓഹരികളായ എച്ച്എഎൽ, ഭെൽ, ബെൽ, ബിഡിഎൽ തുടങ്ങിയവയും കുതിച്ചു. ബിഎസ്ഇ ഓഹരി 6.65 ശതമാനം കയറി.
വോഡഫോൺ ഐഡിയ തിരിച്ചുവരവിൻ്റെ സന്ദേശം നൽകി സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തി. 55,000 കോടി രൂപയുടെ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു. 4 ജി, 5 ജി നെറ്റ് വർക്ക് സംവിധാനങ്ങൾക്കായി നോകിയ, സാംസംഗ്, എറിക്സൺ എന്നിവയുമായി 30,000 കോടി രൂപയുടെ കരാർ ഉണ്ടാക്കി. സർക്കാരിന് 70,000 കോടി രൂപയുടെ എജിആർ കുടിശിക നൽകാനുളള കമ്പനി ധനസമാഹരണം സാധ്യമാണെന്നും അറിയിച്ചു.
വിപണിയുടെ ബുള്ളിഷ് മനോഭാവം കൂടുതൽ ശക്തമായി. നിഫ്റ്റി 26,000 നും സെൻസെക്സ് 87,000 നും മുകളിലേക്കു കുതിക്കുന്നതിനെപ്പറ്റിയാണു ബുള്ളുകളുടെ ചിന്ത.
ഇന്നു നിഫ്റ്റിക്ക് 25,525 ലും 25,430 ലും പിന്തുണ ഉണ്ട്. 25,830 ഉം 25,950 ഉം തടസങ്ങളാകും.
സ്വർണം 2600 നു മുകളിൽ
പലിശ കുറയ്ക്കൽ പ്രഖ്യാപിച്ച ഉടനെ കയറിയിറങ്ങിയ സ്വർണം വീണ്ടും കുതിച്ചുകയറി. ഔൺസിന് 2600 ഡോളർ കടന്നു. വെള്ളിയാഴ്ച സ്വർണം 2622.400 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2622 ഡോളറിലാണ്. ഡിസംബർ അവധിവില 2645 ഡോളർ ആയി. ഇന്നു ലാഭമെടുക്കലുകാർ വിൽപനക്കാരാകുമ്പോൾ വില അൽപം താഴാം.
കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച പവന് 480 രൂപ കൂടി 55,080 രൂപയിൽ എത്തി. ശനിയാഴ്ച 600 രൂപ കൂടി കയറി 55,680 രൂപ എന്ന റെക്കോർഡ് കുറിച്ചു. കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനു മുൻപുള്ള റെക്കോർഡ് മറികടന്ന ഈ കുതിപ്പിനെ അൽപമെങ്കിലും മയപ്പെടുത്തിയത് രൂപയുടെ കരുത്താണ്.
വെള്ളിവില ഔൺസിന് 31.15 ഡോളറിലേക്ക് കയറി.
ഡോളർ സൂചിക വെള്ളിയാഴ്ച 100.72ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.82 ലേക്കു കയറി.
ഡോളർ സൂചിക താഴ്ന്ന വെള്ളിയാഴ്ച ഇന്ത്യൻ രൂപ കൂടുതൽ ബലപ്പെട്ടു. ഡോളർ 12 പെെസ താഴ്ന്ന് 83.56 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച അൽപം താഴ്ന്നെങ്കിലും ഇന്നു കയറ്റത്തിലാണ്. ബ്രെൻ്റ് ഇനം 74.72 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 75.06 ഡോളർ വരെ കയറിയിട്ട് 74.82ലേക്കു താണു. ഡബ്ല്യുടിഐ ഇനം 71.31 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.57 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ ഉയർന്നു തുടരുന്നു. ബിറ്റ്കോയിൻ 63,700 ഡോളറിലാണ്. ഈഥർ 2600 ഡോളറിനു മുകളിലായി.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്ന ദിശകളിലായി. ചെമ്പ് 0.06 ശതമാനം ഉയർന്നു ടണ്ണിന് 9393.80 ഡോളറിൽ എത്തി. അലൂമിനിയം 2.14 ശതമാനം താഴ്ന്നു ടണ്ണിന് 2484.85 ഡോളർ ആയി. നിക്കൽ 0.42 ഉം ടിൻ 0.71 ഉം ശതമാനം ഉയർന്നു. സിങ്ക് 1.04 ഉം ലെഡ് 0.63 ഉം ശതമാനം താഴ്ന്നു.
വിപണിസൂചനകൾ
(2024 സെപ്റ്റംബർ 20, വെള്ളി)
സെൻസെക്സ് 30 84,544.31 +1.63%
നിഫ്റ്റി50 25,790.95 + 1.48%
ബാങ്ക് നിഫ്റ്റി 53,793.20 +1.42%
മിഡ് ക്യാപ് 100 60,208.80 +1.44%
സ്മോൾ ക്യാപ് 100 19,332.15 +0.98%
ഡൗ ജോൺസ് 30 42,063.36
+0.09%
എസ് ആൻഡ് പി 500 5702.55 -0.19%
നാസ്ഡാക് 17,948.32 -0.36%
ഡോളർ($) ₹83.56 -₹0.12
ഡോളർ സൂചിക 100.72 +0.11
സ്വർണം (ഔൺസ്) $2622.40 +$36.30
സ്വർണം (പവൻ) ₹55,680 +₹600
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.72 -$00.16