ആശങ്കകൾ അകലുന്നില്ല; എങ്കിലും പ്രതീക്ഷയോടെ വിപണി; കയറ്റത്തിനു ഭീഷണി വിൽപന സമ്മർദം; സാമ്പത്തിക വളര്‍ച്ചനിരക്ക് കുറയാം
ഏഷ്യന്‍ വിപണികള്‍ക്ക് നേരിയ നേട്ടം; ലാഭമെടുപ്പിൽ സ്വർണം ഇടിഞ്ഞു
ആശങ്കകൾക്കും അനിശ്ചിതത്വത്തിനും മാറ്റമില്ലെങ്കിലും ഒരു തിരിച്ചു കയറ്റ പ്രതീക്ഷയിലാണ് ഇന്ന് ഇന്ത്യൻ വിപണി. വിദേശികളുടെയടക്കം വിൽപന സമ്മർദത്തിൽ കയറ്റം തുടരാനാകുമോ എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. വിദേശ സൂചനകൾ നെഗറ്റീവ് ആണ്. എന്നാൽ ചൈനയുമായുള്ള തർക്കത്തിൽ അനുകൂലമായ ചില ധാരണകൾ ഉണ്ടായത് വിപണിക്കു പ്രതീക്ഷ നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കരുത്താകുന്ന ധാരണ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ വില പേശൽ ശേഷി വർധിപ്പിക്കും.
ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് ഈ വർഷം കുറവാകുമെന്ന് ഐഎംഎഫ് വിലയിരുത്തി. ഒന്നാം പാദത്തിനു പിന്നാലെ രണ്ടും മൂന്നും പാദങ്ങളിലും വളർച്ച കുറവാകും എന്നാണു ഗോൾഡ്മാൻ സാക്സ് കണക്കാക്കുന്നത്. കൺസ്യൂമർ ഉൽപന്ന കമ്പനികൾ വിൽപനയിൽ മാന്ദ്യം കാണുന്നു. വാഹന കമ്പനികളും അങ്ങനെ തന്നെ. ഇതെല്ലാം വിപണിക്കു സമീപമാസങ്ങളിൽ തിരിച്ചടിയാകാവുന്ന കാര്യങ്ങളാണ്.
ഇന്നലെ യുഎസ് വിപണി വലിയ ഇടിവിലായി. ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിൽ തുടങ്ങിയിട്ടു നേട്ടത്തിലേക്കു കയറി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,496 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,510 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ബുധനാഴ്ചയും നഷ്ടത്തിൽ അവസാനിച്ചു. ജർമനിയിലെ ഡോയിച്ച് ബാങ്ക് പ്രതീക്ഷയിലും മികച്ച ലാഭം കാണിച്ചെങ്കിലും ഓഹരി ഇടിവ് തുടർന്നു. ബാങ്ക് നേരിടുന്ന കേസുകളാണു പ്രശ്നം. വോൾവോ, ആക്സോ നൊബേൽ, ല് ഓറിയൽ തുടങ്ങിയവ താഴ്ന്നു.
യുഎസ് വിപണികൾ ബുധനാഴ്ച വലിയ ഇടിവിലായി. രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വങ്ങളാണു വിപണിയെ ഉലയ്ക്കുന്നത്. കമലാ ഹാരിസിനു പുതിയ സർവേകളിൽ മൂന്നു ശതമാനത്തിലധികം മുൻതൂക്കം വന്നതോടെ ട്രംപ് അനുകൂലികൾ ബജറ്റ് കമ്മിയും കടവും പലിശയും കൂടുമെന്ന പ്രചാരണം വർധിപ്പിച്ചു. കടപ്പത്ര വിപണിയിൽ സൂചികയായി കണക്കാക്കുന്ന 10 വർഷ കടപ്പത്രങ്ങളുടെ വില, അവയിലെ നിക്ഷേപത്തിന് 4.25 ശതമാനത്തിനടുത്തു നേട്ടം ലഭിക്കാവുന്ന വിധം താഴ്ന്നു.
ഡൗവും എസ് ആൻഡ് പിയും തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു. കഴിഞ്ഞ രണ്ടു ദിവസവും കയറിയ നാസ്ഡാക് 1.6 ശതമാനം ഇടിഞ്ഞു. ആപ്പിൾ, എൻവിഡിയ, മെറ്റാ പ്ലാറ്റ്ഫോംസ്, നെറ്റ്ഫ്ലിക്സ്, ആമസോൺ എന്നിവ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. എന്നാൽ പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ട ടെസ്‌ല 12 ശതമാനം കുതിച്ചു. ബർഗറുകളിൽ നിന്നു ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് മക്ഡോണൾഡ്സ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
ഓഹരികൾക്കു സമീപഭാവി ശോഭനമല്ലെന്നും എസ് ആൻഡ് പി സൂചിക വർഷാന്ത്യത്തിൽ 5300-5500 മേഖലയിലേക്കു താഴുമെന്നും വെൽസ് ഫാർഗോ വിലയിരുത്തി. ഇന്നലെ 5800 ലായിരുന്നു സൂചിക. എന്നാൽ അടുത്ത വർഷം നല്ല കയറ്റമാണു ബാങ്കിൻ്റെ നിക്ഷേപ ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്.
ഡൗ ജോൺസ് സൂചിക ബുധനാഴ്ച 409.94 പോയിൻ്റ് (0.96%) ഇടിഞ്ഞ് 42,514.95 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 53.78 പോയിൻ്റ് (0.92%) താഴ്ന്ന് 5797.20-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 296.48 പോയിൻ്റ് (1.60%) ഇടിഞ്ഞ് 18,276.65 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ഡൗ 0.09 ശതമാനം താഴ്ന്നു. എസ് ആൻഡ് പി 0.21 ഉം നാസ്ഡാക് 0.54 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.248 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴ്ന്നു തുടങ്ങിയിട്ട് നേട്ടത്തിലേക്കു മാറി.
ജപ്പാനിൽ നിക്കെെ സൂചിക 0.56 ശതമാനം വരെ കയറി. ചൈനീസ് വിപണി ഉയർന്നാണു വ്യാപാരം തുടങ്ങിയത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ബുധനാഴ്ച നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചിട്ട് നേട്ടത്തിലേക്കു കയറിയെങ്കിലും അതു നിലനിർത്താനായില്ല. ചെറിയ നഷ്ടത്തിൽ മുഖ്യസൂചികകൾ അവസാനിച്ചു. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നാണു ക്ലോസ് ചെയ്തത്. വിശാല വിപണിയിൽ ഇടിവിനേക്കാൾ കയറ്റമായിരുന്നു.
ഐടി കമ്പനികൾ ഇന്നലെ നല്ല മുന്നേറ്റം നടത്തി. കോഫോർജ് 11.11 ഉം പെർസിസ്റ്റൻ്റ് 10.94 ഉം ശതമാനം കുതിച്ചു. എംഫസിസ് 4.61 ശതമാനം കയറി.
ഫാർമ, ഹെൽത്ത് കെയർ, ഓട്ടോ മേഖലകളാണു കൂടുതൽ താഴ്ന്നത്.
ബുധനാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 5684.63 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഇതോടെ ഈ മാസം വിദേശികളുടെ വിൽപന 92,142.97 കോടി രൂപയായി. പ്രതിമാസ വിദേശിവിൽപന റെക്കോർഡ് തകർത്തു നീങ്ങുകയാണ്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 6039.90 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. അവരുടെ പ്രതിമാസ നിക്ഷേപം 89,311.07 കോടിയിൽ എത്തി.
ബുധനാഴ്ച എൻഎസ്ഇയിൽ 1632 ഓഹരികൾ ഉയർന്നപ്പോൾ 1150 ഓഹരികൾ താണു. ബിഎസ്ഇയിൽ 2096 എണ്ണം കയറി, 1827 എണ്ണം താഴ്ന്നു.
ഇന്നലെ സെൻസെക്സ് 138.74 പാേയിൻ്റ് (0.17%) നഷ്ടത്തോടെ 80,081.98 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 36.60 പോയിൻ്റ് (0.15%) ഇടിഞ്ഞ് 24,435.50 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 18.15 പോയിൻ്റ് (0.04%) താഴ്ന്ന് 51,239.00 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.64 ശതമാനം കയറി 56,533.55 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 1.25% ഉയർന്ന് 18,286.20 ൽ വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകരുടെ വിൽപന ശമനമില്ലാതെ തുടരുകയാണ്. പ്രതീക്ഷിച്ച പിന്തുണ നിലവാരങ്ങളെല്ലാം തകർത്താണു സൂചികകൾ നിൽക്കുന്നത്. കമ്പനി റിസൽട്ടുകളോ ഭാവിവരുമാന പ്രതീക്ഷകളോ ശോഭനമല്ല. എങ്കിലും തിരിച്ചു കയറാൻ സാധിക്കുമെന്നു ബുള്ളുകൾ വിശ്വസിക്കുന്നു. നിഫ്റ്റിക്ക് ഇന്ന് 24,385 ഉം 24,330 ഉം പിന്തുണ നൽകാം. 24,560 ഉം 24,610 ഉം തടസങ്ങളാകും.
ലാഭമെടുപ്പിൽ സ്വർണം ഇടിഞ്ഞു
ഇന്നലെ റെക്കോർഡ് ഉയരത്തിലേക്കു കുതിച്ച സ്വർണം അവിടെ നിന്നു കുത്തനേ താണു. ഉയർന്ന വിലയിൽ ലാഭമെടുക്കുന്നവരും പലിശ ഉയരും എന്നു ഭയപ്പെടുന്നവരുമാണു വിൽപന സമ്മർദത്തിലൂടെ വില ഇടിച്ചത്. ഒപ്പം ഡോളർ അപ്രതീക്ഷിതമായി കരുത്തു നേടുന്നതും സ്വർണത്തിൻ്റെ തിളക്കം കുറച്ചു. എന്നാൽ ഈ പ്രവണത നീണ്ടുനിൽക്കുകയില്ലെന്നും സ്വർണം ഔൺസിന് 3000 ഡോളർ എന്ന മധ്യകാല ലക്ഷ്യത്തിലേക്കു യാത്ര തുടരുമെന്നും ബുള്ളുകൾ കരുതുന്നു. ആർജെഒ ഫ്യൂച്ചേഴ്സിലെ സീനിയർ സ്ട്രാറ്റജിസ്റ്റ് ബോബ് ഹാബർകോൺ പറയുന്നത് ഈയാഴ്ച അവസാനം സ്വർണം 2800 ഡോളറിൽ എത്തുമെന്നാണ്.
ബുധനാഴ്ച സ്വർണം ഔൺസിന് 2758.37 ഡോളർ വരെ കയറിയിട്ട് ഇടിഞ്ഞ് 2715.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില 2728 ഡോളറിലേക്കു കയറി. ഡിസംബർ അവധിവില 2772.60 ഡോളർ വരെ എത്തിയിട്ടു താഴ്ന്നു.
കേരളത്തിൽ സ്വർണവില ബുധനാഴ്ച പവന് 320 രൂപ വർധിച്ച് 58,720 രൂപയിൽ എത്തി. ഇന്നു വില കുറയാം.
വെള്ളിവില ഔൺസിനു 33.74 ഡോളറിൽ ക്ലോസ് ചെയ്തു.
ഡോളർ ഇന്നലെയും കയറി. ഡോളർ സൂചിക 104.43 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 104.45 ലേക്കു കയറി.
ഇന്ത്യൻ രൂപ ബുധനാഴ്ച പിടിച്ചു നിന്നു. ഡോളർ മാറ്റമില്ലാതെ 84.08 രൂപ എന്ന റെക്കോർഡ് നിരക്കിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില ഇന്നലെ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ബുധനാഴ്ച ഒന്നര ശതമാനം കുറഞ്ഞ് 74.96 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ ഒരു ശതമാനം കയറി 75.75 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 71.58 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.91 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിൻ ഒന്നു ശതമാനം താഴ്ന്ന് 66,500 ഡോളറിനടുത്തായി. ഈഥർ നാലു ശതമാനം ഇടിഞ്ഞ് 2520 ഡോളറിനു താഴെ എത്തി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്നദിശകളിലായി. ചെമ്പ് 1.33 ശതമാനം ഇടിഞ്ഞ് ടണ്ണിന് 9363.85 ഡോളറിൽ എത്തി. അലൂമിനിയം 1.47 ശതമാനം ഉയർന്ന് ടണ്ണിന് 2672.90 ഡോളർ ആയി. ടിൻ 0.26 ഉം സിങ്ക് 0.92 ഉം ശതമാനം കയറി. നിക്കൽ 2.74 ഉം ലെഡ് 1.51 ഉം ശതമാനം ഇടിഞ്ഞു.
വിപണിസൂചനകൾ
(2024 ഒക്ടോബർ 23, ബുധൻ)
സെൻസെക്സ് 30 80,081.98 -0.17%
നിഫ്റ്റി50 24,435.50 -0.15%
ബാങ്ക് നിഫ്റ്റി 51,239.00 -0.04%
മിഡ് ക്യാപ് 100 56,533.55 +0.64%
സ്മോൾ ക്യാപ് 100 18,286.20 +1.25%
ഡൗ ജോൺസ് 30 42,514.95
-0.96%
എസ് ആൻഡ് പി 500 5797.42 -0.92%
നാസ്ഡാക് 18,276.65 -1.60%
ഡോളർ($) ₹84.08 ₹0.00
ഡോളർ സൂചിക 104.43 +0.35
സ്വർണം (ഔൺസ്) $2715.80 -$33.60
സ്വർണം (പവൻ) ₹58,720 +₹320
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.96 -$01.08