ആശങ്കകൾ വീണ്ടും; ജിഎസ്ടി പിരിവ് വർധിക്കുന്നതിനു പിന്നിൽ; ക്രൂഡിന് ഇടിവ്; സാമ്പത്തിക ചുഴലി വരുമെന്നു ഡൈമൺ
ഇന്നും ഇന്ത്യൻ ഓഹരി വിപണി വ്യാപാരം തുടങ്ങുന്നത് താഴ്ചയോടെയാകും; ജി എസ് ടി പിരിവ് വർധനയുടെ കാണാപ്പുറങ്ങൾ; ഡൈമൺ പറയുന്നതിന്റെ പൊരുളെന്ത്?
അനിശ്ചിതത്വം കുറയുന്നില്ല. ദിവസേന വർധിക്കുന്നതേയുള്ളു. ഇന്നലെ വ്യാപാരത്തിനിടെ തരക്കേടില്ലാതെ ഉയർന്ന സൂചികകൾ ഒടുവിൽ നഷ്ടത്തിലേക്കു വീഴുകയായിരുന്നു.
ആഗാേള വിപണികളും നേട്ടത്തിൽ തുടങ്ങിയ ശേഷം നഷ്ടത്തിലായി. യുറാേപ്പ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. യുഎസിൽ ഡൗ ജോൺസ് അര ശതമാനം വീണപ്പോൾ എസ് ആൻഡ് പിയും നാസ്ഡാകും മുക്കാൽ ശതമാനം വീതം താണു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഏഷ്യൻ വിപണികൾ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ അര ശതമാനം താഴ്ന്നു. ഹാങ് സെങും താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,420-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 16,425-നും 16,445 നുമിടയിൽ കയറിയിറങ്ങി. ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഇന്നലെ ഇന്ത്യൻ സൂചികകൾ തിരിച്ചു കയറാനുള്ള ശ്രമം നടത്തിയ ശേഷമാണു നഷ്ടത്തിലായത്. സെൻസെക്സ് 185.24 പോയിൻ്റ് (0.33%) താണ് 55,381.17 ലും നിഫ്റ്റി 61.8 പോയിൻ്റ് (0.37%) നഷ്ടത്തിൽ 16,522.75 ലും ക്ലോസ് ചെയ്തു. നിഫ്റ്റി ഇന്നലെ ഉയരത്തിൽ നിന്ന് 200 പോയിൻ്റ് ഇടിഞ്ഞ ശേഷം നൂറോളം പോയിൻ്റ് തിരിച്ചു കയറിയാണു വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 700 പോയിൻ്റ് ചാഞ്ചാടി. മിഡ്, സ്മോൾ ക്യാപ് സൂചികകൾ നാമമാത്രമായി കയറി.
ഐടി, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, ഓയിൽ, എഫ്എംസിജി തുടങ്ങിയ മേലെകളിലെ ക്ഷീണമാണ് വിപണിയെ ഉലച്ചത്.
വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്. ഇന്നലെ ക്യാഷ് വിപണിയിൽ നിന്ന് 1930.16 കോടി രൂപ അവർ പിൻവലിച്ചു. സ്വദേശി ഫണ്ടുകൾ 984.11 കോടിയുടെ നിക്ഷേപം നടത്തി.
വിപണി ഹ്രസ്വകാല മുന്നേറ്റത്തിൻ്റെ പാതയിൽ നിന്നു മാറിയിട്ടില്ലെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 16,400- നെ മറികടന്ന നിഫ്റ്റി 16,800 എന്ന ലക്ഷ്യത്തിലാണു നീങ്ങുന്നത്. രണ്ടു ദിവസം താഴ്ന്നെങ്കിലും 16,400 ലെ സപ്പോർട്ട് നഷ്ടമായിട്ടില്ല. ചെറിയ ബുളളിഷ് പുഷ് ലഭിച്ചാൽ നിഫ്റ്റിക്കു മേലാേട്ടു യാത്ര തുടരാനാകും. മറിച്ചു 16,400-നു താഴാേട്ടു വീണാൽ കൂടുതൽ ആഴങ്ങളിലേക്കു വീണ്ടും പോകേണ്ടി വരും. ഇന്നു 16,425 ലും 16,325 ലും നിഫ്റ്റിക്കു സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 16,635 ഉം 16,745-ഉം തടസങ്ങളാകും.
ക്രൂഡ് ഓയിൽ വില 122 ഡോളറിനു മുകളിൽ കയറിയിട്ട് വീണ്ടും താണു. ഒപെക് പ്ലസ് കൂട്ടായ്മയിൽ വിള്ളലുണ്ടാകുന്നതായ തരം റിപ്പോർട്ടുകൾ പ്രചരിച്ചെങ്കിലും സൗദി- റഷ്യൻ മന്ത്രിതല കൂടിക്കാഴ്ചയോടെ അത് അപ്രസക്തമായി. വില താണു. ബ്രെൻ്റ് ഇനം ക്രൂഡ് 116.3 ഡോളറിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ 113.5 ഡോളറിലേക്കു താണു. പലിശനിരക്കു കുത്തനേ കൂടുമെന്നും സാമ്പത്തിക വളർച്ചയ്ക്കു തടസങ്ങൾ ഉണ്ടാകുമെന്നും വിപണി കരുതുന്നു.
വ്യാവസായിക ലോഹങ്ങൾ പൊതുവേ താഴ്ചയിലായെങ്കിലും സ്റ്റീൽ, ഇരുമ്പ് വിലകൾ ഉയർന്നു. ഇരുമ്പയിര് വില രണ്ടര ശതമാനം ഉയർന്ന് ടണ്ണിനു 137 ഡോളറിൽ എത്തി. ചൈനീസ് ഡിമാൻഡ് കുറഞ്ഞത് അലൂമിനിയത്തെ രണ്ടു ശതമാനം താഴ്ത്തി. മറ്റു ലോഹങ്ങളും ഇടിവിലാണ്.
സ്വർണം തിരിച്ചു കയറാനുള്ള ശ്രമത്തിൽ ഡോളറിൻ്റെ കരുത്തിനു മുമ്പിൽ അടങ്ങി. ഇന്നലെ 1827 ഡോളറിൽ നിന്നു സ്വർണം 1850 ഡോളർ വരെ എത്തി. കുറേക്കൂടി കുതിക്കും എന്നു വന്നപ്പോൾ ഡോളർ സൂചിക അപ്രതീക്ഷിതമായി ഉയർന്നു. 102.54 ലേക്ക് സൂചിക കയറിയപ്പോൾ ഡോളർ പിന്മാറി. ഇന്നു രാവിലെ 1845-1847 ഡോളറിലാണു സ്വർണം. കേരളത്തിൽ ഇന്നലെ പവന് 200 രൂപ താഴ്ന്നു 38,000 രൂപ ആയിരുന്നു. ഇന്നു വില ഉയരാനാണു സാധ്യത.
രൂപ ഇന്നലെ നേട്ടമുണ്ടാക്കി. 77.63 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ 77.50 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു രൂപ ദുർബലമായേക്കും.
ജിഎസ്ടി പിരിവ് വർധിക്കുമ്പോൾ ...
മെയ് മാസത്തിലെ ജിഎസ്ടി പിരിവ് 1.41 ലക്ഷം കോടി രൂപയാണ്. ഇതു വളർച്ചയാണോ ക്ഷീണമാണോ കാണിക്കുന്നതെന്നു സംശയിക്കണം. 2021 മേയ് മാസത്തെ അപേക്ഷിച്ചു 44 ശതമാനം വളർച്ചയുണ്ട്. അതു വലിയ കുതിപ്പാണെന്നു സർക്കാർ അവകാശപ്പെടുന്നു. അതേ സമയം ഏപ്രിലിലെ 1.67 ലക്ഷം കോടിയിൽ നിന്നു 15.9 ശതമാനം കുറവാണു തുക. കാര്യങ്ങൾ അത്ര പന്തിയല്ലെന്നു വ്യാഖ്യാനിക്കാൻ പറ്റുന്ന കണക്ക്.
ഏപ്രിലിലെ പിരിവ് മാർച്ച് മാസത്തെ ഇടപാടുകൾക്കുള്ളതാണ്. ധനകാര്യവർഷാവസാനമെന്ന നിലയിൽ മാർച്ചിൽ ഇടപാടുകൾ കൂടും. ഏപ്രിലിലെ ഇടപാടുകൾക്കുള്ളതാണു മേയിലെ പിരിവ്. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ ഇടപാടുകൾ കുറവാകുന്നതു സ്വാഭാവികം. മാർച്ചിലെ 7.7 കോടി ഇ-വേ ബില്ലുകളുടെ സ്ഥാനത്ത് ഏപ്രിലിൽ 7.4 കോടി ഇ-വേ ബില്ലുകളേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ പോകുന്നു സർക്കാരിൻ്റെ വിശദീകരണം.
വിശദീകരണത്തിൽ അപാകതയില്ല. പക്ഷേ, ബില്ലുകളുടെ എണ്ണം നാലു ശതമാനം കുറയുമ്പോൾ നികുതി 15.9 ശതമാനം കുറയുന്നതിൽ അൽപം അസാധാരണത്വമുണ്ട്.
എന്തായാലും ജിഎസ്ടി പിരിവ് ബജറ്റ് പ്രതീക്ഷയേക്കാൾ ഉയർന്ന തോതിൽ മുന്നോട്ടു പോകുകയാണ്. അതിനു സാമ്പത്തിക വളർച്ചയോട് എന്നതിനേക്കാൾ വിലക്കയറ്റത്താേടാണു നന്ദി പറയേണ്ടത്. മൊത്ത വിലക്കയറ്റം 15 ശതമാനവും ചില്ലറ വിലക്കയറ്റം 7.8 ശതമാനവും ആയിരിക്കുമ്പാേൾ നികുതി പിരിവിൽ ഇതേ പോലുള്ള വളർച്ച ആശ്ചര്യകരമല്ല.
സാമ്പത്തിക ചുഴലി വീശുമെന്നു ഡൈമൺ
ജെപി മോർഗൻ ചേസ് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ്. ജയിംസ് ഡൈമൺ എന്ന അറുപത്തിയാറുകാരൻ 2005 മുതൽ ഇതിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ചെയർമാനുമാണ്. ഇങ്ങനെയൊരു പദവി വഹിക്കുന്നയാൾ വെറുതേ ഒന്നും പറയില്ല.
ഡൈമൺ ഇന്നലെ ഒരു നിക്ഷേപക സംഗമത്തിൽ പറഞ്ഞു: "അമേരിക്ക ഒരു സാമ്പത്തിക ചുഴലിയെ നേരിടാൻ പോകുകയാണ്. പലിശനിരക്ക് കൂട്ടുന്നതും പണലഭ്യത കുറയ്ക്കുന്നതും യുക്രെയ്ൻ യുദ്ധവും ചേർന്ന് ഒരുക്കുന്ന ഈ ചുഴലിക്കാറ്റ് എത്രമാത്രം നാശകരമാകുമെന്ന് അറിയില്ല".
ഡൈമൻ്റെ മുന്നറിയിപ്പ് ചില്ലറക്കാര്യമല്ല. യുഎസ് വിപണിയിൽ ഇന്നലെ അതു പ്രതിഫലിച്ചു. ഇന്നലെ പുറത്തു വന്ന യുഎസ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പലിശവർധന കൂടിയ തോതിലാക്കാനുള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടി. വിപണിയെ താഴ്ത്തുന്നതിൽ ഇവ വലിയ പങ്കു വഹിച്ചു. രണ്ടാഴ്ചയ്ക്കു ശേഷമുള്ള ഫെഡ് യോഗം പലിശ സംബന്ധിച്ചു തീരുമാനിക്കും. തുടർന്ന് എത്ര തവണ ഏതു തോതിൽ നിരക്കു കൂട്ടും എന്ന സൂചന അന്നു ലഭിക്കും. അതു വരെ പലിശയെപ്പറ്റിയുള്ള ആശങ്കകൾ തുടരും.
ഡൈമൻ്റെ ജെപി മോർഗൻ ഈ വർഷം രണ്ടാം പകുതിയിലെ യുഎസ് വളർച്ച പ്രതീക്ഷ മൂന്നു ശതമാനത്തിൽ നിന്നു 2.4 ശതമാനമായി താഴ്ത്തിയിട്ടുണ്ട്. 2023 ആദ്യ പകുതിയിലേത് 2.1 ൽ നിന്ന് 1.5-ഉം രണ്ടാം പകുതിയിലേക്ക് 1.4 ൽ നിന്ന് ഒരു ശതമാനവും ആയി കുറച്ചു. സാമ്പത്തിക വളർച്ച തീരെക്കുറയുന്ന കാലമാണ് ഈ നിഗമനത്തിൽ ഉള്ളത്.