കണക്കുകൾ അനുകൂലം; എങ്കിലും ബെയറുകൾ തക്കം പാർക്കുന്നു; നാലാംപാദ ജിഡിപി പ്രതീക്ഷയിലും കുറവായി; കാതൽമേഖലയിൽ നിന്ന് വിപരീത സൂചന
ഇന്ന് വിപണിയുടെ ഗതി താഴോട്ടോ?; കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ തെറ്റുന്നോ?; ജിഡിപി വളർച്ചയുടെ മറുപുറം
വിപണി അടിത്തട്ട് കണ്ടെന്നും ഇല്ലെന്നുമുള്ള തർക്കങ്ങൾക്കിടയിൽ ഇന്നലെ ഇന്ത്യൻ വിപണി നഷ്ടത്തിൽ കലാശിച്ചു. പിന്നീടു യൂറോപ്യൻ വിപണികളും താഴ്ചയിലായി. അമേരിക്കൻ വിപണി താഴ്ചയിൽ തുടങ്ങിയിട്ടു തിരിച്ചുകയറാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. നഷ്ടത്തിലാണു പ്രധാന സൂചികകൾ ക്ലാേസ് ചെയ്തത്.
ഇവയെല്ലാം ഇന്നു വിപണിയെ താഴോട്ടു വലിക്കും എന്നു കരുതുന്നവർ ഉണ്ട്. സിംഗപ്പുർ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ നൂറിലധികം പോയിൻ്റ് താഴുകയും ചെയ്തു. എന്നാൽ ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്.
ഇന്നലെ പുറത്തു വന്ന സാമ്പത്തിക സൂചകങ്ങൾ വിപണിയെ ക്ഷീണിപ്പിക്കുന്നതല്ല. ജിഡിപി വളർച്ച നാലാം പാദത്തിൽ 4.1 ശതമാനമായി കുറഞ്ഞെങ്കിലും ആശങ്കയ്ക്കു കാരണമില്ല. വാർഷിക ജിഡിപി വളർച്ച 8.7 ശതമാനമുണ്ട്. ഇതോടെ ജിഡിപി കോവിഡിനു മുമ്പത്തെ നിലയേക്കാൾ നാമമാത്രമായി ഉയർന്ന അവസ്ഥയിലാണ്. ധനകമ്മി കണക്കിൽ ആശ്വാസത്തിനു വകയുണ്ട്. ഏപ്രിലിലെ കാതൽ മേഖലാ വ്യവസായങ്ങളുടെ വളർച്ചയും കണക്കിൽ തൃപ്തികരമാണ്.
ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂണിൽ ദീർഘകാല ശരാശരിയേക്കാൾ കൂടുതൽ മഴ കിട്ടുമെന്നു കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ദീർഘകാല ശരാശരിയുടെ 103 ശതമാനമാണു പ്രവചനം. ഇതു ശരിയാവുകയും ജൂലൈയിൽ വേണ്ടത്ര മഴ ലഭിക്കുകയും ചെയ്താൽ കാർഷികോൽപാദനം നന്നായി വർധിക്കും. ഭക്ഷ്യവിലകൾ നിയന്ത്രിക്കാനാകും.
ഇതെല്ലാം വിപണിക്കു ചെറിയ കയറ്റത്തിനു സഹായമാകേണ്ടതാണ്. എന്നാൽ യുഎസ് വിപണിയിൽ കണ്ടതു തിരിച്ചു കയറ്റമല്ലെന്നും വിപണി ഇനിയും ഏറെ താഴാനുണ്ടെന്നുമുള്ള വിലയിരുത്തലുകൾ ആശങ്ക പരത്തുന്നുണ്ട്. ഇപ്പാേൾ 4100 പോയിൻ്റിലുള്ള എസ് ആൻഡ് പി സൂചിക 3400-ൽ എത്തിയാലേ അടിത്തട്ടു കണ്ടു എന്നു പറയാനാകൂ എന്നാണ് ചിലരുടെ വാദം. അതിൻ്റെ വക്താക്കൾ ഇന്ത്യയിലുമുണ്ട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,421 വരെ താഴ്ന്നു. ഇന്നു രാവിലെ സൂചിക 16,540 ലേക്കു കയറിയിട്ട് 16,500 ലേക്കു താണു. ചൊവ്വാഴ്ച രാത്രിയിലെ ബെയറിഷ് സമീപനത്തിൽ നിന്നു വിപണി കരകയറിയിട്ടില്ല. ഇന്നു രാവിലെ ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങാൻ സാധിച്ചേക്കും.
ചൊവ്വാഴ്ച സെൻസെക്സ് 359.33 പോയിൻ്റ് (0.64%) നഷ്ടത്തിൽ 55,566.41 ലും നിഫ്റ്റി 76.85 പോയിൻ്റ് (0.46%) നഷ്ടത്തിൽ 16,584.55 ലും ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 1.24 ശതമാനം ഉയർന്നു. റിയൽറ്റി, മെറ്റൽ, മീഡിയ, എഫ്എംസിജി മേഖലകളാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. ബാങ്ക്, ധനകാര്യ, ഐടി, ഓയിൽ മേഖലകൾ നഷ്ടം കുറിച്ചു.
വിദേശ നിക്ഷേപകർ ഇന്നലെ 1003.56 കോടിയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. മേയ് മാസത്തിൽ വിദേശികൾ 44,000 കോടി രൂപയാണ് ഓഹരികളിൽ നിന്നു പിൻവലിച്ചത്. 2020 മാർച്ചിലെ 58,632 കോടിയുടെ വിൽപനയ്ക്കു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിമാസ വിൽപനയാണിത്.
വിപണിയിൽ ബെയറിഷ് മനോഭാവം വീണ്ടും പ്രബലമായി വരുന്നെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നു താഴോട്ടു നീങ്ങുന്ന പക്ഷം ബെയറുകൾ പിടിമുറുക്കും. നിഫ്റ്റിക്ക് ഇന്ന് 16,505 ലും 16,430 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,675-ഉം 16,710-ഉം തടസങ്ങളാകും.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ 125 ഡോളറിലെത്തുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. പകരം ബ്രെൻ്റ് ഇനം 122.8 ഡോളറിൽ കയറ്റം നിർത്തി.
വ്യാവസായിക ലോഹങ്ങൾ സാങ്കേതിക തിരുത്തലിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കയറ്റത്തിൽ നിന്നു ചെറിയ താഴ്ച ഉണ്ടായി. അലൂമിനിയവും നിക്കലും നാലു ശതമാനം വീതം ഇടിഞ്ഞു. ചെമ്പ് 9500 ഡോളറിലേക്കു താണു. ഇരുമ്പയിരു വില അൽപം ഉയർന്നു.
ഡോളർ സൂചിക ചെറിയ തോതിൽ കയറിയപ്പോൾ സ്വർണം കുത്തനേ ഇടിഞ്ഞു. ഇന്നലെ 1835-1857 ഡോളർ മേഖലയിൽ കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 1834-1836 ഡോളറിലാണ്. കേരളത്തിൽ ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 32,800 രൂപയായി. സ്വർണവില ഇന്നും കുറയും.
ഡോളർ സൂചിക 101.86 ലേക്കു കയറി. ഇന്നലെ രൂപയ്ക്കു വലിയ ക്ഷീണം നേരിട്ടു. ഡോളർ 77.71 രൂപയിലേക്കു കയറി.
കാതൽ മേഖലയിലെ വളർച്ച കണക്കിൽ പറയുന്നതല്ല
പുതിയ ധനകാര്യ വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിൽ എട്ടു കാതൽമേഖലാ വ്യവസായങ്ങളുടെ ഉൽപാദന വളർച്ച 8.4 ശതമാനമുണ്ട്. ഇതു തൃപ്തികരമായി തോന്നാമെങ്കിലും തലേമാസത്തേക്കാൾ ഉൽപാദനം 9.5 ശതമാനം കുറവാണെന്ന വസ്തുത ആശങ്കാജനകമാണ്. ഇതു താൽക്കാലികമോ അല്ലയോ എന്ന് ഒരു മാസം കൂടി കഴിഞ്ഞാലേ അറിയാനാകൂ. വ്യവസായ ഉൽപാദന സൂചികയിൽ 40.3 ശതമാനം പങ്ക് ഈ എട്ടു കാതൽ വ്യവസായങ്ങൾക്കുണ്ട്.
2021 ഏപ്രിലിനെ അപേക്ഷിച്ചു ഗണ്യമായ വളർച്ച ഉൽപാദനത്തിൽ ഉണ്ട് എന്നതു ശരിയാണ്. പക്ഷേ വൈദ്യുതി ഒഴികെ ഒന്നിൽപോലും മാർച്ചിലെയത്ര ഉൽപാദനമില്ല. കൽക്കരി 25.6 ശതമാനം, സിമൻ്റ് 13.6%, രാസവളം 10.9%, സ്റ്റീൽ 13.6%, റിഫൈനറി ഉൽപന്നങ്ങൾ 5.5% എന്നിങ്ങനെയാണ് പ്രമുഖ മേഖലകളിലെ ഉൽപാദന ഇടിവ്.
ഏപ്രിലിലെ വ്യവസായ ഉൽപാദന സൂചികയും (ഐഐപി) നല്ല വളർച്ച കാണിക്കുമെന്നു പ്രതീക്ഷയുണ്ട്. എന്നാൽ യഥാർഥ വളർച്ച കുറവായിരിക്കും.
കണക്കുകൂട്ടൽ ശരിയാകുന്നില്ല
2021-22-ലെ പൊതു ബജറ്റ് കണക്കുകൾ ഫെബ്രുവരിയിലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ ഗണ്യമായി വ്യത്യാസപ്പെട്ടു. 15.91 ലക്ഷം കോടി രൂപ ധനകമ്മി പ്രതീക്ഷിച്ചതു 15.87 ലക്ഷം കോടിയായി കുറഞ്ഞു. 4552 കോടി രൂപയാണു കുറവ്.
പുതുക്കിയ എസ്റ്റിമേറ്റിലേക്കാൾ 28,723 കോടി രൂപ വരുമാനമുണ്ടായി. ചെലവ് പുതുക്കിയ എസ്റ്റിമേറ്റിലേക്കാൾ 24,171 കോടി രൂപ വർധിച്ചു.
സർക്കാരിൻ്റെ ബജറ്റ് നിഗമനങ്ങൾ യാഥാർഥ്യത്തിൽ നിന്ന് എത്ര അകലെയായിരുന്നു എന്നു കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) നൽകുന്ന കണക്കും ബജറ്റിലെ പ്രതീക്ഷയും താരതമ്യപ്പെടുത്തിയാൽ കാണാം. 2021-22 ൽ ബജറ്റ് പ്രതീക്ഷ 15.45 ലക്ഷം കോടി നികുതി വരുമാനമാണ്. പുതുക്കിയ എസ്റ്റിമേറ്റിൽ അത് 17.65 ലക്ഷം കോടിയാക്കി. കിട്ടിയതോ 18.2 ലക്ഷം കോടി രൂപ. ബജറ്റ് പ്രതീക്ഷയേക്കാൾ 17.8 ശതമാനം അധികം.
ആകെ ചെലവ് ബജറ്റിൽ പ്രതീക്ഷിച്ചത് 34.83 ലക്ഷം കോടി. പുതുക്കിയ എസ്റ്റിമേറ്റ് 37.7 ലക്ഷം കോടി. യഥാർഥ ചെലവ് 37.94 ലക്ഷം കോടി. വർധന 8.9 ശതമാനം.
അസാധാരണ വർഷമായിരുന്നു എന്നു പറയുമ്പോഴും സാമ്പത്തിക രംഗത്തു വരുംമാസങ്ങളിൽ സംഭവിക്കാനിരിക്കുന്നവ ശരിയായി വിലയിരുത്തി യുക്തമായ പ്രവചനങ്ങൾ നടത്താൻ ധനമന്ത്രാലയത്തിനു കഴിയുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു.
ഇന്നലെ 2021-22 ലെ ജി ഡി പി കണക്കുകളും പുറത്തുവന്നു. ബജറ്റിൽ പ്രതീക്ഷിച്ച ധനകമ്മി ജിഡിപിയുടെ 6.7 ശതമാനത്തിൽ ഒതുക്കാൻ മാത്രം വളർച്ച ജിഡിപിയിൽ ഉണ്ടായി. നേരത്തേ പ്രതീക്ഷിച്ചത് 6.9 ശതമാനമായിരുന്നു.
ജിഡിപി വളർച്ചയുടെ മറുവശത്തുള്ളത്
2021-22ൽ ഇന്ത്യയുടെ ജിഡിപി 8.7 ശതമാനം വളർന്നു. തികച്ചും അഭിമാനകരമായ സംഖ്യ. പക്ഷേ ഇത് അമിതമായ ആഹ്ലാദത്തിനോ സംതൃപ്തിക്കോ വക നൽകുന്നതല്ല. തലേ വർഷം (2020-21) 6.6 ശതമാനം ചുരുങ്ങിയ ശേഷം ആ താഴ്ന്ന നിലയിൽ നിന്നുള്ള ഉയർച്ചയാണിത്. 2019-20 ൽ സ്ഥിരവിലയിൽ ഇന്ത്യയുടെ ജിഡിപി 145.16 ലക്ഷം കോടി രൂപയായിരുന്നു. അതു 2020-21ൽ 135.59 ലക്ഷം കോടിയായി കുറഞ്ഞു. 2021-22ൽ അത് 147.36 ലക്ഷം കോടിയായി ഉയർന്നു. 2019- 20 നെ അപേക്ഷിച്ച് 1.53 ശതമാനം വർധന മാത്രമേ ഇപ്പോൾ ഉള്ളൂ.
കോവിഡ് ഇല്ലാതിരിക്കുകയും രാജ്യം 2020-21-ൽ ആറു ശതമാനം വളരുകയും ചെയതെങ്കിൽ ജിഡിപി അക്കൊല്ലം 153.7 ലക്ഷം കോടി ആകുമായിരുന്നു. അതിന്മേൽ നിന്ന് 8.7 ശതമാനം വളർച്ച സാധിച്ചെങ്കിൽ 2021-22 ജിഡിപി 167 ലക്ഷം കോടി എത്തുമായിരുന്നു. അതായതു ചെന്നെത്താമായിരുന്നതിൽ നിന്ന് വളരെ താഴ്ന്ന നിലയിലാണു രാജ്യം എത്തിയിരിക്കുന്നത്.
മഹാമാരിയെ നേരിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ വളർച്ചയിലേക്കു രാജ്യം തിരിച്ചു വന്നു എന്ന വലിയ നേട്ടത്തെ ചെറുതായി കാണിക്കാനല്ല ഇവിടെ ശ്രമിക്കുന്നത്. മറിച്ചു മഹാമാരി വരുത്തിയ യഥാർഥ നഷ്ടം മറക്കാതിരിക്കാനും ഇപ്പോഴത്തെ ഉയർന്ന വളർച്ച സ്റ്റാറ്റിസ്റ്റിക്കൽ ആയ പ്രതിഭാസമാണെന്നു മനസിലാക്കാനും വേണ്ടിയാണ് ഇത് എടുത്തു പറഞ്ഞത്.
2021-22 ൻ്റെ അവസാന പാദത്തിൽ ജിഡിപി വളർച്ച 4.8 ശതമാനം ഉണ്ടാകും എന്നു കരുതിയെങ്കിലും സാധിച്ചത് 4.1 ശതമാനം മാത്രം. ഇതു മൂലമാണ് വാർഷിക ജിഡിപി വളർച്ച എൻഎസ്ഒ (നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്) ഫെബ്രുവരിയിൽ പ്രതീക്ഷിച്ച 8.9 ശതമാനം എത്താത്തത്. ഫെബ്രുവരി 28ന് ഒന്നാം അഡ്വാൻസ് എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ ഒമിക്രോൺ വ്യാപനം മൂലമുള്ള ക്ഷീണം ശരിയായി കണക്കാക്കുന്നതിൽ തെറ്റുപറ്റി എന്നും പറയാം.
തന്നാണ്ടു വില നിലവാരത്തിൽ 2021- 22 ലെ ജിഡിപി 236.65 ലക്ഷം കോടി രൂപയുടേതാണ്. തലേ വർഷത്തേക്കാൾ 19.5 ശതമാനം കൂടുതൽ. തന്നാണ്ടു വിലയിലെ ജിഡിപിയിൽ നിന്നു വിലക്കയറ്റം (കഴിഞ്ഞ വർഷം 10.6 ശതമാനം) കുറച്ചിട്ടാണു സ്ഥിരവിലയിലെ വളർച്ച പറയുന്നത്. ബജറ്റ് കണക്കുകൾക്കും മറ്റും തന്നാണ്ടുവിലയിലെ ജിഡിപി ഉപയോഗിക്കുന്നു.
വ്യക്തികളും കുടുംബങ്ങളും ഉപഭോഗത്തിൽ നിയന്ത്രണം പാലിക്കുന്നു എന്നാണ് ജിഡിപി കണക്കുകൾ കാണിക്കുന്നത്. പൊതുജനങ്ങളുടെ ചെലവ് പറയുന്ന പ്രൈവറ്റ് ഫൈനൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിഎഫ്സിഇ) നാലാംപാദത്തിൽ 1.8 ശതമാനമേ കൂടിയുള്ളു. ഒന്നാം പാദം മുതൽ ഇരു ക്രമമായി കുറഞ്ഞു വരികയായിരുന്നു. ആളോഹരി വരുമാനം 7.6 ശതമാനം വർധിച്ചപ്പോൾ അതിനനുസരിച്ച് ആൾക്കാരുടെ ചെലവ് വർധിക്കാത്തതിനു രണ്ടു വിശദീകരണങ്ങൾ ഉണ്ട്. ഒന്ന്: വരുമാനം വർധിച്ചത് ചെലവ് കൂട്ടാൻ പറ്റുന്ന വിഭാഗങ്ങൾക്കല്ല. അതിസമ്പന്നർക്കു വരുമാനം കൂട്ടിയാൽ നിക്ഷേപവും മറ്റുമാണു കൂടുക; ഉപഭോഗമല്ല. രണ്ട്: വിലക്കയറ്റം ഇടത്തരക്കാരുടെ വാങ്ങൽ ശേഷിയെ പ്രതികൂലമായി ബാധിച്ചു. രണ്ടും നല്ല സൂചനകളല്ല നൽകുന്നത്.
This section is powered by Muthoot Finance