ആശങ്കകൾ മുന്നോട്ട്; യുഎസ് വിപണിയിൽ ചോരപ്പുഴ; എന്തു കൊണ്ട് 16,400-ൽ നിഫ്റ്റി വീഴുന്നു? മാന്ദ്യഭീതിക്ക് അടിസ്ഥാനം ഇതാണ്
ഇന്നും ഓഹരി വിപണികളിൽ ചോരപ്പുഴ ഒഴുകുമോ? ; വിപണികളെ പേടിപ്പിക്കുന്നത് എന്ത്? ; ജെറേമി ഗ്രന്താമിന്റെ അശുഭ പ്രവചനത്തിൽ കഴമ്പുണ്ടോ?
മോഹങ്ങൾ എത്ര വന്നാലും യാഥാർഥ്യങ്ങളെ അവഗണിക്കാൻ പറ്റില്ല. വിലക്കയറ്റവും പലിശവർധനയും അത്ര സാരമില്ല, സമ്പദ്ഘടന വളർന്നോളും, വ്യാപാരം കുതിക്കും എന്നൊക്കെ പറയുന്നവർക്കു തെറ്റി എന്ന് വീണ്ടും തെളിഞ്ഞു. അമേരിക്കയിലെ വമ്പൻ റീട്ടെയിലർമാർക്കു കഴിഞ്ഞ ത്രൈമാസത്തിൽ വിൽപനയും ലാഭവും കുറഞ്ഞു; ഇപ്പോഴത്തെ ത്രൈമാസത്തിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കുന്നു. ടാർഗറ്റും വോൾമാർട്ടുമൊക്കെ ഇതു പറഞ്ഞതിൻ്റെ ഫലം ഇന്നലെ വിപണികളിൽ കണ്ടു. ചോരപ്പുഴയായിരുന്നു എങ്ങും. ഇന്നും ചുവപ്പിൻ്റെ പ്രളയം പ്രതീക്ഷിക്കാം. വിലക്കയറ്റവും മാന്ദ്യവും ഒന്നിക്കുന്ന ദുരിതകാലത്തേക്കു രാജ്യങ്ങൾ നീങ്ങും എന്ന ഭീതിയാണു വിപണികളെ വലിച്ചു താഴ്ത്തുന്നത്.
ഇന്നലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ഉച്ചയ്ക്കു ശേഷമാണ് നഷ്ടത്തിലായത്. ചെറിയ നഷ്ടത്തിൽ മുഖ്യസൂചികകൾ അവസാനിച്ചു. യൂറോപ്യൻ വിപണി ഒന്നു മുതൽ ഒന്നര വരെ ശതമാനം താഴ്ന്നു. യുഎസ് വിപണി തുടക്കം മുതൽ ഒടുക്കം വരെ താഴോട്ടു നീങ്ങി. ഒടുവിൽ ഡൗ ജോൺസ് സൂചിക 3.57 ശതമാനവും നാസ്ഡാക് 4.73 ശതമാനവും എസ് ആൻഡ് പി 4.04 ശതമാനവും തകർച്ചയിലായി. മൂന്നു ദിവസത്തെ നേട്ടങ്ങളും അതിലധികവും നഷ്ടപ്പെടുത്തിയ തകർച്ച.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ്. ബ്രസീലിലും ഓസ്ടേലിയയിലും വിപണികൾ ഇടിഞ്ഞു. ഏഷ്യൻ വിപണികൾ വലിയ താഴ്ചയോടെയാണു തുടങ്ങിയത്. ജപ്പാനിലെ നിക്കെെ രണ്ടര ശതമാനം ഇടിഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ ആദ്യ സെഷനിൽ 16,235-ലും രണ്ടാം സെഷനിൽ 15,919-ലും ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താണ് 15,902 ലെത്തിയിട്ട് അൽപം കയറി. ഇന്ത്യൻ വിപണി വലിയ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ബുധനാഴ്ച 54,786 പോയൻ്റ് വരെ ഉയർന്ന സെൻസെക്സ് ആ ഉയരത്തിൽ നിന്ന് ഒരു ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്. തലേന്നത്തേതിൽ നിന്ന് 109.94 പോയിൻ്റ് (0.2%) നഷ്ടപ്പെടുത്തിയ സെൻസെക്സ് 54,208.53 ലും 19 പോയിൻ്റ് (0.12%) നഷ്ടമാക്കിയ നിഫ്റ്റി 16,240.3ലും ക്ലോസ് ചെയ്തു. എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകൾ ഒഴികെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലായി. ഡയഗ്നോസ്റ്റിക് കമ്പനികൾക്കു കോവിഡ് കാലത്തെ ലാഭം ആവർത്തിക്കാൻ പറ്റില്ലെന്നായതാേടെ അവയുടെ വില കുത്തനേ ഇടിഞ്ഞു.
ഇന്നലെ വിദേശ നിക്ഷേപകർ 1254.64 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 375.61 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി അനിശ്ചിതത്വം കാണിച്ചു കൊണ്ടാണു ക്ലോസ് ചെയ്തത്. ആഗോള സൂചനകൾ വിപണിയെ കൂടുതൽ ദുർബലമാക്കുന്നു. നിഫ്റ്റിക്ക് 16,400 ബാലികേറാമലയായി തുടരുന്നുവെന്നു വീണ്ടും തെളിഞ്ഞു. ഇന്നലെ 16,399.8 വരെ ഉയർന്നിട്ടാണു നിഫ്റ്റി ഇടിഞ്ഞത്. ഇന്നു നിഫ്റ്റിക്ക് 16,170 ലും 16,090 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,355 ഉം 16,475ഉം തടസങ്ങളാകും.
ക്രൂഡും ലോഹങ്ങളും ഇടിയുന്നു
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങി. 113 ഡോളറിൽ നിന്നു 1091 ഡാേളറിനു താഴേക്ക് ബ്രെൻ്റ് ഇനം ക്രൂഡ് വന്നത് ഡിമാൻഡ് കുറയും എന്ന കണക്കുകൂട്ടലിലാണ്. ചൈന ഷാങ്ഹായിയിലെ ലോക്ക് ഡൗൺ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ മറ്റു പലേടങ്ങളിലും നില വഷളായി. എന്നാൽ യൂറോപ്പിലും യുഎസിലും ക്രൂഡ് സ്റ്റോക്ക് കുറഞ്ഞെന്ന റിപ്പോർട്ട് ബ്രെൻ്റ് ഇനത്തിൻ്റെ വില 109.7 ഡോളറിലേക്ക് ഉയർത്തി.
ചൈനയിൽ നിയന്ത്രണങ്ങളും ലോക്ക് ഡൗണുകളും തുടരും എന്നതു വ്യാവസായിക ലോഹങ്ങളുടെ വിലയിടിച്ചു. അര മുതൽ രണ്ടു വരെ ശതമാനം ഇടിവാണ് ഇന്നലെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ഉണ്ടായത്. ഇന്നു ചൈനയിലെ ഡാലിയൻ എക്സ്ചേഞ്ചിൽ ഇരുമ്പയിര് വില വീണ്ടും ഇടിഞ്ഞു. ഇന്ത്യയിലെ ലോഹ കമ്പനികൾക്കും ഇതു ക്ഷീണമാണ്.
സ്വർണം, രൂപ താഴോട്ട്
ഓഹരികളുടെ തളർച്ച സ്വർണത്തെ വലിയ തകർച്ചയിൽ നിന്ന് ഒഴിവാക്കി. ഇന്നലെ 1807 ഡോളർ വരെ താഴ്ന്ന സ്വർണം ഇന്നു രാവിലെ 1815-1816 ഡോളറിലേക്കു കയറി. ഡോളർ വീണ്ടും കരുത്തു നേടിയാൽ സ്വർണം 1800-നു താഴോട്ടു വീഴും. ഇന്നലെ കേരളത്തിൽ പവനു 360 രൂപ കുറഞ്ഞ് 37,880 രൂപയായിരുന്നു.
ഡോളർ സൂചിക തിങ്കളാഴ്ച 105 -നടുത്ത് എത്തിയിട്ട് ചൊവ്വാഴ്ച 103.2 ലേക്കു താഴ്ന്നതാണ്. ഇന്നലെ അൽപം കയറിയ ഡോളർ സൂചിക ഇന്നു വീണ്ടും 104 നു മുകളിലാകുമെന്ന് വിപണി കണക്കാക്കുന്നു. ഇന്നലെ രൂപയുമായുള്ള വിനിമയത്തിൽ 77.61 രൂപയിലേക്കു കയറിയ ഡാേളർ ഇന്നു വീണ്ടും നേട്ടമുണ്ടാക്കുമെന്നാണു സൂചന.
വിപണി പേടിക്കുന്നതിനു പിന്നിലെ തത്വം
വിപണിയിലെ ഭയത്തിനു പിന്നിലെ സാമ്പത്തിക സിദ്ധാന്തം വളരെ ലളിതമാണ്. വിലക്കയറ്റത്തിൻ്റെ ഫലമായി കൈയിലെ പണത്തിൻ്റെ വില കുറയുന്നു. കുറച്ചു സാധനങ്ങളേ വാങ്ങാൻ പറ്റൂ. അപ്പാേൾ വാങ്ങൽ കുറയ്ക്കും. കടമെടുത്തു കാര്യം നടത്താമെന്നു വച്ചാൽ പലിശ കൂടുതൽ. അതിനാൽ കടമെടുപ്പ് ഒഴിവാക്കും
രണ്ടും കൂടി സാമ്പത്തിക പ്രവർത്തനങ്ങൾ കുറയും. വ്യാപാരമാന്ദ്യവും നിക്ഷേപമാന്ദ്യവും ചേരുമ്പോൾ ജിഡിപി കുറയും, തൊഴിൽ കുറയും. വിലകൾ കുറയാതെയാണ് ഇതു സംഭവിക്കുന്നതെങ്കിൽ സ്റ്റാഗ്ഫ്ലേഷൻ (stagflation), വിലകൾ ഇടിയുക കൂടി ചെയ്താൽ സാമ്പത്തിക മാന്ദ്യം.
രണ്ടും മാരകം. 1970 കളിൽ ലോകം സ്റ്റാഗ്ഫ്ലേഷൻ അനുഭവിച്ചതാണ്. പെട്രോളിയം വില രണ്ടു ഡോളറിൽ നിന്ന് ആദ്യം 10 ഡോളറിലും പിന്നീടു 46 ഡോളറിലും എത്തിച്ച ഒപെക് നടപടി ഒരു വശത്ത്. ഡോളർ സ്വർണ്ണമാന (Gold standard) ത്തിൽ നിന്നു മാറിയതിനെ തുടർന്നുണ്ടായ പണപ്പെരുപ്പം, തുടർച്ചയായ വരൾച്ച മൂലമുള്ള ഭക്ഷ്യ ദൗർലഭ്യം - ഇവയെല്ലാം ചേർന്ന് 1972- 82 കാലത്തു ലോകത്തെ ദുരിതത്തിലാക്കി. അങ്ങനെയൊന്നിലേക്കു ലോകം നീങ്ങുന്നുവെന്നാണ് ഇപ്പോൾ പലരും ഭയപ്പെടുന്നത്.
ദീർഘനാളായി പലിശനിരക്കു താഴ്ത്തിയും പണലഭ്യത അമിതമായി വർധിപ്പിച്ചും കേന്ദ്ര ബാങ്കുകൾ വിപണികളെ ഉത്തേജിപ്പിച്ചു വരുകയായിരുന്നു. വളർച്ചയും തൊഴിലും ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. അതു കുറെയൊക്കെ സാധിച്ചു. കൃത്രിമ ഉത്തേജനം പിൻവലിക്കാൻ കേന്ദ്ര ബാങ്കുകൾ തുടക്കമിടുമ്പോഴാണ് യുക്രെയ്നിലെ യുദ്ധം. ഇന്ധന-ധാന്യ-ഭക്ഷ്യ വിപണികളിൽ ദൗർലഭ്യമായി. വിലകൾ കുതിച്ചു കയറി. പലിശ കൂട്ടാൻ തുടങ്ങി. ജനം വ്യാപാരം കുറച്ചു. അതാണു റീട്ടെയിൽ ഭീമന്മാരുടെ വിൽപനയും ലാഭവും കുറച്ചതും വരും മാസങ്ങളിൽ കുറയ്ക്കും എന്ന ആശങ്ക വളർത്തിയതും.
ഗ്രന്താമിൻ്റെ അശുഭപ്രവചനം
ബ്രിട്ടീഷ് നിക്ഷേപകനും ഓഹരിവിപണി ചരിത്രകാരനുമായ ജെറേമി ഗ്രന്താം ഓഹരി വിപണിയെപ്പറ്റി ഇന്നലെ ഒരു അശുഭ പ്രവചനം നടത്തി. ഓഹരി വിപണിയിലെ കുമിള പൊട്ടാറായി.2000 ലെ ടെക് കുമിള പോലൊന്നാണ് ഇപ്പോഴത്തെത്. എസ് ആൻഡ് പി 500 സൂചിക റിക്കാർഡ് ഉയരത്തിൽ നിന്ന് 40 ശതമാനം താഴേണ്ടിയിരിക്കുന്നു. (ഇപ്പാേൾ 3925 ലുള്ള സൂചിക 2880 വരെ താഴണം എന്ന്).
83 വയസുള്ള ഗ്രന്താം ഇപ്പോഴും യുഎസ് ഓഹരി വിപണിയിൽ സജീവമാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഗൗരവമായി എടുക്കേണ്ടതാണെന്നു കാര്യ വിവരമുള്ളവർ പറയുന്നു. ഫെഡും മറ്റു കേന്ദ്ര ബാങ്കുകളും നിരക്ക് വർധിപ്പിച്ചും പണലഭ്യത കുറച്ചും മാന്ദ്യത്തിലേക്കു വഴി തുറക്കുകയാണെന്നും ഗ്രന്താം പറയുന്നു.