വീണ്ടും അനിശ്ചിതത്വം; വിലക്കയറ്റ ഭീഷണി വീണ്ടും; ക്രൂഡ് ഓയിൽ കുതിക്കുന്നു; കാലവർഷ പ്രഖ്യാപനം പാളിയോ?

ഇന്ന് ഓഹരി വ്യാപാരം താഴ്ചയോടെ തുടങ്ങുമോ?; 122 ഡോളറിനു മുകളിൽ ക്രൂഡ് വില; കാലവർഷം എന്നു വരും?

Update:2022-05-31 08:00 IST

മൂന്നു ദിവസത്തെ വിപണിക്കുതിപ്പിന് ചെറിയ വിരാമം ഉണ്ടാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും എസ്ജിഎക്സ് നിഫ്റ്റിയും അതിലേക്കു വിരൽ ചൂണ്ടുന്നു.

തുടർച്ചയായ രണ്ടു മാസം താഴോട്ടു പോയ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ കണ്ട തിരിച്ചുകയറ്റം വാസ്തവമോ? അതിനുള്ള ഉത്തരം ഇന്ന് അമേരിക്കൻ വിപണി പ്രവർത്തനം തുടങ്ങിയ ശേഷമേ അറിയൂ. വിപണി ശരിക്കും ഗതി തിരിച്ചതാണാേ എന്നു സംശയിക്കുന്നവർ കുറവല്ല. ബോട്ടം റിവേഴ്സൽ (Bottom reversal) അല്ല നടന്നതെങ്കിൽ ഇപ്പോഴത്തെ ഉത്സാഹം എപ്പാേൾ വേണമെങ്കിലും നഷ്ടമാകാം. വ്യാവസായിക ലോഹങ്ങളുടെയും ക്രൂഡ് ഓയിലിൻ്റെയും വില വർധന വീണ്ടും വിലക്കയറ്റത്തോത് കൂട്ടുമെന്ന ആശങ്ക പരത്തുന്നു. ഇന്നു പുറത്തു വരുന്ന ഇന്ത്യൻ ജിഡിപി കണക്കും കാതൽ മേഖലാ വ്യവസായങ്ങളുടെ ഉൽപാദന കണക്കും നാളെ വിപണിഗതിയെ നിയന്ത്രിക്കും. യുഎസ് വിപണി ഇന്നു വിലക്കയറ്റത്തെപ്പറ്റി കൂടുതൽ ആശങ്ക പ്രകടിപ്പിക്കുമോ എന്നതും പ്രധാനമാണ്.
ഏഷ്യൻ വിപണികൾ ഇന്നലെ നല്ല നേട്ടം കാണിച്ചു. ചൈന കോവിഡ് നിയന്ത്രണങ്ങൾ കുറയ്ക്കാൻ തുടങ്ങുന്നു എന്നതു പരിഗണിച്ചാണ് ഈ കയറ്റം. യൂറോപ്യൻ വിപണികൾ അധികം ആവേശകരമല്ലാത്ത ഉയർച്ചയാണു കാഴ്ചവച്ചത്. തലേന്നു നേട്ടത്തിലായിരുന്ന യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കുറേ താഴ്ചയിലാണ്.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ക്ഷീണം കാണിക്കുന്നു. ക്രൂഡ് ഓയിൽ വില കൂടിയതാണു പ്രധാന കാരണം. ഒരാഴ്ചയ്ക്കുള്ളിൽ ക്രൂഡ് വില 10 ശതമാനത്തോളമാണ് ഉയർന്നത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,681 വരെ ഉയർന്നിട്ട് 16,642-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 16,579 വരെ താഴ്ന്നിട്ട് 16,600 ലേക്കു കയറി. വിപണിയിൽ വീണ്ടും അനിശ്ചിതത്വം വരുന്നു എന്നാണ് ഇതു കാണിക്കുന്നത്. ഇന്ത്യൻ വിപണി ഇന്നു താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
തിങ്കളാഴ്ച നല്ല ഉയർച്ചയോടെ തുടങ്ങിയ വിപണി അവസാനം വരെ ആവേശം നിലനിർത്തി. സെൻസെക്സ് 56,083 വരെ ഉയർന്നിട്ട് അൽപം താഴ്ന്നു ക്ലാേസ് ചെയ്തു. നിഫ്റ്റിയും അങ്ങനെ തന്നെ. എല്ലാ ബിസിനസ് വിഭാഗങ്ങളും ഇന്നലെ നല്ല കയറ്റം കാഴ്ചവച്ചു. തുടർച്ചയായ മൂന്നു ദിവസത്തെ നേട്ടത്തോടെ ബിഎസ്ഇയിലെ വിപണി മൂല്യം 10 ലക്ഷം കോടി രൂപ വർധിച്ചു.
സെൻസെക്സ് 1041.08 പോയിൻ്റ് (1.9%) കുതിച്ച് 55,925.74 ലും നിഫ്റ്റി 308.95 പോയിൻ്റ് (1.89%) കയറി 16,661.4 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 2.42% വും സ്മോൾ ക്യാപ് സൂചിക 3.08% വും ഉയർന്നു. ഐടി മേഖല കുതിപ്പിനു നേതൃത്വം നൽകി. നിഫ്റ്റി ഐടി സൂചിക 3.88 ശതമാനം കുതിച്ചു. കൺസ്യൂമർ ഡ്യുറബിൾസ് 4.22-ഉം റിയൽറ്റി 4.06-ഉം ശതമാനം കുതിച്ചു.
വിദേശ നിക്ഷേപകർ ആഴ്ചകൾക്കു ശേഷം ഇന്നലെ ക്യാഷ് വിപണിയിൽ വാങ്ങലുകാരായി. 502.08 കോടി രൂപയാണ് അവർ ഇന്നലെ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 1524.49 കോടിയുടെ വാങ്ങലുകാരായി.
നിഫ്റ്റി 16,400 ലെ പ്രതിരോധം മറികടന്നത് ഹ്രസ്വകാല മുന്നേറ്റത്തിനു കരുത്തു പകരുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ കാണുന്നു. എങ്കിലും വിപണി അടിത്തറയിൽ എത്തിയിട്ട് തിരിച്ചു കയറ്റം തുടങ്ങി എന്നു തറപ്പിച്ചു പറയാറായിട്ടില്ല. ഇന്ന് 16,550 ഉം 16,435 ഉം നിഫ്റ്റിക്കു സപ്പോർട്ട് ആകും.16,735 ലും 16,810 ലും തടസം ഉണ്ട്.

122 കടന്നു ക്രൂഡ്

ക്രൂഡ് ഓയിൽ വില ബ്രെൻ്റ് ഇനത്തിനു 122 ഡോളറിനു മുകളിലായി. ഡബ്ള്യുടിഐ ഇനം 118-ലേക്ക് എത്തുന്നു. മെമ്മോറിയൽ ഡേ കഴിഞ്ഞതോടെ വടക്കേ അമേരിക്കയിലും യൂറോപ്പിലും ഏറ്റവും തിരക്കേറിയ യാത്രാ സീസൺ തുടങ്ങി. ഇന്ധന ഉപയോഗം ഏറ്റവുമധികം ഉള്ള സമയമാണിത്. ചൈന നിയന്ത്രണങ്ങൾ നീക്കുന്നതു വ്യാവസായിക ഉപയോഗവും സ്വകാര്യ ഉപയോഗവും വർധിക്കും. പമ്പുകളിൽ വില വീണ്ടും കൂടും. വിലക്കയറ്റ നിരക്ക് കൂടും.
സൗദി അറേബ്യ ഏഷ്യൻ ഇടപാടുകാർക്കുള്ള വില ഈ ദിവസങ്ങളിൽ ഉയർത്തും എന്നും സംസാരമുണ്ട്. യുറോപ്യൻ യൂണിയൻ റഷ്യൻ എണ്ണ വിലക്കുന്നതിലേക്കു കൂടുതൽ അടുത്തിട്ടുണ്ട്. വില കുറേക്കൂടി ഉയരുമെന്നാണു നിഗമനം. ഇതെല്ലാം ഓഹരി വിപണികളുടെ ഗതി മാറിയോ എന്ന ചോദ്യത്തിൻ്റെ ഉത്തരത്തിൽ ഘടകങ്ങളാകും.

ലോഹങ്ങൾ കുതിപ്പിൽ

വ്യാവസായിക ലോഹങ്ങൾ നല്ല കയറ്റത്തിലായി. ചൈന നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഡിമാൻഡ് കുതിച്ചു കയറും എന്നാണു നിഗമനം. ചെമ്പും അലൂമിനിയവും മുതൽ ഊഹക്കച്ചവടക്കാർ വിട്ടുമാറാത്ത നിക്കൽ വരെ ഇന്നലെ വലിയ ചാട്ടമാണു നടത്തിയത്. ചെമ്പുവില 9500 ഡോളറിനു മുകളിലും അലൂമിനിയം 2900 നു മുകളിലും കയറി. നിക്കൽ ഇന്നലെ 7.63 ശതമാനം കുതിച്ചപ്പോൾ ലെഡും സിങ്കും നാലു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ലോഹങ്ങൾ വീണ്ടും ആഗോള വിലക്കയറ്റത്തിനു കുതിപ്പു നൽകും എന്നാണു സൂചന.
സ്വർണം ഇന്നലെ ചെറിയ മേഖലയിൽ (1852-1865 ഡോളർ) കറങ്ങിയ ശേഷം ഇന്നു രാവിലെ ഇടിവിലാണ്. ഡോളർ സൂചിക ഉയരുന്നതാണു കാരണം. ഇന്നലെ 101.2 ലെത്തിയ സൂചിക ഇന്നു രാവിലെ 101.67 ലേക്കു കയറി. സ്വർണം 1847- 1849 ഡോളറിലേക്കു താഴ്ന്നു. വീണ്ടും താഴ്ചയ്ക്കാണു സാധ്യതയെന്നു വിപണി കണക്കാക്കുന്നു.
കേരളത്തിൽ ഇന്നലെ പവന് 80 രൂപ വർധിച്ച് 38,280 രൂപ ആയിരുന്നു. രാജ്യാന്തര വില താഴ്ന്നു നിന്നാൽ ഇന്നു കേരളത്തിൽ വില കുറയും.
ഡോളർ ഇന്നലെ കയറിയിറങ്ങിയിട്ടു മൂന്നു പൈസ നഷ്ടത്തിൽ 77.54 രൂപയിൽ ക്ലോസ് ചെയ്തു.

കാലവർഷം വന്നെന്ന പ്രഖ്യാപനത്തിനു വിമർശനം

തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം കേരളത്തിൽ എത്തി എന്നു ഞായറാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നടത്തിയ പ്രഖ്യാപനം ശാസത്രീയമല്ലെന്നു സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനം സ്കൈമെറ്റ്. മറ്റു പലരും ഇതേ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ഇക്കൊല്ലം മേയ് 27-നു കാലവർഷം എത്തുമെന്ന് ഐഎംഡി പ്രവചിച്ചിരുന്നു. സ്കെെമെറ്റ് മേയ് 26 ആണു പറഞ്ഞത്. രണ്ടു കൂട്ടർക്കും തെറ്റി. പക്ഷേ മേയ് 29-ന് കാലവർഷം എത്തിയതായി ഐഎംഡി ഞായറാഴ്ച പ്രഖ്യാപിച്ചു. ഇതു ശാസ്ത്രീയ മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ചല്ല എന്നാണു വിമർശനം. പതിവു തീയതിയായ ജൂൺ ഒന്നിനു മുമ്പേ മഴ തുടങ്ങുമെന്ന പ്രവചനം ശരിയായെന്നു വരുത്താനുള്ള വൃഥാ ശ്രമമായാണ് വിമർശകർ പ്രഖ്യാപനത്തെ കാണുന്നത്.
കേരളത്തിലെ നിശ്ചിതസംഖ്യ മഴമാപിനികളിൽ രണ്ടു ദിവസം തുടർച്ചയായി 2.4 മില്ലിമീറ്ററിലധികം മഴ വരുമ്പോഴാണു കാലവർഷ വരവ് പ്രഖ്യാപിക്കേണ്ടത്. ഇത്തവണ ആ മാനദണ്ഡം എത്തും മുമ്പേ പ്രഖ്യാപിച്ചു. പിന്നീടു മഴ കാര്യമായി പെയ്തില്ല. രാജ്യാന്തര ഏജൻസികൾ പറയുന്നതു ജൂൺ ഏഴിനു ശേഷമേ കേരളമടക്കമുള്ള മേഖലയിൽ കാലവർഷം സജീവമാകൂ എന്നാണ്. ആദ്യ രണ്ടു മാസം മഴ കുറവാകുമെന്ന പ്രവചനങ്ങളും ഉണ്ട്.
ജൂൺ - സെപ്റ്റംബർ കാലത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ ആണ് രാജ്യത്തെ വാർഷിക മഴയുടെ 67-70 ശതമാനം നൽകുന്നത്. ഖാരിഫ് (വിരിപ്പ്) കൃഷി ഇറക്കുന്നത് ഇക്കാല്ലത്താണ്. മഴ യഥാസമയം ലഭിച്ചാലേ നെല്ല്, ചോളം, പരുക്കൻ ധാന്യങ്ങൾ, കരിമ്പ്, പരുത്തി, പയറുവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യാനാകൂ. മഴ കുറഞ്ഞാൽ ഇവയുടെ ഉൽപാദനം കുറയും. കാലവർഷ കാലത്തു സംഭരിക്കുന്ന ജലമാണ് റാബി വിളവിനുള്ള ജലസേചനം സാധ്യമാക്കുന്നത്. കാലവർഷമഴ കുറഞ്ഞാൽ ഗോതമ്പ്, ബാർലി, എണ്ണക്കുരുക്കൾ തുടങ്ങിയവയുടെ ഉൽപാദനം കുറയ്ക്കും. അതു കൊണ്ടാണു കാലവർഷം ഇന്ത്യക്കു നിർണായകമാകുന്നത്.
കാർഷികോൽപാദനം കുറയുന്നത് വിലക്കയറ്റം കൂട്ടും; ഗ്രാമീണ മേഖലയിലെ വരുമാനം കുറയ്ക്കും. രണ്ടും ജിഡിപി വളർച്ചയ്ക്കു ദോഷമാകും. അതുകൊണ്ടാണ് കാലവർഷ വരവിനെ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അക്കാര്യത്തിൽ അശാസ്ത്രീയ നിഗമനങ്ങളും പ്രവചനങ്ങളും നടത്തുന്നതു രാജ്യതാൽപര്യത്തിനു ദോഷകരമാകും. ഒപ്പം കാലാവസ്ഥാ വകുപ്പിൻ്റെ വിശ്വാസ്യതയ്ക്കു ദോഷം വരുത്തും.
This section is powered by Muthoot Finance

Tags:    

Similar News